ദിവ്യാനുരാഗം – 2

ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു കൊണ്ട് അച്ഛൻ മറുപടി നൽകി

” അപ്പോ നീ ഇന്ന് കോളേജിൽ പോകുന്നില്ലേ… “
എന്റെ മറുപടി കേട്ടതും അച്ഛൻ ചോദിച്ചു

” ഇല്ല ഇന്ന് പോകുന്നില്ല… കുറച്ചു റസ്റ്റ് എടുക്കണം നല്ല ക്ഷീണമുണ്ട്… ”

ഞാൻ അച്ഛനെ നോക്കി പറഞ്ഞു. അതിന് ശരി എന്ന അർത്ഥത്തിൽ അങ്ങേര് തലകുലുക്കി

” എൻ്റെ ശ്രീലതേ നീയൊന്നു വരുന്നുണ്ടോ… സമയം ഒരുപാടായി എനിക്ക് ഓഫീസിൽ പിടിപ്പതു പണിയുണ്ട്… ”

അച്ഛൻ അമ്മയെ അകത്തു നോക്കി വിളിച്ചുപറഞ്ഞ് ബാഗുമെടുത്ത് പുറത്തേക്കിറങ്ങി…

” ദേ വരുന്നൂ… ”

അടുക്കളയിൽ നിന്നും എന്തോ ഭക്ഷണം എടുത്തു വന്ന് ഡൈനിംഗ് ടേബിളിൽ മൂടിവെച്ച് അമ്മ ബാഗുമെടുത്ത് ഹാളിലേക്ക് നോക്കി പറഞ്ഞു

” ആ നീ വന്നോ… ”

എന്നെ കണ്ടാതു അമ്മ ചോദിച്ചു.. അതിന് ഞാൻ അമ്മയ്ക്ക് ഒരു ചിരി പാസാക്കി…

” ഡാ ബ്രേക്ക്ഫാസ്റ്റ് അതാ ഡൈനിങ് ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്… നീ കോളേജിൽ പോകില്ലാന്നറിയാം അതുകൊണ്ട് കഴിച്ചിട്ട് കിടന്നാൽ മതി… പിന്നെ ഉച്ചയ്ക്ക് ഉള്ളത് അടുക്കളയിലും ഉണ്ട്… ”

കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ ഓരോന്നും അമ്മ എന്നോട് പറഞ്ഞു തരുമ്പോൾ എല്ലാം ഞാൻ ശ്രദ്ധിച്ച് കേട്ട് ചിരിച്ചുകൊണ്ട് തലയാട്ടി
” തലയാട്ടിയാൽ മാത്രം പോരാ എടുത്ത് കഴിച്ചോണം… പിന്നെ അവിടെ ആരാ ഉള്ളേ.. ”

എന്റെ തലക്കിട്ടൊരു ചെറിയ കൊട്ടുതന്ന് അമ്മ ചോദിച്ചു…

” അവിടെ അവൻ്റെ അമ്മയും പെങ്ങളും ഉണ്ട്… ഞാൻ അവിടുന്ന് കുറച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ചായിരുന്നു അവർ കൊണ്ടുവന്നിരുന്നു… ”

ഞാൻ അമ്മയ്ക്ക് മറുപടി നൽകി

” ആ എന്തായാലും ഫ്രഷ് ആയിട്ട് കുറച്ച് അതിൽ നിന്ന് കൂടി കഴിച്ചിട്ട് കിടന്നാൽ മതി… അപ്പോ ഞങ്ങൾ പോവ്വാ… ”

അമ്മ എനിക്ക് നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകിക്കൊണ്ട് പറഞ്ഞു ഞാനും തിരിച്ച് അമ്മയ്ക്കൊരുമ്മ കൊടുത്തു..

” അമ്മയുടെയും മോൻ്റേയും സ്നേഹപ്രകടനം കഴിഞ്ഞെങ്കിൽ ഒന്നു വരാമോ…ലേറ്റായി എനിക്ക്… ”

വണ്ടിയെടുത്ത് പുറത്തുനിന്നും ഹോളിലേക്ക് ഞങ്ങളെ നോക്കി അച്ഛൻ പറഞ്ഞു

“ഇങ്ങേരെകൊണ്ട്…ദേ വരുന്നു… ”

അതും പറഞ്ഞ് അമ്മ പുറത്തേക്കിറങ്ങി… എനിക്കൊരു ടാറ്റയും തന്ന് രണ്ടുപേരും ജോലി സ്ഥലങ്ങളിലേക്ക് പോയി…

അവര് പോയതിനുശേം ഒന്ന് ഫ്രഷായി വന്ന് ഞാൻ താഴെ ഡൈനിംഗ് ടേബിളിലിരുന്ന് കുറച്ച് ബ്രേക്ക്ഫാസ്റ്റ് എടുത്ത് കഴിച്ചു… ആശുപത്രിയിൽനിന്ന് കഴിച്ചതാണെങ്കിലും ഇച്ചിരി വിശപ്പുണ്ടായിരുന്നു… അതും കഴിച്ച് വേഗം ക്ഷീണം മാറ്റാൻ ഒന്ന് മുറിയിൽ പോയി മയങ്ങി…

പിന്നെ എഴുന്നേൽക്കുമ്പോൾ സമയം ഏതാണ്ട് മൂന്ന് മണി ആവാറായിരുന്നു.. കാര്യം ഗിരിജാൻ്റിയോടങ്ങനെ പറഞ്ഞെങ്കിലും എനിക്ക് ഇന്നലെ ശരിക്കും ഉറക്കം വന്നില്ല… എപ്പോഴും കിടക്കുന്ന സ്ഥലത്ത് നിന്ന് മാറി
കിടന്നതുകൊണ്ടായിരിക്കും… പക്ഷേ അവന്മാരൊക്കെ നല്ലോണം ഉറങ്ങി…

കുറച്ചു നേരം ഫോണിൽ കുത്തി കളിച്ചതിനു ശേഷം ഞാൻ നേരെ അടുക്കളയിൽ പോയി ചോറും എടുത്ത് ടിവിയും ഓണാക്കി കഴിക്കാൻ തുടങ്ങി… അപ്പോളായിരുന്നു ഫോൺ അടിക്കുന്നത് നന്ദു ആണ്…

” എന്താടാ നാറീ പറ… ”

ചോറ് തിന്നുകൊണ്ട് ഞാൻ അവനോട് ചോദിച്ചു

” എന്തുവാടാ വെട്ടിവിഴുങ്ങുന്നേ നീ വീട്ടിൽ തന്നാണോ… ”

മറുതലക്കൽ അവൻ്റെ ചോദ്യം വന്നു

” ആ…വീട്ടിലാ… ഇപ്പം ഉറക്കം എണീറ്റ് ചോറ് തിന്നുന്നേയുള്ളൂ… ”

ഞാൻ അവന് മറുപടി നൽകി

” ആ ഞഞ്ഞായി…പിന്നെ വിളിച്ചതെന്താന്നു വെച്ചാ നീ ഹോസ്പിറ്റലിലേക്ക് എന്തായാലും വൈകിയല്ലേ പോകൂ… ”

അവൻ എന്നോട് ചോദിച്ചു

” ആ എന്തായാലും അമ്മയും അച്ഛനും വന്നതിനു ശേഷേ വരൂ… ”

ഞാൻ മറുപടി നൽകി

” എന്നാ ഒരു കാര്യം ചെയ്യ് എൻ്റെ വണ്ടി ഏട്ടന് വേണം ഞാൻ ക്ലബ്ബിൻ്റെവിടെ ഉണ്ടാവും പോകുന്നവഴിക്ക് നീ എന്നെ പിക്ക് ചെയ്യണം… ”

” പോ മൈരേ എന്നെക്കൊണ്ടൊന്നും പറ്റത്തില്ല… ഞാൻ ഇവിടുന്ന് നേരെ പോവും നീ എങ്ങനേലും വാ…”

ഒരുരുള ചോറ് വായിൽവെച്ച് കൊണ്ട് ഞാൻ അവന് മറുപടി നൽകി
” നാറി അങ്ങനെ പറയല്ലേ ഞാനെങ്ങനെ വരാനാ… പിന്നെ നീ ഇതിലെ വരുവാണേൽ ഞാൻ ഇന്നലത്തെപോലെ ഒരു പെപ്സി കുപ്പി സെറ്റ് ചെയ്യാം… ”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

” അങ്ങനെ നല്ല കാര്യം എന്തേലും പറ…എന്നാൽ നോക്കാം… ”

ഞാനും ചിരിച്ചുകൊണ്ട് മറുപടി നൽകി

” അങ്ങനെ വഴിക്ക് വാ… അപ്പൊ ശരി നീ ഇറങ്ങുമ്പോൾ എന്നെ വിളി… ”

അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു… ഞാൻ കഴിച്ച പാത്രം അടുക്കളയിൽ കൊണ്ടുവെച്ച് കൈ കഴുകി വീണ്ടും വന്ന് ടിവി കാണാൻ ഇരുന്നു.. പിന്നെ അതിൽ ലയിച്ചെപ്പഴോ സോഫയിൽ മയങ്ങിപോയി. പിന്നെ എപ്പോഴോ അമ്മ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ എണീറ്റത്..

” എഴുന്നേക്കടാ നീ ടിവിയും തുറന്നുവെച്ച് ഇവിടെ കിടന്നുറങ്ങുവാണോ… ”

അമ്മ എന്നെ കുലുക്കികൊണ്ട് ചോദിച്ചു

” അത് ഞാൻ എപ്പോഴോ ടിവി കാണുന്നതിടയിൽ ഉറങ്ങിപ്പോയി… ”

ഞാനൊരു കോട്ടുവായിട്ടുകൊണ്ട് അമ്മയ്ക്ക് മറുപടി നൽകി

” ഇവിടെ വല്ല കള്ളൻ കയറിയാലും നീ ഇങ്ങനാണേൽ അറിയില്ലല്ലോടാ… ”

എന്റെ മറുപടി കേട്ടതും അച്ഛൻ പറഞ്ഞു..അതിന് ഞാനൊരു ചമ്മല് കലങ്ങിയ പുഞ്ചിരി നൽകി..എന്നിട്ട് ഫോൺ എടുത്ത് സമയം നോക്കി ആറു മണി ആവാറായിരുന്നു… കുറച്ചുസമയം കൂടി അച്ഛനോട് സംസാരിച്ചിരുന്നതിനുശേഷം ഞാൻ വേഗം മുറിയിൽ പോയി ഫ്രഷ് ആയി ഡ്രസ്സ് മാറി ബൈക്കിൻ്റെ
ചാവിയുമെടുത്ത് താഴെക്ക് വന്നു…

” നീ ഇറങ്ങാറായോ… നിക്ക് ചായ കുടിച്ചിട്ട് പോകാം… ”

താഴേക്കിറങ്ങി വന്ന എന്നെ നോക്കിയതും പറഞ്ഞമ്മ അടുക്കളയിലേക്ക് പോയി

” ഡാ അവിടെ ഉറക്കമൊന്നും ശരിയാവുന്നില്ല അല്ലേ… ”

ഹാളിലെ സോഫയിൽ അച്ഛൻ്റെ തൊട്ടടുത്തിരുന്ന എന്നോട് അങ്ങേര് ചോദിച്ചു

” കുഴപ്പൊന്നൂല്ല്യ… സ്ഥിരം കിടക്കുന്ന സ്ഥലത്ത് നിന്ന് മാറി കിടക്കുമ്പോളുള്ള ചെറിയ ബുദ്ധിമുട്ടുണ്ട്… ”

ഞാൻ അച്ഛന് മറുപടി നൽകി

” ആ ശരിയായിക്കോളും… റൂം ഒക്കെ സൗകര്യം ഉണ്ടല്ലോ… നിൻ്റെ അമ്മയെ കൂട്ടാൻ ചെന്നപ്പോൾ ഞാൻ അവരെ കയറി കണ്ടായിരുന്നു… ”

അച്ഛൻ കയ്യിലുള്ള ചായഗ്ലാസ് ചുണ്ടോടടുപ്പിച്ചു കൊണ്ട് പറഞ്ഞു

” ആ സൗകര്യം ഉള്ള മുറിയാ… ”

ഞാൻ അച്ഛൻ പറഞ്ഞ കാര്യത്തിന് ശരിവെച്ചു… അപ്പോഴേക്കും അമ്മ ചായയും പലഹാരമായി എത്തിയിരുന്നു… ഞാൻ അതും വാങ്ങി കുടിച്ചു തുടങ്ങി

” ദേ പിന്നെ പിള്ളേരെ അവിടെ കിടന്ന് ഒച്ചയും ബഹളവുമൊന്നും ഉണ്ടാക്കരുത്.. ഹോസ്റ്റൽ ഒന്നുമല്ല ഹോസ്പിറ്റൽ ആണെന്ന് ഓർക്കണം… ”

ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ എന്നോട് പറഞ്ഞു

” ഞങ്ങൾ അങ്ങനൊക്കെ ചെയ്യോ മാതാശ്രീ… ”
ചിരിച്ചുകൊണ്ട് ഞാൻ അമ്മയുടെ മൂക്കിന്റെ തുമ്പു പിടിച്ചുകൊണ്ട് പറഞ്ഞു

” നീയൊക്കെ ആയോണ്ടാ ഇങ്ങനെ പറയേണ്ടി വരുന്നത്… എൻ്റെ വില കളയരുത് ”

Leave a Reply

Your email address will not be published. Required fields are marked *