“നിങ്ങൾ കേറിക്കോ ഞാൻ പിറകെ വന്നേക്കാം…”
ചന്തു അവരോട് പറഞ്ഞു, അത് കേട്ട് നിള അവനെ ദയനീയമായി നോക്കി, അവൻ അവളെ കണ്ണടച്ചു കാണിച്ചു
“അതെന്തിനാ… നമ്മളൊരുമിച്ചല്ലേ വന്നത്, അപ്പൊ ഒരുമിച്ചു കയറാം…”
അപ്പു അവനോട് പറഞ്ഞു, നിള അപ്പോഴും അവനെ കൂടെ വരാൻ കണ്ണുകൾക്കൊണ്ട് ദയനീയമായി അപേക്ഷിച്ചു, പിന്നീട് ഒന്നും മിണ്ടാതെ ചന്തു അവരോടൊപ്പം ക്ഷേത്രത്തിലേക്ക് കയറി,
അകത്ത് കയറി വഴിപാട് കുറിപ്പിച്ച്, കണ്ണന് മുന്നിൽ അവർ കണ്ണടച്ച് തൊഴുതു നിന്നു,
‘എന്റെ കണ്ണാ… ഒരിക്കലും എന്നെ നീ കൈവിട്ടിട്ടില്ല, നിന്റെ മുന്നിൽ എന്റെ അപ്പൂട്ടന്റെ താലിയണിഞ്ഞു അവനാൽ സീമന്തരേഖ ചുവപ്പിച്ച്, എന്റെ അപ്പൂട്ടന്റെ മാത്രമായി എനിക്ക് നിന്നെ തൊഴുത് നിൽക്കണം എന്ന് മാത്രമേ ഇപ്പൊ എനിക്കാഗ്രഹമുള്ളൂ, അത് നീ സാധിച്ചു തരണേ കണ്ണാ….’
നിള കണ്ണടച്ച് നിശബ്ദമായി പ്രാർത്ഥിച്ചു നിന്നു,
തിരുമേനി വഴിപാടിന്റെ പേര് വിളിക്കുമ്പോഴാണ് അവൾ കണ്ണ് തുറന്നത്, പൂജിച്ചു വാങ്ങിയ ഏകമുഖ രുദ്രാക്ഷ മാല കണ്ണനെ നോക്കി തൊഴുതുകൊണ്ട് നിള അപ്പുവിന്റെ കഴുത്തിൽ ഇട്ടുകൊടുത്തു, അപ്പുവെന്ന് സ്വർണത്തിൽ എഴുതിയിരിക്കുന്നത് കണ്ട് അവന്റെ കണ്ണൊന്നു തിളങ്ങി, അപ്പു അതിശയത്തോടെ ആ മാലയിൽ നോക്കി നിൽക്കുമ്പോൾ, അവന്റെ നെറ്റിയിൽ നിള വരച്ച ചന്ദനത്തിന്റെ തണുപ്പ് പടർന്നിരുന്നു
“എന്റെ അപ്പൂട്ടന് ഒരായിരം പിറന്നാൾ ആശംസകൾ…”
നിള അവനോടായി പറഞ്ഞു, അതിന് മറുപടിയായി അപ്പു ചിരിച്ചുകൊണ്ട് അവളുടെ കവിളുകളിൽ ഒന്ന് പിടിച്ച് വിട്ടു, അവൾ വല്ലാത്ത ഭാവത്തോടെ അവനെത്തന്നെ നോക്കി നിൽക്കുമ്പോൾ ചന്തു അവളുടെ കയ്യിൽ അവന്റെ കൈകൊണ്ട് പതിയെ തട്ടി, നിള ഞെട്ടി അവനെ നോക്കിയപ്പോൾ അപ്പുവിനെ കണ്ണുകൊണ്ട് കാണിച്ചു കാര്യം പറയാൻ പറഞ്ഞിട്ട് അവൻ പ്രദക്ഷിണത്തിനായി പോയി, അവർ അമ്പലത്തിൽ നിന്നും പുറത്തിറങ്ങി,
“അപ്പൂട്ടാ… എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…”
നിള എങ്ങനെയോ പറഞ്ഞൊപ്പിച്ചു
“നിളേച്ചി… എനിക്കും നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു…”
അപ്പുവും വല്ലാത്ത സ്വരത്തിൽ അവളോട് പറഞ്ഞു
“ന്താ…??”
നിള ചോദിച്ചു, അവളുടെ മുഖം വിടർന്നിരുന്നു, അവളെന്ത് ആഗ്രഹിച്ച് വന്നുവോ… എന്ത് കേക്കാൻ കൊതിച്ചുവോ അത് അവന്റെ വായിൽനിന്നും കേൾക്കാൻ പോകുന്നു എന്ന സന്തോഷത്തോടെ അവളുടെ ഉള്ള് തുടിച്ചു,
“പറയാം… ചന്തുവും കൂടെ വരട്ടെ… നീളേച്ചിക്കെന്താ പറയാനുള്ളത്…?”
അവൻ ചോദിച്ചു
“അത്… പിന്നെ… ചന്തുകൂടി വന്നോട്ടെ… എന്നിട്ട് പറയാം…”
അവൾ പരിഭ്രമത്തോടെ പറഞ്ഞു
പ്രദക്ഷിണം കഴിഞ്ഞ് ചന്തു അവരുടെ അടുത്തെത്തി, രണ്ടുപേരും ടെൻഷനോട് നിൽക്കുന്നത് കണ്ടിട്ട് അവന് ചിരി വന്നു
“ആ ചന്തു വന്നല്ലോ… അപ്പൊ നീളേച്ചി കാര്യം പറഞ്ഞോ…”
അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു
“അത് വേണ്ട അപ്പൂട്ടൻ പറ…”
അവളും സന്തോഷത്തോടെ അപ്പുവിന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു,
അപ്പു ഒരു ദീർഘനിശ്വാസം എടുത്തു,
“നിങ്ങക്കറിയാലോ എന്റെ ജീവിതത്തിൽ ഞാൻ എന്ത് തീരുമാനിച്ചാലും ആദ്യം പറയുന്നത് നിങ്ങളോടാണ്, അതുപോലെ ഇപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം പറയാനാണ് ഇപ്പൊ ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്, വേറൊന്നുമല്ല എനിക്കൊരു ഒരാളെ ഇഷ്ടമാണ്, അവളെ എന്റെ ജീവിതത്തിലേക്ക് കൂട്ടണം എന്നൊരു ആഗ്രഹം ഉണ്ട്,…”
അത് കേട്ടതും നിളയുടെ ഉള്ളിൽ സന്തോഷക്കടൽ ഇരമ്പിയാർത്തു… ചന്തു ഒരു പുഞ്ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി,
“അത് പറയുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് ഒരൂഹവുമില്ല…”
അവനൊന്ന് നിർത്തി
“എന്നാലും കള്ള കാമുകാ… നീയിത് ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോ…. എനിക്ക് സന്തോഷേ ഉള്ളു, ഇതിങ്ങനെതന്നെ നടക്കുമെന്ന് എനിക്കറിയാരുന്നു, ഒരാളുടെ കണ്ണിലെ പ്രണയം ഞാൻ കണ്ടിരുന്നു, അത് ആത്മാർത്ഥമാണെന്ന് എനിക്കറിയാമായിരുന്നു, അതുകൊണ്ട് എനിക്ക് സന്തോഷേ ഉള്ളു….”
ചന്തു നിളയെ നോക്കി പറഞ്ഞു, നിളയും നാണത്തോടെ തലകുനിച്ച് നിന്നു
