ക്രിസ്തുമസ് സമ്മാനം 12

പക്ഷെ…

അവനു തൃപ്തി വന്നില്ല.

മറ്റെന്തെങ്കിലും വേണം…

ഒരിക്കലും മറക്കാനാവാത്ത തരം സമ്മാനം!

ആ ചിന്തയിൽ താൻ ജനാലയിലൂടെ പുറത്തേക്കു നോക്കി.

സ്വർണ്ണം പോലെ തിളങ്ങി നക്ഷത്രങ്ങളാണ് ആകാശം നിറയെ!

“അപ്പാ…”

ഒരിക്കൽ തീരെ കൊച്ചുകുട്ടിയായിരുന്നപ്പോൾ താൻ അപ്പനോട് ചോദിച്ചു. വളർന്നു പൊങ്ങിയ കപ്പകൾക്ക് ഇട ചെത്തുകയായിരുന്നു അപ്പനപ്പോൾ.

“ഈ പുൽക്കൂട് എന്ന് വെച്ചാൽ എന്താ?”

“പശുത്തൊഴുത്ത്…”

വളർന്നു നിന്ന കളകളിൽ നിന്ന് ശ്രദ്ധ മാറ്റാതെ, കിളച്ചുകൊണ്ട് അപ്പൻ പറഞ്ഞു.

“നമ്മുടെ പോലത്തെ പശുത്തൊഴുത്താ അത്…”

ഏഹ്?

താൻ അന്ന് കണ്ണുകൾ മിഴിച്ചു.

രാജാധി രാജാവായ ഈശോ ജനിച്ചത് പശുത്തൊഴുത്തിലോ?

തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ആട്ടിടയന്മാരും രാജാക്കന്മാരും സമ്മാനങ്ങളുമായി വന്നത് പശുത്തൊഴുത്തിലേക്കാണോ?

ഉള്ളിൽ എന്തോ തരിച്ചു വിടർന്നത് അപ്പോൾ താനറിഞ്ഞു.

 

ആ തരിപ്പ് ഇപ്പോൾ ഒന്നുകൂടി ഉള്ളിലറിയുന്നു. ഇപ്പോൾ, തനിക്ക് പതിനെട്ടു വയസ്സുള്ള, ഈ ക്രിസ്തുമസ് തലേന്ന്!

അവന്‍ ആകാശത്തേക്ക് നോക്കി.

അനേകായിരം നക്ഷത്രങ്ങള്‍ക്കിടയില്‍ ഒരെണ്ണത്തിനു മാത്രം കൂടുതല്‍ വലിപ്പം!

കൂടുതല്‍ തിളക്കം!

ഈശോയെ! ആ നക്ഷത്രം ഇപ്പോള്‍ തങ്ങളുടെ പശുത്തൊഴുത്തിനു മുകളിലാണ്!

അപ്പോള്‍….

യെസ്!!

ഈ പശുത്തൊഴുത്തിൽ വെച്ച് ഒരു പ്രത്യേക സമ്മാനം കൊടുക്കണം അപ്പന്!

എങ്ങനെ?

യെസ്!

അതിനുള്ള ഉത്തരം കിട്ടിയപ്പോൾ ദേഹം ഒന്നുകൂടി കോരിത്തരിച്ചു.

 

നാലുമണിക്ക് മുമ്പേ എഴുന്നേൽക്കണം. ഒച്ച കേൾപ്പിക്കാതെ തൊഴുത്തിൽ കയറണം. എന്നിട്ട് പശുക്കളെ മുഴുവൻ ഒറ്റയ്ക്ക് കറക്കണം! എല്ലാം ഒറ്റയ്ക്ക്! കറക്കലും, പാത്രങ്ങൾ കഴുകിവെക്കലും പിന്നെ തൊഴുത്ത് വൃത്തിയാക്കലും എല്ലാം!

എന്നിട്ട് ഒന്നും അറിയാത്തപോലെ മുറിയിലേക്ക് വന്ന് കിടക്കണം.

എന്നത്തേയും പോലെ അപ്പൻ ആദ്യം തൊഴുത്തിലേക്ക് വരും.

പശുക്കളെ കറക്കാൻ തുടങ്ങും.

പാൽപ്പാത്രങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ട് അപ്പൻ കണ്ണ് മിഴിക്കും!

ആരാണത് ചെയ്തതെന്ന് അപ്പന് മനസ്സിലാകും…

അപ്പന്റെ മുഖ ഭാവം കാണണം അപ്പോൾ!

താൻ അതോർത്ത് പുഞ്ചിരിച്ചു. അത് പിന്നെ ചിരിയായി…

അവൻ പിന്നെയും ആകാശത്തേക്ക് നോക്കി.

ആകാശം നിറയെ നക്ഷത്രങ്ങളുടെ പ്രകാശമാണ്…!

പിന്നെ അവൻ തീർച്ചപ്പെടുത്തി.

യെസ്, പ്രത്യേക സമ്മാനമാണ്!

അതുകൊണ്ട് ഉറങ്ങാൻ പാടില്ല…

 

കുറഞ്ഞത് ഒരു ഇരുപത് പ്രാവശ്യമെങ്കിലും അവൻ ഉണർന്നിട്ടുണ്ടാവണം. ഓരോ പ്രാവശ്യവും വാച്ചിലേക്ക് നോക്കും. അർധരാത്രി, ഒന്നര, രണ്ട്….

രണ്ടേ മുക്കാൽ ആയപ്പോൾ അവൻ എഴുന്നേറ്റു. ശബ്ദമോ, അനക്കമോ കേൾപ്പിക്കാതെ അവൻ വീടിന് പുറത്ത് കടന്നു. തൊഴുത്തിലെത്തി. വലിയ റാന്തൽ കത്തിച്ചു.

പശുക്കൾ അവനെ ഉറക്കച്ചടവോടെ നോക്കി.

അദ്‌ഭുതത്തോടെയും.

ഇവനെന്തിനാണ് ഇത്ര നേരത്തെ?

ഓരോ പശുവും കണ്ണ് മിഴിച്ച് അവനോട് നിശബ്ദമായി ചോദിച്ചു.

ഒരിക്കലും അവൻ പശുക്കളെ തനിയെ കടന്നിട്ടില്ല. അപ്പനോടൊപ്പം കറക്കുമ്പോൾ ഉറക്കച്ചടവ് കാരണം അത്രയ്ക്ക് അങ്ങ് ഇഷ്ടവും തോന്നിയിട്ടില്ല, കറക്കുന്നതിനോട്.

പക്ഷെ ഇപ്പോൾ!

എത്ര അനായാസമാണ് താനിത് ചെയ്യുന്നത്!

ഓരോ നിമിഷവും അദ്‌ഭുതം കൊണ്ട് വിടർന്ന അപ്പന്റെ മുഖം അവൻ്റെ മനസ്സിലേക്ക് വന്നു.

എന്നും രാവിലെ അപ്പൻ തൻ്റെ മുറിയിൽ വരും.

“തൊമ്മച്ചാ, ഞാമ്പോയി തൊടങ്ങാം, നീ വന്നേരെ കേട്ടോ,”

എന്നും അപ്പൻ അത് പറയും.

പിന്നെ അപ്പൻ തൊഴുത്തിലേക്ക് പോകും. ആദ്യം വലിയ പാൽപ്പാത്രങ്ങൾ അപ്പൻ കഴുകും.

പക്ഷെ ഇന്ന്, ആ പാത്രങ്ങൾ ഒഴിഞ്ഞു കിടക്കില്ല.

പാൽ നിറഞ്ഞ്, പതഞ്ഞ്, നുരഞ്ഞ്….

“ഇതെന്നാ എടപാടാ…!”

ഒന്നും മനസിലാകാതെ അപ്പൻ തല ചൊറിയും.

അതോർത്ത് തൊമ്മച്ചന് ചിരിയടക്കാൻ കഴിഞ്ഞില്ല. ആ ഓർമ്മയിൽ, മടുപ്പറിയാതെ, ആസ്വദിച്ച് അവൻ കറവ തുടർന്നു. സുഗന്ധം പരത്തി രണ്ട് പാൽ നുരധാര പാത്രത്തിലേക്ക് അനസ്യൂതം നിർഗ്ഗളിച്ചു. ഒരു ആയാസവും അവനപ്പോൾ തോന്നിയില്ല. പ്രിയമായതെന്തോ ചെയ്യുന്ന സുഖം.

Leave a Reply

Your email address will not be published. Required fields are marked *