തന്നെപ്പോലെ ഗോതമ്പിന്റെ നിറമല്ല, ഏകദേശം വെള്ളയപ്പത്തിന്റെ നിറം. അവൾക്കു ചിരിവന്നു. രണ്ടാമത്തെ ഫോട്ടോ പുള്ളി ഒരു അഡിഡാസ് ടി ഷർട്ടും ജീൻസുമിട്ടു ഒരു ബെൻസ് ഇ-ക്ലാസ് കാറിൽ ചാരിനിൽക്കുന്നതായിരുന്നു. കൊള്ളാം, ബാപ്പയുടെ ബെൻസ് പ്രേമം മരുമകനും കിട്ടിയിട്ടുണ്ട്.
മൂന്നാം ഫോട്ടോ ഹോസ്പിറ്റലിൽ വെച്ചെടുത്തതാണെന്നു തോന്നി. ഫോർഡിന്റെ ഒരു ആംബുലൻസ്. രണ്ടു സായിപ്പന്മാർ. അതികായനായ ഒരു ആഫ്രിക്കൻ. പിന്നെ പുള്ളിയും.
അപ്പോഴേക്കും സന്ധ്യചേച്ചി വന്നു. ചേച്ചിയോടും സബൂറയോടും ഷെമീന വിവരങ്ങൾ പറഞ്ഞു. ഫോട്ടോകളും കാണിച്ചുകൊടുത്തു. സബൂറയെ ഉമ്മ നേരത്തെ തന്നെ വിളിച്ചുപറഞ്ഞിരുന്നത്രെ. സന്ധ്യയാകട്ടെ മറ്റൊരു വർത്തയുമായാണ് വന്നത്. സന്ധ്യ 20 നു ബാംഗ്ലൂരിൽ തിരിച്ചുപോകും. ബിബിൻ അന്നുച്ചക്ക് മോസ്കോവിൽനിന്നു മടങ്ങിവരും.
ഷെമീന തന്റെ ഏറ്റവുമടുത്ത രണ്ടു കൂട്ടുകാരികളെ വിളിച്ചു കാര്യം പറഞ്ഞു. സന്ധ്യയും സബൂറായും പറഞ്ഞതുകൊണ്ട് ഫോട്ടോകൾ അവൾ അവരെ കാണിച്ചില്ല.
ഷെമീന സുരൂർ. അവർ കളിയാക്കി.
ഷെമീന വീണ്ടും പലദിവസങ്ങളിലും ആനയെ വഴിയിൽവെച്ചുകണ്ടു. ഒരിക്കൽ അവൾ കാർ ഒതുക്കി നിർത്തുകയും ചെയ്തു. ബെൻസ് കാറായതുകൊണ്ടാവാം പാപ്പാന്മാർ രണ്ടുപേരും വളരെ ശ്രദ്ധിച്ചാണ് ആനയെ കൊണ്ടുപോയത്.
ആനയുടെ മുകളിൽ ഇരുന്ന പാപ്പാൻ അവളെനോക്കി ചിരിച്ചു. പടച്ചോനെ! ഇതെങ്ങാനും പെട്ടെന്നുകയറി ഇടയുമോ എന്നൊരു പേടി അവളിൽ ഉളവായെങ്കിലും ആന അവളെത്തന്നെ നോക്കുന്നത് ഷെമീന കണ്ടു. അതിന്റെ കണ്ണിൽ സ്നേഹമുണ്ടെന്നു അവൾക്കു തോന്നി.
ഒരുദിവസം ക്ഷേത്രക്കമ്മിറ്റിക്കാർ ആശുപത്രിയിലും പിരിവിനു വന്നിരുന്നു. ഷെമീനയെ പരിചയമില്ലെങ്കിലും ബിനിയും ഷിബുവും അവരെ ഷെമീനയുടെ മുന്നിലെത്തിച്ചുകൊടുത്തു. ആനക്കായി ഒരു ചാക്ക് അരി ഷെമീന സ്പോൺസർ ചെയ്തു. 2500 രൂപ രസീതെഴുതിയപ്പോൾ എഴുതുന്നയാൾ ഷെമീനയോടു നാള് ചോദിച്ചു.
താൻ ജനിച്ചത് കാർത്തിക നക്ഷത്രത്തിൽ ആണെന്ന് ഉമ്മ പറഞ്ഞു ഷെമീനക്ക് അറിയാമായിരുന്നു. പക്ഷെ അത് അവരോടുപറയണ്ട എന്നൊരു തോന്നൽ മനസ്സിൽ ശക്തിയായി വന്നതിനാൽ ഷെമീന നാളറിഞ്ഞുകൂടാ എന്നാണ് പറഞ്ഞത്.
“എന്നാൽ കാർത്തിക എന്നെഴുതാം” എന്നുപറഞ്ഞു അയാൾ രസീത് കട്ട് ചെയ്തപ്പോൾ ഷെമീന ചോദിച്ചു: ” അതെന്താ കാർത്തികയുടെ പ്രത്യേകത?”
“അത്, ദേവിയുടെ നാളാണ് കാർത്തികനക്ഷത്രം.”
***
അങ്ങനെ ഷെമീനയുടെ ജോലിയിൽ 179 ദിവസം പിന്നിട്ട, കരാറടിസ്ഥാനത്തിലുള്ള സർക്കാർ ജീവനം അവസാനിക്കുന്ന പതിനാലാംതീയതി വന്നണഞ്ഞു. ഷെമീനയുടെ ഡ്യൂട്ടി ഉച്ചക്ക് ഒരുമണിമുതൽ രാത്രി ഒമ്പതുവരെയായിരുന്നു. പതിവുപോലെ കാർ പാർക്ക് ചെയ്തിട്ട് ആസ്പത്രിയിലേക്ക് കയറുമ്പോൾ അവൾക്കു ഒരു വിഷമം തോന്നാതിരുന്നില്ല.
ഉച്ചക്ക് സ്റ്റാഫിന് കഴിക്കാൻ ഷെമീന ബിരിയാണി ഓർഡർ ചെയ്തിരുന്നു. ഷിബുവിന്റെ ഏർപ്പാടിൽ എത്തിച്ച ബിരിയാണി ഒരു വീട്ടിൽ ഉണ്ടാക്കിയതാണെങ്കിലും നന്ന്. അമ്പലത്തിലെ ആനയുടെ സുഖ ചികിത്സാപരിപാടി ഇന്നുകൊണ്ടുതീരുമെന്നും നാളെ രാവിലെ ആനയ്ക്കും യാത്രയയപ്പാണെന്നും ബിനി പറഞ്ഞു. അതിനെ കൊണ്ടുപോകാൻ ലോറി വന്നത്രെ.
മറ്റൊരു സാധാരണ ദിവസം മാത്രം ആയിരുന്നു അന്നും. ഒമ്പതുമണിക്ക് ഷെമീന ആസ്പത്രിയിൽനിന്നിറങ്ങി. തന്നെ കരാർ ജോലിയിൽനിന്നു വിടുതൽ ചെയ്തുകൊണ്ടുള്ള ഉത്തരവ് അതിനുമുമ്പേ അവൾക്കു കിട്ടിയിരുന്നു.
ആസ്പത്രിയുടെ പിന്നിലെ വാടകവീട്ടിൽ താമസിക്കുന്ന നഴ്‌സുമാരിൽ രണ്ടുപേരും അവളോടൊപ്പം ഇറങ്ങി. വീട്ടിലെത്തിക്കാമെന്നു ഷെമീന അവരോടു പറഞ്ഞിരുന്നു. കാരണം നല്ല മഴ. കഷ്ടിച്ച് അരകിലോമീറ്റർ മാത്രമേ ആ വീട്ടിലേക്കുള്ളൂ.
വാടകവീടെത്തിയപ്പോൾ നഴ്സുമാർ രണ്ടുപേരും ഇറങ്ങി. കാർ മുന്നോട്ടെടുക്കാൻ പോയപ്പോൾ എതിരെ ഒരു ജീപ്പ് വന്നു. അത് കടന്നുപോകുംവരെ ഷെമീന കാത്തുനിന്നു. മനയിലെ ജീപ്പാണ്. ആനവാരി മനക്കൽ എന്നു മുൻപിൽ എഴുതിയിട്ടുണ്ടായിരുന്നു. ജീപ്പ് പോയിക്കഴിഞ്ഞപ്പോൾ അവൾ കാർ എടുത്തു.
