തികച്ചും സന്തോഷവതിയായാണ് ഷെമീനയുടെ ഉമ്മ ദുബായിലേക്ക് മടങ്ങിയത്.
വളരെ ശാന്തമായ ഒരു കിഴക്കൻ ഗ്രാമത്തിലായിരുന്നു ഷെമീനയുടെ PHC . പക്ഷെ നല്ല ടാറിട്ട റോഡുകൾ, മലയോര ഹൈവേ. അതിൽനിന്നും തിരിഞ്ഞു ഒരു രണ്ടുകിലോമീറ്റർ ചെന്നാൽ ഒരു പാടശേഖരം, അതുകഴിഞ്ഞു ഒരു കുന്നുകയറിയാൽ ഇടതുവശത്തു ഒരു രണ്ടേക്കർ വരുന്ന മൈതാനവും മറ്റുമുള്ള ഒരമ്പലം കാണാം.
അമ്പലം കഴിഞ്ഞാലുടൻ പഞ്ചായത്ത് ഓഫീസും ഇതുവരെ പൊളിയാത്ത ഒരു സഹകരണ ബാങ്കും. അത് കഴിഞ്ഞാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മുൻഗേറ്റ് കാണാം. പിന്നീടങ്ങോട്ട് ഇറക്കമാണ്. ഏഴെട്ടുപീടികകളുള്ള ടൗൺ. മൂന്നുനാലു ഓട്ടോറിക്ഷകളുള്ള ഒരു സ്റ്റാൻഡും രണ്ടു മെഡിക്കൽ ഷോപ്പുകളും PHC ക്കെതിർവശത്താണ്. KSEB ആപ്പീസും. ഇവയുടെ എല്ലാം പിന്നിൽ റബ്ബർതോട്ടങ്ങളാണ്.
PHC യുടെ പിൻവശത്തെ ഗേറ്റ് വഴി പോയാൽ ഏതാനും വീടുകളുണ്ട്. അതിലൊന്നിൽ കേന്ദ്രത്തിലെ നഴ്സുമാർ നാലുപേർ താമസമാണ്. ആ വീട് പണ്ടുതൊട്ടേ നഴ്സുമാർക്ക് മാത്രമേ വാടകക്ക് കൊടുക്കയുള്ളൂ അത്രേ. ഈ വീടുകൾക്ക് മുന്നിലെ പഞ്ചായത്തുവഴി വീണ്ടും കുന്നുകയറി ഒരു റ ആകൃതിയിൽ വളഞ്ഞു കുന്നിറങ്ങി തിരികെ ക്ഷേത്രത്തിനപ്പുറംവെച്ച് വീണ്ടും മെയിൻ റോഡിൽ കയറുന്നുണ്ട്.
റ യുടെ ഇരുവശവും തോട്ടമാണ്. തോട്ടത്തിനു വലതുവശം താഴ്വാരത്തിൽ ഒരു പുഴ ഒഴുകുന്നുണ്ട്. അതിനപ്പുറം കാടാണ്. പുഴയുടെ കളകളാരവം പലപ്പോഴും ഷെമീനക്ക് പ്രാക്റ്റീസ് റൂമിൽ ഇരിക്കുമ്പോൾ കേൾക്കാമായിരുന്നു. കിളികളുടെയും ചീവീടുകളുടെയും നിലക്കാത്ത ശബ്ദഘോഷവും.
സത്യൻ അന്തിക്കാടിന് സെറ്റിടാതെ സിനിമയെടുക്കാൻ പറ്റിയ സ്ഥലം എന്ന് ഡോക്ടർ ഷെമീന ഇൻസ്റ്റയിൽ കുറിച്ചു. ആയിരത്തിലേറെ ലൈക് കിട്ടി.
ഗ്രാമത്തിൽ ഷെമീന വളരെപ്പെട്ടെന്നുതന്നെ നല്ലൊരു പ്രതിച്ഛായ അവൾ അറിയാതെ നേടിയെടുത്തു. ബെൻസ് കാറോടിച്ചുവരുന്ന ഉമ്മച്ചിക്കുട്ടി കോടീശ്വരിമാത്രമല്ല റാങ്കുകാരിയാണെന്നും മിടുക്കിയാണെന്നും വളരെപ്പെട്ടെന്നുതന്നെ നാട്ടിലെല്ലാവരും അറിഞ്ഞു. ഓട്ടോറിക്ഷക്കാരോടുപോലും അവൾ ഗുഡ് മോർണിംഗ് പറഞ്ഞതോടെ ഒരു ജാഡയുമില്ലാത്ത ഡോക്ടർ എന്ന പേരായി.
രോഗികളുടെ സംശയങ്ങളും പരാതികളും അവൾ ശ്രദ്ധയോടെ കേട്ടു. പല കിളവികളും കുടുംബകാര്യങ്ങളും ആറ്റുകാൽ പൊങ്കാലക്ക് പോകാൻ പറ്റാത്തതിന്റെ വിഷമവും മറ്റും ഡ്യൂട്ടിടൈമിൽ വന്നു പറയുമ്പോൾപ്പോഴും അവളുടെ ക്ഷമ ഒട്ടും നശിച്ചിരുന്നില്ല. ആശുപത്രിയിലെ ഏറ്റവും ജൂനിയർ ആയ മെഡിക്കൽ സ്റ്റാഫ് ആണ് ഡോക്ടർ ഷെമീന എന്ന് രോഗികൾ പലപ്പോഴും ശ്രദ്ധിച്ചതേയില്ല.
തികഞ്ഞ മതവിശ്വാസിയായിരുന്നു ഷെമീന, എങ്കിലും അവൾ ഒരിക്കലും പർദ്ദയോ മറ്റോ ധരിച്ചിരുന്നില്ല. അവൾ നിസ്കരിക്കുന്നത് അപൂർവമായിരുന്നു പക്ഷെ ഒരുദിവസം പോലും തട്ടമിടാതെയോ ഷോൾ ഇടാതെയോ അവൾ ഫ്ലാറ്റിനു പുറത്തിറങ്ങിയിരുന്നില്ല. ഇറുകിപിടിച്ച ഒരു ഡ്രസ്സ് പോലും അവൾക്കില്ലായിരുന്നു.
അവളുടെ ജീൻസുകൾപോലും ലൂസ്-ഫിറ്റിംഗ് ആയിരുന്നു. നല്ല ഇറക്കമുള്ള ടോപ്പുകളും അപൂർവമായി മാത്രം ഫ്രോക്കുകളും. ലെഗ്ഗിൻസ് ഷെമീന ഉപയോഗിച്ചിരുന്നത് ഫ്രോക്കിനോടൊപ്പം മാത്രം.
(നായികയായ ഷെമീനയെ ഈ കഥയിൽ വിശദമായി വർണിച്ചിട്ടില്ല. അവളുടെ ശരീരത്തിന്റെ അളവുകളും പറഞ്ഞിട്ടില്ല. ഇത് മനഃപൂർവമാണ്. അവൾ വായനക്കാരുടേതാണ്, അത് അവർ തീരുമാനിക്കട്ടെ എന്നുവെച്ചാണ്. എന്നിരുന്നാലും ഈ എഴുത്തുകാരൻ അവളായി മനസ്സിൽ കണ്ടത് പ്രശസ്ത ഈജിപ്ഷ്യൻ ദർബുക ഡ്രം പെർക്യൂഷൻ ആർട്ടിസ്റ്റ് ആയ fati _kordo യെയാണ്. അനുഗ്രഹീതയയായ ആ കലാകാരിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നത് ഉചിതമല്ല എന്നുകരുതുന്നു.)
ഓഫ് ദിവസങ്ങളിൽ അവളും സന്ധ്യയും ചിലപ്പോൾ സബൂറയും ശോഭമാളിലും മറ്റും ഷോപ്പിംഗിനു പോയി. OTT യിലും തിയേറ്ററുകളിലും സിനിമകൾ കണ്ടു. സ്വിഗ്ഗിയിൽനിന്ന് ഫുഡ് ഓർഡർ ചെയ്തു. ഫ്ളാറ്റിലെ അസോസിയേഷനിൽ മെഡിക്കൽ ക്യാമ്പ് നടത്തി. വനിതാ അസോസിയേഷനിൽ ക്ലാസ്സെടുത്തു. മാസങ്ങൾ അതിവേഗത്തിൽ പാഞ്ഞുപോയി. ഇനി കൃത്യം ഒരു മാസം മാത്രം.
