മഴപെയ്തനേരം – 2 56

മഴപെയ്തനേരം 2

Mazhapeithaneram Part 2 | Author : Sreekuttan

[ Previous Part ] [ www.kambi.pw ]


 

“പ്രണയത്താൽ നമുക്കൊരു പ്രപഞ്ചം തീർക്കാം,

അതിൽ നമുക്കൊരു ഭൂമി തീർക്കാം,

നമ്മുടെ സ്വപ്‌നങ്ങൾ കൊണ്ട് ആകാശം തീർക്കാം

നിൻ മിഴിതിളക്കം കൊണ്ട് താരകളെ തീർക്കാം

നിൻ പുഞ്ചിരികൊണ്ട് നിലാവ് തീർക്കാം

മെയ്യിലെ ചൂട് കൊണ്ട് ഋതുക്കളെ തീർക്കാം

ഓരോ ഋതുക്കളും നമുക്കായി തീർക്കാം

അതിൽ നമുക്ക് ജീവിതം തീർക്കാം”

നിള ഒരു പുഞ്ചിരിയോടെ അവളുടെ ഡയറിയിൽ എഴുതിയ വരികൾ ഒന്നുകൂടി നോക്കി ഡയറി അടച്ചു, അവൾ മുന്നിലിരുന്ന ബോക്സ്‌ തുറന്ന് ഏകമുഖ രുദ്രാക്ഷം കെട്ടിയ സ്വർണമാല പുറത്തെടുത്തു അതിൽ അപ്പു എന്ന് സ്വർണത്തിൽ കൊത്തിയിട്ടുണ്ടായിരുന്നു, അവൾ ആ രുദ്രാക്ഷത്തിലേക്ക് ചുണ്ട് ചേർത്തു,

“നാളെ നിന്റെ പിറന്നാളിന്, എന്റെ കണ്ണന്റെ മുന്നിൽ വച്ച് എന്റെ മനസ്സ് ഞാൻ തുറക്കും… എനിക്കറിയാം നിനക്കെന്നെ ജീവനാണെന്ന്, എങ്കിലും നിന്റെ നാവിൽ നിന്നും കേൾക്കാൻ ഒരു കൊതി…”

അവൾ അവളുടെ മൊബൈലിൽ അപ്പുവിന്റെ ഫോട്ടോ എടുത്ത് നോക്കികൊണ്ട് പറഞ്ഞു,

പതിയെ അതിലേക്കൊരു ഉമ്മ കൊടുത്തുകൊണ്ട്, സുന്ദര സ്വപ്നം കണ്ടുകൊണ്ട് പതിയെ നിദ്രയെ പുൽകി, അടുത്ത പ്രഭാതം അവൾക്കായി കരുതി വച്ചിരിക്കുന്നത് എന്തെന്നറിയാതെ…

🪶

രാവിലെ അപ്പുവിന്റെ കാറിന്റെ ഹോൺ കേട്ട് നിള ഉമ്മറത്തേക്ക് ഓടിയിറങ്ങി വന്നു, കറുത്ത ബ്ലൗസും കറുത്ത കരയുള്ള സെറ്റ് സാരിയുടുത്ത് നല്ല ഭംഗിയായി ഒരുങ്ങി അതിസുന്ദരിയായിരുന്നു അവൾ, അവൾ മാഷിനോട് യാത്രപറഞ്ഞു കാറിനടുത്തേക്ക് വേഗത്തിൽ നടന്നു,

ഡ്രൈവിംഗ് സീറ്റിൽ അപ്പുവും, കോഡ്രൈവർ സീറ്റിൽ ചന്തുവും ഇരുന്ന് അവളെ വാ പൊളിച്ചു നോക്കുന്നുണ്ടായിരുന്നു,

“ആഹാ… നീയുമുണ്ടായിരുന്നോ…? എന്താടാ ഇങ്ങനെ തുറിച്ചു നോക്കുന്നത്…?”

നിള ചന്തുവിന്റെ തലയിൽ കൊട്ടിക്കൊണ്ട് ചോദിച്ചു

“എന്ത് ഭംഗിയാ നിളേച്ചി നിന്നേ കാണാൻ… ഇതിപ്പോ കണ്ണന് ഭാര്യമാർ പതിനാറായിരത്തിഒൻപത് ആകൂല്ലോ…”

ചന്തു ചിരിച്ചുകൊണ്ട് പറഞ്ഞു

“ദൈവദോഷം പറയാതെടാ കൊരങ്ങാ…”

നിള അവന്റെ കയ്യിലൊരു അടികൊടുത്തുകൊണ്ട് പറഞ്ഞിട്ട്, കാറിലേക്ക് കയറി,

അവൾ അപ്പുവിനെ നോക്കി, അവളെ നോക്കി ഇമയനക്കാതെ ഇരിക്കുന്നുണ്ട്, അവന്റെ നോട്ടം കണ്ട് അവളുടെ ചുണ്ടിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി മിന്നി മാഞ്ഞുപോയി,

‘ചുള്ളനായിട്ടുണ്ട് ചെക്കൻ… ന്റെ കണ്ണാ കണ്ട്രോൾ തരണേ…’

അവൾ മനസ്സിൽ പ്രാർത്ഥിച്ചു

അപ്പുവും അവളെ നോക്കി ചിരിച്ച് അടിപൊളി എന്ന് ആംഗ്യം കാണിച്ചു, അവളുടെ മുഖം തെളിഞ്ഞു, വണ്ടി മുന്നോട്ടെടുത്തു,

ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ കാർ നിർത്തി നിളയും ചന്തുവും ഇറങ്ങി, വണ്ടി പാർക്ക്‌ ചെയ്യാൻ അപ്പു പോയി,

“നിളേച്ചി… നീ രണ്ടും കല്പ്പിച്ചു തന്നയാ അല്ലെ…?”

ഒരു കുസൃതി ചിരിയോടെ ചന്തു ചോദിച്ചു

അതിന് അവളൊന്ന് പുഞ്ചിരിച്ച് തലതാഴ്ത്തി

“ദേ… ഇന്ന് പറഞ്ഞെല്ലാം സെറ്റ് ആക്കിക്കോണം… പറഞ്ഞേക്കാം…”

അവൻ വീണ്ടും പറഞ്ഞു

“ടാ ചന്തു, എനിക്ക് വല്ലാത്തൊരു ടെൻഷൻ, നീയെന്റെ കൂടെത്തന്നെ നിൽക്കണേടാ…”

അവൾ ഒരപേക്ഷപോലെ അവനോട് പറഞ്ഞു

“ഞാനെന്തിനാ നിളേച്ചി… നീ ചെന്ന് അവനോട് കാര്യം പറ… അന്യനൊന്നുമല്ലല്ലോ, നമ്മുടെ അപ്പുവല്ലേ, മാത്രോല്ല നീയെന്ന് വച്ചാ അവന് ജീവനാ… നിനക്ക് അവനോടുള്ളപോലൊരു ഇഷ്ടം അവന് നിന്നോടുമുണ്ട്… അത് എനിക്കറിയാം…. പിന്നേ നിനക്കും ഉറപ്പുണ്ടല്ലോ നിനക്ക് അവനോടുള്ളപ്പോലൊരിഷ്ടം അവന് നിന്നോടും ഉണ്ടേന്ന്…? പിന്നെന്താ…?”

അവളപ്പോഴും ഒരു ടെൻഷനോടെ ചുറ്റും നോക്കി

“നിളേച്ചി പേടിക്കേണ്ടന്നേ… നമ്മുടെ കണ്ണന്റെ മുന്നിലല്ലേ… എല്ലാം നല്ലതുപോലെ നടക്കും… കണ്ണൻ എല്ലാം നല്ലപോലെ നടത്തിത്തരും… ധൈര്യമായിട്ട് പൊയ്ക്കോ… വേണേൽ ഒരു കുടം വെണ്ണ നേർന്നേക്ക്…”

അവൻ അവളോട് പറഞ്ഞു, അപ്പോഴേക്കും അപ്പുവും അവരുടെ അടുത്തേക്ക് വന്നിരുന്നു, അവർ അകത്തേക്ക് നടന്നു

“നിങ്ങൾ കേറിക്കോ ഞാൻ പിറകെ വന്നേക്കാം…”

ചന്തു അവരോട് പറഞ്ഞു, അത് കേട്ട് നിള അവനെ ദയനീയമായി നോക്കി, അവൻ അവളെ കണ്ണടച്ചു കാണിച്ചു

“അതെന്തിനാ… നമ്മളൊരുമിച്ചല്ലേ വന്നത്, അപ്പൊ ഒരുമിച്ചു കയറാം…”

അപ്പു അവനോട്‌ പറഞ്ഞു, നിള അപ്പോഴും അവനെ കൂടെ വരാൻ കണ്ണുകൾക്കൊണ്ട് ദയനീയമായി അപേക്ഷിച്ചു, പിന്നീട് ഒന്നും മിണ്ടാതെ ചന്തു അവരോടൊപ്പം ക്ഷേത്രത്തിലേക്ക് കയറി,

അകത്ത് കയറി വഴിപാട് കുറിപ്പിച്ച്, കണ്ണന് മുന്നിൽ അവർ കണ്ണടച്ച് തൊഴുതു നിന്നു,

‘എന്റെ കണ്ണാ… ഒരിക്കലും എന്നെ നീ കൈവിട്ടിട്ടില്ല, നിന്റെ മുന്നിൽ എന്റെ അപ്പൂട്ടന്റെ താലിയണിഞ്ഞു അവനാൽ സീമന്തരേഖ ചുവപ്പിച്ച്, എന്റെ അപ്പൂട്ടന്റെ മാത്രമായി എനിക്ക് നിന്നെ തൊഴുത് നിൽക്കണം എന്ന് മാത്രമേ ഇപ്പൊ എനിക്കാഗ്രഹമുള്ളൂ, അത് നീ സാധിച്ചു തരണേ കണ്ണാ….’

നിള കണ്ണടച്ച് നിശബ്ദമായി പ്രാർത്ഥിച്ചു നിന്നു,

തിരുമേനി വഴിപാടിന്റെ പേര് വിളിക്കുമ്പോഴാണ് അവൾ കണ്ണ് തുറന്നത്, പൂജിച്ചു വാങ്ങിയ ഏകമുഖ രുദ്രാക്ഷ മാല കണ്ണനെ നോക്കി തൊഴുതുകൊണ്ട് നിള അപ്പുവിന്റെ കഴുത്തിൽ ഇട്ടുകൊടുത്തു, അപ്പുവെന്ന് സ്വർണത്തിൽ എഴുതിയിരിക്കുന്നത് കണ്ട് അവന്റെ കണ്ണൊന്നു തിളങ്ങി, അപ്പു അതിശയത്തോടെ ആ മാലയിൽ നോക്കി നിൽക്കുമ്പോൾ, അവന്റെ നെറ്റിയിൽ നിള വരച്ച ചന്ദനത്തിന്റെ തണുപ്പ് പടർന്നിരുന്നു

“എന്റെ അപ്പൂട്ടന് ഒരായിരം പിറന്നാൾ ആശംസകൾ…”

നിള അവനോടായി പറഞ്ഞു, അതിന് മറുപടിയായി അപ്പു ചിരിച്ചുകൊണ്ട് അവളുടെ കവിളുകളിൽ ഒന്ന് പിടിച്ച് വിട്ടു, അവൾ വല്ലാത്ത ഭാവത്തോടെ അവനെത്തന്നെ നോക്കി നിൽക്കുമ്പോൾ ചന്തു അവളുടെ കയ്യിൽ അവന്റെ കൈകൊണ്ട് പതിയെ തട്ടി, നിള ഞെട്ടി അവനെ നോക്കിയപ്പോൾ അപ്പുവിനെ കണ്ണുകൊണ്ട് കാണിച്ചു കാര്യം പറയാൻ പറഞ്ഞിട്ട് അവൻ പ്രദക്ഷിണത്തിനായി പോയി, അവർ അമ്പലത്തിൽ നിന്നും പുറത്തിറങ്ങി,

“അപ്പൂട്ടാ… എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…”

നിള എങ്ങനെയോ പറഞ്ഞൊപ്പിച്ചു

“നിളേച്ചി… എനിക്കും നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു…”

അപ്പുവും വല്ലാത്ത സ്വരത്തിൽ അവളോട് പറഞ്ഞു

“ന്താ…??”

നിള ചോദിച്ചു, അവളുടെ മുഖം വിടർന്നിരുന്നു, അവളെന്ത് ആഗ്രഹിച്ച് വന്നുവോ… എന്ത് കേക്കാൻ കൊതിച്ചുവോ അത് അവന്റെ വായിൽനിന്നും കേൾക്കാൻ പോകുന്നു എന്ന സന്തോഷത്തോടെ അവളുടെ ഉള്ള് തുടിച്ചു,

“പറയാം… ചന്തുവും കൂടെ വരട്ടെ… നീളേച്ചിക്കെന്താ പറയാനുള്ളത്…?”

അവൻ ചോദിച്ചു

“അത്… പിന്നെ… ചന്തുകൂടി വന്നോട്ടെ… എന്നിട്ട് പറയാം…”

അവൾ പരിഭ്രമത്തോടെ പറഞ്ഞു

പ്രദക്ഷിണം കഴിഞ്ഞ് ചന്തു അവരുടെ അടുത്തെത്തി, രണ്ടുപേരും ടെൻഷനോട് നിൽക്കുന്നത് കണ്ടിട്ട് അവന് ചിരി വന്നു

Leave a Reply

Your email address will not be published. Required fields are marked *