“അതാണോ കാര്യം… കാമുകിമാർ പിന്നെ കാമുകനോട് സ്വാതന്ത്ര്യം കാണിക്കില്ലേ”
“കാമുകിയോ? തമാശ പറഞ്ഞതല്ല മോളെ ഞാൻ”
“ഞാനും തമാശ പറഞ്ഞതല്ല ഉമ്മാ… ചേച്ചി കാക്കൂന്റെ കാമുകിയാ… അതെനിക്കും അറിയാലോ”
“അത് അറിഞ്ഞിട്ടും നീയെന്തിനാ ആ പെണ്ണിനെ കൂടെ കൊണ്ട് നടക്കുന്നെ? അടിച് ഓടിക്കണ്ടേ അവളെ?”
“എന്തിനു? അവളെ പ്രേമിക്കുന്നു എന്ന് വച്ച് കാക്കു എന്നെ കളഞ്ഞിട്ടൊന്നും ഇല്ലല്ലോ… എന്നോട് കാണിക്കുന്ന സ്നേഹത്തിന് കുറവും വരുത്തിട്ടില്ല… പിന്നെ… എനിക്കിഷ്ടാ കാക്കു ഇതുപോലെ പാറി പറന്നു നടക്കുന്നത്”
മകൾ പറയുന്ന വാക്കുകൾ ഇടിത്തീ പോലെയാണ് ഷംലയുടെ കാതുകളിൽ മുഴങ്ങിയത്…
“കാക്കു വേറെ പെണ്ണുങ്ങളും ആയിട്ട് ബന്ധം ഉണ്ടെന്ന് ഞങ്ങൾ പ്രേമിക്കുന്ന സമയത്ത് തന്നെ എനിക്കറിയാം… എനിക്കും അതൊക്കെ ഇഷ്ടവുമാണ്… പിന്നെ സിനി ചേച്ചിയെ ഞാൻ കാക്കൂനെ കൊണ്ട് കെട്ടിക്കും. ചേച്ചിയെ ഞാൻ ഇങ്ങോട്ട് കൊണ്ട് വരികയും ചെയ്യും…”
“ലോകത്തു എവിടെയും നടക്കാത്ത കാര്യങ്ങളാ മോളെ ഇതൊക്കെ… ആരെങ്കിലും അറിഞ്ഞാൽ പിന്നെ നാണക്കേട് അല്ലെ”
“നാട്ടുകാരുടെ സർട്ടിഫിക്കറ്റ് കൊണ്ട് അല്ലല്ലോ നമ്മൾ ജീവിക്കുന്നെ… പിന്നെ കാക്കു ആരെയും പീഡിപ്പിക്കാൻ നിന്നിട്ടില്ലല്ലോ… ചിലർക്കൊക്കെ ആരോടെങ്കിലും മോഹം തോന്നിയാൽ അവരുടെ സമ്മതം നോക്കാതെ കേറി ആസ്വദിക്കാൻ അല്ലെ ഇഷ്ടം…”
“പാത്തൂ…”
ഷഫീദയുടെ വാക്കുകൾ ഷംലയുടെ തല കുനിച്ചിരുന്നു. അവളുടെ കണ്ണുകൾ കലങ്ങി കണ്ണുനീർ പൊഴിച്ചു.
“ഉമ്മ കരയാൻ വേണ്ടി പറഞ്ഞതല്ല… ഞാൻ… ഞാൻ അന്ന് അലറി കരഞ്ഞു പറഞ്ഞിട്ടും സ്വന്തം മോളാണെന്ന് പോലും നോക്കാതെ എന്നെ ഉപദ്രവിച്ച ആ മനുഷ്യനെ തന്നെയാ ഞാന്നുദ്ദേശിച്ചത്… ഉമ്മാടെ കെട്ടിയോൻ…”
നിറക്കണ്ണുകൾ തുടച്ചുകൊണ്ട് ഷഫീദ തലകുനിച്ചിരിക്കുന്ന ഷംലയെ നോക്കി…
“അയാൾ എത്ര പെണ്ണുങ്ങൾ ആയി അവിഹിതം വച്ചു പുലർത്തിയാലും എനിക്ക് കുഴപ്പം ഇല്ലായിരുന്നു… പക്ഷെ സ്വന്തം മോളായിട്ടും അങ്ങേരുടെ ആശ തീർക്കാൻ എന്നെ കെട്ടിയിട്ട് ഉപദ്രവിച്ചപ്പോ എന്റെ സങ്കടം കാണാൻ കാക്കുവും വാപ്പയും മാത്രേ ഉണ്ടായിരുന്നുള്ളൂ…”
“നിന്റെ സങ്കടം… ഞാൻ… ഞാൻ കണ്ടില്ല എന്നാണോ നീ പറയുന്നേ? നിന്നെയോർത്ത് കരയാത്ത ഒരു ദിവസം പോലും അതിനു ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല മോളെ… എല്ലാം എന്റെ തെറ്റാ…”
“ഉമ്മ വിഷമിക്കാൻ പറഞ്ഞതല്ല… ആ കിടപ്പ് പോലും കാക്കൂന്റെയോ വാപ്പാടെയോ സമ്മാനം ആണെന്ന് എനിക്കറിയാം… പക്ഷെ അതിൽ പെട്ട് പോയത് ഉമ്മയാ… എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ഉമ്മാ… ഉമ്മാന്റെ ഒപ്പം ഇങ്ങനെ ഇരിക്കാനും വർത്താനം പറയാനും ഒക്കെ…”
“എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ മോളെ… ഞാൻ… എനിക്ക് അതിനുള്ള ഭാഗ്യം പടച്ചോൻ തന്നില്ല… തെറ്റാണെന്ന് അറിഞ്ഞിട്ടും പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് ആ കിടക്കുന്ന മനുഷ്യൻ ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ എന്ന്…”
ഷഫീദയുടെ കൈകൾ തന്റെ കൈകളിൽ ചേർത്തു പിടിച്ചു ഷംല പൊട്ടിക്കരഞ്ഞു…
“ഉമ്മയോട് ദേഷ്യം കാണിക്കല്ലേ മോളെ… നീയല്ലാതെ എനിക്ക് വേറെ ആരും ഇല്ല… നീയേ ഉള്ളൂ… എന്നെ വെറുക്കല്ലേ…”
“ഉമ്മ കരയല്ലേ… എനിക്ക് ഉമ്മയോട് ഒരു വെറുപ്പും ഇല്ല… പക്ഷെ… അയാളോടുള്ള വെറുപ്പ്.. അത് വെറുപ്പല്ല… ഒരുതരം അറപ്പാ… അത് ഞാൻ മരിക്കുന്ന വരെ എന്റെ ഉള്ളിൽ കാണും…”
“എനിക്കറിയാം… എനിക്കുമുണ്ട് അയാളോട് വെറുപ്പ്… പക്ഷെ… എന്റെ കെട്ടിയോൻ എന്ന പദം ഉള്ളടത്തോളം കാലം അയാളെ ഇട്ടിട്ടു പോരാൻ സമൂഹം എന്നെ അനുവദിക്കില്ല”
“ഉമ്മാക്ക് ഇന്ന് ഇവിടെ നിന്നൂടെ? ഒരു ദിവസം എങ്കിലും എന്റെ കൂടെ നിന്നൂടെ… ഇത്തയോട് ചോദിക്ക് ഇന്നവിടെ നിക്കുമോ എന്ന്”
“നോക്കാം പാത്തൂ… ഞാൻ ചോദിച്ചു നോക്കാം”
മകളെ അശ്വസിപ്പിച്ചു കൊണ്ട് ഷംല അവളുടെ മുടിയിലൂടെ തലോടി.
