ഡോക്ടർ തിരക്കിലാണ് – 12

അഞ്ചാറ് മാസങ്ങൾ കൊണ്ട് മഞ്ഞുരുകും എന്ന് പ്രതീക്ഷിച്ച ഞങ്ങൾക്കാണ് തെറ്റിയത്!

റസിയാമൻസിലിൽ മുഹമ്മദ് കുട്ടിയ്കോ ബീവി സുബൈദയ്കോ റസിയ എന്നൊരു മകൾ ഇല്ലാത്തത് പോലായി!

സഹോദരിമാർക്കും ബന്ധുക്കൾക്കും എല്ലാം!

വടവൃക്ഷം പോലെ പടർന്ന് പന്തലിച്ച എൻറെ വലിയ കുടുംബത്തിൻറെ പൂർണ്ണ പിൻതുണ ഉണ്ടായിട്ട് കൂടി സ്വരക്തത്തിൻറെ അവഗണന റസിയയെ കുറശ്ശൊന്നുമല്ല കുത്തിനോവിച്ചത്!

അത് എൻറെ നെഞ്ചിൽ തലചായ്ച് അവൾ കരഞ്ഞ് തീർത്തു!
മൂന്നാമതൊരാൾ ആ വിങ്ങൽ അറിഞ്ഞില്ല താനും!

ഞങ്ങൾ ഞങ്ങളുടെ വീട്ടിലെത്തി ഒരു വർഷത്തോളം കഴിഞ്ഞാണ് റസിയ സ്വന്തം വീട്ടിലേയ്ക് ഒന്ന് ഫോൺ ചെയ്ത് നോക്കാനുള്ള ധൈര്യം കാട്ടിയത്!

അവിടെ ഫോൺ എടുത്തു ഉമ്മാ എന്നുള്ള റസിയയുടെ ശബ്ദം കേട്ടതും ഫോൺ കട്ടായി!

സ്വകുടുംബത്തിൽ വളരെയധികം സ്നേഹിച്ചിരുന്ന പലരുടേയും വിവാഹങ്ങൾ റസിയ അടുത്ത് തന്നെ ഉണ്ടായിട്ടും അവൾ അറിഞ്ഞില്ല!

പലരുടേയും വേർപാടിൽ ഉറ്റവരോടൊപ്പം സങ്കടം പങ്ക് വയ്കുവാനും അവൾക്ക് സാധിച്ചില്ല!

പിന്നീട് പല ജില്ലകളിലായി ജോലിചെയ്ത് പേരെടുത്ത ഗൈനക്കോളജിസ്റ്റായി മാറിയിട്ടും സ്വയം ഒരു അമ്മയാകാതെ വന്നപ്പോൾ അവിടെയും അങ്കലാപ്പായി!

കാര്യം തിരക്കി ഉമ്മ വിളിയ്കുവാൻ തുടങ്ങി!
പരിശോധനകളിൽ ഞങ്ങൾ ഇരുവരും മാതാപിതാക്കളാവാൻ പരിപൂർണ്ണ സജ്ജരാണ് താനും! യാതൊരു കുഴപ്പവുമില്ല ഞങ്ങൾ ഇരുവർക്കും!

റസിയ ഉൾപ്പടെ പ്രഗത്ഭരായ ഗൈനക്കോളജിസ്റ്റുകൾ ആരാധിയ്കുന്ന വന്ദ്യ വയോധികയായ ഡോ. നീലാംബരീമേനോൻ പറഞ്ഞത്:

“നിങ്ങൾ ആ കഴിവിനെ വളരെ നീണ്ട കാലം തടഞ്ഞ് വച്ചു! നിങ്ങൾ നിങ്ങളുടെ തടസ്സം മാറ്റിയപ്പോൾ ആ കഴിവ് നിങ്ങളോട് പിണങ്ങി!

അത്ര തന്നെ!

പ്രാർത്ഥിയ്കുക!
ഈശ്വരൻ കുഞ്ഞിനെ തന്നോളും!
അത് വരെ നിരാശരാകാതെ കാത്തിരിയ്കുക!

കാത്തിരുപ്പകൾക്ക് വിരാമമിട്ട് റസിയ ഗർഭിണിയായി!

അപകടാവസ്ഥ മൂന്ന് മാസങ്ങൾ പ്രാർത്ഥനയോടെ തരണം ചെയ്തു!

പിന്നെ പച്ചമാങ്ങയും മസാലദോശയും എന്ന് വേണ്ട ഗർഭാവസ്ഥയിൽ എടുക്കാവുന്ന സകല കുറുമ്പും കുസൃതികളും പുറത്തെടുത്ത് റസിയ എന്നെ വട്ടം ചുറ്റിച്ചു!

ഉപ്പയുടേയും ഉമ്മയുടേയും സാന്നിദ്ധ്യം നേരിട്ട് ഉണ്ടായില്ല!

എങ്കിലും ഫോണിൽ അവർ നിരന്തരം ബന്ധപ്പെട്ട് വിശേഷങ്ങൾ അറിഞ്ഞ് കൊണ്ടേയിരുന്നു!

അതും മറ്റാരും അറിയാതെ!

അവസാനം വാവക്കുട്ടി ജനിച്ച അന്ന് പാതിരാവിൽ ആശുപത്രിയിലെത്തി അവർ കൊച്ചുമകളെ കാണുകയും ചെയ്തു!

കുഞ്ഞുമായി ഞങ്ങൾ ജോലിസ്ഥലത്തേയ്ക് മടങ്ങിയപ്പോൾ ജോലിക്കാരിയെ തന്നെ കൂടെ വിടാതെ ഉമ്മ ബെറ്റിയേയും ഒപ്പം അയച്ചു!

പിന്നീട് ഞങ്ങൾ വാവക്കുട്ടിയോടൊപ്പം ചിലപ്പോളൊക്കെ രാത്രി വളരെ വൈകി റസിയാമൻസിലിൽ എത്തി പുലർച്ചെ മടങ്ങുവാനും തുടങ്ങി!
അതീവ രഹസ്യമായി!

അപ്പോഴും ഇത്താത്തമാർ ഇരൂവരുമായും യാതൊരു ബന്ധവുമില്ല! ഒരു ഫോൺ കോൾ പോലും!

മോൾക്ക് വിളിപ്പേര് വാവക്കുട്ടി എന്നതിന് റസിയയ്ക് രണ്ടാമതൊന്ന് ആലോചിയ്കേണ്ടി വന്നില്ല!

ഈ അവഗണനകളെല്ലാം കണക്കുകൂട്ടി തന്നെയാണ് ഞങ്ങൾ ജീവിതം ആരംഭിച്ചത് എങ്കിലും റസിയ ഇപ്പോഴും ഓർക്കുമ്പോൾ പൊട്ടിക്കരഞ്ഞ് പോകുന്ന ഒരു സംഭവമുണ്ടായി! വർഷങ്ങൾക്ക് മുൻപ്….!
ഒരു ദിവസം ഞങ്ങൾ ഇരുവരും വണ്ടി ഒതുക്കിയിട്ട് സിറ്റിയിൽ ഫുട്പാത്തിലൂടെ നടന്ന് നീങ്ങുന്നു!

എതിർവശത്ത് റസിയയുടെ സഹോദരിമാർ കടയിൽ നിന്ന് ഇറങ്ങി കാറിനടുത്തേയ്ക് നീങ്ങുന്നു!
മൂത്ത ഇത്തയുടെ ഇളയ മോള് ഫൌസിയും ഒപ്പമുണ്ട്! റസിയയുടെ വാവക്കുട്ടി! റസിയയെ കണ്ടതും ഫൌസി ആഹ്ളാദത്താൽ ശബ്ദമുണ്ടാക്കി വിളിച്ചു!

നിറചിരിയോടെ ചിരിച്ച് തിരിഞ്ഞ റസിയ കണ്ടത് ഇത്തയുടെ കൈ ഫൌസിയുടെ കരണത്ത് ആഞ്ഞ് പതിക്കുന്നതാണ്!

വണ്ടിയിലേയ്ക് പോലീസുകാർ പ്രതിയെ എന്നത് പോലെ ഫൌസിയെ ഇത്ത കഴുത്തിന്
പിടിച്ച് തള്ളി അവരും കയറി. വണ്ടി മുന്നോട്ട് നീങ്ങി!

പെറ്റ് തൊണ്ണൂറ് തികയും മുന്നേ ഫൌസിയെ റസിയയുടേയും ഉമ്മയുടേയും കൈകളിൽ ഏൽപ്പിച്ച് നേഴ്സായ ഇത്ത ഗൾഫിന് മടങ്ങിയതാണ്!

റസിയ വളർത്തിയ റസിയയുടെ മോളാണ് അവളെ വിളിച്ചതിന് മർദ്ദനം ഏറ്റ് വാങ്ങിയത്..!
“മറ്റൊരു ജാതിക്കാരനെ ജീവിതപങ്കാളിയാക്കിയാൽ ഉറ്റവരിൽ നിന്നു സ്വജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട് പോകും! അറിയാമത്! എങ്കിലും…….,
പുതുമോടി ഉപയോഗം കഴിഞ്ഞ് അവളെ മടുക്കുമ്പോൾ ഉപേക്ഷിച്ച് കടന്ന് കളയുന്ന അറുപത് ശതമാനവും പ്രേമവിവാഹിതരിൽ ആരുമില്ലാതാകുന്ന അബലയായ ആ പെണ്ണിന് ഒരുമുഴം കയറ് മാത്രം ശരണം! അല്ലേയിക്കാ?”

ഞാൻ ചോദിയ്കുന്ന ചോദ്യമല്ല ഇത്!!! റസിയ എന്നോട് ചോദിച്ച ഉത്തരമില്ലാത്ത ചോദ്യമാണിത്!!!!!

…ശുഭം…

Leave a Reply

Your email address will not be published. Required fields are marked *