ദേവസുന്ദരി – 1 1

” രാഹുൽ ”

ഇത് വല്യ ശല്യമായല്ലോ എന്ന് മനസിൽ തോന്നിയെങ്കിലും അതൊന്നും പുറത്തുകാട്ടാതെ ഞാൻ എന്റെ പേര് പറഞ്ഞുകൊടുത്തു.
” എന്താണ് മാഷേ… ആ… എയറൊക്കെ വിട്ടൊന്ന് ഫ്രീയാവെന്നേ… ഇതൊരുമാതിരി… ”

അവൾ വീണ്ടും പറഞ്ഞപ്പോൾ ഞാനൊന്ന് ചിരിച്ചു.

” അമൃതേടെ വീടെവിടെയാ… ”

എന്തേലും ചോദിക്കണമല്ലോ എന്നോർത്ത് ഞാൻ അവളോട് ചോദിച്ചു.

” ഇവിടെ കണ്ണൂര് താവക്കരയിൽ തന്നെയാ… ഇയാള്ടെയോ…? ”

” ഞാൻ തലശ്ശേരീലാണ്… ”

ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

അമൃത വളരെയേറെ സംസാരിക്കുന്ന കൂട്ടത്തിൽ ഉള്ളയാളാണ്. ചുരുക്കിപ്പറഞ്ഞാൽ എന്റെ നേരെ ഓപ്പോസിറ്റ് കാരക്റ്റർ.

പക്ഷെ എന്തോ… ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി. ചുരുങ്ങിയ നേരം കൊണ്ട് അവളുടെ വാക്കുകളിലൂടെ അവളുടെ കുടുംബക്കാരെ മൊത്തം എനിക്ക് പരിചിതമായിക്കഴിഞ്ഞിരുന്നു.

അമൃതയിൽനിന്ന് അമ്മുവിലേക്കുള്ള മാറ്റം വളരെ പെട്ടന്നായിരുന്നു. അധികമാരോടും സംസാരിക്കാത്ത ഞാൻ അവളോട് കുറെയേറെ സംസാരിച്ചു. അല്ലിയുടെ കുറേ ക്വാളിറ്റി അവൾക്കുണ്ടെന്ന് തോന്നി. അതാവാം ഒരുപക്ഷെ അത്ര ഫ്രീ ആയി അവളോട് സംസാരിക്കാൻ എനിക്ക് പറ്റിയത്.അല്ലിയേക്കാൾ 2വയസിന് മൂത്തതാണ് അമ്മു.

അല്പനേരത്തിന് ശേഷം ട്രെയിൻ പയ്യന്നൂർ സ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെ നിന്ന് കയറിയ കുറച്ച് അന്യസംസ്ഥാന തൊഴിലാളികൾ ഞങ്ങൾ ഇരുന്നിരുന്ന ഇടത്തേക്ക് വന്നിരുന്നു. അതോടെ അമ്മു എന്റെയൊപ്പം ആയി ഇരിപ്പ്.

ഞങ്ങൾ ഓരോന്ന് സംസാരിച്ച് ഇരുന്നു.

എനിക്കത് എന്തോ അത്ഭുതം പോലെ ആയിരുന്നു. എന്തോ മുൻപരിചയം ഉള്ളവരെ പോലെ ആ ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾ മാറിയിരുന്നു.

അല്ലിക്ക് ഞാൻ കൊടുത്തിരുന്ന സ്വാതന്ത്ര്യം അമ്മുവിനും കൊടുത്തിരുന്നു. കൂടുതൽ അടുക്കുംതോറും അവളിലെ കുറുമ്പി ഉണർന്നെണീക്കുകയായിരുന്നു. ഇടക്ക് എന്നെ പിച്ചാനും മാന്താനും തല്ലാനുമൊക്കെ അവൾ തുടങ്ങി.
ഞങ്ങൾക്ക് അടുത്തിരുന്ന അന്യസംസ്ഥാനക്കാരുടെ തുറിച്ചുനോട്ടം അവളുടെ മേനിയിൽ ഇടതടവില്ലാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

അത് അവൾ കണ്ടില്ലയെന്ന് നടിക്കുമ്പോഴും അവളുടെ കണ്ണിൽ തെളിഞ്ഞു നിന്നിരുന്ന

അസഹിഷ്ണുത എനിക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു.

റിസേർവ്ഡ് സീറ്റ്‌ ആണ് ഞങ്ങളുടേത്. ടിക്കറ്റ് ചെക്ക് ചെയ്യാൻ ആള് വരുന്നതുകണ്ടതും അവരൊക്കെ എണീറ്റ് പിറകിലേക്ക് പോയിക്കൊണ്ടിരുന്നു. അവർ പോയിക്കഴിഞ്ഞതും അമ്മുവിൽനിന്നുയർന്ന ദീർഘ നിശ്വാസം അവൾ അത്രയും നേരമനുഭവിച്ചുകൊണ്ടിരുന്ന പിരിമുറക്കത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ടായിരുന്നു.

” ഏട്ടാ… വിശക്കണില്ലേ… എനിക്ക് നല്ലപോലെ വിശക്കണുണ്ട്… അടുത്ത സ്റ്റേഷൻ എത്തുമ്പോ എന്തേലും കഴിക്കാൻ വാങ്ങിക്കാം.. ”

” അയ്യോ… രണ്ടുമണി കഴിഞ്ഞോ… തന്നോട് സംസാരിച്ചിരുന്ന് സമയം പോയത് അറിഞ്ഞൂടിയില്ല. അമ്മ ചോറ് പൊതിഞ്ഞു തന്നിട്ടുണ്ട് അത് കഴിക്കാം. ”

ഞാൻ വേഗം ബാഗിൽനിന്ന് അമ്മ വാഴയിലവാട്ടി പൊതിഞ്ഞു തന്നിരുന്ന ചോറ് പുറത്തെടുത്തു.

” ഇതേട്ടന് കഴിക്കാനുള്ളതല്ലേയുണ്ടാവു… ഞാനെന്തേലും വാങ്ങിച്ചോളാ… ഏട്ടൻ കഴിച്ചോ… ”

അമ്മു എന്റെ മുഖത്തേക്കും പൊതിച്ചോറിലേക്കും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു.

” ഇതൊരുപാട് ഉണ്ടെടി… ഞാനിത്രയൊന്നും കഴിക്കില്ല. അമ്മയുടെ എപ്പോഴും ഉള്ള സ്വാഭാവം ആണ് എനിക്ക് ചോറ് പൊതിഞ്ഞുതരുമ്പോ ഒരുപാട് ചോറ് വിളമ്പും. അതിന്റെ പകുതിപോലും ഞാനിന്നേവരെ കഴിച്ചുകാണില്ല. അവസാനം ബാക്കിവരുന്നതൊക്കെ കളയേണ്ടിവരും. ഇതിന്റെ പേരും പറഞ്ഞ് ഞാനും അമ്മയും കുറേ വഴക്കിട്ടിട്ടുണ്ട് എങ്കിലും അമ്മയ്ക്ക് യാതൊരു മാറ്റോം വന്നിട്ടില്ല. ഇന്നേതായാലും അത് ഉപകാരമായി. ”

ഞാനൊരു ചെറുപുഞ്ചിരിയോടെ അമ്മുവിനോടായി പറഞ്ഞു.

അവളും ചിരിച്ചു.
ഞങ്ങൾ ചെന്ന് കയ്യൊക്കെ കഴുകി വന്നു.

അങ്ങനെ കുറച്ച് മണിക്കൂറുകളുടെ മാത്രം പരിചയമുള്ള ഒരാളോടൊപ്പം ഒരു ഇലയിൽ ഞാൻ ചോറുണ്ടു.

ഇന്നെവരെ കണ്ടിട്ടില്ലാത്ത ഒരാളോട് എത്ര പെട്ടന്നാണ് ഞാൻ അടുത്തത്. ആ ചുരുങ്ങിയ സമയം കൊണ്ടുതന്നെ അമ്മു എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന സ്ഥാനം നേടിയെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *