ജീവിതം നദി പോലെ – 6 8അടിപൊളി 

 

“ഇക്ക അതൊന്നും ഞാൻ മറന്നിട്ടില്ല.. പക്ഷേ ഇങ്ങനെയൊരു കാര്യം.. ഇക്കയെന്റെ അവസ്ഥയൊന്നു മനസ്സിലാക്കു…”

 

എന്റെ സ്വരത്തിലെ ദയനീയത കേട്ടപ്പോൾ ഞാൻ അങ്ങേരുടെ വാക്കിൽ വീണെന്ന് പുള്ളിക്ക് മനസ്സിലായി.. പുള്ളിയുടെ ടോൺ മാറി…

 

“അജൂ… എന്റെ അവസ്ഥ നിനക്കറിയാല്ലോ? ഇത്രയും വിലയുള്ള സാധനം ഞാൻ നിന്നെ വിളിച്ച് ഏൽപ്പിക്കുമ്പോൾ തന്നെ ഞാൻ നിന്നെ എന്തുമാത്രം വിശ്വസിക്കുന്നുവെന്ന് നീ അറിയണം..”

 

പിന്നെയും പിന്നെയും ഇക്ക എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ സഹായം സ്വീകരിച്ചു പോയതിനാൽ, ആ നേരത്തെ എന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. എന്റെ ദുരഭിമാനം എന്നെ കൊണ്ട് അവസാനം യെസ് പറയിച്ചു.

 

“ഇക്ക, ഈ ഒരൊറ്റ തവണത്തേക്ക് മാത്രം, ഇനിയൊരിക്കലും എന്നോട് ഇത്തരം കാര്യങ്ങൾ പറയരുത്.”

 

പുതിയൊരു തെറ്റിന്റെ വഴിയിലേക്ക് പോകും മുൻപ് ഏവരും പറയുന്ന ഡയലോഗ് തന്നെ ഞാനും ആവർത്തിച്ചു.

 

————————————————————-

ഫോൺ വച്ചു കഴിഞ്ഞു അരിശത്തോടെ ഞാൻ ഭിത്തിയിൽ ഇടിച്ചു. കൈ വിരലുകൾ ഉടഞ്ഞു പോകേണ്ടതാണ്, പക്ഷേ വേദന പോലും ഞാൻ അറിഞ്ഞില്ല.

 

ഫ്രഷ് ആയി വേഷം മാറി ഞാൻ ഷോപ്പിലേക്ക് പുറപ്പെട്ടു. നേരത്തെ ആയതിനാൽ ആരുമെത്തിയിരുന്നില്ല. ഷോപ്പിലേക്ക് എത്തിയപ്പോൾ തന്നെ വാതിൽക്കൽ ഞാൻ അബ്ദുക്കയെ കണ്ടു.

 

അബ്ദുൽ ഖാദർ! ഏതാണ്ട് 50 വയസ്സിനു മുകളിൽ പ്രായമുണ്ട്. കോഴിക്കോട് കൊടുവള്ളിയാണ് സ്വദേശം. ഇപ്പോൾ തൃശൂർ ഭാഗത്തു എവിടേയോ ആണ്.നല്ല ഒത്ത വണ്ണവും, ഉയരവുമുള്ള അബ്ദുക്ക അങ്ങനെ അധികം ചിരിക്കാറില്ല. പുള്ളിയുടെ ആകാരം തന്നെ മറ്റുള്ളവരിൽ ഭയം ജനിപ്പിക്കാൻ പോകുന്നത് ആയിരുന്നു.

 

ഇക്കായുടെ കാരിയർ ആണ്. കടയിൽ ഉള്ളവർക്കും, പുറമേ അറിയുന്നവർക്കും ഒരു സാധാരണ കമ്പനി സെയിൽസ് മാൻ, വില കൂടിയ വസ്ത്രങ്ങളുടെ ഓർഡർ കം സപ്ലൈ ആയി വരുന്നവരിൽ ഒരാൾ, പക്ഷേ പുള്ളി സപ്ലൈ ചെയ്യുന്ന ബോക്സ്കളിൽ ഒന്നിൽ ആ സ്പെഷ്യൽ സ്റ്റോക്ക് ആവും. ലോകം നിയന്ത്രിക്കുന്ന ആ മഞ്ഞ ലോഹം.

 

ഷോപ്പിലേക്ക് ഗോൾഡ് എത്തിക്കുന്നതും, ഡെലിവറി കൊടുക്കുന്നതും അബ്ദുക്ക തന്നെയാണ്. പുറമേ നിന്ന് ആളെ വിളിക്കുന്നതും പുള്ളിയുടെ ഉത്തരവാദിത്തം ആണ്. അത്തരം സന്ദർഭങ്ങളിൽ പുള്ളിയുടെ വീട്ടിൽ വച്ചാവും ഡീലുകൾ, ഷോപ്പിലേക്ക് ഇക്ക മറ്റാരെയും അടുപ്പിക്കില്ല.

 

————————————————————-

 

ഞാൻ പുള്ളിയെ നോക്കി പരിചയ ഭാവത്തിൽ ചിരിച്ചു. മുഖത്തെ മാംസ പേശികൾ ചലിപ്പിച്ചു ചിരി പോലെ എന്തോ ഒന്ന് ആ മുഖത്തുമുണ്ടായി.

 

ഞാൻ ഷോപ്പ് തുറന്നു മുകളിലത്തെ നിലയിലേക്ക് പോയി. ഏതാനും മിനിറ്റുകൾക്ക് ശേഷം പുള്ളിയും എത്തി. കൈയിൽ ഒരു കെട്ടുമുണ്ടായിരുന്നു.

 

“അഫ്സലിനെന്തു പറ്റി?” പരുക്കൻ സ്വരത്തിൽ അയാൾ ചോദിച്ചു.

 

“ആള് ഔട്ട്‌ ഓഫ് ടൗൺ ആണ്. ” ഞാൻ പറഞ്ഞു.

 

പുള്ളി പിന്നെ കൈയിൽ ഇരുന്ന കെട്ട് എടുത്തു കസേരയിൽ വച്ചു. ആ തുണിക്കെട്ടിൽ നിന്ന് ഒരു ബോക്സ് വലിച്ചൂരി മേശമേലേക്ക് വച്ചു. പിന്നെ അത് എന്റെ നേർക്ക് നീക്കി വച്ചു.

 

ഞാനത് തുറന്നു.

 

ഒരു ഗോൾഡൻ യെല്ലോ പ്രീമിയം സിൽക്ക് വെഡിങ് സാരീ. അതിന്റെ മടക്കുകൾ ഞാൻ നിവർത്തി. ആ മടക്കുകൾക്കുള്ളിൽ അടുക്കി വച്ചത് പോലെ ഒൻപതു പീസുകൾ. എന്റെ കൈയൊന്നു വിറച്ചു. ഒൻപതു പീസുകൾ, നാലര കിലോ… ഏതാണ്ട് ഒന്നരക്കോടിയുടെ മുതൽ..

 

“എങ്കിൽ ഞാൻ ഇറങ്ങുന്നു. അഫ്സൽ വിളിച്ചു പറഞ്ഞിട്ടുണ്ടല്ലോ..” അബ്ദുക്കയുടെ കനത്ത ശബ്ദം കാതിൽ വീണപ്പോൾ ആണ് ഞാൻ ഞെട്ടലിൽ നിന്നും പുറത്തു വന്നത്.

 

ഞാൻ ബോക്സ് അടച്ചു. പിന്നെ പുള്ളിയെ നോക്കി യന്ത്രികമായി ഒന്നു തലയാട്ടി.

 

“ഡെലിവറി ലൊക്കേഷൻ മെസ്സേജ് വരും.”

 

എന്നെ ഒന്ന് കൂടി നോക്കിയ ശേഷം പുള്ളി ഇറങ്ങിപ്പോയി.

 

ഞാൻ സാധനം ലോക്കറിലേക്ക് മാറ്റി. പിന്നെ ബാക്കി പുള്ളി കൊണ്ടുവന്ന ഐറ്റംസ് എല്ലാം സമീറയുടെ സെക്ഷനിലേക്ക് എടുത്തു വച്ചു. അതൊക്കെ അടുത്ത ദിവസം വന്നിട്ട്പുള്ളിക്കാരി നോക്കിക്കോളും.

Leave a Reply

Your email address will not be published. Required fields are marked *