.
.
പുറത്ത് ആരുടെയൊക്കെയോ നിലവിളികൾ കേട്ട് വിദ്യാർത്ഥികൾ ക്ലാസ്സുകളിൽ നിന്ന് ഇറങ്ങിയോടി…..വാഷ്രൂമിന് അടുത്തേക്ക് ഓടിയെത്തിയ ഭൂമികയും വൈഷ്ണവിയും മുന്നിലെ കാഴ്ചകണ്ട് വിറങ്ങലിച്ചുനിന്നു….തസ്‌വീഹും ആദർശും ദേവികയും നിലത്തു കിടന്ന് ഉരുളുന്ന കാശിയെ അമ്പരപ്പോടെ നോക്കി
തന്നെ പിടിച്ചു കെട്ടിയിരിക്കുന്നവരെ കുടഞ്ഞെറിയാൻ ശ്രമിക്കുന്ന നന്ദുവിനെ നോക്കി പ്രിയ ദീർഘ ശ്വാസമെടുത്തു…. ഷർട്ടിന്റെ ആഭാവത്തിൽ അർത്ഥ നഗ്നമായ അവന്റെ ശരീരം….മുഖം ഒരുഭാഗം ചുവന്ന് കിടക്കുന്നു, പൊട്ടി ചോരയൊലിക്കുന്ന ചുണ്ടുകൾ….
“ദേവേ എന്താ… എന്താ പ്രശ്നം…..”ഒന്നും മനസ്സിലാവാതെ വൈഷ്ണവി പ്രിയയുടെ അടുത്തേക്ക് ഓടിവന്നു അവളുടെ ചുമലിൽ പിടിച്ച് ചോദിച്ചു…… ഭൂമിയുടെ കണ്ണുകൾ മൂന്നുപേർ ചേർന്ന് പിടിച്ചുവച്ചിരിക്കുന്ന നന്ദുവിന്റെ ശരീരത്തിൽ ഉടക്കി…. കത്തികൊണ്ട് വരഞ്ഞതുപോലെയുള്ള നൂറുകണക്കിന് മുറിപ്പാടുകൾ അവന്റെ ഉറച്ച ശരീരത്തിൽ തെളിഞ്ഞു കണ്ടു….
ഇടനാഴിയിൽ ചുറ്റും കൂടിയ നൂറുകണക്കിന് വിദ്യാർത്ഥികളുടെ മുന്നിൽ നിന്നിരുന്ന ദേവപ്രിയ വൈഷ്ണവിയുടെ കൈ തട്ടിമാറ്റി നന്ദുവിന്റെ അടുത്തേക്ക് ചെന്നു…. അവനെ പിടിച്ചു വച്ചിരുന്നവരിൽ ഇടതുവശത്ത് നിന്നവനെ പ്രിയ കാലുയർത്തി ചവിട്ടി തെറിപ്പിച്ചു….
പ്രിയയുടെ പ്രവൃത്തി കണ്ട് നന്ദുവിനെ പിടിച്ചുകെട്ടാൻ പാടുപെടുന്ന വിഹാന്റെ കണ്ണുകൾ വികസിച്ചു…. ഹരിനന്ദൻ ചുവപ്പ് പടർന്ന കണ്ണുകളോടെ മുഖം ചരിച്ച് വിഹാനെ നോക്കി ചിരിച്ചു, നന്ദൻ ഇടതുകൈ ഉയർത്തി വിഹാന്റെ കഴുത്തിൽ ലോക്കിട്ട് തന്റെ ശരീരം മുന്നിലേക്ക് കുനിച്ചു, നന്ദൻ നിസ്സാരമായി വിഹാനെ മുന്നിലേക്ക് മലർത്തി അടിച്ചു…
തന്നെ പിടിച്ചുവച്ച മൂവരിൽ ബാക്കിയായവന്റെ കഴുത്തിൽ നന്ദു കൈമുറുക്കി…ഒരുകൈയിൽ പൊക്കി എടുത്ത് അവനെ ഊക്കോടെ ചുമരിൽ അടിച്ചു…
“ആഹ്……”പുറം പൊളിഞ്ഞ വേദനയിൽ അവൻ നിലത്തുകിടന്ന് കരഞ്ഞു…
ഹരിനന്ദൻ നിലത്തുകിടന്ന കാശിയെ പൊക്കിയെടുത്ത് കൈവരിയിൽ ചേർത്തു, അവന്റെ മുഖത്ത് കൈമുറുക്കി ആഞ്ഞിടിച്ചു….തുടരെ തുടരേയുള്ള പ്രഹരത്തിൽ അവന്റെ മുഖം അങ്ങിങ്ങായി പൊട്ടി ചോരയൊലിച്ചു
ഈ സമയം നിലത്തുവീണ വിഹാൻ ചാടി എഴുന്നേറ്റു…കാശിയെ എടുത്തിട്ട് ഇടിക്കുന്ന നന്ദുവിനെ കണ്ട് വിഹാൻ ഒന്ന് വിരണ്ടു…
“അവൻ ചത്തുപോകൂടാ…..”വിഹാൻ നന്ദുവിന്റെ പുറകിലൂടെ കൈയിട്ടു, അവന്റെ കൈകൾ അനങ്ങാത്ത വിതം കൈച്ചുറ്റി കഴുത്തിൽ കൂട്ടിപ്പിടിച്ച് ലോക്കിട്ടു…
.
.
ഇതിനോടകം കാശിയുടെ ക്ലാസ്സിലുള്ള മറ്റ് ആൺകുട്ടികൾ അവിടേക്ക് ഓടിയെത്തിയിരുന്നു….കാഴ്ചകണ്ടു നിൽക്കുന്ന മറ്റ് വിദ്യാർത്ഥികളെ വകഞ്ഞു മാറ്റി അവർ മുന്നിലേക്ക് വന്നു… വിഹാൻ ലോക്കിട്ട് പൂട്ടിയ നന്ദുവിന്റെ മുഖത്തും ശരീരത്തിലും പലരും വന്നിടിച്ചു….
“ഡാ അടിക്കാതെടാ……”അലറിവിളിച്ച് കാശിയുടെ അരികിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന നന്ദുവിനെ നിലയ്ക്ക് നിർത്താൻ പണിപ്പെട്ടുകൊണ്ട് വിഹാൻ അലറി….ഒരു സഹായത്തിനെന്നപോലെ വിഹാന്റെ കണ്ണുകൾ ചുറ്റും കൂടി നിൽക്കുന്ന അധ്യാപകരിലേക്ക് നീണ്ടു… ആരും അനങ്ങിയില്ല
ഹരിനന്ദന്റെ മുഖത്ത് വീഴുന്ന ഇടി കണ്ട് പലരും തലയിൽ കൈവച്ചു…. ഭൂമികയുടെ കണ്ണുകൾ ഭയം കാരണം തുറിച്ചു വന്നു….അവനെ അവർ കൊല്ലുമോ….
നന്ദുവിനെ തല്ലുന്ന കാഴ്ചകണ്ട് കോപം ഇരച്ചുകയറിയ ദേവപ്രിയ പാഞ്ഞുവന്ന് നന്ദുവിനെ ഇടിക്കുന്നവരിൽ ഒരുത്തനെ ചവിട്ടി താഴെയിട്ടു… അവന്റെ മുട്ടിൽ ആഞ്ഞു ചവിട്ടി ഉയർന്നു പൊങ്ങി വേറൊരുത്തന്റെ കവിളത്ത് പഞ്ച് ചെയ്തു….വർഷങ്ങളുടെ ബോക്സിങ് പരിശീലനത്തിലൂടെ മുഷ്ടികൾ ഇരുമ്പാക്കിയ അവളുടെ ഒരിടിയിൽ തന്നെ പലരും ബോധംകെട്ട് വീണു….നന്ദുവിനെ തല്ലുന്നവരിൽ ഓരോരുത്തരെയായി പ്രിയ അടർത്തി മാറ്റി, ഇടിച്ചു ചതച്ചു….
