“അഫ്സൽ മാമാ…”
വാതിൽ തുറന്ന അഫ്സലിന്റെ മേലേക്ക് സിനിയുടെ മക്കൾ ഓടി കയറി…ഇരുവരെയും കൈകളിൽ പൊക്കിയെടുത്തു അവൻ സോഫയിൽ ഇരുന്ന് അവരെ മടിയിലേക്ക് ഇരുത്തി…
“നമ്മളെയൊക്കെ ഓർമ ഉണ്ടോ? രണ്ട് പേരും ഇവിടെ സുഖിച്ചു ജീവിക്കുവാ അല്ലെ…”
“അമ്മയെവിടെ മാമ?”
“അമ്മ വീട്ടിലുണ്ട്. പോവണ്ടേ നമുക്ക് വീട്ടിലേക്ക്?”
“ആഹ്മ്… പോവാം…”
“എന്നാ വേഗം പോയി റെഡി ആയി വാ…”
ശ്രീകുട്ടിയെയും നന്ദൂട്ടിയേയും അകത്തേക്ക് പറഞ്ഞയച്ചു അവൻ തലയുയർത്തുമ്പോൾ രണ്ട് കണ്ണുകൾ അവനെ കൊതിയോടെ നോക്കുന്നുണ്ടായിരുന്നു…
അവനെ തന്നെ നോക്കി നിൽക്കുന്ന അമ്മുവിന്റെ അടുത്തേക്ക് വന്ന് അവളുടെ തലയിൽ കൊട്ടി.
“പോയി റെഡി ആയി വാ പെണ്ണെ… പാത്തു നിന്നെയും നോക്കി ഇരിപ്പുണ്ട് അവിടെ…”
“ഇക്കാക്കാ…”
അമ്മുവിനെ പറഞ്ഞുവിട്ട് സോഫയിലേക്ക് ഇരുന്ന അവനെ നോക്കി നിൽക്കുന്ന അഫ്സിലയുടെ വിളികേട്ട് അവൻ അവളെ നോക്കി പുഞ്ചിരിച്ചു… അവളുടെ കയ്യിൽ പിടിച്ച് അവൻ സോഫയിലേക്ക് ഇരുത്തി.
“അഫ്സീ… നീയിവിടെ ഹാപ്പി അല്ലെ?”
“മ്മ്മ്…”
“നാളെ കടയിലേക്ക് വരണം… കേട്ടോ?”
“മ്മ്മ്…”
“എന്താടി? ഒരു വിഷമം പോലെ?”
“ഒന്നുല്ല… അയാള്… അയാളെ കണ്ടോ ഇക്കാക്ക?”
“ഇല്ല… അവൻ മുങ്ങിയിരിക്കുവാ… പേടിയുണ്ടോ നിനക്ക്?”
“ഉം… ദുഷ്ടനാ… ഒരുപാട് പേരെ അയാൾ കൊന്നിട്ടുണ്ട്… എനിക്കറിയാം… എന്തിനും മടിയില്ല അയാൾക്ക്…”
“നീയെന്തിനാ പേടിക്കുന്നെ? നിനക്ക് ഞങ്ങളൊക്കെയില്ലേ…”
“എന്നെ രക്ഷിക്കാൻ ശ്രമിക്കുന്ന ഇക്കാക്കയെയും അയാൾ ഉപദ്രവിക്കു… എനിക്കുറപ്പാ… ഇക്കാക്കക്ക് ഓർമയില്ലേ വിഷ്ണുനെ… കടയിൽ എന്നെ കാണാൻ വന്നിരുന്ന… അവനെ… അവനെ അയാള് കൊല്ലാൻ നോക്കിയിട്ടുണ്ട്? എന്നെ സഹായിക്കാൻ ശ്രമിച്ചതിനു…”
“അവനു അറിയായിരുന്നോ നിന്റെ കാര്യങ്ങൾ?”
“ഉം… അവനു അറിയാം… എന്നെ… എന്നെ ഇഷ്ടായിരുന്നു ഇക്കാക്കാ അവനു… എന്നെ സ്നേഹിച്ചു പോയതിനാ അവന്റെ അമ്മയെ… അയാള്…”
അവന്റെ തോളിലേക്ക് വീണു കരയുന്ന അഫ്സിലയെ അവൻ ചേർത്തു പിടിച്ചു..
“ഞാൻ കാരണമാ അവനു… ഞാൻ അവനെ സ്നേഹിച്ചതിന്റെ പേരിലാ ഇക്കാകാ അയാള്… എനിക്ക്… എനിക്കവനെ ജീവനായിരുന്നു… എല്ലാം അറിഞ്ഞിട്ടും അവൻ… അവനെന്നെ ഒത്തിരി സ്നേഹിച്ചു… പക്ഷെ… പക്ഷെ അയാള്…”
“കരയല്ലേ പെണ്ണെ… അവനിപ്പോ എവിടെയുണ്ട്?”
“അറിയില്ല… അയാളും വേറെ ആരൊക്കയോ കൂടെ അവന്റെ അമ്മയെ പിടിച്ചോണ്ട് പോയി… മൂന്നാം ദിവസം തിരികെ കൊണ്ട് വിട്ടതിൽ പിന്നെ അവര് ആരോടും മിണ്ടിയിട്ടില്ല… അവിടുന്ന് ഒരു മാസം കഴിഞ്ഞപ്പോ അവര് ആത്മഹത്യാ ചെയ്തു. അവനൊരു ചേച്ചിയുണ്ട്… അവളെയും ഇതുപോലെ ചെയ്യും എന്നൊക്കെ ഭീഷണിപ്പെടുത്തിയിട്ടും എന്നെ വിട്ട് പോവില്ലാന്ന് വാശിയിൽ ആയിരുന്നു അവൻ… ഞാൻ… ഞാനാ അവനെ തള്ളി പറഞ്ഞെ… അവൻ… അവനെങ്കിലും ജീവിക്കട്ടെ എന്ന് കരുതി…”
അഫ്സൽ അവളെ അവനോട് ചേർത്തു പിടിച്ചു. അവളുടെ നെറുകയിൽ അവന്റെ ചുണ്ടുകൾ അമർന്നു…
“അഫ്സീ… നീ എന്റെ അനിയത്തികുട്ടിയാ… നിന്നെ ഒന്ന് തൊടാൻ ഒരുത്തനെയും ഞാൻ അനുവദിക്കില്ല… നീ ഒരിക്കലും തനിച്ചല്ല…”
രഞ്ജിതക്ക് നേരെ വിരൽ ചൂണ്ടി അവൻ അഫ്സിലയുടെ തലയിലൂടെ തലോടി…
“ഈ നില്കുന്നത് എന്റെ അമ്മയാ… നിന്റെയും… ഇത്രയും കാലം എല്ലാം സഹിച്ചു ജീവിച്ചില്ലേ നീ… ഇനി അങ്ങനെ പാടില്ല… ജീവിക്ക്… നിന്റെ ഇഷ്ടം പോലെ… എന്തിനും ഞാൻ കൂടെയുണ്ട്… നിന്റെ ജീവിതം നിന്റെ ഇഷ്ടം പോലെ ജീവിച്ചു തീർക്ക്… എന്തിനും ഏതിനും നിന്റെ ഈ ഇക്കാക്ക കൂടെയുണ്ട്…”
“എനിക്കറിയാം ഇക്കാക്കാ… ഇവിടെ വന്ന് കേറിയത് മുതൽ ടീച്ചർ എന്നെ സ്വന്തം മോളെ പോലെയേ കണ്ടിട്ടുള്ളൂ… രണ്ട് ദിവസമേ ആയുള്ളൂ എങ്കിലും… ഞാൻ ഇവിടെ ഹാപ്പിയാ… ”
