ദേവസുന്ദരി – 14അടിപൊളി  

 

കുറച്ച് നേരം പുല്ലിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമലഞ്ഞ് അവസാനം അഭിരാമി കാർ റോഡിലേക്ക് ഇറക്കി. ഇടുങ്ങിയ ആ റോഡിലൂടെ അവൾ അക്ഷരാർത്ഥത്തിൽ കാർ പറപ്പിക്കുകയായിരുന്നു.

യെവളാണോ ഞാൻ കുറച്ചുമുന്നേ താറിനെ ഫോളോ ചെയ്തപ്പോ പതുക്കെപ്പോവാൻ പറഞ്ഞതെന്ന് ഞാനാ നിമിഷമോർത്തുപോയി.

 

കുറച്ച് നേരമോടി കാർ പ്രധാനപാതയിലേക്ക് കയറി. ആ തിരക്ക് പിടിച്ച റോഡിൽ അവൾ suv വച്ച് F1 റേസിംഗ് നടത്തുകയായിരുന്നു. പലപ്പോഴും മുന്നിലെ വാഹനത്തിന് തൊട്ടു തൊട്ടില്ലായെന്ന മട്ടിലാണ് അവളുടെ ഓവർടേക്കിങ്. സത്യത്തിൽ സൂചികുത്താൻ ഇടംകൊടുത്താൽ ശൂലം കുത്തുന്ന അവസ്ഥ. അങ്ങനെ ആയിരുന്നു അവളാ തിരക്കിൽ ഞങ്ങളുടെ കാറ്‌ മുന്നോട്ട് നീക്കിയത്. മിക്കവാറും അവളുടച്ഛനിപ്പോ കുരച്ച് ചത്തുകാണും. ഞാനാണെൽ അക്ഷരാർത്ഥത്തിൽ ഉയിരും കയ്യിൽപിടിച്ചാണിരുന്നതെന്ന് പറയാം.!

 

ഞാൻ പിന്നിലേക്ക് നോക്കി. അവരുടെ കാർ കാണാനില്ലായിരുന്നു. എന്നിൽനിന്നും ഒരു നെടുവീർപ്പുയർന്നു.

 

“” ഡാ…! ഫ്ലാറ്റിലേക്ക് പോവുന്നത് സേഫ് അല്ല. അവര് നമ്മളെ ഫോളോ ചെയ്യുന്നതാണേൽ ഇപ്പൊത്തന്നെ അവിടെ അവരുടെ ആൾക്കാര് വന്നുകാണും. “”

 

കുറേ നേരത്തിനു ശേഷമാണവളുടെ തിരുവാ തുറന്ന് വല്ലോം മൊഴിയുന്നത്. പറഞ്ഞതിത്തിരി കാര്യമുള്ള കാര്യമായതിനാൽ മാത്രം ഞാൻ ഒന്നും പറഞ്ഞില്ല.

 

അപ്പോഴും അവൻ പറഞ്ഞ കാര്യത്തെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ചിന്ത. അവർ വന്നത് തടകയ്ക്ക് വേണ്ടിയാണെന്ന്.

 

ഇന്നത്തെ ഇവളുടെ പെർഫോമൻസ് വച്ച് നോക്കിയാൽ ഇവളെതോ അണ്ടർവേൾഡ് ഗാങ്ങിന്റെ ആരാണ്ടാവണം. ഗുണ്ടകളൊക്കെയന്വേഷിച്ചു വരണേൽ ഇത്തിരി മുറ്റ് ഐറ്റം ആയിരിക്കണം..!!

 

ചിന്തകൾക്ക് വിരാമമിട്ട് ഞാൻ ഫോണെടുത്ത് ജിൻസിയെ വിളിച്ചു. ഈ അവസ്ഥയിൽ ഫ്ലാറ്റിൽ നിക്കുന്നത് ഒരുപക്ഷെ അവർക്കും അപകടമായേക്കാം.

 

“” എടി… നീ ഇറങ്ങിയോ.! “”

 

“” ആഹ്ടാ…! പാർക്കിങ്ങിലോട്ട് നടക്കുവാ..! എന്നതാ? “”

 

“” ഡീ ഞാൻ പറയുന്നത് ശ്രെദ്ധിച്ച് കേൾക്ക്. നീയിപ്പോ ഫ്ലാറ്റിലേക്ക് പോവണ്ട. അമ്മുവിന്റെ ഓഫീസിൽ ചെന്ന് അവളെയും വിളിച്ച് വേറെ എവിടേലും നിന്നാൽ മതി…!””

 

“” എന്നതാടാ…! എന്നതാ പ്രശ്നം.?!””

 

“” എല്ലാം വിശദമായിട്ട് പിന്നേ പറയാം. നീ ഒരു കാര്യം ചെയ്. അവളേം കൂട്ടി അമലിന്റെ വീട്ടിലോട്ട് വിട്ടോ. ലൊക്കേഷൻ ഞാൻ അയക്കാം. “”

 

അതിനവൾ ഓക്കേ പറഞ്ഞതും ഞാൻ ഫോൺ കട്ട്‌ ചെയ്തു. ഗൗരവമുള്ള കാര്യമാണെന്ന് അവൾക്കും തോന്നിക്കാണണം. ശേഷം അമലിനെ വിളിച്ച് കാര്യങ്ങൾ ചുരുക്കി വിശദീകരിച്ചുകൊടുത്തു. അവന്റെ സമ്മതം കിട്ടിയതും ജിൻസിക്ക് ലൊക്കേഷൻ അയച്ചിട്ട ശേഷം ഞാൻ അഭിരാമിയിലേക്ക് ശ്രെദ്ധ തിരിച്ചു.

 

ആ സമയം കൊണ്ട് കാർ ബാംഗ്ലൂർ നഗരത്തിൽനിന്ന് കുറച്ച് വെളിയിലേക്ക് വന്നിരുന്നു.

 

“” എന്താ പ്ലാൻ. എവിടേക്ക് പോവാനാ.!””

 

ഞാൻ അവളോട് തിരക്കി.

 

നീ ആരാണ് നിനക്കെന്തര് വേണോന്ന് ആണ് വായില് വന്നത് എങ്കിലും അവളുടെ കുറച്ച് മുന്നേയുള്ള പെർഫോമൻസ് ഓർത്ത് പുറത്തേക്ക് തുപ്പിയതിൽ ഇത്തിരി മോഡിഫിക്കേഷൻ വരുത്തേണ്ടിവന്നു.

 

“” ഇവിടെ ഇനി നിക്കുന്നതൊട്ടും സേഫ് അല്ല…! വൈകുന്ന അത്രയും റിസ്ക് ആണ്. അതുകൊണ്ടെത്രേം പെട്ടന്ന് നമുക്ക് കേരളം പിടിക്കണം.!””

 

എല്ലാം തീരുമാനിച്ചുറപ്പിച്ചുള്ള അവളുടെയാ മറുപടിക്ക് യെസ്സുമൂളാനെ എനിക്കായുള്ളൂ.

 

ഇവളെയിപ്പോ വണ്ടീന്ന് ചവിട്ടിയിട്ടാൽ എനിക്ക് തലവേദനയില്ല. കാരണമവർ വന്നതിവൾക്ക് വേണ്ടിയാണല്ലോ. പക്ഷേ അവളാരായിരുന്നാലും എനിക്കിപ്പോ അവളെയിഷ്ടമാണ്. അതുകൊണ്ട് മാത്രം അവളിപ്പഴും സേഫ് ആണ്. മുന്നേയുള്ള റിയൽ താടക ആയിരുന്നേൽ ഇപ്പൊ റോഡിൽ കിടന്നുരുണ്ടേനെ….!  അവളല്ല…! ഞാൻ.

 

അഭിരാമിയൊരു അസാധ്യ ഡ്രൈവർ ആണ്. അത് കുറച്ച് മുന്നേ അവൾതന്നെ മനസിലാക്കിത്തന്നല്ലോ. ഒറ്റക്കയ്യുപയോഗിച്ച് അവൾ അനായാസമാണ് ഡ്രൈവ് ചെയ്യുന്നത്.

 

“” എടൊ അവരൊക്കെ ആരാന്ന് തനിക്കറിയാവോ..! “”

 

സംശയങ്ങൾ മനസ്സിൽ വച്ചിരുന്നത്കൊണ്ട് എന്ത് പ്രയോചനം എന്നൊരു തോന്നൽ വന്നപ്പോൾ എനിക്കും താടകയ്ക്കും ഇടയിൽ തളങ്കെട്ടിനിന്നിരുന്ന മൗനത്തെ ഞാൻ തന്നെ ഭേധിച്ചു.

 

“” ഇല്ല…! “”

 

ഒറ്റവാക്കിലുത്തരം പറഞ്ഞിട്ടവൾ ഡ്രൈവിങ്ങിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു.

 

അവളുടെ മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ല. അവൾക്ക് എന്തൊക്കെയോ അറിയാം. അഭിരാമിയെ ചുറ്റിപ്പറ്റി നിഗൂഢമായ എന്തൊക്കെയോ ഉണ്ട്. എന്നാൽ അവളതൊന്നും പറയുന്നുമില്ല. ഞാൻ തന്നേ എല്ലാം കണ്ടെത്തേണ്ടിയിരിക്കുന്നു.

 

“” ഹാ അത് വിട്…! താൻ മാർഷ്യലാർട്സ് പഠിച്ചിട്ടുണ്ടോ..! “”

 

അവളുടെ അടുത്തൂന്ന് ഒന്നും കിട്ടില്ലായെന്ന് മനസിലായപ്പോൾ ഞാൻ വിഷയം മാറ്റി.

 

അവളുടെ മുഖത്തൊരു ചിരി വിടർന്നു.

 

“” കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്…! പത്ത് കൊല്ലത്തിനുമേലെയായി പ്രാക്ടീസ് ചെയ്യുണ്ട്. കല്യാണത്തിന്റെ ഇഷ്യൂ ഒക്കെ വന്നപ്പോൾ ബ്രേക് വന്നതാ..! “”

 

‘ചുമ്മാതല്ല… അന്ന് ഹോസ്പിറ്റലിൽ വച്ച് കഴുത്തേൽ കേറിപ്പിടിച്ചപ്പോ നല്ല സുഖമുണ്ടായിരുന്നത് ‘ എന്ന് ഞാനാവേളയിൽ ഓർത്തുപോയി.

 

കാർ ബംഗളുരു മൈസൂര് ഹൈവേയിലേക്ക് കേറി കുതിച്ചുകൊണ്ടിരുന്നു. സൂര്യൻ പടിഞ്ഞാറാൻ ചക്രവാളത്തിലേക്കുള്ള തന്റെയാത്രയുടെ പരിസമാപ്‌തിയിലേക്ക് അടുത്തുകൊണ്ടിരുന്നു.

 

ദീർഘമായ യാത്ര. ഒരുപക്ഷെ മറ്റൊരവസരത്തിൽ ആയിരുന്നെങ്കിൽ ഞാനേറ്റവും ആസ്വദിച്ച് ചെയ്യുന്ന യാത്രയായി ഇത് മാറിയേനെ. എന്നാൽ തലയിൽ കുമിഞ്ഞുകൂടുന്ന ചിന്തകളുടെ ഭാരം അക്ഷരാർത്ഥത്തിൽ എന്നെ മടുപ്പിച്ചുകളഞ്ഞു.

 

ഇടക്ക് വച്ച് ഭക്ഷണം കഴിച്ചശേഷം ഡ്രൈവിംഗ് ഞാൻ ഏറ്റെടുത്തു. ഏതാണ്ട് 7 മണിക്കൂറെടുത്ത് പന്ത്രണ്ടരയോടെയാണ് ഞങ്ങൾ തലശ്ശേരിയിലെ എന്റെ വീട്ടിലേക്ക് എത്തിച്ചേർന്നത്.

 

ഞങ്ങളെ പ്രതീക്ഷിച്ച് എല്ലാവരും ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു. ഇടക്കുവച്ച് അഭിരാമി ഞങ്ങൾ വരുന്ന വിവരം വിളിച്ചറിയിച്ചിരുന്നു.

 

കേറിച്ചെന്നതും അല്ലി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. തിരക്കുകൾക്കിടയിൽ അവളെ വിളിച്ച് അധികനേരം സംസാരിക്കാനൊന്നും പറ്റിയിരുന്നില്ല.

 

“” അയ്യേ… അല്ലി..! നീയെന്താ കൊച്ചുപിള്ളേരെപ്പോലെ. ശ്യേ നാണക്കേടാട്ടോ…! “”

 

“” നീ പോടാ…! അല്ലേലും ചേച്ചിയെ കിട്ടിയപ്പോ നിനക്ക് ഞങ്ങളെ ആരേം വേണ്ടല്ലോ…! “”

എന്നും പറഞ്ഞവളെന്നെ തള്ളിമാറ്റി.

പിന്നേ അഭിരാമിയോട്  ഒട്ടിനിന്നു.

Leave a Reply

Your email address will not be published. Required fields are marked *