തേടുന്നതാരെ നീ 24

“നന്നായിപ്പോകുന്നു …അതെ …അതെ … ഇതുവരെ എല്ലാം ഭംഗിയായിപ്പോകുന്നു…നന്ദി തിരുമേനി…”

അമ്മമ്മ ആരോടാണ് സംസാരിക്കുന്നത്?
ഇതുവരെ എല്ലാം ഭംഗിയായിപ്പോകുന്നു എന്ന് പറഞ്ഞാൽ?
“എല്ലാം” എന്നുവെച്ചാൽ എന്താണ്?
ഇപ്പോൾ ഇവിടെ ഭംഗിയായിപ്പോകുന്നത് തന്റെയും മമ്മിയുടെയും കാര്യമല്ലേ?
അത് ഭംഗിയായിപ്പോകുന്നുണ്ട് എന്നാണോ അമ്മമ്മ ആരെയോ അറിയിക്കുന്നത്?
മറ്റൊരാൾ കൂടി തന്റെയും മമ്മിയുടെയും ബന്ധമറിയുന്നുണ്ടോ?
അപ്പോൾ?
അമ്മമ്മ സംഭാഷണം അവസാനിപ്പിച്ച് ഫോൺ തിരികെ മേശമേൽ വെച്ച് എന്നെ നോക്കി.

“എന്താ അമ്മമ്മേ?”

ഞാൻ ആകാക്ഷയോടെ തിരക്കി.

“കുട്ടൻ മമ്മിയെ എപ്പോഴെങ്കിലും വീടിനു വെളിയിലിറങ്ങി കണ്ടിട്ടുണ്ടോ?

“ഇല്ല…”

എനിക്കാലോചിക്കേണ്ടി വന്നില്ല ഉത്തരം പറയാൻ.

“കുട്ടനെ പ്രസവിക്കാൻ … പിന്നെ വാവേനേം … ആശുപത്രിയിൽ പോയിട്ടുള്ളതല്ലാതെ മമ്മി ഇതുവരെ മറ്റെവിടെയും പോയിട്ടില്ല…കല്യാണത്തിന് ശേഷം…”

അമ്മമ്മയുടെ മിഴികൾ നിറഞ്ഞു.

“അമ്പലത്തിൽപ്പോലും ഇതുവരെ …”

മിഴികൾ തുടച്ചുകൊണ്ട് അമ്മമ്മ പറഞ്ഞു.
പിന്നെ വിദൂരതയിലേക്ക് നോക്കി.

“ഞങ്ങൾ കുട്ടന് വേണ്ടി കണ്ടുപിടിച്ച പേര് മഹേഷ് എന്നായിരുന്നു…”

അമ്മമ്മ തുടർന്നു.

“പക്ഷെ മമ്മി സമ്മതിച്ചില്ല…മമ്മിയാണ് നിനക്ക് അനിൽ എന്നുപേരിട്ടത്. അനിൽ ..അഗ്നി..തീയ്…”

“അതെന്താ?”

അമ്മമ്മയുടെ കണ്ണുകളിലെയും സ്വരത്തിലെയും അസാധാരണത്വം തിരിച്ചറിഞ്ഞ് ഞാൻ ചോദിച്ചു.

“അനിൽ മമ്മിയുടെ കാമുകൻ ആയിരുന്നു…കുട്ടനോട് മുമ്പ് അങ്ങനെ ഒരു കാര്യം അമ്മമ്മ സൂചിപ്പിചിരുന്നില്ലേ?”

അമ്മമ്മ ചോദിച്ചു.

അമ്മമ്മ മുമ്പ് വീട്ടില്‍ വന്നപ്പോള്‍ ഓരോരോ കാര്യങ്ങള്‍ പറയുന്നതിനിടയില്‍ ആരും കേള്‍ക്കാതെ അങ്ങനെയൊരാളെപ്പറ്റിപ്പറഞ്ഞത് ഞാന്‍ ഓര്‍ത്തു.

അയാളുടെ പേര് പക്ഷെ അനിൽ എന്നായിരുന്നു എന്ന് അറിയുന്നത് ഇപ്പോഴാണ്.
എനിക്ക്, സ്വന്തം മകന് കാമുകന്റെ പേര് നൽകണമെങ്കിൽ മമ്മി അയാളെ എന്ത് മാത്രം തീവ്രമായി സ്നേഹിച്ചിരുന്നിരിക്കണം!

“അനിൽ പീറ്റർ എന്നായിരുന്നു അയാളുടെ പേര്…”

അമ്മമ്മ തുടർന്നു.

“തെങ്ങു കയറുന്ന പണിയെടുക്കുന്ന ഹരിജനങ്ങളില്ലേ? അവര് മാർഗ്ഗം കൂടി ക്രിസ്ത്യാനികൾ ആയവരാ! നമ്മള് തറവാട്ടുകാര് ജീവൻ പോയാ സമ്മതിക്കുവോ? ഒരിക്കൽ രണ്ടും കൂടി പുല്ലു മലയിൽ കെട്ടിപ്പിടിച്ച് ഉമ്മവെച്ച്
നിക്കുമ്പം പിമ്പിൽ നിന്ന് തറവാട്ടിലെ ആളുകൾ അവനെ അടിച്ചു കൊന്നു…”

അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ സ്തംഭിച്ചു.

“അമ്മമ്മേ…!”

ഞാൻ ഭയത്തോടെ വിളിച്ചു.

“അപ്പോൾ മമ്മി? മമ്മിയ്ക് എന്ത് പറ്റി?”

“മമ്മി ബോധം കെട്ടു വീണു….”

അമ്മമ്മ തുടർന്നു.

“ബോധത്തീന്നു ഉണർന്നത് തനി ഭ്രാന്തിയായിട്ടായിരുന്നു…. സംഭവം നടക്കുമ്പം മമ്മിയ്ക്ക് വെറും പതിനഞ്ച് വയസ്സേ ഉള്ളൂ … രണ്ടു കൊല്ലം എന്തോരം ആശുപത്രികൾ ..മന്ത്രവാദികൾ ….അവസാനം പുല്ലൂര് മനയ്ക്കൽ തിരുമുൽപ്പാടിന്റെ അടുത്ത് കൊണ്ടോയി…തിരുമേനി അപ്പോൾ വിദേശത്ത് ഒരു കോളേജിൽ ടീച്ചറാ ..തറവാട്ടീന്ന് വിളിച്ചത് കൊണ്ട് പ്രത്യേകം വന്നതാ..മന്ത്രോം തന്ത്രോം ഇപ്പഴത്തെ ചികിത്സയും ഒക്കെ കലർത്തിയ ഒരു ചികിത്സയ തിരുമേനീടെ…. ”

ഞാൻ ശ്രദ്ധയോടെ കേട്ടു.

“കാര്യം എന്താന്ന് വെച്ചാ അനിലിന്റെ വല്യപ്പൻ അറിയപ്പെടുന്ന ഒരു കൂടോത്രകാരനാരുന്നു ..അയാള് അനിലിന്റെ ശരീരം നൂറു ദിവസം ദഹിപ്പിക്കാതെ എന്തോ ചില കർമ്മങ്ങൾ ഒക്കെ നടത്തി, നമ്മുടെ തറവാടിന് ശാപം കിട്ടാൻ…അയാളുടെ ശാപം അനുസരിച്ച് മമ്മിയ്ക്ക് ആദ്യത്തെ കുഞ്ഞ് ഉണ്ടാവുമ്പോ തറവാട്ടിലെ എല്ലാരും നശിക്കേണ്ടതാ…പക്ഷെ…”

അമ്മമ്മ ഒന്ന് നിർത്തി.

“അതിനുള്ള പരിഹാരം തിരുമുൽപ്പാട് കണ്ടെത്തി…”

അമ്മമ്മ തുടർന്നു.

“ആ പരിഹാരം പക്ഷെ അൽപ്പം കടന്ന കൈയ്യാ…പക്ഷെ അതല്ലാതെ വേറെ മാർഗ്ഗം ഇല്ലാരുന്നു…”

“എന്താ അത്?”

ഞാൻ ചോദിച്ചു.

“പറയാം…”

അമ്മമ്മ തുടർന്നു.

“ആ പരിഹാരം നടത്തിയാല്‍ തറവാട്ടിലെ സ്ത്രീകൾ രക്ഷപ്പെടും . അല്ലെങ്കിൽ സ്ത്രീകളും ശാപഗ്രസ്തരാകും …അയാളുടെ ശാപം ഫലിച്ചു. തറവാട്ടിലെ എല്ലാ പുരുഷന്മാരും വിഷം തീണ്ടിയും ഒഴുക്കിൽപ്പെട്ടും തീയിൽ ചാടിയും ഒക്കെ മരണപ്പെട്ടു . അവശേഷിച്ചത് പിന്നെ ഞാനും കുട്ടന്റെ മമ്മിയും മാത്രമാണ്…”

Leave a Reply

Your email address will not be published. Required fields are marked *