ഷെമീന അന്ന് രാവിലെ പതിവുപോലെ കാറെടുത്തു ആസ്പത്രിയിലേക്ക് വിട്ടു. പാടം കഴിഞ്ഞു കുന്നുകയറി അമ്പലത്തിനുമുന്നിലെത്തിയപ്പോളാണ് അവിടെ ഒരാൾക്കൂട്ടം കണ്ടു അവൾ കാറിന്റെ വേഗത തീരെക്കുറച്ചു അമ്പലപ്പറമ്പിലേക്കു നോക്കിയത്.
ഒരു കൊമ്പനാന!
രണ്ടു പാപ്പാന്മാർ അതിന് ഓലയും പഴക്കുലയും മറ്റും തീറ്റയായി കൊടുക്കുന്നു. ക്ഷേത്രഭാരവാഹികളാവും കുറേപ്പേർ കസവുനേരിയതും മറ്റും ചൂടി ആനയുടെ അടുത്തുനിൽപ്പുണ്ട്.
ആസ്പത്രിയിലെത്തി ഷെമീന കാർ പാർക്ക് ചെയുമ്പോൾ രണ്ടുമൂന്നു കതിനകൾ ഡും ഡും എന്ന് മുഴങ്ങി. ഏതാനും നിമിഷം കഴിഞ്ഞു ചുറ്റുമുള്ള കുന്നുകളിലും മലകളിലും തട്ടി അവയുടെ പ്രതിധ്വനിയും. PHC യുടെ ജനാലകൾ നന്നായൊന്നു കുലുങ്ങി. ഡ്യൂട്ടിനേഴ്സ് ബിനി അവളെനോക്കി ചിരിച്ചു. അവർ അന്നാട്ടുകാരിയാണ്.
രോഗികൾ തീരെ കുറവ്. എല്ലാവരും ആനയെ കാണാൻ പോയോ? ഷെമീന മനസ്സിലോർത്തു.
” എന്താ സിസ്റ്ററെ ടെംപിളിൽ ആനയെ വാങ്ങിയോ ? ” ഷെമീന ചോദിച്ചു.
” വാങ്ങിയതല്ലാ, അത് ആനവാരി മനയിലെ ആനയാണ്. ക്ഷേത്രത്തിൽ സുഖചികിത്സയ്ക്കു കൊണ്ടുവന്നതാണ്. ഇന്ന് കർക്കിടകമാസം ഒന്നല്ലേ? ”
മലയാളമാസം ഒന്നാംതീയതിയാണ്. അതാണ് രോഗികൾ ഇന്ന് തീരെ കുറവ്. ഗുഡ്! ഷെമീന സ്വയം പറഞ്ഞു. “അത് നന്നായി. ആനക്ക് ഒരുമാസം കുശാലായല്ലോ.” അവൾ ചിരിച്ചു.
” ആനവാരി കുട്ടിശ്ശങ്കരൻ. അതാണ് ആനയുടെ പേര്.” അറ്റൻഡർ ഷിബു പറഞ്ഞു.
” ഇനിയിപ്പോ സംഭാവന കൊടുക്കേണ്ടി വരും. ” ബിനി എല്ലാരേയും ഓർമിപ്പിക്കുന്ന സ്വരത്തിൽ പറഞ്ഞു.
” എന്തു സംഭാവന? എന്തിനാ കൊടുക്കേണ്ടത് ? ” ഷെമീനയ്ക്ക് ഒന്നും മനസിലായില്ല.
ആ ക്ഷേത്രം ആദിവാസികളുടേത് ആയിരുന്നത്രേ. ദേവീക്ഷേത്രമാണ്. പിന്നീട് അത് ആനവാരി മനക്കാരുടെ നേത്രത്വത്തിൽ കരക്കാരും മറ്റും ഏറ്റെടുത്തു. ഇതിൽ ദേവിക്ക് അപ്രീതിയുണ്ടായി.
മനക്കൽനിന്നു ഒരാനയെ കൊണ്ടുവന്നു മൂന്നുവർഷം സുഖചികിത്സ നൽകിയാൽ പ്രതിവിധി ആവും എന്നു ദേവപ്രശ്നത്തിൽ തെളിഞ്ഞു. ഇത് മൂന്നാം വർഷമാണ്. നാട്ടുകാരും കരക്കാരും ചേർന്നാണ് ആനയെ ചികില്സിക്കാനുള്ള ചെലവ് വഹിക്കുന്നത്. കർക്കിടകം ഒന്നുമുതൽ ആണ് ചികിത്സാപരിപാടി. 28 ദിവസം ആന അമ്പലത്തിൽ ഉണ്ടാവും.
വൈകിട്ട് ഷെമീന ഫ്ലാറ്റിലെത്തിയതും ബോടിം ആപ്പിൽ ബാപ്പ വിളിച്ചതും ഒപ്പമായിരുന്നു.
” മോൾക്ക് ഈ അടുത്ത പതിനഞ്ചുവരെയല്ലേ കോൺട്രാക്ട് ജോബ് ഉള്ളൂ? 17 നു ഞാൻ കൊച്ചിയിൽനിന്ന് മോൾക്കിങ്ങോട്ടു വരാൻ ടിക്കറ്റ് എടുത്തിട്ടുണ്ട്. ഷെമീർ മെയിൽ അയക്കും. ” ബാപ്പ മുഖവുര ഒന്നുമില്ലാതെ പറഞ്ഞു.
ഷെമീന അന്തംവിട്ടു. അതെന്താ ഇത്ര തിടുക്കത്തിൽ? ആ ചോദ്യം അവൾ ചോദിക്കാതെതന്നെ ബാപ്പ കേട്ടെന്നു തോന്നുന്നു.
” മോൾക്ക് ഒരു പ്രൊപോസൽ ഉണ്ട്. കേട്ടിടത്തോളം അത് കൊള്ളാം. ”
“ബാപ്പാ എനിക്കിപ്പോൾ നികാഹ്…” അവൾ പറഞ്ഞുതീരുംമുൻപേ ബാപ്പ ചിരിച്ചുകൊണ്ട് പൂരിപ്പിച്ചു. “…വേണ്ട എന്നല്ലേ? എന്നാൽ കേട്ടോ.”
പയ്യൻ എയിംസ് ഡൽഹിയിൽ പഠിച്ച ഡോക്ടർ. UK യിൽ പിജിയും സൂപ്പർ സ്പെഷ്യലിറ്റിയും ചെയ്തു. മൂന്നുവർഷമായി ബ്രിട്ടീഷ് സിറ്റിസൺ. അയാളുടെ കുടുംബം മൊത്തം ഖത്തറിൽ. ഷെമീനയെ യുകെയിൽ പഠിപ്പിക്കാൻ തയാർ.
ചെലവ് മാത്രം ഷെമീനയുടെ വീട്ടുകാർ വഹിക്കണമെന്നേയുള്ളൂ. ഖത്തറിൽ ഒരു റിസപ്‌ഷനിൽ പങ്കെടുക്കാൻ അയാൾ വരുന്നുണ്ട്. ആ വരവിൽ ദുബായിൽ വന്നു പെണ്ണുകണ്ടിട്ടു പോകാം ഇരുവർക്കും ഇഷ്ടപെട്ടാൽ മൂന്നുമാസത്തിനുള്ളിൽ കല്യാണം എന്നാണ്. പയ്യന്റെ ഫോട്ടോ ഷെമീർ മെയിൽ അയക്കുന്നുണ്ട്.
പെട്ടു!
ഷെമീന കുളികഴിഞ്ഞുവന്നു ലാപ്ടോപ്പിൽ മെയിൽ എല്ലാം തുറന്നുവായിച്ചു. എമിരേറ്റ്സ് ബിസിനെസ്സ് ക്‌ളാസ് ടിക്കറ്റ്. രണ്ടാമത്തെ മെയിലിൽ മൂന്ന് ഫോട്ടോകൾ. മുഹമ്മദ് സുരൂർ കറുത്ത ഫുൾ സൂട്ടിൽ പർപ്പിൾ കളർ ടൈയും കെട്ടി അവളെനോക്കി പുഞ്ചിരിച്ചു. അയാൾ തന്നെക്കാൾ വെളുത്തിട്ടാണെന്നു ഷെമീനക്ക് തോന്നി. ക്‌ളീൻ ഷേവ് ആയതുകൊണ്ടാവും വളരെ സൗമ്യമായ ഒരു മുഖഭാവം.
