മഴപെയ്തനേരം – 2 60

അപ്പു ചന്തുവിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു

“വിഡ്രാ… നീയെന്താ പറഞ്ഞേ ഞാൻ നിനക്ക് വെറും കൂട്ടുകാരൻ മാത്രമാണെന്നോ… എന്നാ നീയും അറിഞ്ഞോ… ഇവളെ നീ കെട്ടില്ല… കെട്ടാൻ ഞാൻ സമ്മതിക്കില്ല… നിനക്ക് ഞാൻ വെറും കൂട്ടുകാരനാണല്ലേ…?, പക്ഷേ നീയെനിക്കങ്ങനല്ല… ഓർമവച്ച കാലം മുതൽ നിന്റെ കൂടെ നടക്കുന്നതാ… എന്റെ മനസ്സിൽ നീയെനിക്ക് ഞാൻ തന്നെയാ, നിനക്ക് നൊന്താൽ എനിക്കും നോവും… നീ നിന്റെ മനസാക്ഷിയെ വഞ്ചിക്കുകയാണിപ്പോ… നിനക്ക് നെഞ്ചിൽ കൈവച്ചു പറയാൻ പറ്റോ നിന്റെ മനസ്സിൽ ഇവളാണെന്ന്… ഇല്ല… ഒരിക്കലും പറ്റില്ല… കാരണം നിന്റെ മനസ്സിൽ ഒരേ ഒരു പെണ്ണേ ഉള്ളു, അവൾക്കേ നിന്റെ ജീവിതത്തിൽ ഇടമുള്ളു അത് ആരാണെന്ന് എനിക്കറിയാം, നിന്റെ കണ്ണിവൾ കെട്ടിയേക്കുവാ അതുകൊണ്ട് നല്ലതും ചീത്തയും നിനക്ക് തിരിച്ചറിയാൻ പറ്റില്ല, പക്ഷേ ഇവളെ കെട്ടാൻ ഞാൻ സമ്മതിക്കില്ല ഇതെന്റൊരു വാശിയായി കൂട്ടിക്കോ…”

അപ്പുവിന്റെ കൈ പിടിച്ച് മാറ്റിയിട്ട് പറയുമ്പോൾ അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങിയിരുന്നു

എല്ലാം കണ്ട് ഹൃദയം തകർന്ന് നിൽക്കുന്ന നിളയുടെ കയ്യിൽ പിടിച്ചുകൊണ്ടു ചന്തു പുറത്തേക്ക് പോയി, ഒരു പാവയെപ്പോലെ നിള ചന്തുവിന്റെ പിന്നാലെ നടന്നു, ഒരു നിമിഷത്തെ അവിവേകത്താൽ ചെയ്തുപോയത് അപ്പുവിന്റെ മനസിലും ഉണ്ടായിരുന്നു, അവനും വല്ലാത്ത ഭാവത്തോടെ അവരെ നോക്കി നിന്നു,

🪶

ക്ഷേത്രത്തിനു മുന്നിൽനിന്നും കിട്ടിയ ഓട്ടോയിൽ ഇരിക്കുമ്പോഴും നിളയുടെ മനസ്സിൽ കുറച്ച് മുൻപ് നടന്നതെല്ലാം ഒരു സ്വപ്നം പോലെ തെളിയുന്നുണ്ടായിരുന്നു, അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ എത്ര തടഞ്ഞിട്ടും ഒഴികിയിറങ്ങി, ചന്തുവും മറ്റെന്തോ ചിന്തിച്ച് സീറ്റിൽ ചാരി കിടന്നു

വീട്ടുപടിക്കൽ എത്തിയിട്ടും ഇറങ്ങാതെ എന്തോ ആലോചിച്ച് ഇരിക്കുന്ന നിളയെ ചന്തു തട്ടി വിളിച്ചു, ഒന്ന് ഞെട്ടി നിള ചുറ്റും നോക്കി പിന്നെ പതിയെ പുറത്തിറങ്ങി, ചന്തു ഓട്ടോക്കാരന് കാശ് കൊടുത്ത് നോക്കുമ്പോൾ, ഒരു യന്ത്രത്തെപ്പോലെ വീടിനടുത്തേക്ക് നടക്കുന്ന നിളയെ ആണ് കാണുന്നത്, ചന്തുവിന് വല്ലാത്ത സങ്കടം തോന്നി,

“നീളേച്ചി…”

അവൻ വിളിക്കുന്ന കേട്ട് നിള ഒരുനിമിഷം നിന്നു, ചന്തു ഓടി അവളുടെ അടുത്തെത്തി,

“നീളേച്ചി… ഇതൊന്നും ആലോചിച്ച് മനസ്സ് വിഷമിപ്പിക്കരുത്… എല്ലാം ശരിയാകും, ഇല്ലേ നമ്മള് ശരിയാക്കും, അപ്പുവിപ്പോ ആ രാക്ഷസ്സിയുടെ വലയത്തിലാണ്, അവൻ എല്ലാം മനസിലാക്കും അന്ന് അവൻ നമുക്കരികിലേക്ക് വരും നോക്കിക്കോ… നിന്റെ സ്നേഹം സത്യമാണെന്ന് എനിക്കും നിനക്കും ഉറപ്പുണ്ട്, അതുപോലെ അവന്റെയുള്ളിലും നീയുണ്ട് അത് നൂറ് ശതമാനം ഉറപ്പാണ്, എല്ലാം കാലം തെളിയിക്കും, അത്കൊണ്ട് അവനെ നിനക്ക് തിരിച്ചുകിട്ടും നോക്കിക്കോ…”

ചന്തു അവളോട് പറഞ്ഞു, അതിന് മറുപടിയായി അവൾ വിളറിയ ഒരു ചിരി സമ്മാനിച്ചു മുന്നോട്ട് നടന്നു

“നീളേച്ചി…”

ചന്തു ഒരു വേവലാതി വാക്കിൽ നിറച്ചു അവളെ വിളിച്ചു

“നീ പേടിക്കണ്ട ചന്തു, ഞാൻ അവിവേകമൊന്നും കാണിക്കില്ല, അങ്ങനെ ചെയ്താൽ എന്റെ മാഷിന് ആരുമില്ലാതാകും… എനിക്കറിയാം, പക്ഷേ ചങ്കിൽ ഒരു വാള് കുത്തിക്കയറിയ വേദനയുണ്ട്, അത് മാറ്റി തരാൻ കണ്ണനോട് ഞാനപേക്ഷിക്കാം… നീ പൊയ്ക്കോ…”

അവളൊന്ന് വിതുമ്പിക്കൊണ്ട് പറഞ്ഞു, എന്നിട്ടും അവളെത്തന്നെ നോക്കി നിൽക്കുന്ന ചന്തുവിനെക്കണ്ട് അവൾ അവനെ നോക്കി

“പൊയ്ക്കോടാ… നീ പേടിക്കണ്ട… പിന്നേ… ഇതൊന്നും മാഷ് അറിയണ്ട കേട്ടോ…”

അവൾ പറഞ്ഞിട്ട് വീടിനുള്ളിലേക്ക് നടന്നു

ചന്തു ഒരു ദീർഘനിശ്വാസം വിട്ട് പുറത്തേക്കും

🪶

നന്ദനയുമായി തിരികെ വരുമ്പോൾ അപ്പുവിന്റെ മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു, തന്നോട് ഏറ്റവും അടുപ്പമുള്ളവൻ, തന്റെ കൂട്ടുകാരൻ അല്ല… തന്റെ സഹോദരൻ തനിക്ക് വേണ്ടി ജീവൻ പോലും കളയാൻ മടിക്കാത്തവൻ… അവനെയാണ് താനിന്ന് അത്രേം ആളുകളുടെ മുന്നിൽ വച്ച് തല്ലിയത്, ഏതോ ഒരു നിമിഷത്തിൽ കാര്യങ്ങൾ കൈ വിട്ടുപോയി, നിളേച്ചിപോലും തന്നെ വെറുത്തുപോയിരിക്കാം, അവൻ ആലോചിച്ചു, ഇപ്പൊ തനിക്ക് ആരുമില്ല, താൻ തനിച്ചാണ്, ഏതോ കൊടുംകാട്ടിൽ തനിച്ചായവനെപ്പോലെ തോന്നുന്നു, അവന്റെ കണ്ണ് നിറഞ്ഞിരുന്നു നന്ദനയുടെ വീടിനു മുന്നിൽ കാറ് നിർത്തി, നന്ദന അപ്പോഴും സന്തോഷത്തോടെ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *