വർഗ്ഗീസ് ഒന്നും മിണ്ടാതെ വേഗം കുളിച്ച് റെഡിയായി വന്നു!ഫോൺ വാങ്ങിയെടുത്തപ്പോഴെ പിടിയ്കപ്പെട്ടു എന്നത് അവന് മനസ്സിലായി!
“എന്നാലും എൻറെ ചന്ദ്രേട്ടാ ഇനിയെന്ത് ചെയ്യും!”
മറിയാമ്മ താടിയ്ക് കൈ കൊടുത്തു!
“എടാ കാലമാടാ നിനക്കിത് ആരംഭത്തിലേ പറയാമ്മേലാരുന്നോടാ!”
“അവനെ പറഞ്ഞിട്ടെന്താ മറിയാമ്മേ! വർഷം നാലായെന്ന് ഒന്നിച്ച് പൊറുതി തൊടങ്ങീട്ടെന്ന് അല്ലേടാ”
അച്ചൻ വർഗ്ഗീസിനെ നോക്കിയതും അവൻ തലയാട്ടി!
അവിടുന്ന് തന്നെ അച്ചൻ ഉപ്പയെ വിളിച്ചു!
“മമ്മൂട്ടീ നീയും സുബൈദേം പെട്ടന്നൊന്ന് റെഡിയായിക്കേ അത്യാവശ്യമായി നമുക്കൊരിടം വരെ പോണം ഞങ്ങള് ദാ ഇപ്പ അങ്ങെത്തും കാര്യം വന്നിട്ട് പറയാം”
വീട്ടിൽ ചെന്ന് കണ്ണനെ തളച്ചിട്ട് അച്ചൻ വണ്ടിയെടുത്തു.
അമ്മയും ലിജോയും ശ്രീക്കുട്ടിയും കയറിയ വണ്ടി നേരേ റസിയയുടെ വീട്ടിലേയ്ക്!
ഉപ്പയും ഉമ്മയും വേഷവും മാറി അങ്കലാപ്പിൽ ഉമ്മറത്ത്!
ഉപ്പയും അച്ചനും ഒപ്പം വർഗ്ഗീസും ഹാളിൽ ഇരുന്നു.
ഉമ്മയോടൊപ്പം അമ്മയും ശ്രീക്കുട്ടിയും പിന്നിൽ നിന്നു! !
“റസിയ എല്ലാ മാസോം വീട്ടി വരുവോ….”
അച്ചൻ റസിയയെ പറ്റി ചോദിച്ചതും രണ്ട് മുഖങ്ങളിലും ഒരു ഞെട്ടൽ പടർന്നു!
“ഉം..ഹൌസ് സർജറി ആയേപ്പിന്നെ ചിലപ്പോഴൊക്കെ… മാസത്തിൽ കൂടിയാൽ ഒരു തവണ! പറ്റിയാ സെക്കന്റ് സാറ്റർഡേ വന്ന് പിറ്റേന്ന് തന്നെ പോകും! ന്താ ചന്ദ്രാ..????”
ഉപ്പ അമ്പരപ്പിൽ ചോദിച്ചു!
“ഇന്ന് രാവിലെ ശ്രീക്കുട്ടി ആരെയോ ഫോൺ ചെയ്യുന്ന കണ്ട ഇവള് അവളറിയാതെ മുറിയിൽ കേറി ഫോണെടുത്തു! അത് ചിലപ്പഴൊക്കെ പതിവ് ഉള്ളതാ!
ശ്രീക്കുട്ടി വിളിച്ചത് അവടാങ്ങളേയാ!
ഇത്തയ്കൊന്ന് ഫോൺ കൊടുത്തേന്ന് ശ്രീക്കുട്ടി പറഞ്ഞപ്പോൾ അവൻ ഫോൺ കൊടുത്തു!
ഫോൺ വാങ്ങിയത് നമ്മുടെ റസിയ!”
അച്ചൻ നിർത്തിയിട്ട് ഉപ്പയുടേം ഉമ്മയുടേം മുഖങ്ങളിലേയ്ക് മാറി മാറി നോക്കി……
ഇരു മുഖങ്ങളും പ്രേതത്തിനെ കണ്ട് ഭയന്നത് പോലെ കണ്ണുകൾ മിഴിഞ്ഞ് വിളറി വെളുത്തിരുന്നു…
അൽപ്പസമത്തിനുള്ളിൽ ശബ്ദം വീണ്ടെടുത്ത ഉപ്പ പതറിയ ശബ്ദത്തിൽ തപ്പിത്തടഞ്ഞ് ചോദിച്ചു:
“ചന്ദ്രാ….? നീയീ…. പറഞ്ഞ് വരുന്നത്…???”
“അതുതന്നെ!
നമ്മടെ മക്കള് കല്യാണോം കഴിഞ്ഞ് ഒരുമിച്ച് താമസോം തൊടങ്ങീട്ട് വർഷങ്ങളായി! ഇവിടെ വരാൻ നേരം കിട്ടാത്ത അവൾ ഇല്ലാത്ത സമയമൊണ്ടാക്കി അവന്റടുത്താ ചെന്ന് താമസിച്ചോണ്ടിരുന്നത്!നമ്മളറിഞ്ഞില്ലെന്ന് മാത്രം!”
കല്യാണഫോട്ടോ ഉപ്പയുടെ കൈയിലേയ്ക് കൊടുത്തിട്ട് അച്ചൻ വിശദമായിത്തന്നെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി!
ഉപ്പ ഫോട്ടോ ഉമ്മയ്ക് കൈമാറി!
അച്ചൻ വീണ്ടും പറഞ്ഞു:
“ഇത്രയും ആയപ്പോൾ ബാക്കിയും അവർക്കറിയാം! നമുക്ക് വേണേൽ വെറുതെ കുറേ പ്രശ്നങ്ങൾ ഉണ്ടാക്കാം എന്ന് മാത്രം.
പ്രയോജനം ഒന്നുമില്ല താനും!
ഇപ്പോൾ ഇതറിഞ്ഞത് നമ്മൾ ഈ ആറുപേർ മാത്രാ!
ഞാൻ എന്ത് ചെയ്യണം മമ്മൂട്ടീ? നീ പറ!
എനിക്ക് ചെയ്യാൻ രണ്ടേരണ്ട് കാര്യങ്ങളേയുള്ളു!
ഒന്നുകിൽ അവരെ വീട്ടിലേയ്ക് കൊണ്ടുപോകുക!
അല്ലെങ്കിൽ അവരെ ഉപേക്ഷിയ്കുക!
അല്ലാതവർ പരസ്പരം വിട്ടുമാറില്ല! നാം സ്വീകരിച്ചാലും ഇല്ലെങ്കിലും അവർ ഒന്നിച്ച് തന്നെ ജീവിയ്കും!”
“എൻറെ ചന്ദ്രാ നീ നിന്റിഷ്ടം പോലെ ചെയ്യ്! നിനക്കൊന്നൊള്ളതിനെ എനിക്ക് തരാൻ ഞാൻ പറയില്ല! അതെങ്ങനെ പറയാനാകും!
സമുദായക്കാരുടെ കാര്യം ഞാൻ പറയാതെ നിനക്ക് അറിയാവല്ലോ?
മുഹമ്മദ് കുട്ടിയ്ക് ഇനി ഇങ്ങനൊരു മകളില്ല!
എനിക്കിനി അതേ പറ്റൂ!
കാരണം എനിക്കെൻറെ സമുദായം വേണം!
ഞങ്ങൾ വരുന്നുമില്ല കാണുന്നുമില്ല!
തീർന്നു ആ ബന്ധം!
അത്ര തന്നെ!”
ഉപ്പ കണ്ണീർ തുടച്ചു!
“അത് പറ്റില്ല!
അതിനാണേ കാര്യം അറിഞ്ഞയുടൻ ഞാൻ നിന്നെ വിളിയ്കില്ലല്ലോ?
നിങ്ങൾ കൂടി വന്നേ പറ്റൂ!
അല്ലേ ഞാനെൻറെ ചേട്ടന്മാരെ വിളിച്ചല്ലേ കാര്യം പറയേണ്ടത്! നമ്മൾ ഒരുമിച്ച് ചെന്ന് പിടികൂടുന്നു!
നിനക്കിനി അവളോട് കുറശ്ശ് കാലം ഒരു ബന്ധവും വേണ്ട താനും!”
ആ പടപ്പുറപ്പാടാണ് റസിയ മുറ്റത്ത് തുണി വിരിയ്കുമ്പോൾ മുന്നിൽ നിരന്നത്!
