അങ്ങനെ ലിജിയേ നിരീക്ഷിക്കുന്ന കാര്യം ഷാനി ഏറ്റെടുത്തു…
അതിന്റെ മൂന്നാം ദിവസം തന്നെ അവസരം വന്നു ചേർന്നു…
ഒരു ബുധനാഴ്ച..
എട്ടു മണിക്കു വിനോദ് ഓഫീസിലേക്കു പോയി. ഉച്ചയ്ക്കു ഒന്നരയോടെ ഷാനിയുടെ ഫോൺ..
” വിനൂ, ഇപ്പം വരാനൊക്കുമോ. ആളെത്തിയിട്ടുണ്ട്”
കേട്ടപാതി വിനോദ് ചാടിയിറങ്ങി…
വിനോദിന്റെ. ഓഫീസിൽ നിന്നും പത്തു മിനിറ്റു പിടിക്കും ഫ്ലാറ്റിലെത്താൻ…
ഷാനിയുടെ നിർദ്ദേശ പ്രകാരം തൊട്ടടുത്തുള്ള ചെറിയ ഗ്രൗണ്ടിന്റെ അരികിൽ കാർ പാർക്കു ചെയ്ത ശേഷം നടന്നാണ് അവനെത്തിയത്.
ഷാനി പാർക്കിംഗ് ഏരിയായിൽ അവനെയും കാത്തു നിൽപ്പുണ്ടായിരുന്നു. വിനോദിനെ കണ്ട ഉടനെ ഷാനി അവന്റെ കയ്ക്കു പിടിച്ചു വലിച്ചു അടുത്തുള്ള കാറിന്റെ മറവിലേക്കു നീക്കി നിർത്തി.
” എടുത്തു ചാടി ബഹളമൊന്നും കൂട്ടരുത്. ആളകത്തുണ്ട്. ഞാനിപ്പഴാ അറിയുന്നത്.രാവിലെ വന്നതാണെന്നാ തോന്നുന്നത്. അവന്റെ ബൈക്കാ ഇത്.” അടുത്തു പാർക്കു ചെയ്തിരുന്ന ബൈക്ക് ചൂണ്ടിക്കാട്ടി ഷാനി പറഞ്ഞു.
വിനോദ് എന്തു ചെയ്യണമെന്നറിയാതെ നിന്നു. ആകപ്പാടെ ഒരു….
അവന്റെ വിഷമം മനസ്സിലാക്കിയ ഷാനി പറഞ്ഞു,
” വിനൂ, നീ വിഷമിക്കേണ്ട. നമ്മളു സംശയിക്കുന്നതു പോലെയാണോ കാര്യങ്ങൾ എന്നാദ്യം അറിയണം”
” അതല്ലാതെ പിന്നെ അവരു രണ്ടും കൂടെ ചെസ്സു കളിക്കുകാണോ ഇത്രേം നേരം.”
” വിനൂ നീയിപ്പം ചെന്നു വാതിലു ചവിട്ടി പൊളിക്കാൻ പോകുവാണോ. അവരു വെറുതേ സംസാരിച്ചിരിക്കുകയാണെങ്കിലോ. അതല്ല നീ ചെന്നു ബഹളമുണ്ടാക്കുമ്പോൾ അവനെയാണിഷ്ടമെന്നു പറഞ്ഞു ലിജി ഇറങ്ങിപ്പോയാലോ. അതിനു മുമ്പ് ആരാണ് ആൾ എന്നു നമുക്കു നോക്കാം. പിന്നെ എന്താണു നടക്കുന്നതെന്നറിയാം. എന്തെങ്കിലുമുണ്ടെങ്കിൽ അതിന്റെ തെളിവു ശേഖരിക്കാനുള്ള വഴി നോക്കാം. എന്നിട്ടു ശരിക്കും ആലോചിച്ചിട്ടു മാത്രം ഒരു തീരുമാനമെടുക്കാം.”
ഷാനി പറയുന്നതിൽ കാര്യമുണ്ടെന്നു വിനോദിനു മനസ്സിലായി…
എത്ര പക്വതയോടെയാണവൾ ചിന്തിക്കുന്നതെന്നു അവൻ മനസ്സിലോർത്തു..
ഷാനിയുടെ പദ്ധതി പ്രകാരം വിനോദ് ലിജിയെ വിളിച്ചു അത്യാവശ്യമായി ഒരു ഫയൽ എടുക്കാനുണ്ടെന്നും അഞ്ചു മിനിറ്റിനുള്ളിൽ താനതെടുക്കാൻ വരുമെന്നും അറിയിച്ചു. ഒരു അടിയന്തിര മീറ്റിംഗ് ഉണ്ടെന്നും അതിനാണു ഫയൽ എന്നും എട്ടു മണിയാകാതെ പിന്നെ ഓഫീസിൽ നിന്നിറങ്ങാൻ കഴിയില്ലെന്നും കൂടി അവൻ പറഞ്ഞു..
പിന്നെ റസിഡന്റ്സ് പാർക്കിംഗിൽ പാർക്കു ചെയ്തിരുന്ന ഷാനിയുടെ കാറിനുള്ളിൽ കയറി അവർ ഇരുവരും കാത്തിരുന്നു. കെട്ടിടത്തിനു വെളിയിലുള്ള വിസിറ്റേഴ്സ് പാർക്കിംഗിലാണ് ബൈക്കിരിക്കുന്നത്. ഷാനിയുടെ. കാറിലിരുന്നാൽ അതു കാണാം. കാറിനു ടിന്റഡ് ഗ്ലാസ്സായതു കൊണ്ട് അടുത്തു വന്നു. നോക്കിയാൽ പോലും അകത്തിരിക്കുന്നവരെ കാണാനൊക്കില്ല….
രണ്ടു മിനിട്ടു കഴിഞ്ഞപ്പോഴേക്കും ഒരാൾ ഓടി വന്നു ബൈക്കു സ്റ്റാർട്ടാക്കി…
” ലതീഷ് അല്ലേയിത്” കാറിനുള്ളിലിരുന്നു വിനോദ് ആശ്ചര്യപ്പെട്ടു.
” നിനക്കറിയാമോ ആളെ” ഷാനി. ചോദിച്ചു.
” പരിചയപ്പെട്ടിട്ടുണ്ട്. സർജിക്കൽ. ഉപകരണങ്ങളുടെ ഡിസ്ട്രിബ്യൂട്ടറാ. ഇവന്റെ ഭാര്യ പ്രഭ ലിജി പഠിപ്പിക്കുന്ന സെന്ററിൽ കണക്കു പഠിപ്പിക്കുന്നതാ..”
” ഓ. അങ്ങനാരിക്കും ലിജിയെ പരിചയപ്പെട്ടത്.”
ലതീഷ് ബൈക്കോടിച്ചു പുറത്തേക്കു പോയി..
ഒരു അഞ്ചു മിനിട്ടോളം കാത്തിരുന്നിട്ടു വിനോദ് തന്റെ ഫ്ലാറ്റിലേക്കു ചെന്നു. വാതിൽ തുറന്ന ലിജിയെ കാര്യമായി ശ്രദ്ധിക്കാതെ അവൻ റൂമിൽ ചെന്നു മേശ തുറന്നു അകത്തിരിക്കുന്ന ഫയലുകളിൽ നിന്നൊരെണ്ണമെടുത്തു ധൃതിയിൽ പുറത്തിറങ്ങി..
” ഞാനൊന്നു മയങ്ങിപ്പോയാരുന്നു ചേട്ടാ.” ലിജി പറഞ്ഞു.
പക്ഷേ ആകപ്പാടെ ഉടഞ്ഞുപോയ വസ്ത്രങ്ങൾ അങ്ങനെയല്ലായെന്നു വിളിച്ചോതുന്നവയായിരുന്നു.. ധൃതി പിടിച്ചു ധരിച്ചതാണെന്നു വ്യക്തം.
ഉള്ളിലുയർന്ന രോഷം പുറത്തു കാണിക്കാതെ അവൻ എട്ടു മണി കഴിയാതെ ഓഫീസ് വിടാനാകയില്ല എന്നു വീണ്ടും പറഞ്ഞിട്ടു തിരികെ പോന്നു.
