പ്രളയകാലത്ത്
‘എന്താടാ നേരത്തെ?’
‘ആഹ.. അപ്പൊ അമ്മ ന്യൂസ് ഒന്നും കണ്ടില്ലേ?’
‘അതിനിവിടെവിടാ കരണ്ട്? രാവിലെ പോയതാ..’
‘ആ.. അതുതന്നെ. ഡാം തുറക്കാൻ സാധ്യതയുണ്ടത്രെ. സ്ക്കൂൾ നേരത്തേ വിട്ടു. ഇനി എന്നാ തുറക്കുകാന്നറിയില്ല.’
‘ഓ.. ഈ നശിച്ച മഴ! എത്ര ദിവസമായി!..’ അമ്മ മഴയെ പ്രാകിക്കൊണ്ട് അടുക്കളയിലേക്ക് പോയി. ഞാൻ ബാഗ് വെക്കാൻ എന്റെ മുറിയിലേക്കും.
ചെറിയ രണ്ട് ബെഡ് റൂമുള്ള ഒരു സാധാരണ വീടാണ് ഞങ്ങളുടേത്. പപ്പ ജോർജ് ഫർണിച്ചർ ഫാക്ടറിയിൽ വെൽഡർ. അമ്മ ശ്രീജ വീട്ടിൽ തന്നെ. അവർ പ്രേമവിവാഹമായിരുന്നു. അമ്മയുടെ അയലത്തായിരുന്നു പപ്പ ആദ്യം ജോലി ചെയ്തിരുന്നത്. അമ്മ അന്ന് പ്ലസ് ടുവിനു പഠിക്കുന്നു. അമ്മ എന്നും സ്ക്കൂളിൽ പോയി വരുമ്പോൾ പപ്പ ഫാക്ടറിയുടെ പടിക്കൽ വന്ന് നിൽക്കും. അങ്ങനങ്ങനെ സത്യക്രിസ്ത്യാനിയായ ജോർജും കൃഷ്ണഭക്തയായ ശ്രീജയും പ്രേമം കണ്ടെത്തി.
സംഗതി പ്രേമമാണല്ലോ. അത് സെന്റുകുപ്പി പോലെയാണല്ലോ. അടച്ചുവെച്ചാലും മണം വെളിയിലെത്തും. വെളിയിലെത്തി. അമ്മയുടെ അഛൻ ഉറഞ്ഞുതുള്ളി. സർക്കാരുദ്യോഗസ്ഥന്റെ മകൾ വെൽഡിംഗുകാരനെ പ്രേമിക്കുകയോ! അതും നമ്പൂതിരിക്കുടുംബത്തിലെ പെണ്ണ്! ആകെ പ്രശ്നമായി. ശ്രീജ കരഞ്ഞു തള്ളിയ നാളുകൾ. ജോർജിനെയാകട്ടെ ഫാക്ടറിയിൽ നിന്നും പറഞ്ഞും വിട്ടു. പക്ഷേ പോയ പോക്കിൽ ജോർജ് ശ്രീജയെയും കൊണ്ടാണ് പോയത്. അങ്ങനെ ഇരുപത്തിയഞ്ചുകാരനായ ജോർജ് കഷ്ടിച്ച് പതിനേഴുകാരിയായ ശ്രീജയെ വേളി കഴിച്ചു തന്റെ അന്തർജനമാക്കി.
ജോർജും ശ്രീജയും വന്നുചേർന്നത് ആർക്കും എത്തിപ്പിടിക്കാനാവാത്ത ഉൾനാടൻ കുട്ടനാട്ടിൽ ഒരിടത്തായിരുന്നു. വാടകവീട്ടിൽ തുടങ്ങിയ ആ ദാമ്പത്യം പെട്ടെന്ന് പുഷ്പിക്കുകയും ചെയ്തു. എന്നെ, ശ്രീജിത് എന്ന ശ്രീക്കുട്ടനെ പ്രസവിക്കുമ്പോൾ അമ്മയ്ക്ക് 18 തികഞ്ഞിരുന്നില്ല. പപ്പ മിടുക്കനായിരുന്നു. രണ്ട് വർഷം കൊണ്ട് വാടകവീട്ടിൽ നിന്ന് സ്വന്തമായി മണ്ണ് വാങ്ങി. ഒരു തുരുത്തായിരുന്നു വാങ്ങിയ സ്ഥലം. വിലക്കുറവിൽ കിട്ടിയതുകൊണ്ട് വാങ്ങിയതാണ് പപ്പ.
അമ്മ നല്ല കഴിവുള്ള സ്ത്രീയായിരുന്നു. പപ്പയുടെ വരുമാനം കൃത്യമായി വിനിയോഗിച്ചും മിച്ചം പിടിച്ചും അമ്മ പപ്പയ്ക്ക് തണലായി. അവർ മിച്ചം പിടിച്ച കാശുകൊണ്ട് ഒരാൾക്ക് നടക്കാൻ പാകത്തിനു അക്കരയിൽ നിന്ന് തുരുത്തിലേക്ക് അരക്കിലോമീറ്ററോളം അവർ ചേറുകുത്തി ബണ്ട് ഉണ്ടാക്കി. പിന്നെയും മിച്ചം വെച്ച പണവും സഹകരണബാങ്കിലെ ലോണും കൊണ്ട് ആ തുരുത്തിൽ ഒരു ചെറിയ വീടുണ്ടായി. അപ്പോഴേക്കും എനിക്ക് നാലുവയസ്സ് ആയിരുന്നു. പപ്പയും അമ്മയും അന്നൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പല സന്ധ്യകളിലും അവരുടെ പഴങ്കഥകൾ എന്നോട് പറഞ്ഞു.
മലഞ്ചെരിവിൽ ജീവിച്ച അമ്മയ്ക്ക് നാലുചുറ്റും വെള്ളക്കെട്ടിൽ കഴിയുന്നതുമായി പൊരുത്തപ്പെടാൻ ആദ്യമൊക്കെ വല്യ ബുദ്ധിമുട്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മഴക്കാലത്ത് മുറ്റത്തും ചിലപ്പോൾ പുരയ്ക്കകത്തും വലിഞ്ഞുകയറുന്ന വെള്ളമായിരുന്നു പ്രധാന പ്രശ്നം. പക്ഷേ ഏത് മനുഷ്യനെയും പോലെ ശ്രീജയും തന്റെ ചുറ്റുപാടുകളുമായി പതിയെ ഇണങ്ങി. ആലപ്പുഴയിൽ നിന്നു വന്ന പപ്പയ്ക്ക് വെള്ളക്കെട്ടൊന്നും അങ്ങനെ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല.
അങ്ങനെയങ്ങനെ ജീവിതത്തോടും ജലത്തോടും മല്ലിട്ട് പപ്പയും അമ്മയും എന്നെ ഇതുവരെ എത്തിച്ചു. പഠിക്കാൻ ശരാശരിയിലും മിടുക്കനാണ് ഞാൻ. അത് തന്റെ ഗുണമെന്ന് അമ്മയും പപ്പയും ഒരുപോലെ വീമ്പ് പറഞ്ഞ് അവകാശപ്പെടാറുണ്ട്.
“ശ്രീ…, വന്ന് ചായ കുടിക്കെടാ..” അമ്മയുടെ വിളി.
ഡ്രസ്സ് മാറി ഒരു ബർമുഡയെടുത്തിട്ട് അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ ചായ ഗ്ലാസ്സിൽ പകരുകയാണ്. പെട്ടെന്ന് വെറുതെ സ്നേഹം തോന്നി. ഞാൻ അമ്മയെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു.
“ആ പാട്ടയിൽ ബിസ്ക്കറ്റ് ഉണ്ട്, വേണമെങ്കിൽ എടുത്തോ.” അമ്മ ചായയിൽ പഞ്ചസാര കലക്കിക്കൊണ്ട് പറഞ്ഞു.
