ശ്യാമ : “ബാ ബാ, നിരാശാ കാമുകന്റെ ഹാങ്ങ് ഓവർ കഴിഞ്ഞോ?”
ശ്യാമ : “കുടിക്കാൻ സർബ്ബത്ത് പറഞ്ഞാലോ?”
ശ്യാമ : “പകൽ മാന്യന്റെ മദ്യസേവയ്ക്ക് ശേഷമുള്ള അശ്ലീലം എന്തായിരുന്നു ഇന്നലെ?”
ശ്യാമ : “കരയുന്നു, മൂക്കു ചീറ്റുന്നു, ക്ഷമ പറയുന്നു, എന്തൊക്കെ അഭിനയങ്ങളായിരുന്നു? ഛെ ഛെ”
എല്ലാം കേട്ടിട്ടും ബാലു ആദ്യം പറഞ്ഞത്
ബാലു : “ഞാൻ നിന്നെ വിളിച്ചിട്ടില്ലാ മോളേ” എന്നാണ്.
ശ്യാമ : “നിങ്ങൾ ഇന്നലെ കുടിച്ച് ഓവറായി ആ സുരഭി ബാറിന്റെ ജെങ്ഷനിലെ ഇലക്ട്രിക്ക് പോസ്റ്റിന് താഴെ മൂത്രമൊഴിച്ചത് സത്യമാണോ?”
ബാലു : “പൊയ്ക്കോണം വേണ്ടാദീനം പറയാതെ”
ശ്യാമ : “ഉള്ളതു പറഞ്ഞാൽ കള്ളിക്ക് തുള്ളൽ എന്നു പറഞ്ഞതു പോലാണല്ലോ?”
ബാലു : “ഞാൻ ഇന്നലെ കഴിച്ചു എന്നത് നേരാണ്.. പക്ഷേ നിന്നെ ഞാൻ വിളിച്ചിട്ടില്ല”
ശ്യാമ : “പിന്നെങ്ങിനെ ഞാൻ അറിയും ബാലമാമാ പിമ്പിരിയായിരുന്നൂ എന്ന്?”
ബാലു : “ആരെങ്കിലും നിന്നോട് പറഞ്ഞു കാണും”
ശ്യാമ : “എന്നോടാരും പറഞ്ഞില്ല”
ബാലു : “ശ്യാമേ മനുഷ്യന് സ്വൽപ്പം സൗര്യം തരുമോ? നിന്റെ തമാശയ്ക്ക് തുള്ളാനുള്ളതാ ഞാൻ”
ശ്യാമ : “ഒരു താമാശുമല്ല നഗ്നസത്യം, പകൽ പോലെ സ്പഷ്ടം”
ബാലു : “ഓഹോ വലിയ സാഹിത്യഭാഷയാണല്ലോ?”
ശ്യാമ : “എങ്കിലും ഇന്നലെ എന്നോട് പറഞ്ഞത്ര വരില്ല”
ബാലു : “എങ്കിൽ കേൾക്കട്ടെ നിന്റെ റിക്കാർഡിങ്ങ്”
ശ്യാമ : “അത് കേൾപ്പിക്കാം, ധൃതി പിടിക്കാതെ.. ആദ്യം ഞാൻ ചോദിക്കുന്നതിന് ഉത്തരം പറയ്? എന്തിനാ ഇന്നലെ വലിച്ചു കയറ്റിയത്?”
ബാലു : “അത് എന്റെ ഇഷ്ടം”
ശ്യാമ : “ഓഹോ?”
ബാലു : “ങാ”
ശ്യാമ : “എനിക്കീ സാധനത്തിന്റെ മണം പോലും ഇഷ്ടമല്ല” അവൾ ഒരു തത്വസംഹീത പറയുന്നതുപോലെ ആരോടെന്നില്ലാതെയാണ് അത് പറഞ്ഞത്.
ബാലു : “ഇഷ്ടപ്പെടണമെന്ന് ഞാൻ പറഞ്ഞോ?”
ശ്യാമ : “പറഞ്ഞാലും ഇഷ്ടപ്പെടില്ല”
ബാലു : “നീ അത് വിട്, കാര്യത്തിലേയ്ക്ക് വാ, റിക്കാർഡ് ചെയ്തത് കാണിക്ക്”
ശ്യാമ : “കാണിക്കാം”
ബാലു : “എന്നാ കാണിക്ക്”
ശ്യാമ : “പിന്നെ കാണിക്കാം ഇപ്പോ ജോലി എന്തെങ്കിലും തീർക്കാനുള്ളത് ചെയ്യ്, ദാ കളക്ഷനും ഡെലിവറി ചെയ്യേണ്ട ലിസ്റ്റും, സ്റ്റോക്കും എല്ലാം ഒന്നൂടെ നോക്കിക്കേ, നമ്മുടെ കഞ്ഞിയാണ് നമ്മുക്ക് മുഖ്യം. ജൽദി, ജൽദി”
അവൾ വിഷയം മാറ്റി തന്നെ വടിയാക്കുകയണെന്ന് ബാലുവിന് മനസിലായി. താൻ ഇന്നലെ ഒരു സുരഭി ബാറിന്റെ പരിസരത്തും പോയിട്ടുമില്ല. ഇനി പൂസുമൂത്ത് രാത്രി വണ്ടിവല്ലോം എടുത്ത് പോയോ?
ചുറ്റുപാടും കണ്ണോടിച്ചിട്ടും കുരുത്തംകെട്ടതിന്റെ ഫോൺ കാണുന്നുമില്ല. ബാഗിലായിരിക്കും. എടുക്കാൻ ചെന്നാൽ പിടിവലി ഉണ്ടാകും. ചിലപ്പോൾ കടിയും കിട്ടും.
തൽക്കാലം അവൾ ഫോൺ എടുക്കുമോ എന്ന് നോക്കാം.
വൈകുന്നേരം ആയപ്പോൾ അവൾ പോകാനായി എഴുന്നേറ്റു.
ശ്യാമ : “ഇന്നും കള്ളുകുടിയുണ്ടോ?”
ബാലു : “തീരുമാനിച്ചില്ല”
ശ്യാമ : “എന്നാൽ തീരുമാനിക്ക്”
ബാലു : “എന്തിന്?”
ശ്യാമ : “എനിക്ക് ഒരു സഹായം ആവശ്യമുണ്ട്”
ബാലു : “അതും എന്റെ കള്ളുകുടിയുമായി എന്ത് ബന്ധം”
ശ്യാമ : “പറയാം”
ബാലു വലിയെ താൽപ്പര്യമില്ലാതെ കേട്ടിരുന്നു. ഒരു പരിധിവരെ അവളുടെ നിയന്ത്രണത്താലും, നഷ്ടസ്വപ്നങ്ങളാലും ബാലുവിന്റെ ഉള്ളം വിങ്ങിയാണ് ഇരുന്നിരുന്നത്.
ബാലു : “എന്താ കാര്യം?”
ശ്യാമ : “എനിക്ക് വൈകിട്ട് ഒരു സ്ഥലം വരെ പോകാനുണ്ടായിരുന്നു. എന്നെ ബൈക്കിൽ കൊണ്ടുപോകാമോ?”
ബാലു : “എവിടെ?”
ശ്യാമ : “അതൊക്കെ പറയാം കൊണ്ടുപോകാൻ പറ്റുമോ ഇല്ലയോ?”
ബാലു : “ങാ കൊണ്ടുപോകാം” ബാലു വലിയ താൽപ്പര്യമില്ലാതെ പറഞ്ഞു.
ശ്യാമ : “എങ്കിൽ ഞാൻ വീട്ടിൽ ചെന്നിട്ട് ഒരു 8 മണിയാകുമ്പോൾ വിളിക്കും, എന്നെ കൂട്ടാൻ വരണം.”
ബാലു : “കാറെടുക്കണോ?”
അവൾ ഒന്ന് ആലോചിച്ചു പിന്നെ പറഞ്ഞു.
ശ്യാമ : “വേണ്ട, നാലുപേര് കാണട്ടെ നമ്മൾ ബൈക്കിൽ പോകുന്നത്”
ബാലു : “അതിരിക്കട്ടെ ഈ രാത്രി 8 മണിക്ക് എവിടേയ്ക്കാണ് പോകുന്നത്?”
ശ്യാമ : “ഓ ഇവിടെ അടുത്താണെന്നേ, ഒരു ദേവീക്ഷേത്രത്തിലേയ്ക്ക്”
