ഓർമ്മകൾ പൂക്കുന്ന താഴ്വര Like

അന്നേരം അവൾ വിളിച്ചു..
‘രാജീവ് എങ്ങോട്ടാ ഈ ധൃതിയിൽ പോണേ.. എനിക്കും വീട്ടിലെത്താനുള്ളതാ..’
‘ഞാൻ കണ്ടില്ലായിരുന്നു.. അതാ ‘
അവൻ പറഞ്ഞൊപ്പിച്ചു..
അവൾ ചിരിച്ചുകൊണ്ട് തലയാട്ടി..
‘നമുക്കൊന്നിച്ചു നടന്നാ പോരെ രാജീവ്..??’
മതിയെന്ന് അവനും തലയാട്ടി..

പാടാവരമ്പിലൂടെ അവൾക്ക് പിറകെ അവനും നടന്നു..
തനിക്ക് മുന്നിൽ നടന്നു നീങ്ങുന്ന അവളോട് അവനു എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു..
പക്ഷെ വാക്കുകൾ ഒന്നും അവന്റെ തൊണ്ടയിൽ നിന്നു വന്നില്ല..
അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. പക്ഷെ അവൻ മാത്രം ഒന്നും പറയാതെ അവിടെയും പകച്ച് നിന്നു..
ഒടുവിൽ തന്റെ വീടെത്താറായപ്പോൾ, അവൻ തന്റെ ഈ വിധിയെത്തന്നെ പഴിച്ചു..

അന്നേരം അവൾ പൊടുന്നനെ തിരിഞ്ഞു നിന്നു..
‘ഇവിടെ രാജീവിന്റെ പ്രശ്നമെന്താണ് എനിക്കറിയാം.. തനിക്കൊരു കൂട്ടുകാരുമില്ല എന്നുള്ളതല്ലേ.. എന്നെ അറിയുവോ.. എന്റെ പേര് രേണുക.. രേണു ന്നാ എല്ലാരും വിളിക്കാറ്.. നമുക്കിനി മുതൽ ഫ്രണ്ട്സ് ആവാം.. രാജീവന് കൂട്ടില്ലാന്ന് ഇനി വിചാരിക്കരുത്.. പിന്നെ പണ്ടത്തെ പോലെ നന്നായി പഠിക്കണം.. കണക്ക് ടീച്ചറിന്റെന്നു ഇനി അടി വാങ്ങരുത്.. ‘

‘രേണുവിന് എന്നെ മുൻപ് അറിയാമായിരുന്നോ??’
ഞാൻ അത്ഭുതത്തോടെ ചോദിച്ചു..

‘പിന്നെ.. ഞാൻ മുൻപ് തന്റെ തൊട്ടടുത്ത സ്കൂളിലായിരുന്നല്ലോ.. എന്നെ രാജീവ് കണ്ടിട്ടുണ്ടാവില്ല.. ശാസ്ത്ര മേളക്ക് തന്റെ പ്രോജക്ട് ഉണ്ടായിരുന്നല്ലോ..
ഞങ്ങൾക്ക് എല്ലാം അത് എന്തിഷ്ടമായിരുന്നെന്നോ..??
ഇനിയും പഴയപോലെ ആവും എന്ന് എന്റെ തലയിൽ തൊട്ട് സത്യം ചെയ്തേ..’
അവൾ ചിരിച്ച് കൊണ്ട് അവന്റെ കൈയെടുത്ത് തന്റെ നിറുകയിലേക്ക് വച്ചു..

അവനും അന്നേരം ചിരിച്ചു..
അവളുടെ നിറുകയിൽ തൊട്ട് സത്യം ചെയ്തു..
വീട്ടിലേക്ക് തിരിയും മുൻപുള്ള ഇടവഴിക്ക് മുന്നേ അവൾ അവനെ കൈവീശിക്കാണിച്ചു.. നാളെ കാണാം എന്ന് പറഞ്ഞു..

മുട്ടോളമെത്തുന്ന മുടി ഉലച്ച് അവൾ നടന്നു മറയുന്നത് അന്നവൻ നോക്കി നിന്നു..
പറയാതെ ക്ഷണിക്കാതെ തന്റെ ജീവിതത്തിലേക്ക് അവൾ കടന്നു വന്നതും സത്യം ചെയ്യിച്ചതുമെല്ലാം വെറുമൊരു മിഥ്യയായി അവനു തോന്നി..

അന്ന് രാത്രി അവനുറങ്ങാൻ കഴിഞ്ഞില്ല..
അവളെ കുറിച്ച് ആലോചിച്ചുകൊണ്ടു അവൻ രാത്രി തള്ളിനീക്കി.. പുലരിയിലെപ്പോഴോ ഉറങ്ങിയപ്പോഴാകട്ടെ സ്വപ്നത്തിൽ ആറ്റുവഞ്ചികളും ഏന്തി പാടവരമ്പിൽ നിൽക്കുന്ന അവളെ തന്നെ അവൻ സ്വപ്നം കാണുകയും ചെയ്തു..

പിറ്റേന്ന് രാവിലെ നല്ല ഉറക്ക ക്ഷീണത്തോടെയാണവൻ എഴുന്നേറ്റത്..
അന്ന് പതിവ് പോലെ അവൻ സ്‌കൂളിലേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ അതിരിനരികിൽ അവൻ അവളെക്കണ്ടു.. പഴയ പടി അവൻ അടുത്തെത്തിയപ്പോൾ അവൾ മുന്നിൽ നടക്കാൻ തുടങ്ങി..

പ്രഭാത സൂര്യന്റെ കിരണങ്ങളിൽ അവളുടെ മുടിയിഴകൾ തിളങ്ങിയിരുന്നു..
നിറുകിലിരുന്ന തുളസിക്കതിരും തുഷാര ബിന്ദുക്കൾ ഇറ്റു വീഴുന്ന കാർകൂന്തലും ആ പ്രഭാതത്തെ അവനു ഒരിക്കലും മറക്കാൻ കഴിയാത്തതാക്കി..

ക്ലാസെടുക്കുന്ന നേരവും അവൻ അവളെത്തന്നെ ശ്രദ്ധിച്ചു.. അവളും അത് ഒരു വേള കണ്ടെന്ന് അവനു തോന്നിയപ്പോൾ അവൻ കണ്ണുകൾ പിൻവലിച്ചു..
അന്നുച്ചയ്ക്ക് ചോറുണ്ണാൻ നേരം അവൾ അവനെയും വിളച്ചുകൊണ്ട സ്‌കൂലിനപ്പുറത്തെ മാവിൻ തോട്ടത്തിലേക്ക് നടന്നു.. വീട്ടിൽ നിന്ന് അമ്മയുണ്ടാക്കി അയച്ച കപ്പയും മുളക് ചമ്മന്തിയും മാത്രമുണ്ടായിരുന്ന അവന്റെ പാത്രത്തിലേക്ക് അവൾ സ്വന്തം പാത്രം തുറന്ന് സ്നേഹം പങ്കുവച്ചു..
അവളുണ്ടാക്കിയ പയറുപ്പേരിയും പരിപ്പ് കറിയും എങ്ങനെയുണ്ടെന്ന് ചോദിച്ചു..
അവൻ ചിരിച്ചുകൊണ്ടു എല്ലാം നന്നായിരിക്കുന്നു എന്നും പറഞ്ഞു ..
പിന്നീടുള്ള ദിവസങ്ങളും അവൾ അവന് സ്നേഹം കൈമാറി..
അവൾ കൂടെയുള്ളപ്പോൾ ലോകം മുഴുവൻ തനിക്കൊപ്പമുണ്ട് എന്ന വിശ്വാസത്താൽ രാജീവ് അന്ന് മുതൽ ക്ലാസുകളിലും ശ്രദ്ധിക്കാൻ തുടങ്ങി..

പാടാവരമ്പിലൂടെ അവൾക്കൊപ്പം നടന്ന സായാഹ്നങ്ങളിൽ ജീവിതം എന്നും അവൾക്കൊപ്പമാവണെ എന്നവൻ പ്രാർഥിച്ചിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *