ഞങ്ങൾ സന്തുഷ്ടരാണ്

എന്താണ് ഇവിടെ ഇല്ലാത്തത്

ഒരുപാട് കാര്യങ്ങൾ ഇല്ല

എന്താണെന്ന് പറ കേൾക്കട്ടെ

ഏറ്റവും പ്രധാനം ശുദ്ധമായ വായു ശുദ്ധമായ വെള്ളം നല്ല മനസുള്ള ജനങ്ങൾ ഇതൊന്നും ഇവിടെ ഇല്ല

ഏറ്റവും ശുദ്ധമായ വെള്ളം ഇവിടെയാണ് കിട്ടുന്നത് രേണു

അതെങ്ങനെ

എത്രയെത്ര മിനറൽ വാട്ടർ പ്ലാന്റുകൾ ഇവിടെയുണ്ടെന്ന് നിനക്കറിയോ

അയ്യോ കഷ്ടം ….മിനറൽ വാട്ടർ അല്ല ….നല്ല കിണർ വെള്ളം ..അത് കിട്ടുമോ .മിനറൽ വാട്ടർ ഞങ്ങളുടെ നാട്ടിലും കിട്ടും

ഇത്രയും സൗകര്യങ്ങൾ ഉള്ളപ്പോൾ അതിന്റെ ആവശ്യമില്ല

എന്ത് ശുദ്ധമായ വായുവോ ……അതിന്റെയും ആവശ്യമില്ലേ

അതെല്ലാ നഗരത്തിന്റെയും അവസ്ഥ അങ്ങനെത്തന്നെയാണ് ….അതൊന്നും അത്ര കാര്യമല്ല

അല്ല നിങ്ങൾക്കതൊന്നും കാര്യമല്ല

അഖിലേട്ടൻ എന്നെങ്കിലും നാട്ടിൽ താമസിച്ചിട്ടുണ്ടോ ഇല്ലല്ലോ ….നാട്ടിലെ രീതികൾ അവിടുത്തെ ജീവിതം അതൊന്നും അഖിലേട്ടന് അറിയില്ല ..പക്ഷെ ഞാൻ ഇത് രണ്ടും അനുഭവിച്ചതാണ് …നാട്ടിൽ എത്ര താമസിച്ചാലും മടുക്കില്ല ഇവിടങ്ങനല്ല പെട്ടന്ന് മടുക്കും …..
നിന്നെ പറഞ്ഞിട്ട് കാര്യമില്ല ..അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ട് എന്ത് കാര്യം

അതെ ഞാൻ അട്ടതന്നെയാണ് ..അഖിലേട്ടന് ഒരു വിചാരമുണ്ട് ഇസ്തിരി ചുള്ളിയാത്ത ഷർട്ട് ഇന്സൈഡ് ചെയ്ത് കഴുത്തിൽ ടൈ കെട്ടി പോളിഷ് ചെയ്ത ഷൂഷും ഇട്ട് എ സി ഉള്ള കാറിൽ നടക്കുന്ന എ സി വീട്ടിൽ താമസിക്കുന്നവർക്ക് മാത്രമെ നിങ്ങളുടെയൊക്കെ കണ്ണിൽ സ്റ്റാറ്റസ് ഉള്ളു .നാട്ടിൻ പുറത്തു പാടങ്ങളിൽ കൃഷിചെയ്യുന്ന പണിക്കാരും മനുഷ്യരാണ് അവർക്കും സ്റ്റാറ്റസ് ഉണ്ട് .നിങ്ങളെപോലെ ഇംഗ്ലീഷ് പറയാൻ അറിയില്ലായിരിക്കാം ചളിപുരണ്ട വസ്ത്രങ്ങളായിരിക്കാം ധരിക്കുന്നത് .ചോർന്നൊലിക്കുന്ന കൂരകളിലായിരിക്കാം താമസിക്കുന്നത് എന്നാലും അവരാരെയും പറ്റിക്കാറില്ല ചതിക്കാറില്ല കള്ളം കാണിക്കാറില്ല അവരുടെ ചരിയിൽ സത്യമുണ്ട് ആത്മാർത്ഥത ഉണ്ട് .അവരുടെ സ്നേഹം നിഷ്കളങ്കമാണ് .പ്രതിഫലം ഇച്ഛിക്കാതെ അവർ മറ്റുള്ളവരെ സഹായിക്കുന്നത് .ദാരിദ്ര്യം അവരെ അലട്ടുന്നുണ്ടായിരിക്കാം പണത്തിന്റെ കുറവ് അവർ അനുഭവിക്കുണ്ടായിരിക്കാം എന്നാലും അർഹമല്ലാത്തതൊന്നും അവർ ആഗ്രഹിക്കാറില്ല അനുഭവിക്കാറില്ല .സ്വന്തം വിയർപ്പിന്റെ ഫലം …..അവരുടെ ചോര കലർന്ന വിയർപ്പുകലർന്ന ഭക്ഷണം മാത്രമേ അവർ കഴിക്കാറുള്ളു .അവരുടെ അധ്വാനമാണ് നിങ്ങൾ നാഗരികർ അനുഭവിക്കുന്നത് നിങ്ങൾ ഭക്ഷിക്കുന്നത് പലതും അവരുടെ വിയർപ്പിന്റെ ഫലമാണ് .പണം നിങ്ങൾ നൽകുന്നുണ്ടായിരിക്കാം ,എന്നിരുന്നാലും യഥാർത്ഥ അവകാശികൾ അവരാണ് ..അവരുടെ ദാനമാണ് നിങ്ങളുടെ ആഹാരം
സത്യത്തിൽ അഖിലേട്ടാ നിങ്ങൾ ദരിദ്രനാണ് പണം മാത്രമേ നിങ്ങൾക്കുള്ളു നല്ല സൗഹൃദങ്ങൾ ഇല്ല ബന്ധങ്ങൾ ഇല്ല ഓർമ്മകൾ ഇല്ല .ബാല്യത്തിന്റെ നിറങ്ങളില്ല .അന്തസ്സിന്റെ പേരിൽ സമൂഹത്തിലെ നിലയുടെ പേരിൽ നിങ്ങൾ ഒറ്റപെട്ടു ജീവിച്ചു .ചെറുപ്പം മുതൽ ഇതുവരെ നിങ്ങൾ ജീവിച്ചത് ശരിക്കും ജീവിതമാണോ .കുട്ടികൾ അനുഭവിക്കുന്ന സ്വാതന്ത്രം എന്തെങ്കിലും നിങ്ങൾ അറിഞ്ഞിട്ടുണ്ടോ ആ കാലത്തിന്റെ നിറം എല്ലാവരും ആഗ്രഹിക്കുന്ന ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത സുവർണ്ണകാലത്തിന്റെ എന്തെങ്കിലും ഓർമ്മകൾ നിങ്ങൾക്കുണ്ടോ .നിങ്ങൾ കരുതുന്ന ജീവിതം സത്യത്തിൽ ജീവിതമാണോ .ഞാൻ പറയുന്നത് ചിലപ്പോൾ നിങ്ങള്ക്ക് മനസ്സിലായെന്ന് വരില്ല കാരണം നിങ്ങൾക്കറിയില്ല .സ്നേഹം എന്താണെന്ന് നിങ്ങൾക്കറിയില്ല .ഒരുപക്ഷെ നിങ്ങൾ കറകളഞ്ഞ സ്നേഹം അനുഭവിച്ചിട്ടുണ്ടാവില്ല .എന്തിനും ഏതിനും ചിട്ടയും ക്രമവും പാലിച്ച ജീവിതം .ടൈം ടേബിൾ പ്രകാരം ജീവിച്ച നിങ്ങൾക്ക് ഉയർന്ന ജോലി ലഭിച്ചു ഉയർന്ന വിദ്യാഭ്യാസം ലഭിച്ചു പക്ഷെ നേടാതെ പോയ പലതും ഉണ്ട് .ജീവിത മൂല്യങ്ങൾ സഹജീവി സ്നേഹം മറ്റുള്ളവരോടുള്ള അടുപ്പം സമൂഹത്തിൽ നിങ്ങൾ ആരാണ് ആരും തിരിച്ചറിയാത്ത ആരുമായും ബന്ധമില്ലാത്ത ജീവിതം .നാട്ടിൻ പുറങ്ങളിലുള്ളവർ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നു ഇവിടെ നിങ്ങൾ സ്വയം പര്യാപ്തത കൈവരിച്ചു ജീവിക്കുന്നു നിങ്ങൾ ഒന്നറിയുന്നില്ല പരസ്പരം സഹായിച്ചും സഹായം അനുഭവിച്ചും ജീവിക്കുന്നതിന്റെ സുഖം അതിൽ നിന്നും ലഭിക്കുന്ന സന്തോഷം .ഞങ്ങളുടെ നാട്ടിൽ എന്തെല്ലാമുണ്ട് ഇവിടെ ഇല്ലാത്ത പലതും .അഖിലേട്ടൻ ഉത്സവം കണ്ടിട്ടുണ്ടോ
എത്ര തവണ ഞാൻ പറഞ്ഞിരിക്കുന്നു ഉത്സവം കൂടാൻ ഓരോന്ന് പറഞ്ഞു ഒഴിയും .അഖിലേട്ടാ ഒരുനാടിന്റെ ഒരുവർഷത്തെ കാത്തിരിപ്പാണ് ഉത്സവം .ഒത്തുകൂടലാണ് ഉത്സവം പരസ്പര സ്നേഹത്തിന്റെ ഐയ്ഖ്യത്തിന്റെ കാത്തിരിപ്പിന്റെ സംഗമമാണ് ഉത്സവം .അത് മനസ്സിലാക്കണമെങ്കിൽ ഒരിക്കലെങ്കിലും അതനുഭവിക്കണം ഒരു ദേശം മുഴുവൻ ഒന്നാകുന്ന അസുലഭനിമിഷം .പരാതിയും പരിഭവവും മറന്നു പരസ്പരം ഒന്നാകുന്നു ഒരു നാടുമുഴുവൻ .പല കരയിലുള്ളവർ ദേവിയുടെ മുന്നിൽ കെട്ടുകാഴ്ചകളുമായി എല്ലാം മറന്നു ആഘോഷിക്കുന്ന ദിനം .വർണങ്ങൾ വിരിയുന്ന രാവ് .വീടുകളിൽ അകലങ്ങളിലുള്ളവർക്കായി ഭക്ഷണങ്ങൾ ഒരുക്കി അവരെ വരവേൽക്കാൻ മത്സരിക്കുന്ന രാവ് .ഉത്സവങ്ങൾ വെറും കെട്ടുകാഴ്ചകൾ മാത്രമല്ല കുടുംബങ്ങളുടെ ഒത്തുകൂടൽ കൂടിയാണ് .സമൂഹത്തിന്റെ ഒത്തുകൂടലാണ് .വിവാഹം കഴിഞ്ഞു പോയവരും വിവാഹം കഴിച്ചു വന്നവരും എല്ലാവരും സംഗമിക്കുന്ന പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുന്ന വേദിയാണ് .അവിടെ മത്സരമില്ല പരിഭവമില്ല ചതിയില്ല സ്നേഹം മാത്രം .ഒരു ജനത കാത്തിരിക്കുന്നതും അതിനുവേണ്ടിയാണ് .മനസ്സിനും കണ്ണിനും കുളിരാണ് ആ കാഴ്ചകൾ .മറ്റൊന്നും അപ്പോൾ ചിന്തിക്കില്ല എല്ലാം മാറാനുള്ള മറക്കാനുള്ള രാവാണ് .എല്ലാ വിഷമങ്ങളും സങ്കടങ്ങളും മറന്നു മനസ്സുനിറഞ്ഞു ആഘോഷിക്കുന്ന രാവ് .അഖിലേട്ടൻ പറയുന്നപോലെ കുപ്പിവളയും കണ്മഷിയും വാങ്ങാൻ എന്തിനാ ഉത്സവത്തിന് പോകുന്നത് എന്നാരും പറയാറില്ല .കുപ്പിവളയും കണ്മഷിയും വാങ്ങാനല്ല ഉത്സവത്തിന് പോകുന്നത് ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലാണ് ഓരോ ഉത്സവവും നമ്മളിൽ നമ്മളറിയാതെ ലഭിക്കുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ട് അത് വേറൊരിടത്തുന്നും ലഭിക്കില്ല അത്രയും ആവേശം നിറഞ്ഞതാണ് ഉത്സവം .ഇത്തവണയെങ്കിലും അഖിലേട്ടൻ എന്റെ കൂടെ വരണം ഉത്സവം കാണണം അപ്പൊ മനസ്സിലാകും ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് .

നിന്നെ ഇത്രയും ആവേശത്തിൽ ഞാൻ കണ്ടിട്ടില്ലല്ലോ രേണു

അതങ്ങനെയാണ് അഖിലേട്ടാ നാടിനെ കുറിച്ചുള്ള ഓർമ്മകൾ ആരിലായാലും ആവേശം ജനിപ്പിക്കും പ്രത്യേകിച്ച് നാട്ടിൽ നിന്നും പിരിഞ്ഞു ജീവിക്കുമ്പോൾ .നമ്മുടെ കല്യാണത്തിന്റെ തലേ ദിവസം ഞാനെന്നും ഓർക്കും .ഇവിടെയുള്ള കല്യാണങ്ങൾ കാണുമ്പോൾ .സത്യത്തിൽ ഇവിടെ നടക്കുന്നത് കല്യാണം തന്നെയാണോ എന്ന് ഞാൻ ചിന്തിക്കാറുണ്ട്

Leave a Reply

Your email address will not be published. Required fields are marked *