ഓർമ്മകൾ പൂക്കുന്ന താഴ്വര

‘അതൊന്നും ഓർത്ത് രാജീവേട്ടന് സങ്കടപ്പെടേണ്ട.. ഡോക്ടർ പറഞ്ഞ പോലെ എന്നെ രാജീവ് അങ്ങു മറക്കണം.. എന്നെ കണ്ടിട്ടേയില്ലാന്നു ഓർക്കണം.. എന്നിട്ട് വേറൊരു നല്ല പെണ്കുട്ടിയെ ഒക്കെ കല്യാണം കഴിച്ചു രണ്ടു മൂന്നു കുട്ടികളൊക്കെയായി നമ്മൾ കണ്ട സ്വപ്നങ്ങളെല്ലാം പൂർത്തിയാക്കണം..’

അതു പറയുമ്പോൾ തന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തുവാൻ രേണു കിണഞ്ഞു ശ്രമിച്ചിരുന്നു..

‘നിന്നെ ഞാൻ ഉപേക്ഷിക്കാനോ.. അതൊരിക്കലുമില്ല..
എന്നെ, എന്റെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടു വന്ന നിന്നെ ഞാൻ ഒരിക്കലും കണ്ടിട്ടേയില്ലെന്ന് ചിന്തിക്കാനോ.. ??
രേണു അതൊന്നും ഈ ജന്മം നടക്കാത്ത കാര്യങ്ങളാണ്..’

രേണുവിന്റെയും തന്റെയും കണ്ണുകളിൽ അന്ന് ആ രാത്രി കണ്ണീർ കണങ്ങൾ തുളുമ്പി നിന്നിരുന്നു..
പിറ്റേന്ന് ഡോക്ടർ പറഞ്ഞ പ്രകാരം ഹോസ്പിറ്റലിലെത്തി.. അവളെ ഓപ്പറേഷൻ തീയറ്ററിലാക്കി താൻ മുറിക്ക് അപ്പുറത്ത് കാത്തിരുന്നു..
മണിക്കൂറുകൾക്കൊടുവിൽ ഡോക്ടർ തന്നെ എത്തി എല്ലാം success ആണെന്നറിയിച്ചു..

രേണുവിനെ ഡിസ്ചാർജ് ചെയ്യാൻ പിന്നെയും ഒരു ദിവസം വേണ്ടി വന്നു.. ഇപ്പോഴത്തെ മുഴ എടുത്ത് കളഞ്ഞെങ്കിലും ഇനിയും അത് പിന്നെയും വരാനുള്ള വലിയ സാധ്യതയെപ്പറ്റി ഡോക്ടർ പോരും മുൻപ് പിന്നെയും ഓർമ്മിപ്പിച്ചു..

അബോർഷൻ കഴിഞ്ഞ അന്ന് തൊട്ട് പക്ഷെ അവൾക്കെന്തോ ആ പഴയ പ്രസരിപ്പ് നഷ്ടമായതായി തനിക്ക് തോന്നി..
ഒറ്റയ്ക്ക് വീട്ടിൽ കുനിഞ്ഞു കൂടി ഇരിക്കാൻ, തന്റെ ലോകത്തേക്ക് മാത്രം ഒതുങ്ങിക്കൂടാൻ അവൾ ശ്രമിക്കുന്നതായി തനിക്കനുഭവപ്പെട്ടു..
അവളെ തനിച്ചാക്കാൻ ഒരിക്കലും ഇഷ്ടമില്ലാതിരുന്നത് കൊണ്ട് ഇത്രകാലത്തെ ജോലി പരിചയം വച്ച് ഭാര്യയുടെ രോഗാവസ്ഥ കൂടി വെളിപ്പെടുത്തിക്കൊണ്ടു ഒരു താത്കാലിക ലീവിന് താൻ അപേക്ഷിച്ചു.
മാനേജർക്ക് തന്റെ ജോലിയിൽ വിശ്വാസമായിരുന്നത് കൊണ്ട് അയാൾ എത്രയും പെട്ടന്ന് തന്നെ അത് സാധിച്ചു തന്നു..

അങ്ങനെ നാളുകൾക്കൊടുവിൽ താൻ നാട്ടിലേക്ക് വണ്ടി കയറി..
ഊർജസ്വലയായ പഴയ രേണുവിന് കാത്തു നിന്ന എല്ലാവരും വിളറി വെളുത്ത് ഒരു പുഞ്ചിരിയിൽ മാത്രം തന്റെ മറുപടികളൊതുക്കുന്ന അവളെക്കണ്ട് അത്ഭുതപ്പെട്ടു..

നാളുകൾ കഴിയുംതോറും അവൾ മെലിഞ്ഞു കൊണ്ടിരുന്നു.. വീട്ടിൽ അവളെ നോക്കാൻ അമ്മയുണ്ടായിരുന്നിട്ടു കൂടി അവൾ തന്നെ വീട്ടുജോലികൾ ചെയ്യുമായിരുന്നു..
ഒടുവിൽ ഒരു വരണ്ട സന്ധ്യയിൽ അവൾ എന്നോട് പറഞ്ഞു അവൾക്ക് ആ പഴയ പാടത്തുകൂടി ഒരിക്കൽ കൂടി നടക്കണം എന്നു.. തനിക്ക് ഒറ്റയ്ക്ക് പോവാൻ വയ്യാത്ത കാരണം രാജീവ് ഒന്ന് കൂടെ വരുമോ എന്നും അവൾ ചോദിച്ചു.

ആകാശത്ത് സൂര്യൻ മറയാൻ വെമ്പിയിരുന്നു…
പഴയ പാടവരമ്പുകൾക്കപ്പുറം വയൽ തൂർത്ത് പുതിയ വീടുകള് വന്നിരുന്നെങ്കിലും അതിരിൽ അപ്പഴും ആറ്റുവഞ്ചികൾ സമൃദ്ധമായിരുന്നു..
അവർക്കൊപ്പം ആ വഴികളിൽ നടക്കുമ്പോൾ താൻ പഴയ രാജീവായി.. അവൾ പഴയ രേണുവും.. ഒഴുക്ക് കുറഞ്ഞ തോട്ടിൽ അവൾ പഴയ പടി കാലുകളാഴ്ത്തിയിരുന്നു..അന്നേരം അവളുടെ കാലവണ്ണകൾ തഴുകി ഒഴുകുന്ന ജലമാവാൻ കൊതിച്ച തന്റെ പഴയ കാലത്തെ താൻ ഒരിക്കൽ കൂടി ഓർമ്മിച്ചു..

‘രാജീവ് , എനിക്കെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.. അന്നത്തെ ആ കാലവും നമ്മുടെ പ്രണയവും വിവാഹവും നമ്മൾ ഒന്നിച്ച കണ്ട കാക്കത്തൊള്ളായിരം സ്വപ്നങ്ങളുമെല്ലാം..
എല്ലാം വീണ്ടും എന്നെ തേടി വരും പോലെ..
എനിക്ക് നിന്നെ പിരിയണ്ട എന്നിപ്പോ തോന്നുന്നു.. പക്ഷെ പിരിയാതെ വയ്യല്ലോ..’

അവൾ പയ്യെ ചിരിച്ചു..

‘പിരിഞ്ഞേ തീരു.. എപ്പോഴാണെന്നു അറിയില്ല… കഴിയുമെങ്കിൽ ഏറ്റവും വേഗമാവട്ടെ എന്ന് എനിക്കിപ്പോ തോന്നുന്നു..
ഇനിയും നിനക്കോർമ്മകൾ സമ്മാനിച്ച് കൂടുതൽ വേദനിപ്പിക്കാൻ എനിക്ക് വയ്യ..’

ആകാശം അന്നേരം കറുത്തു വന്നിരുന്നു..
മഴയുടെ ചെറിയ മിന്നലാട്ടം പോലെ
താൻ അവൾക്ക് ആറ്റുവഞ്ചികൾ പറിച്ച് കൊടുത്തു.. അത് അവളുടെ കൈകളാൽ പുണർന്നു നിൽക്കുന്നേരം അറിയാതെ കയ്യിലെ ക്യാമറയിൽ അവളുടെ ഒരു പടം പകർത്തി.. ജീവിതത്തിൽ ഇനി ഒരിക്കലും മറക്കരുതേ എന്ന് സ്വയം പ്രാർഥിച്ചിരുന്ന ആ നിമിഷത്തെ താൻ അന്ന് ക്യാമറയിലാക്കി..

ഓർമ്മകൾ നിറം പടർന്ന വെറും ഒരു കടലാസ് കഷ്ണം മാത്രമായി ഒതുങ്ങിപ്പോവുകയാണെന്ന് എന്നെപ്പോലെ അവളും തിരിച്ചറിഞ്ഞു കാണണം..

പിന്നെയും മഴക്കാറുള്ള ദിവസങ്ങൾ ജീവിതത്തിലേക്കു കടന്നു വന്നു..
കാൻസർ സെന്ററിലെ ട്രീട്മെന്റിനും വലിയ ഫലമുണ്ടായില്ല..

മഴക്കാറു നിറഞ്ഞ ഒരു ദിവസം ഓർമ്മകൾ മാത്രം ബാക്കിയാക്കി അവൾ മനസ്സിനുള്ളിലെവിടെയോ ഒരു മഴത്തുള്ളിയായി..

പരിഭവങ്ങളില്ലാതെ പ്രണയം മാത്രം സമ്മാനിച്ച അവൾ ഇരുട്ടിലെവിടെയോ മാഞ്ഞു പോയി..

ഇന്നും ഈ ട്രെയിനിൽ ചെന്നൈയിലേക്ക് യാത്ര തിരിക്കുമ്പോൾ താൻ തേടുന്ന ആ സാമീപ്യം മറ്റാരുടേതുമല്ല.. തന്റെ ജീവിതത്തിൽ ഒന്നും പറയാതെ ഒരു സന്ധ്യക്ക് കടന്നു വന്നു മറ്റൊരു സന്ധ്യക്ക് വിടപറയാതെ കടന്നു പോയ തന്റെ രേണുവിനെത്തന്നെയാണ്..

*********
ട്രെയിനിന്റെ ഗതിവേഗം കൂടി.. ഒടുവിൽ ചെന്നൈ സ്റ്റേഷനിൽ അതൊരു കിതപ്പോടെ നിന്നു.. ഓർമ്മകൾക്കും പ്രണയത്തിനുമിടയിൽ മറ്റൊരു ട്രെയിൻ യാത്ര കൂടി കഴിഞ്ഞു അയാൾ പുറത്തിറങ്ങി..
അന്നേരം നേരത്തെ കണ്ട ആ ആണ്കുട്ടിയും പെങ്കുട്ടിയും പരസ്പരം കൈകൾ കൊടുത്ത് പിരിയുന്നതായാൽ കണ്ടു..

പ്രണയം വീണ്ടും തുടരുകയാണെന്ന് അയാൾക്ക് തോന്നി.. തന്റെ പ്രണയം തനിക്ക് നഷ്ടമല്ല സമ്മാനിച്ചത്, മറിച്ച് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ മാത്രമാണ്.. അവയോരിക്കലും തന്റെ നഷ്ടമായും തോന്നുന്നില്ല..

ചെന്നൈയിലെ വഴിത്തരകളിൽ പിന്നെയും അയാൾ രേണുവിനെ തിരഞ്ഞു.. പിന്നെ തന്റെ മൊബൈൽ ഫോണിൽ പഴയ അവളുടെ ആ പടം ഒന്നുകൂടി നോക്കി.ആറ്റുവഞ്ചികളെന്തി പാടാവരമ്പിൽ നിൽക്കുന്ന അവൾ..
അവൾ എന്ന സ്വപ്നം..
അവൾ എന്ന പ്രണയം..
അവൾ എന്ന ഓർമ്മ..
ഓർമ്മകളുടെ താഴ്വരകളിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഓരോർമ്മയായി തന്റെ രേണു..

Leave a Reply

Your email address will not be published. Required fields are marked *