നീലക്കൊടുവേലി – 2 1

നീതു ടെൻഷൻ കൊണ്ട് ചുണ്ടുകൾ നനച്ചു..പിന്നെ ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് സിതാരയെ നോക്കി..

” നമ്മുടെ സിദ്ധുവേട്ടൻ ഇല്ലേ..?? ”

ഒന്ന് മുരടനക്കി കൊണ്ട് നീതു തുടങ്ങി..

” നമ്മടെയോ..? സിദ്ധുവേട്ടൻ…. അത് മതി.”

ആ വർണന സിതാരക്ക് അത്ര ദഹിച്ചില്ല..

” ശെരി…അങ്ങനെങ്കി അങ്ങനെ..സിദ്ധുവേട്ടൻ പ്രാക്ടിസിനിടക്ക് എന്നെ മുതലെടുക്കുന്നുണ്ടോ എന്നൊരു സംശയം… ”

ഒറ്റ ശ്വാസത്തിൽ നീതു പറഞ്ഞവസാനിപ്പിച്ചു…

” ഹെന്ത്…,??? ”
സിതാര ഞെട്ടിപ്പോയി..

” മുതലെടുക്കുക എന്നൊക്കെ പറയുമ്പോ… നീ തെളിച്ചു പറഞ്ഞേ.. ”

സിതാര ഞെട്ടൽ വിട്ട് കാര്യം അറിയാൻ ശ്രമിച്ചു…

നീതു ആദ്യം മുതൽക്കുള്ള കാര്യങ്ങൾ അവളോട് പറഞ്ഞു… സെൽഫ് ഡിഫെൻസ് പഠിപ്പിക്കാൻ തുടങ്ങിയത് മുതൽക്കുള്ള കാര്യങ്ങൾ കേട്ടപ്പോൾ സിതാരയുടെ നെഞ്ചിൽ എന്തെന്നില്ലാത്ത കനം വന്നു നിറഞ്ഞു…

” നീയെന്താ ഇതുവരെ ഇതൊന്നും പറയാഞ്ഞേ..? ”

കുറച്ചു ദേഷ്യത്തിലാണ് ചോദ്യം… നീതു നിസ്സഹായതയോടെ അവളെ നോക്കി..

” അറിയില്ല… പക്ഷെ അതൊന്നും ഞാൻ ആസ്വദിച്ചത് കൊണ്ടൊന്നും അല്ലടീ, എനിക്കിപ്പോഴും ആ മരവിപ്പ് മാറിയിട്ടില്ല…

അങ്ങേരെന്നെ മനപ്പൂർവം ചെയ്യുകയായിരുന്നിട്ടും പ്രതികരിക്കാതിരുന്നപ്പോ ഞാനും താൽപ്പര്യത്തിലാണെന്നു കരുതിയിട്ടാകുമോ പിന്നേം ശ്രമിച്ചത് എന്ന് തോന്നിയപ്പോ എന്നോട് തന്നെ വല്ലാത്തൊരു അറപ്പ് തോന്നുന്നെടീ.. ”

അത് പറയുമ്പോളേക്ക് നീതുവിന്റെ കണ്ണീർ ചാലിട്ടൊഴുകി …

” എന്നെക്കൊണ്ട് പറ്റീല…എന്താ ഈ ചെയ്യണേ എന്ന് ചോദിക്കാൻ പോലും അത്രേം ദിവസം പറ്റീല..

എന്റെ തെറ്റാണു.. എനിക്ക് അങ്ങേരോട് ദേഷ്യൊന്നും ഇല്ല .. പുള്ളി ആദ്യമേ പറഞ്ഞതാണ് ആൾക്ക് വയ്യാന്നു… ഞാൻ നിർബന്ധിച്ചിട്ടാണ് പഠിപ്പിച്ചത്….അത് മാത്രമല്ല ഇങ്ങനൊക്കെ ചെയ്ത് തുടങ്ങുമ്പോൾ തന്നെ ഞാൻ പറയണമായിരുന്നു ഇത് ശരിയല്ലെന്ന്…

അപ്പോഴൊന്നും എനിക്ക് മനസിലായതും ഇല്ല, മനസിലായപ്പൊ പറയാനും വയ്യ… എന്നെ ഒരു മോശം പെണ്ണായി സിദ്ധുവേട്ടൻ കണ്ടതുകൊണ്ടാകുമോ ഇതൊക്കെ തുടർന്നത്..? ”

നീതു തന്റെ ഉള്ളിലുള്ള സങ്കടക്കടൽ പുറത്തേക്കൊഴുക്കി… ഇതിലെ അപകടം മനസിലായ ആ കുറഞ്ഞ സമയത്തിനുള്ളിൽ അവളൊരുപാട് ആലോചിച്ചു കൂട്ടിയിട്ടുണ്ടെന്നു സിതാര മനസിലാക്കി…

 

” ഛെ… നീയെന്തൊക്കെയാ നീതു പറയണേ….!! നിന്റെ ഭാഗത്തൊരു തെറ്റും ഇല്ല.. ”

നീതുവിന്റെ കണ്ണീർ തുടച്ച് അവളെ നെഞ്ചിൽ ചേർത്ത് മുറുക്കിപ്പിടിച്ചുകൊണ്ട് സിതാര പറഞ്ഞു…

” അങ്ങേരോടൊന്നും സ്നേഹം കാണിക്കരുതായിരുന്നെടീ, അതിൽ നിന്റെ ഭാഗത്തു തെറ്റുണ്ട്….

പുള്ളിയൊന്നും അത് അർഹിക്കുന്നില്ല… ബന്ധങ്ങളുടെ വില അറിയാത്ത അങ്ങേർക്ക് നിന്റെ ശരീരം മാത്രമേ നോക്കാൻ പറ്റുള്ളൂ, മനസ് കാണാൻ കഴിയില്ല…”

അവളെ ആശ്വസിപ്പിക്കാൻ പറയുന്നതാണെങ്കിൽ കൂടി മുൻപ് തന്നോട് ചെയ്തതും ഓർത്തുക്കൊണ്ടാണ് സിതാര പറഞ്ഞത്…

” നീ പേടിക്കണ്ട… ഇത് ഞാൻ കൈകാര്യം ചെയ്തോളാം.. നീയിനി പ്രാക്റ്റീസ് എന്നും പറഞ്ഞു ചാടാൻ നിക്കണ്ട.. അത് നിർത്തിക്കോ.. ”

സിതാരയുടെ ശബ്ദത്തിലെ ഗൗരവം മനസിലാക്കി നീതു തലയാട്ടി..

തിരികെ വീട്ടിൽ വന്ന് വസ്ത്രങ്ങൾ മാറി ചായ കുടിച്ച ശേഷം സിതാര തൊടിയിലെ മരത്തണലിൽ ഇരുന്ന് ചില കണക്ക് കൂട്ടലുകൾ നടത്തി…

മുകളിൽ സിദ്ധു പ്രാക്റ്റീസ് ചെയ്യുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ട്…

കുറച്ചു നേരത്തെ ആലോചനക്ക് ശേഷം
എന്തോ തീരുമാനിച്ചു ഉറപ്പിച്ച അവൾ കനത്ത മുഖവുമായി എഴുന്നേറ്റു…

 

(തുടരും )

 

 

സ്നേഹത്തോടെ

Fire blade ❤

Leave a Reply

Your email address will not be published. Required fields are marked *