മഴപെയ്തനേരം – 2 60

ശോഭ അവന് ചോറ് വിളമ്പി, വെള്ളചീര തോരനും അയലക്കറിയും രസവും, അവൻ രുചിയോടെ വാരിയുണ്ടു…

“എന്തൊക്കെപ്പറഞ്ഞാലും ശോഭക്കുട്ടീടെ കൈപ്പുണ്യം… ഹോ… ഒരു രക്ഷേമില്ല…”

അവൻ ശോഭയെ ഒന്ന് പുകഴ്ത്തി,

ശോഭ പുഞ്ചിരിയോടെ അവനെ നോക്കിയിരുന്നു

“ഇതെല്ലാക്കാലോം നടക്കില്ല… എനിക്ക് വയസ്സായി വരുവാ… ഇനി നീ ഒരു കല്യാണം കഴിച്ച്… അവളോട് പറ നിനക്കിഷ്ടപ്പെട്ടതെല്ലാം വച്ചുണ്ടാക്കിത്തരാൻ…”

ശോഭ അവന്റെ പ്ളേറ്റിലേക്ക് രസം ഒഴിച്ചുകൊണ്ട് പറഞ്ഞു,

അപ്പു ഒരു നിമിഷം ആലോചിച്ചു, അവൻ ഭക്ഷണം കഴിച്ച്കഴിഞ്ഞ് തിരികെ ശോഭയുടെ അടുത്തേക്ക് അപ്പു വന്നിരുന്നു,

“അമ്മേ… ഞാനൊരു കാര്യം പറയട്ടെ…?”

അവൻ മുഖവരയിട്ടു, അതിന് ശോഭ അവന്റെ മുഖത്തേക്ക് നോക്കി

“എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ്… അവളുടെ വീട്ടിലും വേറെ പ്രശ്നങ്ങളൊന്നുമില്ല… നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാണെങ്കിൽ അവളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട് എനിക്ക്…”

അവൻ പറഞ്ഞു, അത് കേട്ട് ശോഭ ഒരു നിമിഷം ആലോചിച്ചു

“ഏതാ പെൺകുട്ടി…?”

ശോഭ ചോദിച്ചു

“അത്… തെക്കേമുറ്റത്തെ പ്രസാദ് ഇല്ലേ… അയാളുടെ മകളാണ്… നന്ദന…”

അവൻ പറഞ്ഞു

ശോഭ ഒരു നിമിഷം അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി, പിന്നീട് പറഞ്ഞു

“അത് നടക്കില്ല… നിനക്കുള്ള പെണ്ണിനേ ഞാൻ നോക്കി വച്ചിട്ടുണ്ട്, സമയമാകുമ്പോൾ പറയാന്ന് കരുതിയിരിക്കുകയായിരുന്നു, എന്റെ മരുമകളായിട്ട് അവള് മാത്രേ ഈ വീടിന്റെ പാടി കയറു…”

ശോഭ ഗൗരവത്തിൽ തന്നെ പറഞ്ഞു

അമ്മയുടെ ശബ്ദത്തിലെ ഗൗരവവും വാക്കുകളും കേട്ട് ഒരു നിമിഷം അപ്പുവും അന്തംവിട്ടു

“അമ്മേ.. നന്ദന നല്ല കുട്ടിയാ അമ്മേ… കാണാനും തെറ്റില്ല…”

അപ്പു പറഞ്ഞു

“എത്ര നല്ല കുട്ടിയായാലും വേണ്ട… എന്റെ സമ്മതത്തോടെ ഇത് നടക്കില്ല…”

ശോഭ കട്ടായം പറഞ്ഞുകൊണ്ട് എഴുന്നേറ്റു,

അപ്പു ഒന്ന് തറഞ്ഞു നിന്നു

“അമ്മേ ഞാൻ എന്റെ ഇഷ്ടം പറഞ്ഞു, അമ്മയ്ക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട, വിട്ടേക്ക്, പക്ഷേ വേറെ ഒരു പെൺകുട്ടിയെയും എന്റെ കൂടെ ചേർക്കാൻ ആരും നോക്കണ്ട…”

അടുക്കളയിൽ ആയിരുന്ന ശോഭയോട് അടുക്കള വാതിലിൽ വന്ന് നിന്ന് അപ്പു പറഞ്ഞിട്ട്, അവന്റെ മുറിയിലേക്ക് പോയി, ശോഭ ഒന്ന് അവൻ പോയ വഴി തിരിഞ്ഞു നോക്കിയതിനു ശേഷം തന്റെ ജോലിയിലേക്ക് തിരിഞ്ഞു,

🪶

പിന്നീടുള്ള ദിവസങ്ങളിൽ അപ്പു മുഖം വീർപ്പിച്ച് തന്നെ നടന്നു, ശോഭ ചോദിക്കുന്നതിന് ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരം പറഞ്ഞു, അവന്റെ പെരുമാറ്റം ശോഭയുടെ ഉള്ളിൽ വിഷമം ഉണ്ടാക്കി, പിന്നീട് നിള വീട്ടിലേക്ക് വന്നപ്പോൾ അവളോട് കാര്യങ്ങൾ പറഞ്ഞു, ആ സംസാരം നിളയിൽ വേദനയുണ്ടാക്കിയെങ്കിലും, അവൾ അത് പുറത്തുകാണിക്കാതെ നിന്നു

“അപ്പൂന് അതാണിഷ്ടമെങ്കിൽ അതങ്ങ് സമ്മതിക്ക് ശോഭാമ്മേ… എന്തിനാ അവനെ വിഷമിപ്പിക്കുന്നെ…?”

അവൾ മനസ്സിലെ വേദന പുറത്തുകാണിക്കാതെ ശോഭയോട് പറഞ്ഞു

“അപ്പൊ മോള് പറയുന്നത് അവന്റെ ഇഷ്ടം നടത്തിക്കൊടുക്കാനാണോ…?”

ശോഭ കണ്ണ് കൂർപ്പിച്ച് അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു

ശോഭയുടെ നോട്ടം താങ്ങാനാവാതെ അവൾ തല കുനിച്ചുകൊണ്ട് തലയാട്ടി,

“എന്റെ മുഖത്ത് നോക്കിപ്പറ മോളെ… നിനക്ക് സമ്മതമാണോ അവന്റെ ഇഷ്ടം നടത്തിക്കൊടുക്കാൻ…”

ശോഭയുടെ വാക്കുകളിലെ ഗൗരവം ഒരു നിമിഷം നിളയെ അമ്പരിപ്പിച്ചെങ്കിലും, അവൾ പതിയെ അതേ എന്ന് തലയാട്ടി

“അപ്പൊ… എന്റെ മോൾടെ സന്തോഷം… അത് ഞാനോർക്കണ്ടേ…”

അവളുടെ തലയിൽ തഴുകിക്കൊണ്ട് അത് പറയുമ്പോൾ ശോഭയ്ക്ക് ശബ്ദം ഇടറിയിരുന്നു അവരുടെ കണ്ണുകൾ നിറഞ്ഞു, നിള അമ്പരപ്പോടെ ശോഭയെ നോക്കി,

“അമ്മയ്ക്കറിയാം എന്റെ മോള്, എന്ത് മാത്രം അവനെ ഇഷ്ടപെടുന്നുണ്ടെന്ന്… അതിലുപരി ഈ അമ്മ കൊതിച്ചുപോയി എന്റെ മോളെ അവന്റെ പാതിയായി…”

ശോഭ പൊട്ടിക്കരച്ചിലോടെ അവളെ നെഞ്ചോട് ചേർത്തു

നിളയും കരയുന്നുണ്ടായിരുന്നു, തന്റെ വേദനകളെല്ലാം ഇറക്കി വയ്ക്കാൻ അവളൊരു ചുമൽ കൊതിച്ചിരുന്നു, അവളുടെ സങ്കടം കണ്ണീരായി ശോഭയുടെ ചുമലിൽ പതിച്ചു,

Leave a Reply

Your email address will not be published. Required fields are marked *