“” എഴുന്നേൽക്കടാ… …. “
കൊഞ്ചലോടെ അവൾ , അവന്റെ പുറത്ത് ഇക്കിളിയിട്ടു..
എല്ലാം പെയ്തൊഴിഞ്ഞു പോയ സന്തോഷം അവളുടെ മനസ്സിനുണ്ടായിരുന്നു..
സല്ലു , ഇളകുന്നതു കണ്ട്, അവൾ വീണ്ടും ചിരിയോടെ ഇക്കിളിയിട്ടു……
ഒരു എങ്ങലടി കേട്ടതും സുഹാന പരിഭ്രമിച്ചു……
അവൻ ചിരിക്കുകയല്ല……….
കരയുകയാണ്…….!
അവളുടെ ഹൃദയം പിടഞ്ഞു…
അവൾ അവനെ തിരികെ കിടത്താൻ ശ്രമിച്ചതും സല്ലു ബലം പിടിച്ചു……
“” തിരിഞ്ഞു കിടക്കെടാ……. “
അവളവനിലേക്ക് ചേർന്ന് കുലുക്കി വിളിച്ചു.
സല്ലു , തിരിയാൻ കൂട്ടാക്കിയില്ല…
“”ടാ… …. ഇങ്ങോട്ട്…..””
അവളുടെ സ്വരവും ഇടറിത്തുടങ്ങിയിരുന്നു…
സല്ലു , അനങ്ങാതെ കിടന്നതും സുഹാന സർവ്വ ശക്തിയും പ്രയോഗിച്ച് അവനെ തിരിച്ചു കിടത്തി……
സല്ലുവിന്റെ കണ്ണീരണിഞ്ഞ മുഖം കണ്ടതും അവളുടെ ഹൃദയം തകർന്നു പോയിരുന്നു……….
“” കരയല്ലേടാ……..””
സുഹാന കരഞ്ഞു കൊണ്ടാണത് പറഞ്ഞത്…
“” നിക്കു വയ്യുമ്മാ……..””
അവൻ കയ്യെടുത്തു മുഖം മറച്ച് വിങ്ങിപൊട്ടി…
“” നിയമോളെ ഞാൻ….. ഒക്കത്ത്… …. “
സല്ലു , മുഖം തിരിക്കാനാഞ്ഞു…
കുത്തിയൊലിച്ചു പോയ ഹൃദയവുമായി സുഹാന അവനെ വാരിയെടുത്തു…
ചുമലിലേക്ക് ,അവനെ ചേർത്തതും അവന്റെ ഭാരത്താൽ അവളുടെ ശരീരം പിന്നോട്ടൊന്നാഞ്ഞു…
“” കരയല്ലേടാ മ്മാന്റെ മുത്തേ……………..””
ഗദ്ഗദം അവളുടെ വാക്കുകളെ ചിതറിച്ചു കളഞ്ഞു…
“ ഓള് വിവരമില്ലാതെ ഓരോന്ന് വിളിച്ചു കൂവിയേന്………. “
“” അല്ലുമ്മാ… …..””
അവളുടെ ചുമലിൽക്കിടന്ന് അവൻ അണച്ചു…….
“”ന്നെ ആർക്കും കണ്ടൂടാ… വല്ലുമ്മായ്ക്ക് വേണ്ട, താത്തായ്ക്ക് വേണ്ട, ഉപ്പാക്കു വേണ്ട…… ങ്ങക്കും വേണ്ട…….”
“” സല്ലൂ……..””
അവളുടെ വിളി ഉച്ചത്തിലായിരുന്നു..
അവന്റെ മുഖം തിരിച്ച്, അവൾ അഭിമുഖമായി നിർത്തി… ….
“” ഇയ്യെന്താ പറഞ്ഞേ…….?””
കിലുകിലെ വിറച്ചു കൊണ്ടായിരുന്നു അവളുടെ ചോദ്യം……
“ ങ്ങക്കും ന്നെ കണ്ടൂടാന്ന്………..””
ഉടലോടെ പൊട്ടിത്തെറിച്ച അവസ്ഥയിൽ അവളിരുന്നു…
“ സാരല്ലാന്ന് പോലും ഇങ്ങളെന്നോട്… …. “
സല്ലു , വീണ്ടും അവളുടെ ചുമലിലേക്ക് മുഖമണച്ചു…
ശരിയാണ്… …
താനവനെ ഭർത്സിച്ചതല്ലാതെ ഒരാശ്വാസവാക്കു പോലും പറഞ്ഞിട്ടില്ല……
പക്ഷേ, തന്നെ അവൻ മനസ്സിലാക്കുന്നില്ലല്ലോ…….
“” ചത്തു കളഞ്ഞേനേം ഞാൻ… “
എങ്ങലടികൾക്കിടയിലൂടെ അവന്റെ അടുത്ത വാക്കുകൾ കേട്ടതും അവൾ നടുങ്ങിപ്പുളഞ്ഞു…
തന്റെ അനുമാനം വളരെ ശരിയായിരുന്നു…
വെള്ള പുതച്ച്, സല്ലുവിന്റെ മയ്യത്ത് ഹാളിൽ കിടക്കുന്നത് ഉൾക്കണ്ണിൽ കണ്ടതും അവൾ തളർന്നുപോയി… ….
“”ല്ലാരും കൂടി ന്നെ………””
അവൻ പറഞ്ഞത് സുഹാന കേട്ടില്ല…
അവളുടെ മിഴികൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു…….
ആരും തെറ്റുകാരല്ല……….
പക്ഷേ… ….?
കിതപ്പും ഏങ്ങലടികളുമായി നിമിഷങ്ങൾ കടന്നുപോയി…
സല്ലുവിനെ പതിയെ അവൾ ചുമലിൽ നിന്ന് അടർത്തിയെടുത്തു……
തനിക്കു നേരെ അവന്റെ മുഖം വന്നതും അവൾ ശബ്ദിച്ചു തുടങ്ങി…
“” അനക്കു വേണ്ടി , ബാപ്പാന്റേം, സുൾഫിക്കാന്റേം, ഉപ്പുമ്മാന്റെയും തോനെ ചീത്ത കേട്ടോളാ ഞാൻ… അനക്ക് ന്നോട് സ്നേഹമുണ്ടെന്ന് കരുതി.. “”
സല്ലുവിന്റെ മിഴികൾ അവളുടെ മുഖത്തുറയ്ക്കാതെ അങ്ങിങ്ങായി പരതി…
“ ന്റെ കുട്ടി കൈ വിട്ടു പോകില്ലാന്ന് നിക്ക് വിശ്വാസള്ളോണ്ട്…. പക്ഷേ, അങ്ങനെയൊന്നു കേട്ടാൽ ആരും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ……”…”
സുഹാന ഒരു ദീർഘനിശ്വാസമയച്ചു…
“” അനക്ക് ന്റെ സ്കൂട്ടി മതി… ന്റെ അക്കൗണ്ടിലെ പൈസ മതി… “
അവളുടെ സ്വരം ഇടറിയിരുന്നു…
“” ഉമ്മാ………..””
ദയനീയമായിരുന്നു അവന്റെ വിളി… ….
“” ബാപ്പേം ഉപ്പുമ്മേമൊക്കെ ചീത്ത പറയുമ്പോൾ അന്റെ സൈഡ് പിടിക്കാ… നൊ.. രാളുമതി………. “
സുഹാന വിങ്ങിയെങ്കിലും അവന്റെ മുഖത്തു നിന്ന് നോട്ടം മാറ്റിയില്ല…
“” അങ്ങനെ പറയല്ലേ … …മ്മാ……..”
സല്ലു . ഹൃദയം കൊണ്ട് നിലവിളിച്ചു…
“”പിന്നെന്താ പറയാ………. ന്നോട് തരിമ്പേലും സ്നേഹമുണ്ടേ. ജ്ജ് മയത്താകണ കാര്യം ചിന്തിക്വോ കുരിപ്പേ……..””
കൈ വീശിയടിക്കാൻ സ്ഥലം ഇല്ലാതിരുന്നിട്ടും സുഹാന അവന്റെ കവിളടക്കം ഒരടി കൊടുത്തു……
