ഗജകേസരിയോഗം – 1 13

റിവേഴ്‌സ് എടുത്തു തിരിക്കാൻ ഒന്നും കാണാൻ വയ്യ. തിരിച്ചെടുക്കുന്നതിനു പകരം നേരെ പോയാൽ പഞ്ചായത്ത് ഓഫീസിന്റെ പിന്നിലൂടെ അമ്പലത്തിന്റെ പിന്ഗേറ്റിന്റെ മുന്നിലൂടി അമ്പലത്തിനപ്പുറം വെച്ച് വീണ്ടും മെയിൻ റോഡിൽ കയറാം. ഇരുവശവും തോട്ടമാണെങ്കിലും കോൺക്രീറ്റ് ചെയ്ത പഞ്ചായത്ത് റോഡ് വെളുത്തനിറത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.

ഷെമീന കാർ തിരിക്കാൻ നിൽക്കാതെ നേരെ വിട്ടു. നല്ല ശക്തമായി മഴ പെയ്യാൻ തുടങ്ങി. ഇരുവശവും കുറ്റാക്കൂരിരുട്ട്. അവൾ റോഡിൽ തന്നെ ശ്രദ്ധിച്ചു വണ്ടിയോടിച്ചു. കഷ്ടിച്ച് ഒരു കിലോമീറ്റർ, അത് കഴിഞ്ഞാൽ മെയിൻ റോഡിൽ കയറാം, അവൾ സ്വയം പറഞ്ഞു.

ഇടതുവശത്തു ക്ഷേത്രത്തിനുപിന്നിലുള്ള മതിൽക്കെട്ടിനു സമീപമെത്തിയപ്പോളാണ് ഷെമീന അത് കണ്ടത്.

നടുറോഡിൽ നിൽക്കുന്നു. ആന.
ആനവാരി കുട്ടിശ്ശങ്കരൻ!

അവൾ ബ്രേക്കിൽ ആഞ്ഞുചവിട്ടി. കാർ വലത്തോട്ട് വെട്ടിച്ചൊതുക്കി. ഡ്രൈവർ സൈഡിലെ രണ്ടു ടയറുകളും റോഡ് വിട്ടു വഴിയരികിലെ ചാലിലേക്കിറങ്ങി. അതോടെ ബെൻസ് എടുത്തടിച്ചതു പോലെ നിന്നു.

എൽഇഡി ഹെഡ്‍ലൈറ്റിന്റെ വെട്ടത്തിൽ അവൾ ആനയെ വ്യക്തമായി അടുത്തുകണ്ടു. കുട്ടിശ്ശങ്കരൻ പതുക്കെ തിരിഞ്ഞു അവളെയും കാറിനേയും ഒന്ന്നോക്കി. എന്നിട്ടവൻ ക്ഷേത്രത്തിലേക്ക് നോക്കി. ഷെമീന ആ നോട്ടം പിന്തുടർന്നു.

അമ്പലപ്പറമ്പിൽനിന്നു രണ്ടുപേർ മഴയത്തു ഓടി വരുന്നു. പാപ്പാന്മാർ!
ഷെമീന ധൈര്യം കൈവിടാതെ ഫോണെടുത്തു ആസ്പത്രിയിലേക്ക് വിളിച്ചു. “നിങ്ങൾ പരിധിക്കു പുറത്താണ്”. കുന്നുകൾക്കിടയിലുള്ള ആ വഴിയിൽ ഒരു മൊബൈൽ നെറ്റ് വർക്കിനും റേഞ്ച് ഇല്ല എന്നവൾക്ക് അറിയില്ലായിരുന്നു.

അപ്പോഴേക്കും പാപ്പാന്മാർ അടുത്തെത്തി. അതിൽ മുതിർന്നയാൾ അവളെ പരിചയഭാവത്തിൽ ലേശം ബഹുമാനത്തോടെതന്നെ നോക്കി. അന്ന് ആനപ്പുറത്തിരുന്നു ചിരിച്ചയാളാണ് അയാൾ എന്ന് ഷെമീനക്ക് മനസ്സിലായി. അവൾ ഗ്ലാസ് താഴ്ത്തി.

“അയ്യോ ഡോക്ടർ എന്താ ഈ വഴിക്ക് ഇപ്പോൾ?” അയാൾ അമ്പരപ്പോടെ ചോദിച്ചു. “കാറിനു ജാസ്തി വല്ല കേടും പറ്റിയോ ആവൊ?”

ഷെമീനക്ക് ശരിക്കും ദേഷ്യം വന്നു. “ഇതെന്താ ആന നടുറോട്ടിൽ?” അവൾ ഈർഷ്യയോടെ ചോദിച്ചു.

അപ്പോഴേക്കും മറ്റേ പാപ്പാൻ അടുത്തുവന്നു. “അത് ഞങ്ങൾ ആനയെ കുളിപ്പിക്കാൻ കൊണ്ടു പോകാൻ ഇറങ്ങിയതാണെന്നെ. രാത്രി ഇതുവഴി വണ്ടി ഒന്നും വരാറില്ല. അപ്പുറത്തു നല്ല മെയിൻ റോഡുള്ളപ്പോൾ ഓ ഇതുവഴി ആരുവരാനാ? മൊത്തം കാട്ടുപന്നിയുടെ കളിയാണെന്നേ.”

അയാൾ കോട്ടയം സ്വദേശി ആണെന്ന് ഷെമീനക്ക് തോന്നി. അമ്പരപ്പുകാരൻ അപ്പോൾ സ്വയം പരിചയപ്പെടുത്തി. “ഞങ്ങൾ പാപ്പാന്മാരാ, ഞാൻ രാജേന്ദ്രൻ ഒന്നാം പാപ്പാൻ. ഇത് പ്രവീൺ രണ്ടാം പാപ്പാൻ”.

“നിങ്ങളെ രണ്ടുപേരെയും കണ്ടിട്ടുണ്ട്.” ഷെമീന പറഞ്ഞു. അവൾ ഷോൾ പിടിച്ചു തലയിലൂടെ നേരെയിട്ടു.

“ഡോക്ടർ ഒരുചാക്ക് അരി സംഭാവന ചെയ്താരുന്നല്ലോ?”. പ്രവീണിന് ഓർമയുണ്ട്.
” അത് പൗരസമിതിക്കാർ ആസ്പത്രിയിൽ വന്നിരുന്നു.”

താൻ നഴ്സുമാരെ വീട്ടിൽ വിട്ടിട്ടു വരുന്ന വഴിയാണെന്ന് ഷെമീന അവരോടു പറഞ്ഞു. തന്റെ ജോലി ഇന്നുവരേയെ ഉണ്ടായിരുന്നുള്ളൂ എന്നവൾ പറഞ്ഞില്ല.

“ഇനിയിപ്പോൾ എന്തുചെയ്യും? ഡോക്ടർ മടങ്ങി നഴ്സുമാരുടെ വീട്ടിൽ പോകണമെങ്കിൽ വന്നവഴിയെ തിരിച്ചു നടന്നുപോകണം. കൂരിരുട്ടാണ്. പകരം ക്ഷേത്രവളപ്പിൽ കയറി ഫ്രണ്ട് ഗേറ്റ് വഴി മെയിൻ റോഡിൽ ഇറങ്ങി കുറച്ചു നടന്നാൽ ആസ്പത്രിയിൽ എത്താമല്ലോ. ” പ്രവീൺ തെല്ലൊന്നു ആലോചിച്ചു പറഞ്ഞു.

“നമുക്ക് പ്രസാദിനെയും കൂടി വിളിച്ചു വണ്ടി തള്ളിക്കയറ്റിയാലോ?” രാജേന്ദ്രൻ പ്രവീണിനോട് ചോദിച്ചു. “ബെൻസ് കാറൊക്കെ ആട്ടോമാറ്റിക് ഗിയർ ആണ് ചേട്ടായി, തള്ളാനും ഉന്താനുമൊന്നും പറ്റില്ലെന്നേ”. പ്രവീൺ അറിവുപ്രകടിപ്പിച്ചു. “ആരാ പ്രസാദ്? മൂന്നാം പാപ്പാനോ? അയാളെ എങ്ങനെ വിളിക്കും?”. ഷെമീന ചോദിച്ചു. ഇനി തന്റെ ഐഫോണിൽ മാത്രമേ റേഞ്ച് ഇല്ലാതെയുള്ളൂ?

പാപ്പാന്മാർ ഇരുവരും ചിരിച്ചു. “മൂന്നാം പാപ്പാനോ? നല്ല കാര്യായി. അവൻ ഡ്രൈവറാ, ലോറിയുടെ ഡ്രൈവർ. ദേ അമ്പലപ്പറമ്പിൽ ലോറിയിൽ കിടപ്പുണ്ട്. നല്ല ഫിറ്റാണ്. ”
ആനയെ കൊണ്ടുപോകാൻ ലോറി വന്നകാര്യം ബിനി പറഞ്ഞത് ഷെമീന ഓർത്തു.

Leave a Reply

Your email address will not be published. Required fields are marked *