ഞാൻ മനസ്സിൽ ഓരൊന്നൊക്കെ ആലോചിച്ച് കൂട്ടി ഒടുക്കം തീരുമാനമെടുത്തു… പോകാം… അതോടെ വേഗം ഫ്രഷായി താക്കോലുമെടുത്ത് താഴേക്കിറങ്ങി…വിചാരിച്ചത് പോലെ തന്നെ രണ്ടാളും ഉമ്മറത്ത് തന്നെ ഉണ്ട്…
” ഹാ.. അജ്ജൂ നിൻ്റെ കല്ല്യാണം ആണെന്ന് കേട്ടു എന്നെ ക്ഷണിക്കുന്നില്ലേ… ”
ഉമ്മറത്തെത്തിയ എന്നെ നോക്കി ചിരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു… പിന്നാലെ ഒരു പൊട്ടിച്ചിരിയും…വേറാരാ മാതാശ്രി തന്നെ…ഇവര് കള്ളിയൻകാട്ട് നീലിക്കൊരു ഭീഷണി ആകുമോന്ന് എനിക്ക് തോന്നി…
” മതി മതി…അത്രകൊന്നൂല്ല്യ… ”
അമ്മയുടെ ചിരി കണ്ട് ഞാൻ കടുപ്പത്തിൽ പറഞ്ഞു…
” എന്നാലും നിനക്കിത്ര പക്വത വച്ചുപോയീന്ന് ഞാൻ അറിഞ്ഞില്ലടാ… ”
അച്ഛൻ വിടില്ലാന്നുള്ളർത്ഥത്തിൽ വീണ്ടും തുടർന്നു…ഒപ്പം അമ്മയുടെ ചിരിയും….
ഇനി ഇങ്ങേര് വല്ല പൈസയും കൊടുത്ത് കാണുവോ പറയുന്ന എല്ലാ കോമഡിക്കും ചിരിക്കണം എന്ന് പറഞ്ഞ്…
” ഓ… രണ്ട് കമിതാക്കൾ വന്നിരിക്കുന്നും… ആളെ കളിയാക്കാൻ ഇറങ്ങിയതാണല്ലേ…നടക്കട്ടെ ഞാൻ എന്താലും പോവ്വാ…രണ്ടാളും കെട്ടിപിടിച്ച് ഒറ്റയ്ക്ക് ചിരിച്ചോ… ”
രണ്ടാളേം നോക്കി അതും പറഞ്ഞ് ഞാൻ ചെരുപ്പിടാൻ തുടങ്ങി…
” ആടാ ഞങ്ങള് കമിതാക്കള് തന്നെയെ എന്ത്യേ…. ”
എൻ്റെ മറുപടി കേട്ടതും അമ്മ അച്ഛനെ ഒന്ന് ചേർത്തുപിടിച്ച് പറഞ്ഞു
” ഓ പിന്നേ ഞാനാ ഫ്ലോവിൽ പറഞ്ഞതാ… അടുത്ത ചിങ്ങത്തിന് ഷഷ്ഠിപൂർത്തിയാ രണ്ടിൻ്റേം അപ്പോളാ… ”
ഞാൻ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… പക്ഷെ രണ്ടിനും വല്ല്യ പ്രായം ഒന്നും ആയിട്ടില്ല കേട്ടോ… പ്രേമിച്ച് കെട്ടിയതല്ലേ… പിന്നെ ഞാനും പെട്ടെന്ന് തന്നെ ഭുമിയിലേക്ക് കെട്ടി എടുത്തതാ… അതോണ്ട് തന്നെയാ ഈ കളിചിരിയും കളിയാക്കുന്ന സ്വഭാവവും ഇപ്പോളും രണ്ടാൾക്കും ഉള്ളത്… പിന്നെ അമ്മയുടെ കാര്യം പറയണോ…പിള്ളേരെ കാൾ കഷ്ടാ….
” ആയിക്കോട്ടെ…. പക്ഷെ അതിന് മുന്നേ നിന്റെ കൊച്ചിൻ്റെ ചോറൂണ് ഉണ്ടാവുമോ…. ”
എൻ്റെ കളിയാക്കലിന് തിരിച്ച് അതേ നാണയത്തിൽ ഡോക്ടറ് മറുപടി നൽകി… അതോടെ വണ്ടി വിട്ടോ മോനെ ദിനേശാന്ന് മുകളീന്ന് ആരോ പറയും പോലെ തോന്നി അതോടെ ഞാൻ ചമ്മിയ മുഖത്തോടെ പെട്ടെന്ന് മുറ്റത്തേക്കിറങ്ങി…
” അതുപോട്ടെ.. അജ്ജൂ നിനക്ക് ഈ താടിയും മുടിയും ഒക്കെ ഒന്നൊതുക്കി പണ്ടത്തെ പോലെ നടന്നൂടെ… “
വണ്ടിയുടെ അടുത്തേക്ക് നടക്കുന്ന എന്നെ നോക്കി അമ്മ പറഞ്ഞു
” തൽക്കാലം ഇത് മതി…മാറ്റാൻ ഉദ്ദേശിക്കുന്നില്ല…. ”
അമ്മയുടെ ചോദ്യത്തിന് ഒരൊഴുക്കൻ മട്ടിൽ ഞാൻ മറുപടി പറഞ്ഞു
” ഓ പറഞ്ഞൂന്നേ ഉള്ളൂ…പണ്ട് ഈനംപേച്ചിയെ പോലെ ആയിരുന്നു ഇപ്പൊ മരപ്പട്ടിയെ പോലെ ആയി… അത്രയേ ഉള്ളു മാറ്റം…പക്ഷെ എൻ്റെ അഭിപ്രായത്തിൽ ഈനാംപേച്ചിയാണ് കുറചൂടി നല്ലത് നിങ്ങളുടേയോ…. ”
എൻ്റെ മറുപടി കേട്ടതും കളിയാക്കി ചിരിച്ചുകൊണ്ടമ്മ അച്ഛനെ നോക്കി ചോദിച്ചു… അതിന് പുള്ളിക്കാരൻ ചിരിക്കാതിരികുവോ…ട്രൂ ലവ് അല്ലേ….ഇതൊക്കെ സഹിക്കാൻ ഈ പാവം ഞാനും….
” ഓ…. അപമാനിച്ച് മതിയായെങ്കിൽ ഈ പുത്രൻ പോയിക്കോട്ടെ…. ”
രണ്ടാളേം നോക്കി തൊഴുകൈയാലെ അതും പറഞ്ഞ് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു… അതിനും പുറകീന്ന് ചിരി മാത്രം… രണ്ടാൾക്കും ചിരിച്ച് പ്രാന്തായതാ….
” ഡാ പിന്നെ രാത്രി വലത്തും കഴിക്കണേ…. ”
വണ്ടി മുന്നോട്ട് എടുക്കുന്ന എന്നെ നോക്കി ചിരിയൊന്നടക്കി പുറകീന്നമ്മ വിളിച്ചു പറഞ്ഞു…
” വോ വേണ്ട….മതിയാവോളം കിട്ടി…വയറു നറഞ്ഞു….അത് വിട്ടേക്ക്…. മക്കള് പ്രേമിച്ചോ… ”
ഞാൻ വണ്ടി മുന്നോട്ട് എടുത്ത് തിരിഞ്ഞു നോക്കാതെ വിളിച്ചു പറഞ്ഞു… പിന്നെ അവിടെ നിന്നും നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു…. കാര്യം എന്നെ ഊതുന്നതാണെങ്കിലും അച്ഛൻ്റേം അമ്മയുടേം കളിയും ചിരിയും കാണുന്നത് ഒരു രസാണ്….എന്താലും നല്ല ഒരു പ്രണയ ജോഡികളാണെൻ്റെ മാതാപിതാക്കൾ എന്നോർക്കുമ്പോൾ നല്ല സന്തോഷമുണ്ട്…അവരെ പോലെ സ്നേഹിക്കാൻ ഒക്കെ നമ്മുക്കൊരവസരം കിട്ടുമോ….എവിടുന്ന്…
അങ്ങനെ യാത്രയിൽ ഓരോന്നാലോചിച്ച് പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി….ഹോസ്പിറ്റൽ ഗേറ്റും കടന്ന് വണ്ടി പാർക്ക് ചെയ്യ്ത് ഞാൻ പതിയെ റൂം ലക്ഷ്യമാക്കി നടന്നു… പിന്നെ ഇവിടെ കാലെടുത്തുവച്ചപ്പോൾ മനസ് നിറയെ അവളെ എങ്ങനെ പറഞ്ഞ് നേരിടും എന്ന ചിന്തയിലായിരുന്നു… ലിംഫ്റ്റിറങ്ങി കണ്സൾട്ടൻസിയിലേക്ക് ഒന്ന് പാളി നോക്കി…
