പ്രളയകാലത്ത് 12

“മൈര്!” അടുത്ത മുറിയിൽ നിന്നും വെള്ളത്തിലേക്ക് കാൽ കുത്തിയ പപ്പ പറയുന്നത് ഞാൻ കേട്ടു. പപ്പ തെറി പറഞ്ഞ് കേൾക്കുന്നത് ആദ്യമായാണ്. ഹാളാകെ നിറഞ്ഞിരുന്നു. പാദം മൂടുന്ന വെള്ളം. അമ്മ അടുക്കളയിൽ നിന്നും ഓടി വന്നു.

“ഇരച്ചു കയറുകയാണ്. ഒറ്റ മിനിട്ടിലാണിത്രയും വെള്ളമായത്.” അമ്മ അങ്കലാപ്പോടെ പറഞ്ഞു. അത് ശരിയാണെന്ന് പിന്നീടുള്ള ഏതാനും മിനിട്ടുകൊണ്ട് ഞങ്ങൾക്ക് മനസ്സിലായി. നിൽക്കുന്ന നിൽപ്പിൽ മുട്ടൊപ്പവും കവിഞ്ഞ് വെള്ളമുയർന്നു.

“സമയമില്ല. ഉള്ളതൊക്കെ മതി. രക്ഷപെടാം നമുക്കാദ്യം.” അതും പറഞ്ഞ് പപ്പ മുറിയിലേക്കോടി പാക്ക് ചെയ്തതത്രയും കൊണ്ട് തിരിച്ചുവന്നു.

അരയ്ക്കൊപ്പം വെള്ളത്തിൽ ഞങ്ങൾ ഞങ്ങളെ കരയുമായി ബന്ധിപ്പിക്കുന്ന ബണ്ട് ലക്ഷ്യമാക്കി ഇരുട്ടിൽ, മഴയിൽ, ടോർച്ചും കുടയുമായി നീന്തി. എങ്ങും മഴയുടെയും വെള്ളത്തിന്റെയും ശബ്ദം മാത്രം.

പപ്പ മുൻപേ നീന്തി. ഞാൻ പുറകിൽ, അമ്മ ഏറ്റവും പുറകിൽ. ബണ്ട് കാലുകൊണ്ട് തപ്പിപ്പിടിക്കണമായിരുന്നു.
“സൂക്ഷിച്ച്” പപ്പ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. എന്റെ ഉള്ള് ഭീതികൊണ്ടും തണുപ്പുകൊണ്ടും ആലിലപോലെ വിറയ്ക്കുന്നുമുണ്ടായിരുന്നു. സൂക്ഷിക്കാൻ പറഞ്ഞ പപ്പയാണ് പക്ഷേ വീണത്.

“പപ്പാ!” ഞാനലറി.

“അയ്യോ! ജോർജേട്ടാ!” അമ്മയുടെ ശബ്ദം മഴയിൽ പാതി മുങ്ങിപ്പോയി.

പപ്പയെ കാണുന്നുണ്ടായിരുന്നില്ല. എനിക്ക് ശബ്ദം വരുന്നുണ്ടായിരുന്നില്ല. അമ്മ ചിലമ്പിച്ച ശബ്ദത്തിൽ പപ്പയെ ഉറക്കെ വിളിച്ച് കരയുന്നുണ്ടായിരുന്നു. മുന്നിലേയ്ക്ക് നീങ്ങാനോ വെള്ളത്തിൽ മുങ്ങി പപ്പയെ അന്വേഷിക്കാനോ ഞങ്ങൾക്ക് കരുത്തില്ലെന്ന് എനിക്ക് തോന്നി. ടോർച്ച് പപ്പയുടെ കൈയ്യിലായിരുന്നു. അതും പപ്പയ്ക്കൊപ്പം മുങ്ങിപ്പോയിരുന്നു. പൂർണമായ ഇരുട്ടിലും മഴയിലും ഞങ്ങൾ പകച്ചുനിന്നു.

******************

ഒരുമിനിട്ടോളമെടുത്തു പപ്പ പൊങ്ങിവരാൻ.

“ബണ്ട് പൊട്ടി.” പപ്പ കിതച്ചുകൊണ്ട് പറഞ്ഞു.

ആദ്യം എനിക്കത് മനസ്സിലായില്ല. നമ്മളിനി എന്ത് ചെയ്യും എന്ന അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് സംഗതി എനിക്ക് കത്തിയത്. മലവെള്ളത്തിൽ ബണ്ട് പൊട്ടിയിരിക്കുന്നു. അക്കരയുമായി ബന്ധം മുറിഞ്ഞിരിക്കുന്നു. മുറിഞ്ഞിടത്താണ് പപ്പ മുങ്ങിപ്പോയത്. ഇപ്പോൾ ഇത് പൂർണമായുമൊരു തുരുത്താണ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത, പുറം ലോകത്തെത്താൻ യാതൊരു വഴിയുമില്ലാത്ത തുരുത്ത്.

പപ്പ ആലോചിക്കുകയായിരുന്നു. ആലോചിച്ചുനിൽക്കാൻ സമയവുമില്ലായിരുന്നു. വെള്ളം പെരുകി വയറിന്റെ പകുതിവരെ ആയിരിക്കുന്നു.

“ഒരു വഴിയുണ്ട്, വാ.” പപ്പ വീടിനു നേരെ നീന്തി. പപ്പയുടെ ബാഗുംടോർച്ചും മലവെള്ളത്തിൽ എവിടെയോ നഷ്ടപ്പെട്ടിരുന്നു. ഇരുളിൽ ഞാനും അമ്മയും തോളിലേറ്റിയ ബാഗുകളുമായി പപ്പയുടെ നിഴലിനെ പിന്തുടർന്നു.

പപ്പ പിന്നാമ്പുറത്തേക്കാണ് പോയത്. പകുതിമുങ്ങിയ വീടിന്റെ ഓരത്ത് ഷേഡിനടിയിൽ വിറയ്ക്കുന്ന എന്നെ ചേർത്തുപിടിച്ച് അമ്മയും വിറച്ചുനിന്നു. തിരിച്ചു വരുമ്പോൾ പപ്പയുടെ കൈയ്യിൽ ഏണി ഉണ്ടായിരുന്നു.

“നമുക്ക് മുകളിലേയ്ക്ക് കയറാം.” ഏണി വീടിന്റെ അരികിൽ ചാരിക്കൊണ്ട് പപ്പ പറഞ്ഞു. ഞാനണാദ്യം കയറിയത്. എന്റെ പുറകെ അമ്മയുണ്ടായിരുന്നു.
ടെറസിൽ മഴ നിർത്താതെ പെയ്യുകയായിരുന്നു. ഞങ്ങൾ മൂവരും മഴയുടെ താണ്ഡവം കണ്ട്, മഴയുടെ അലർച്ച കേട്ട് കോൺക്രീറ്റിനു മേലെ ഇരുന്നു. ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. എത്ര നേരം ഇരുന്നു എന്നോർമ്മയില്ല. അമ്മ എന്നെ ചേർത്ത് പിടിച്ചിരുന്നു. മഴയിൽ അമ്മയുടെ നനഞ്ഞ ഉടലിൽ നിന്ന് ആവി ഉയരുന്നത് ഞാനറിഞ്ഞു. അമ്മയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് ആ തോളിൽ തല ചായ്ച്ച് ഞാനിരുന്നു.

കാൽപ്പാദം പിന്നെയും വെള്ളത്തിൽ മൂടുന്നതും ചന്തി മുങ്ങിത്തുടങ്ങുന്നതുമറിഞ്ഞാണ് എല്ലാവരും മൌനത്തിൽ നിന്നുണർന്നത്. ടെറസിന്റെ അരയടി പൊക്കമുള്ള ഇഷ്ടികത്തിട്ട കവിഞ്ഞ് വെള്ളം കയറിവരുന്നു!

Leave a Reply

Your email address will not be published. Required fields are marked *