ഇത്രനേരവും ഞാൻ മാത്രം അനുഭവിച്ചു വന്ന ജീവഭയം പപ്പയെയും അമ്മയെയും ബാധിച്ചു തുടങ്ങിയതായി ഞാനറിഞ്ഞു.
“ജോർജ്ജേട്ടാ..” അമ്മ കരയുകയായിരുന്നു.
“നീ സമാധാനിക്ക്. നമുക്ക് വഴിയുണ്ടാക്കാം.” പപ്പ പറഞ്ഞു. പക്ഷേ ആ ശബ്ദം ദുർബലമായിരുന്നു എന്നെനിക്ക് തോന്നി.
“വഴിയുണ്ട്. വാ.” പപ്പ എഴുന്നേറ്റു. ഞങ്ങളും.
പപ്പ വാട്ടർടാങ്കിനു നേരെയാണ് നടന്നത്. 500 ലിറ്റർ വെള്ളം കൊള്ളുന്ന, വട്ടത്തിലുള്ള ആ കറുത്ത പിവിസി വാട്ടർടാങ്ക് അഞ്ചടി പൊക്കമുള്ള നാലു കോൺക്രീറ്റ് തൂണുകൾക്ക് മേലെയുള്ള തട്ടിലാണ് നിൽക്കുന്നത്.
“കേറ്” പപ്പ എന്നോട് പറഞ്ഞു.
“പക്ഷേ ഇതിലെങ്ങനെ?” അമ്മ സംശയവും വേവലാതിയും ഒരുമിച്ച് കലർത്തി.
“അതൊക്കെയുണ്ട്.” പപ്പ എന്നെ വാട്ടർടാങ്കിലേക്ക് എടുത്ത് കയറ്റിക്കൊണ്ട് പറഞ്ഞു.
“ഇനി നീയാ വെള്ളം തുറന്നുവിട് ശ്രീ..” പപ്പ തുടർന്നു.
ഞാൻ ടാങ്കിന്റെ സൈഡിൽ കുന്തിച്ചിരുന്ന് വാൽ വ് തുറന്ന് ടാങ്കിലെ വെള്ളം തുറന്നു വിട്ടു. കുറെ സമയം വേണമായിരുന്നു ടാങ്ക് കാലിയാകുവാൻ. ഞാൻ നോക്കുമ്പോൾ പപ്പ അരണ്ട വെട്ടത്തിൽ ടെറസിന്റെ മൂലയിൽ അടുക്കിവെച്ചിരുന്ന ഇഷ്ടികകൾ പെറുക്കിയെടുത്ത് ടാങ്കിരിക്കുന്ന തട്ടിനടിയിലേയ്ക്ക് കൊണ്ടുപോകുകയാണ്. ടെറസിലിപ്പോൾ വെള്ളം പപ്പയുടെ മുട്ടിനു താഴെ ഉണ്ടെന്ന് തോന്നുന്നു.
“ജോർജ്ജേട്ടനെന്താ ഉദ്ദേശിക്കുന്നെ?” അമ്മയുടെ ചോദ്യം അടിയിൽ നിന്ന് ഞാൻ കേട്ടു.
“നീ വാ.” പപ്പയുടെ മറുപടിയും കേട്ടു.
നോക്കുമ്പോൾ പപ്പ അമ്മയെ ആയാസപ്പെട്ട് ഉയർത്തുകയാണ്. ഞാൻ കൈ നീട്ടിക്കൊടുത്തു. അമ്മയെ വലിച്ച് എന്റെ അരികിൽ നിർത്തി.
“നിങ്ങൾ ടാങ്കിനുള്ളിൽ കയറിയിരിക്ക്. രണ്ടുപേർക്കൊക്കെ അതിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. ടാങ്കിന്റെ അടപ്പ് അടച്ചാൽ മഴ നനയില്ല. ഞാൻ ഈ കട്ടയടൂക്കി പൊക്കത്തിലാക്കിയിട്ട് അതിലിരിക്കും. ഒരാൾക്ക് കഷ്ടിച്ച് പൊക്കത്തിലിരിക്കാനുള്ള കട്ടയുണ്ട് ഇത്. ടാങ്കിനടിയിലായതുകൊണ്ട് നനയുകയുമില്ല.”
അമ്മയ്ക്ക് പപ്പയുടെ പ്ലാനിൽ എതിർപ്പും ആശങ്കയുമുണ്ടായിരുന്നു. പക്ഷേ മറ്റ് വഴികളൊന്നും ഇല്ലായെന്ന് ബോധ്യമായതിനാൽ അമ്മ മൌനം പാലിച്ചു. ഞാൻ ആദ്യം ടാങ്കിലേക്ക് വലിഞ്ഞു കയറി. അമ്മയ്ക്ക് കയറാൻ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാൻ വിചാരിച്ചതിലും ഭാരം അമ്മയ്ക്കുണ്ടെന്ന് ഞാനറിഞ്ഞു.
**********************
മഴ പെയ്തുകൊണ്ടിരുന്നു. ഞങ്ങളുടെ വാട്ടർ ടാങ്കിന്റെ നാലുകാലുകൾക്ക് ചുറ്റോട് ചുറ്റും വെള്ളം മാത്രം.
“നിങ്ങൾ ഓക്കെ അല്ലേ?” അടിയിൽ നിന്ന് പപ്പയുടെ ശബ്ദം മഴയ്ക്ക് മുകളിൽ കേട്ടു.
“ആ…” ഞാൻ ഉറക്കെ മൂളി.
“മലവെള്ളത്തിന്റെ വരവ് നിലച്ചെന്ന് തോന്നുന്നു. അരപ്പൊക്കം വരെ എത്തീട്ട് പിന്നെ കൂടീട്ടില്ല.” പപ്പ പറഞ്ഞു.
“നിങ്ങളെന്തിനാ വെള്ളത്തിലിറങ്ങണെ? ആ കട്ടയ്ക്ക് മേലെ ഇരുന്നാൽ പോരേ?” അമ്മ അല്പം ദേഷ്യത്തിൽ വിളിച്ചു ചോദിച്ചു.
“കട്ടേൽ തന്നെയാ. ഇവിടിരുന്നാലും വാട്ടർ ലെവൽ താഴെ അറിയാൻ പറ്റും.” പപ്പ പ്രതിവചിച്ചു.
“ഞാൻ സേഫാടീ.” മറുപടിയില്ലെന്ന് കണ്ട് പപ്പ ഒരു ഉറപ്പിനെന്ന പോലെ ഒരു നിമിഷം കഴിഞ്ഞ് വിളിച്ചു പറഞ്ഞു.
ഞങ്ങൾ ഇരിക്കുകയായിരുന്നു. മഴ അപ്പോഴും തുടർന്നുകൊണ്ടിരുന്നു. നനയാതിരിക്കാനും ടാങ്കിലേക്ക് വെള്ളം കയറാതിരിക്കാനും അമ്മ ടാങ്കിന്റെ വാ മൂടിയിരുന്നു. ചമ്രം പടിഞ്ഞിരിക്കുന്ന അമ്മയുടെ അരികിൽ തുടയോട് ചേർന്നുകിടന്ന് ഞാനാ മടിയിലേയ്ക്ക് തലവെച്ച് കിടന്നു. ഇത്രയും ഭീകരമായ ഒരു ദിവസം ഉണ്ടായിട്ടില്ല എന്ന് ഞാൻ ചിന്തിച്ചു. അമ്മയുടെ അരക്കെട്ടിൽ ഒരു ആശ്രയം പോലെ ചുറ്റിപ്പിടിച്ച് മടിയിൽ മുഖമമർത്തി ഞാൻ ഒരു ഗർഭസ്ഥ ശിശുവിനെ പോലെ കിടന്നു. മഴയുടെ ശബ്ദം മരണത്തിന്റെ ശബ്ദം പോലെ ആയിരുന്നു.
വാ മൂടിയതുകൊണ്ടാവണം, ടാങ്കിനുള്ളിൽ ആ മഴയിലും പെട്ടെന്ന് ചൂട് നിറഞ്ഞു. നനഞ്ഞ തുണികളിലേയ്ക്ക് വിയർപ്പും പടരുന്നത് ഞാനറിഞ്ഞു. എന്തോ പുഴുങ്ങുന്ന പോലെയുള്ള ഗന്ധം ടാങ്കിൽ നിറഞ്ഞു. ഞാൻ കണ്ണടച്ച് അമ്മയുടെ മടിയിലേയ്ക്ക് മുഖം കൂടുതൽ പൂഴ്ത്തി കിടന്നു. നനഞ്ഞ സാരിയിലൂടെ അമ്മയുടെ മടിയിൽ നിന്ന് ചൂടും ആവിയും വരുന്നെന്ന് ആ കിടപ്പിൽ ഞാനറിഞ്ഞു. അമ്മയുടെ ഇടതുകൈ എന്റെ മുടികൾക്കിടയിൽ സഞ്ചരിക്കുന്നുണ്ടായിരുന്നു. വലതുകൈയ്യിലെ വളകളുടെ നേർത്ത കിലുക്കത്തിൽ, ഇരുളിൽ എന്റെ കവിളിൽ വീഴുന്ന ഇക്കിളിയിൽ, അമ്മ വലം കൈയ്യാൽ സ്വന്തം മുടി ചിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. പേടിക്കും അരക്ഷിതാവസ്ഥയ്ക്കും ഇടയിലും പെട്ടെന്ന് ‘അമ്മയുടെ മുടിക്കെട്ടിൽ’ എന്ന കഥ ഓർത്തു. അമ്മയുടെ നിറഞ്ഞ മുടിയുമായി പ്രേമത്തിലാകുന്ന അതിലെ മകനെ ഓർത്തു. ഞാൻ മലർന്നു കിടന്നു.
