ദേവസുന്ദരി – 1 1

” അതേയ്…. എന്തൊരുറക്കായിത്… എണീറ്റെ… ”

അമ്മു തട്ടിവിളിച്ചപ്പോഴാണ് ഞാൻ ഉറക്കമുണരുന്നത്. ട്രെയിൻ ഏതോ
സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.

ഞാനൊന്ന് നിവർന്നിരുന്ന് കണ്ണൊക്കെ തിരുമ്മി.

” എവിടെയാ ഇത്. ”

ഞാൻ അമ്മുവിനോട് ചോദിച്ചു.

” മംഗലാപുരം ആണ്. ക്രോസിങ്ന് പിടിച്ചിട്ടതാ… അരമണിക്കൂറിനടുത്തായി ഇവിടെ നിർത്തിയിട്ട്… എനിക്കാണേ ഒറ്റയ്ക്കിരുന്ന് ബോറടിച്ചു… അതാ ഞാമ്മിളിച്ചേ… ”

അമ്മു പറഞ്ഞു.

ഞാനതിന് ഒന്ന് മൂളിയതെ ഉള്ളു. കുറച്ചുകഴിഞ്ഞപ്പോൾ തൊട്ടടുത്ത ട്രാക്കിലൂടെ ഒരു ട്രെയിൻ നല്ല വേഗതയിൽ കടന്നുപോയി. അത് കടന്നുപോകാൻ വേണ്ടിയായിരുന്നു ഞങ്ങൾ സഞ്ചരിച്ചിരുന്ന ട്രെയിൻ പിടിച്ചിട്ടത്. ഒരു പത്തുമിനുട്ട് കഴിഞ്ഞ് ട്രെയിൻ വീണ്ടും നീങ്ങിതുടങ്ങി.

ഉറക്കം പൂർണമായി വിട്ടുമാറിയിട്ടില്ല. ഞങ്ങൾ വീണ്ടും ഉറക്കമായി.

പുലർച്ചെ 3 മണിയോടെയാണ് പിന്നീട് ഉറക്കമുണരുന്നത്. ബാംഗ്ലൂർ എത്താറായിട്ടുണ്ട്. അമ്മു ഇപ്പോഴും ഉറക്കം തന്നെയാണ്. ഞാൻ അവളെ തട്ടിവിളിച്ചു.

” അമ്മൂ… ഡീ… ദേ ബാംഗ്ലൂർ എത്താറായി. എണീക്ക് ”

അവളെ വിളിച്ചുണർത്തി ഞാൻ ചെന്ന് മുഖമൊക്കെ ഒന്ന് കഴുകി വന്നു.

ബാഗൊക്കെ എടുത്തുവച്ചു. അമ്മുവും ഇറങ്ങാൻ തയ്യാറായിരുന്നു. അവൾ എന്റെ നമ്പർ ഒക്കെ വാങ്ങിയിരുന്നു.

ട്രെയിൻ ബാംഗ്ലൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഞങ്ങൾ അവിടെ ഇറങ്ങി. അമ്മുവിനെ പിക്ക് ചെയ്യാൻ അവളുടെ ഫ്രണ്ട് വരും എന്ന് പറഞ്ഞിരുന്നു.

” ഏട്ടാ… ഞങ്ങൾ കൊണ്ടുവിടാം… “
” ഏയ്‌ വേണ്ട… നിങ്ങൾക്ക് കുറേ ദൂരം പോകാനുള്ളതല്ലേ… ഞാനൊരു ടാക്സി വിളിച്ചോളാ…എന്തായാലും അവിടെ ഒരു റൂം എടുക്കണം… രാവിലെ ഫ്രഷ് ആയ്ട്ട് പോകാനുള്ളതല്ലേ… ”

ഞാൻ പറഞ്ഞു.

” അല്ല അപ്പൊ സ്റ്റേ ഒക്കെ എങ്ങനെയാ… ”

അമ്മു ചോദിച്ചു

” അതൊക്കെ ഓഫീസിന്റെവക ഉണ്ടെന്ന പറഞ്ഞേ… ഇന്നൊരു ദിവസത്തെ കാര്യം നോക്കിയാ മതി. ”

ഞാനൊരു പുഞ്ചിരിയോടെ പറഞ്ഞു.

” എന്തായാലും നാളെ ജോയിൻ ചെയ്യുവല്ലേ എന്റെ വക ഒരു ഓൾ ദി ബെസ്റ്റ്… ”

എന്നും പറഞ്ഞ് അവൾ എന്നെ കെട്ടിപ്പിടിച്ചു.

ഒരു നിമിഷം ഒന്ന് പതറിയെങ്കിലും ഞാനൊരു പുഞ്ചിരിയോടെ അവളോട് ഒരു താങ്ക്സ് പറഞ്ഞു.

അമ്മുവിന്റെ ഫ്രണ്ടിന്റെയൊപ്പം അവളെ യാത്രയാക്കി ഞാനൊരു ടാക്സി വിളിച്ചു.

സ്റ്റേഷനിൽനിന്ന് 20 മിനുട്ടിനടുത്തു യാത്രയുണ്ടായിരുന്നു ഞാൻ താമസിക്കാൻ തിരഞ്ഞെടുത്ത ഹോട്ടലിലേക്ക്. ഓഫീസിന്റെ തൊട്ടടുത്തു തന്നെയാണ് ആ ഹോട്ടൽ.

രാവിലെ 7:30യോടെ ഉറക്കമുണർന്നു. ജോയിൻ ചെയ്യാൻ പോകുന്നതിന്റെ ചെറിയൊരു ടെൻഷൻ എനിക്ക് ഉണ്ട്. അമ്മയെ വിളിച്ചു സംസാരിച്ചാൽ അതിനൊരു ആശ്വാസം കിട്ടുമെന്ന് തോന്നിയപ്പോൾ അമ്മയെ വിളിച്ചു. അമ്മയോട് കുറച്ചുനേരം സംസാരിച്ചുനിന്നു. അല്ലിയും സംസാരിച്ചു. അവളുടെ ഓൾ ദി ബെസ്റ്റ് കിട്ടിയപ്പോൾ എന്തോ വല്ലാത്തൊരു ആത്മവിശ്വാസം നിറയുന്നത് എനിക്ക് മനസിലാവുന്നുണ്ടായിരുന്നു.
കാൾ കട്ട്‌ ചെയ്ത് കുളിച്ച് ഫ്രഷ് ആയി ഞാൻ ഓഫീസിലേക്ക് ചെന്നു. ഭക്ഷണം കഴിക്കാൻ കയറിയാൽ വൈകുമെന്ന് തോന്നിയതിനാൽ അതിന് മിനക്കെട്ടില്ല. ഇന്നലെ രാത്രിയും ഒന്നും കഴിച്ചിട്ടില്ല. സെക്യൂരിറ്റിയോട് കാര്യം ബോധിപ്പിച്ച് ഞാൻ ഓഫീസിനകത്തേക്ക് കയറി.

മാനേജർ എന്ന് സ്വർണനിറത്തിലുള്ള അക്ഷരങ്ങളോടുകൂടിയ ബോർഡ് ഉള്ള കാബിനുമുന്നിൽ ഞാൻ കാത്തിരുന്നു. ഓഫീസ് ടൈം ആവുന്നതേയുള്ളു.

ഞാനവിടെയിരുന്ന് ഓഫീസ് ഒക്കെയൊന്ന് വീക്ഷിച്ചു. നല്ല വൃത്തിയുള്ള അന്തരീക്ഷം. എല്ലാം നല്ല ഭംഗിയായി ഒരുക്കിയിട്ടുണ്ട്.

അതൊക്കെ നോക്കിയിരിക്കുമ്പോൾ ഓരോരുത്തരായി വന്നുതുടങ്ങിയിരുന്നു.

എൻട്രൻസിലേക്ക് നോക്കിയിരുന്ന ഞാൻ ആ കാഴ്ച കണ്ട് ഒരു നിമിഷം ശ്വാസമെടുക്കാൻ പോലും വിസ്മരിച്ചുപോയി.

സുന്ദരി എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അപ്സരസ് പോലെയുള്ള ഒരു പെണ്ണ്.

നെറ്റിയിൽ കട്ടപ്പിടിച്ച ചന്ദനക്കുറിയും അതിന് താഴെയൊരു കുഞ്ഞുപൊട്ടും. ഭംഗിയായി എഴുതിയ വിടർന്നകണ്ണുകൾ. കൃഷ്ണമണിക്ക് ഇളംകാപ്പി നിറമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *