ക്ലാര ദി ക്വീൻ- 1 1

“എവിടെ ആയിരുന്നെടി കല്ലു നീ.. നിന്നെ എത്ര അന്വേഷിച്ചു നടന്നു അറിയോ ഞാനും ഇവനും ”

ഞാനും ജിത്തും മാത്രം ക്ലാരയെ വിളിക്കുന്ന പേരയിരുന്നു കല്ലു.അങ്ങനെ ജിത്തൂനോടും എല്ലാം പറഞ്ഞു. പിന്നെ പാർട്ടി മൂഡ് ഒക്കെ പോയിരുന്നു നമ്മൾക്ക്.നമ്മൾ എല്ലായിപ്പോഴും ചെന്നു ഇരിക്കാവുന്ന ഒരു ചെറിയ കുളം ഉണ്ടായിരുന്നു അവിടെ ചെന്നു ബാക്കി വിശേഷം പറയാം എന്ന് വച്ചു നമ്മൾ കാറെടുത്തു നേരെ അങ്ങോട്ടേക്ക് വിട്ടു.
റോഡ് സൈഡിൽ കാർ പാർക്ക്‌ ചെയ്തു. ഒരു ചെറിയ കാട്ടിലായിരുന്നു കുളം.നമ്മൾ ഓരോന്നൊക്കെ പറഞ്ഞു കാട്ടിൽ കേറി കുറച്ചു നടന്നതും കുറച്ചു പേരുടെ കാലടി ശബ്ദം കേൾക്കാൻ തുടങ്ങി.ചുറ്റും പച്ച മീനിന്റെ മണം.

“സിദ്ധു നീ കേട്ടോ ഇപ്പോ ഒരു ശബ്ദം”

“ആഹ് ഞാനും കേട്ടു.. പക്ഷെ ആരെയും കാണുന്നില്ലലോട.. അടുത്ത നിന്ന് തന്നെ ആണല്ലോ കേട്ടത്.. ഇതെന്താ ഈ മണക്കുന്നത്.. യാക് ”

വീണ്ടും ആരൊക്കെയാ ഓടുന്ന ശബ്ദവും ക്ലാരയുടെ കരച്ചിലും ഒരുമിച്ചായിരുന്നു കേട്ടത്.ജിത്തു അപ്പൊ തന്നെ ഫോണിന്റെ ഫ്ലാഷ് ഓൺ ആക്കി
“കല്ലു എന്താടോ .. എന്താ പറ്റ്യേ”

“ആരോ എന്റെ മുടിയിൽ പിടിച്ചു വലിച്ച പോലെ .. എനിക്ക് എന്തോ പേടിയാവുന്നെടാ.. നമുക്ക് പോവാം.. എന്തോ ഒന്നും ശരിയായി തോന്നുന്നില്ല”

ഞാൻ അപ്പഴാണ് അവളുടെ മുടിയിൽ എന്തോ പശ പോലെ ഒന്ന് കണ്ടത്.. പച്ച മീൻ മണക്കുന്നുണ്ടായിരുന്നു അതും.ഞാൻ ടവൽ എടുത്ത് അത് തോർത്തി കളഞ്ഞു.ഈ പാതിരക്കു ആരാ മീൻ ഒക്കെ എടുത്ത് ഇറങ്ങിയിരിക്കുന്നെ.എനിക്കും എന്തോ പേടി വന്നു തുടങ്ങിയിരുന്നു.

പെട്ടന്നായിരുന്നു കുറച്ചു മാറി ആരൊക്കെയോ ചേർന്നുള്ള ഒരു അടിപിടി
പോലെ ഒരു ശബ്ദം.കരച്ചിലും ആരൊക്കെയോ അലറുന്നു വീഴുന്നു. നമ്മൾ ആകെ പേടിച്ചു വിറച്ചു.

എവിടന്നില്ലാതെ പെട്ടനൊരു സ്ത്രീ അലറി വിളിച്ചു പറഞ്ഞു.
“ഇവിടുന്ന് പോ… വേഗം… പോവാൻ…..”

നമ്മൾ മൂന്നു പേരും കാർ വച്ച സ്ഥലം ഉന്നം വച്ചു ഓടാൻ തുടങ്ങി. കാലൊക്കെ മരവിച്ച പോലൊരു അവസ്ഥ.എത്ര ശ്രമിച്ചിട്ടും വേഗത്തിൽ ഓടാൻ പറ്റുന്നില്ല. എങ്ങനെയോ കാറിന്റെ അടുത്തെത്തിയതും ഞാൻ ജിത്തൂന്റെ കയ്യിന്നു കീ വാങ്ങി നൂറേ നൂറിൽ വിട്ടു അവിടെന്ന്.
അങ്ങനെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് വണ്ടി നിറുത്തിയത്. നമ്മൾ ആരും പരസ്പരം സംസാരിച്ചില്ല. പിറകോട്ടു നോക്യപ്പോ പേടിച്ചു വിളറി വെളുത്ത കല്ലുനേം ജിത്തൂനേം കണ്ടു എനിക്കു വല്ലാതെ ആയി.
ഞാൻ വേഗം പോയി വെള്ളം വാങ്ങി വന്നു രണ്ടാൾക്കും കൊടുത്തു. ഒറ്റ വലിക്കായിരുന്നു രണ്ടാളും ഒരു കുപ്പി വെള്ളം അകത്താക്കിയത്.

“ഡാ സിദ്ധുവേ.. ശരിക്കിപ്പോ എന്താഡാ സംഭവിച്ചേ.. നീ എന്നെ ഒന്ന് പിച്ചിയെ.. വല്ല സ്വപ്നോം ആയ മതിയായിരുന്നു ”

ജിത്തു വെള്ളം കുടി കഴിഞ്ഞ ഉടനെ എന്നോട് ചോതിച്ചു.

“എനിക്കും ഒന്നും മനസിലാവുന്നില്ലെടാ ”

ആരായിരുന്നു ആ സ്ത്രീ.. എന്തായിരുന്നു അവിടെ സംഭവിച്ചത് പാതിരക്കു എന്താ കാട്ടിന്റെ അകത്തുന്നു മീൻ മണക്കാൻ. ആ സ്ത്രീ നമ്മളെ രക്ഷിക്കുവാരുന്നോ ചെയ്തേ.അല്ലെങ്കിലും ആർക്കാണ് എന്നെ ഉപദ്രവിക്കണ്ടത്.ഒരുപാട് സംശയങ്ങൾ എന്നെ അലട്ടിക്കൊണ്ടിരുന്നു.

“സിദ്ധു ഡാ പോലീസിൽ പോയി പറഞ്ഞാലോ”

“ഒന്ന് മിണ്ടാതിരി മൈരേ.. നീ അതിന് വല്ലോം കണ്ടോ അവിടെ.ആരേലും പേടിപ്പിച്ചതാണെങ്കിലോ.. നാണക്കേട്.. പേടിച്ചു ഓടിയും പോയി.. തത്കാലം ആരോടും ഇതിനെ പറ്റി പറയണ്ട രണ്ടു പേരും കേട്ടല്ലോ.വരുന്നെടുത്തു വച്ചു കാണാം ”

അങ്ങനെ അച്ഛനെ വിളിച്ചു ഇന്ന് ജിത്തൂന്റെ വീട്ടിൽ സ്ലീപ്‌ ഓവർ ആണെന്ന് പറഞ്ഞു നമ്മൾ മൂന്നു പേരും ജിത്തൂന്റെ വീട്ടിലേക്ക് വിട്ടു.ക്ലാരയും അവളുടെ പപ്പയെ വിളിച്ചു ഇന്ന് വരില്ലെന്ന് പറഞ്ഞു.
ഒരുപാട് നാളുകൾക്കു ശേഷം ഞാനും ജിത്തും ക്ലാരയും ഒരുമിച്ചു കിടന്നുറങ്ങി.മൂന്നു പേരുടെ മനസിലും ഇന്ന് നടന്നതിനെ പറ്റി നല്ല പേടി ഉണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് എപ്പഴോ നമ്മൾ ഉറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *