ടിഷ്യൂ പേപ്പർ – 3അടിപൊളി  

ശ്യാമ : “ഒരു താമാശുമല്ല നഗ്നസത്യം, പകൽ പോലെ സ്പഷ്ടം”

ബാലു : “ഓഹോ വലിയ സാഹിത്യഭാഷയാണല്ലോ?”

ശ്യാമ : “എങ്കിലും ഇന്നലെ എന്നോട് പറഞ്ഞത്ര വരില്ല”

ബാലു : “എങ്കിൽ കേൾക്കട്ടെ നിന്റെ റിക്കാർഡിങ്ങ്”

ശ്യാമ : “അത് കേൾപ്പിക്കാം, ധൃതി പിടിക്കാതെ.. ആദ്യം ഞാൻ ചോദിക്കുന്നതിന് ഉത്തരം പറയ്? എന്തിനാ ഇന്നലെ വലിച്ചു കയറ്റിയത്?”

ബാലു : “അത് എന്റെ ഇഷ്ടം”

ശ്യാമ : “ഓഹോ?”

ബാലു : “ങാ”

ശ്യാമ : “എനിക്കീ സാധനത്തിന്റെ മണം പോലും ഇഷ്ടമല്ല” അവൾ ഒരു തത്വസംഹീത പറയുന്നതുപോലെ ആരോടെന്നില്ലാതെയാണ് അത് പറഞ്ഞത്.

ബാലു : “ഇഷ്ടപ്പെടണമെന്ന്‌ ഞാൻ പറഞ്ഞോ?”

ശ്യാമ : “പറഞ്ഞാലും ഇഷ്ടപ്പെടില്ല”

ബാലു : “നീ അത് വിട്, കാര്യത്തിലേയ്ക്ക് വാ, റിക്കാർഡ് ചെയ്തത് കാണിക്ക്”

ശ്യാമ : “കാണിക്കാം”

ബാലു : “എന്നാ കാണിക്ക്”

ശ്യാമ : “പിന്നെ കാണിക്കാം ഇപ്പോ ജോലി എന്തെങ്കിലും തീർക്കാനുള്ളത് ചെയ്യ്, ദാ കളക്ഷനും ഡെലിവറി ചെയ്യേണ്ട ലിസ്റ്റും, സ്റ്റോക്കും എല്ലാം ഒന്നൂടെ നോക്കിക്കേ, നമ്മുടെ കഞ്ഞിയാണ് നമ്മുക്ക് മുഖ്യം. ജൽദി, ജൽദി”

അവൾ വിഷയം മാറ്റി തന്നെ വടിയാക്കുകയണെന്ന്‌ ബാലുവിന് മനസിലായി. താൻ ഇന്നലെ ഒരു സുരഭി ബാറിന്റെ പരിസരത്തും പോയിട്ടുമില്ല. ഇനി പൂസുമൂത്ത് രാത്രി വണ്ടിവല്ലോം എടുത്ത് പോയോ?

ചുറ്റുപാടും കണ്ണോടിച്ചിട്ടും കുരുത്തംകെട്ടതിന്റെ ഫോൺ കാണുന്നുമില്ല. ബാഗിലായിരിക്കും. എടുക്കാൻ ചെന്നാൽ പിടിവലി ഉണ്ടാകും. ചിലപ്പോൾ കടിയും കിട്ടും.

തൽക്കാലം അവൾ ഫോൺ എടുക്കുമോ എന്ന്‌ നോക്കാം.

വൈകുന്നേരം ആയപ്പോൾ അവൾ പോകാനായി എഴുന്നേറ്റു.

ശ്യാമ : “ഇന്നും കള്ളുകുടിയുണ്ടോ?”

ബാലു : “തീരുമാനിച്ചില്ല”

ശ്യാമ : “എന്നാൽ തീരുമാനിക്ക്”

ബാലു : “എന്തിന്?”

ശ്യാമ : “എനിക്ക് ഒരു സഹായം ആവശ്യമുണ്ട്”

ബാലു : “അതും എന്റെ കള്ളുകുടിയുമായി എന്ത് ബന്ധം”

ശ്യാമ : “പറയാം”

ബാലു വലിയെ താൽപ്പര്യമില്ലാതെ കേട്ടിരുന്നു. ഒരു പരിധിവരെ അവളുടെ നിയന്ത്രണത്താലും, നഷ്ടസ്വപ്നങ്ങളാലും ബാലുവിന്റെ ഉള്ളം വിങ്ങിയാണ് ഇരുന്നിരുന്നത്.

ബാലു : “എന്താ കാര്യം?”

ശ്യാമ : “എനിക്ക് വൈകിട്ട് ഒരു സ്ഥലം വരെ പോകാനുണ്ടായിരുന്നു. എന്നെ ബൈക്കിൽ കൊണ്ടുപോകാമോ?”

ബാലു : “എവിടെ?”

ശ്യാമ : “അതൊക്കെ പറയാം കൊണ്ടുപോകാൻ പറ്റുമോ ഇല്ലയോ?”

ബാലു : “ങാ കൊണ്ടുപോകാം” ബാലു വലിയ താൽപ്പര്യമില്ലാതെ പറഞ്ഞു.

ശ്യാമ : “എങ്കിൽ ഞാൻ വീട്ടിൽ ചെന്നിട്ട് ഒരു 8 മണിയാകുമ്പോൾ വിളിക്കും, എന്നെ കൂട്ടാൻ വരണം.”

ബാലു : “കാറെടുക്കണോ?”

അവൾ ഒന്ന്‌ ആലോചിച്ചു പിന്നെ പറഞ്ഞു.

ശ്യാമ : “വേണ്ട, നാലുപേര് കാണട്ടെ നമ്മൾ ബൈക്കിൽ പോകുന്നത്”

ബാലു : “അതിരിക്കട്ടെ ഈ രാത്രി 8 മണിക്ക് എവിടേയ്ക്കാണ് പോകുന്നത്?”

ശ്യാമ : “ഓ ഇവിടെ അടുത്താണെന്നേ, ഒരു ദേവീക്ഷേത്രത്തിലേയ്ക്ക്”

ബാലു : “പേര് പറ”

ശ്യാമ : “മഹിഷാസുരമർദ്ദിനീ ക്ഷേത്രം”

ബാലു : “ങേ അതേത്? ഞാൻ കേട്ടിട്ടില്ലല്ലോ?”

ശ്യാമ : “എന്റെ പൊന്നോ ഒരു ചെറിയ ക്ഷേത്രമാ വലിയ പേരും പ്രശ്സ്തിയും ഒന്നുമുള്ളതല്ല – എന്തെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം പറയണം? പറ്റുമോ ഇല്ലയോ അത് പറ?”

ബാലു : “ങാ വന്നേക്കാം” ( പറ്റും എന്ന്‌ പറഞ്ഞില്ല, “വന്നേക്കാം” എന്ന്‌ ഓട്ടോക്കാർ പറയുന്നത് പോലെ ഒരു ചടങ്ങ് കഴിക്കാൻ സമ്മതിച്ചു)

*********

വൈകിട്ട് ഫോൺ വരുമ്പോൾ അവൻ നിസംഗതാഭാവത്തിൽ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ങാ പോയേക്കാം, ഗിരിജയെ ബൈക്കിൽ പലയിടങ്ങളിലും കൊണ്ടുപോയിട്ടുണ്ടെങ്കിലും ഇവളെ ഇതാദ്യമായാണ്. ബാലു വേഗം കുളിച്ച് ഡ്രെസ് ചെയ്ത് ബൈക്കുമെടുത്ത് പുറപ്പെട്ടു.

ശ്യാമയുടെ വീടിന്റെ താഴ്ഭാഗത്തായുള്ള റോഡിൽ നിൽക്കുമ്പോൾ മുകളിലെ ഒതുക്കുകല്ലുകൾ ഇറങ്ങി സാരിചുറ്റി ഏതോ ഒരു സ്ത്രീ വരുന്നത് ബാലു കണ്ടു. അവൻ ദൃഷ്ടി മാറ്റി. അവളുവല്ലോം കണ്ടോണ്ട് വന്നാൽ ഏതവളേയാ ഈ വായിൽ നോക്കുന്നത് കണ്ടത് എന്നായിരിക്കും ചോദിക്കുക.

ശ്യാമ : “ഹേയ് ശൂ”

ബാലു മുഖമുയർത്തി നോക്കിയപ്പോൾ വഴിവിളക്കിന്റെ പ്രഭയിൽ സെറ്റും മുണ്ടും ധരിച്ച്, പിന്നിലേയ്ക്ക് പടർത്തിയിട്ട കാർക്കൂന്തലിൽ മുല്ലപ്പൂവും ചൂടി, അംഗോപാഗം അതിമനോഹരിയായ് ശ്യാമ!!

ബാലു ഒന്നുകൂടി നോക്കി.

ഇത് അവൾ തന്നെയാണോ?

ഇനി വല്ല സീരിയലും ഷൂട്ടിങ്ങ് നടക്കുന്നുണ്ടോ ഇവിടെ?

അല്ല ശ്യാമ തന്നെ.

ശ്യാമ : “എന്താ മാഷേ, എന്തെങ്കിലും കണ്ട് പേടിച്ചോ?”

ഒരു പെണ്ണിനെ കൂട്ടാൻ അപരിചിതമായ സ്ഥലത്ത് ചെന്ന്‌ കുറ്റിയടിച്ച് നിൽക്കേണ്ടിവന്നതിനാൽ ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു എന്നത് സത്യം.!! കാര്യം അമ്പലത്തിൽ പോകുക എന്ന നല്ല കാര്യത്തിനിറങ്ങിയതാണെങ്കിലും സദാചാര ആങ്ങളമാർ തല്ലുതന്നു കഴിഞ്ഞായിരിക്കും വിശേഷം ചോദിക്കുക.

ബാലു : “ഏയ് നീ ഏത് ഭാഗത്തു നിന്നാണ് വരുന്നത് എന്നറിയാത്തതിനാൽ ഞാൻ നാലു പാടും നോക്കി നിൽക്കുകയായിരുന്നു”

ശ്യാമ : “കിളി പോയി നിൽക്കുകയായിരുന്നു എന്ന്‌ സാരം”

ആ മാസ്മരീക സൗന്ദര്യ ദൃശ്യത്തെ നോക്കി ആ അവസരത്തിൽ അപശകുനം പറയാൻ തോന്നിയില്ല.

ബാലു : “കിളി വന്നല്ലോ?”

ശ്യാമ : “ഓഹോ കൊള്ളാമോ?”

ബാലു : “ഭയങ്കരം”

ശ്യാമ : “ഭയം അങ്കുരിപ്പിക്കുന്ന രൂപമെന്നാണോ അതോ ഈ സ്ഥലമോ?, പേടിക്കേണ്ട പാല മരമൊന്നുമില്ലാ ഇവിടെ”

ബാലു : “പക്ഷേ പാല പൂത്ത മണം തന്നെയാണ് നീ അടുത്തു വന്നപ്പോൾ”

ശ്യാമ : “കവിയായി മാറുമോ? അതോ പോന്നവഴിക്ക് രണ്ടെണ്ണം വീശിയോ?”

ബാലു : “എന്നെ ഒന്ന്‌ വെറുതെ വിടാമോ?” ബാലു ചിരിച്ചു കൊണ്ട് അപേക്ഷിച്ചു.

ശ്യാമ : “ഹും കുറച്ച് ശിക്ഷ കൂടിയുണ്ട് അതു കഴിഞ്ഞ് വിട്ടേക്കാം”

ബൈക്കിന് പിന്നിൽ അവൾ ചേർന്നിരുന്നപ്പോൾ ബാലുവിന്റെ ഉള്ളിൽ അമ്പലത്തിലെ ജനസഞ്ചയം ഈ സുന്ദരിയേയും അവളോടൊപ്പം ക്ഷേത്രദർശനം നടത്താൻ ഭാഗ്യം ലഭിച്ച തന്നേയും അസൂയയോടെ നോക്കുന്ന മുഖങ്ങളായിരുന്നു.

പിന്നിലിരുന്ന്‌ ശ്യാമ പറയുന്നത് പലതും ബാലു കേട്ടില്ല.

ബാലുവിന്റെ മനസ് അവന്റെ കൈയ്യിൽ നിന്നും കൈമോശം വന്നിരുന്നു. പകൽ അവളോട് തോന്നിയ വെറുപ്പും അവൾ കാണിച്ച കുസൃതികൾക്ക് തോന്നിയ ഈർഷ്യയും ബാലു മറന്നു കഴിഞ്ഞിരുന്നു. അധികപ്രസംഗവും, കൊഞ്ചക്കവും, കുരുത്തക്കേടും ഇവൾക്കല്ലാതെ ആർക്കാണ് ചേരുക? ഈ മോഹനാഗി എന്ത് ചെയ്താലും അതെല്ലാം അതീവ ഭംഗിയുള്ളതായി ബാലുവിന് തോന്നി.

എളിക്കിട്ട് ഒരു നുള്ള് കിട്ടിയപ്പോഴാണ് ബാലു ഞെട്ടിയത്.

ശ്യാമ : “ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ?”

ബാലു : “ഉണ്ട്”

ശ്യാമ : “ഹും ഉണ്ട്, വണ്ടി നിർത്ത്”

ബാലു വണ്ടി നിർത്തി.

ബാലു : “ങേ ഇത് നമ്മുടെ കടയുടെ മുൻഭാഗമല്ലേ?”

ശ്യാമ : “ഒരു സാധനം കടയിൽ മറന്നു വച്ചു, അതെടുക്കാനാ”

Leave a Reply

Your email address will not be published. Required fields are marked *