കിഴക്ക് മലബാറിലെ മലയോര പ്രദേശമാണ് കൂരാച്ചുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്ന സാഹസികതയും സൗന്ദര്യവും ഒരു പോലെ കൂടിച്ചേരുന്ന കേരളത്തിലെ അപൂർവ്വം സ്ഥലങ്ങളിൽ ഒന്ന്. ഒട്ടേറെ കുന്നുകളും ഇടതിങ്ങിയ കൊടുംവനവും അരുവികളും നിറഞ്ഞ പ്രകൃതിയുടെ ചായക്കൂട്ടാണ് അവിടമാകെ.
ചെങ്കുത്തായ പാറക്കെട്ടുകളും ഒരാൾപ്പൊക്കത്തിൽ ഇടതൂർന്ന പുൽപ്പടർപ്പുകളും വൻ മരങ്ങളുടെ കൂറ്റൻ വേരുകളും താണ്ടിക്കടക്കണം അങ്ങോട്ടെത്താൻ. ആനച്ചോലയിൽ നിന്ന് ഇടക്കിടെ മുഴങ്ങുന്ന ചിന്നം വിളിയും രാത്രി മുഴുവനും അതിശക്തമായ ചീവിടുകളുടെ നിലവിളിയും കൂരാചുണ്ടിന് വന്യമായ ഒരു സൗന്ദര്യം നൽകുന്നു. മലയുടെ താഴ്‌വാരം കഴിഞ് മേലേക്ക് കറയുമ്പോൾ ആകെയുള്ളത് നാലഞ്ചു വീടുകൾ മാത്രമാണ്..
കുറ്റ്യാടി ചാത്തോത്ത് ഹസൻ ഹാജിയുടെ ഒറ്റ മകനാണ് നാസർ. നാട്ടിലെ പൗരപ്രമുഖനും വലിയ തറവാടിയുമായ ഹസൻ ഹാജിക്ക് നാട്ടുകാരുടെ മുന്നിൽ തലകുനിക്കേണ്ടി വന്നത് ജീവിതത്തിൽ ഒറ്റത്തവണയാണ്, തന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ബദ്ധശത്രുവിന്റെ മകളെ തന്റെ മകൻ നാസർ വിളിച്ചിറക്കി കൊണ്ട് വന്ന് കല്യാണം കഴിക്കാൻ ഒരുങ്ങിയപ്പോൾ. അയാൾ നഖശിഖാന്തം എതിർത്തിട്ടും നാസർ തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടടിക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ഹസൻ ഹാജി മകനെ പടിയടച്ച് പിണ്ഡം വച്ചു. എങ്കിലും നാസറിന്റെ ഉമ്മ അവരുടെ കുടുംബ സ്വത്ത് വകയിൽ തനിക്ക് കിട്ടിയ വീട്ടിൽ പോയി താമസം ആരംഭിക്കാൻ അവനോട് ആവശ്യപ്പെട്ടു. കുറച്ചു ദിവസം കഴിഞ്ഞാൽ ബാപ്പയുടെ കലി അടങ്ങുമെന്നും അവരെ വീട്ടിൽ കൊണ്ട് വരാമെന്നും അവർ പ്രതീക്ഷിച്ചിരുന്നു. അങ്ങിനെയാണ് നാസറും നസീമയും കൂരാചുണ്ടിലെ ആ വലിയ തറവാട് വീട്ടിൽ എത്തുന്നത്.
അതിവിജനമായ അവിടെ എത്തിയ ആദ്യ ദിനകളിലൊക്കെ തോടെ നസീമ വല്ലാതെ ഭയപ്പെട്ടിരുന്നു..
രാത്രിയാവുമ്പോൾ തുടങ്ങുന്ന ചീവീടിന്റെ ശബ്ദം അവൾക്ക് അതിഭയാനകയായി തോന്നി. പകൽ സമയത്ത് ആണെങ്കിൽ പോലും ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാൻ അവൾ പേടിച്ചു. എങ്ങാനും ആനയോ മറ്റോ വന്നാലോ…. എന്നാൽ താൻ ഇഷ്ടപ്പെട്ട ഒരു ജീവിതം പ്രിയതമന്റെ കൂടെ ജീവിക്കുന്നതിനാൽ അവൾ പതിയെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു വന്നു..
വീട് വിട്ടിറങ്ങിയ നാസറിനെയും ഭാര്യയെയും കാണാൻ അവന്റെ ഉമ്മ ഇടക്കൊക്കെ വരുമായിരുന്നു. അവർക്ക് നസീമയെ വലിയ ഇഷ്ടമാണ്. ഇത് പോലൊരു മൊഞ്ചത്തി ഹൂറിയെ കെട്ടിയ എന്റെ മകൻ ഭാഗ്യവാനാണെന് അവർ ഇടക്കിടെ പറയുമായിരുന്നു, അപ്പോഴൊക്കെയും നസീമയുടെ കവിളുകൾ നാണം കൊണ്ട് റോസ് കളറാവുമായിരുന്നു.
തന്നെ ധിക്കരിച്ചു ജീവിക്കുന്ന മകനോട് പിതാവിന് അരിഷവും അമർഷവും കൂടിക്കൂടി വന്നു എന്നല്ലാതെ ഒരിക്കലും കുറഞ്ഞില്ല. അതിനിടക്ക് നസീമ ഒരു ആണ്കുഞ്ഞിൻ ജന്മം നൽകിയിരുന്നു. ജീവിതം ഒരു വിധം പച്ചപിടിച്ചു വരുന്നതിടക്ക് നാസറിന്റെ ഉമ്മ മരിച്ചു. അതയാൾക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി തന്റെ മാതാവും പിതാവും എല്ലാമായ വ്യെക്തി വിടപറഞ്ഞപ്പോൾ അയാൾക്ക് ഉള്ള ഏക തുണയും നഷ്ടപ്പെട്ടു എന്നയാൾ തിരിച്ചറിയുകയായിരുന്നു.
*********
നാട്ടിൽ ഒരു തടിമിൽ ഏറ്റെടുത്ത് നടത്തി കൊണ്ടിരിക്കുകയാണ് നാസർ. ഏകദേശം പതിനാല് വർഷമായി ഈ ഫീൽഡിലാണ് അയാൾ. ഇപ്പോൾ അത്യാവശ്യം കച്ചവടം ഒക്കെയായി സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. ടൗണിൽ കണ്ണായ സ്ഥലത്ത് ഒരു വീട് വെക്കാൻ അയാൾ സ്ഥലം വാങ്ങിച്ചു പണി തുടങ്ങിയിരുന്നു. എങ്കിലും ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്ന് മാറി നിൽക്കാൻ അയാൾക്ക് ഇഷ്ടമായിരുന്നില്ല. അവിടെ നിൽക്കുമ്പോൾ ഉമ്മ അടുത്തുള്ള പോലെ അയാൾക്ക് തോന്നും.. അതൊരു കരുത്താണ്. നസീമയും പൂർണ്ണമായും ആ വീടും പരിസരവുമായി പൊരുത്തപെട്ട് കഴിഞ്ഞു. കുടുംബക്കാരായിട്ട് വളരെ അപൂർവം ആളുകൾ മാത്രമാണ് അവിടെ വിരുന്നു വരാറുള്ളത്. അതും വല്ലപ്പോഴും. തന്റെ ജീവിതം ഭർത്താവിനും മകനും വേണ്ടി ജീവിക്കുന്നതിൽ ഏറ്റവും സന്തോഷം നസീമക്ക് തന്നെ ആയിരുന്നു.
