കാർ പോയതും നിള അത് പോയ വഴി ഒന്ന് തിരിഞ്ഞുനോക്കി, പിന്നീട് നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് സ്കൂളിലേക്ക് നടന്നു
🪶
നിള സ്റ്റാഫ് റൂമിലേക്ക് ചെല്ലുമ്പോൾ കവിതയുണ്ടായിരുന്നു അവിടെ,
“ആ നിളക്കുട്ടി വന്നോ…? ഞാൻ വിചാരിച്ചു ഇങ്ങോട്ടിനി വരവുണ്ടാകില്ലെന്ന്…”
അവൾ കളിയായി പറഞ്ഞു
നിള ഒന്നും മിണ്ടാതെ പുഞ്ചിരിച്ചുകൊണ്ട് സീറ്റിലിരുന്നു,
കവിത അവളെത്തന്നെ നോക്കിയിരുന്നു, അവളുടെ മുഖത്തുണ്ടായിരുന്ന തിളക്കം നഷ്‍ടപെട്ടപോലെ തോന്നി കവിതയ്ക്ക്… കണ്ണുകളുടെ ജീവൻ നഷ്ടപ്പെട്ടപോലെ… അവൾക്ക് വല്ലാത്ത വിഷമം തോന്നി, അവൾ അപ്പുവിനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടന്ന് കവിതയ്ക്ക് മനസ്സിലായി, അപ്പോഴേക്കും ഇംഗ്ലീഷ് ടീച്ചറായ സൗമ്യ അകത്തേക്ക് വന്ന് അവരെനോക്കി പുഞ്ചിരിച്ചു, നന്നായി മേക്കപ്പ് ചെയ്തിട്ടുണ്ടെന്നു കണ്ടാൽ മനസ്സിലാകും
“ഇവരെന്താ ഒരുങ്ങിക്കെട്ടി വന്നേക്കുന്നത്…?”
നിള പതിയെ കവിതയോട് ചോദിച്ചു
“ആ… അതോ…? ഞാൻ പറഞ്ഞില്ലേ പുതിയ മാഷിന്റെ കാര്യം… പുള്ളിയെ ഇമ്പ്രെസ്സ് ചെയ്യിക്കാനുള്ള വേലകളാ…”
കവിത അവളോട് പറഞ്ഞു
നിള ഒരു പുസ്തകം തുറന്ന് അതിൽ നോക്കിയിരുന്നു…
ആരുടെയോ കാൽപെരുമാറ്റവും സൗമ്യടീച്ചറിന്റെ കൊഞ്ചിയുള്ള സംസാരവുമൊക്കെ കേട്ട് അവൾ മുഖമുയർത്തി, മുന്നിൽ നിൽക്കുന്ന ആളെക്കണ്ട് നിള അത്ഭുതപ്പെട്ടു, രണ്ടുപേരും ഒരു നിമിഷം കണ്ണുകളിൽ നോക്കി നിന്നു
“അഭി.. റാം..”
നിള അത്ഭുതത്തോടെ പറഞ്ഞു
“ഹെലോ നിള…”
അയാളും അത്ഭുതത്തോടെ പറഞ്ഞു
“നിങ്ങൾ നേരത്തെ അറിയോ…?”
സൗമ്യടീച്ചറിന്റെ ചോദ്യംകേട്ട് നിള അങ്ങോട്ട് നോക്കി
“ഞങ്ങളിന്ന് രാവിലെ പരിചയപ്പെട്ടു…”
അഭിറാം ചിരിയോടെ പറഞ്ഞു
“രാവിലെയോ…?”
സൗമ്യ ടീച്ചർ മനസ്സിലാകാത്തപോലെ ചോദിച്ചു
അതിന് മറുപടിയായി അഭിമാഷ് രാവിലെത്തെ കാര്യങ്ങൾ പറഞ്ഞു
അപ്പോഴേക്കും എല്ലാവരും എത്തിയിരുന്നു
അഭിമാഷിന്റെ സരസമായ സംസാരവും എന്തിനോടും പോസിറ്റീവ് ആയ സമീപനവുമെല്ലാം എല്ലാവർക്കും ഇഷ്ടമായിരുന്നു, സംസാരത്തിൽ തന്നെ നിളയുടെയും അഭിയുടെയും അഭിരുചികൾ ഏകദേശം ഒന്നാണ് എന്ന് നിളയ്ക്ക് തോന്നിയിരുന്നു,
കുറഞ്ഞ സമയം കൊണ്ട് തന്നെ രണ്ടുപേരും നന്നായി സംസാരിച്ചു, വളരെക്കുറച്ചു സമയംകൊണ്ട് തന്നെ നിളയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിക്കാൻ അഭിമാഷിന് കഴിഞ്ഞു, കവിത ഇതെല്ലാം ചെറിയ പുഞ്ചിരിയോടെ നോക്കിയിരുന്നു.
🪶
അപ്പു വർക്ഷോപ്പിലേക്ക് ചെല്ലുമ്പോൾ ചന്തു അവിടേക്ക് വന്നതേ ഉണ്ടായിരുന്നുള്ളു, അപ്പുവിന്റെ കാറ് കണ്ട് ചന്തു സംശയത്തോടെ ഒന്ന് നോക്കിയിട്ട്, മുഖം കടുപ്പിച്ച് തന്റെ ജോലികളിലേക്ക് തിരിഞ്ഞു, അപ്പു നടന്ന് അവനടുത്തെത്തി,
“ചന്തു…”
അവൻ വിളിച്ചു, ചന്തു പതിയെ മുഖമുയർത്തി അവനെ നോക്കി
“കാറിന് എന്തേലും പ്രശ്നമുണ്ടെങ്കിൽ പിള്ളേരോട് പറഞ്ഞാ മതി… ഞാനല്പം തിരക്കിലാ…”
അവൻ ഗൗരവത്തോടെ പറഞ്ഞുകൊണ്ട് പണിയിലേക്ക് തിരിഞ്ഞു,
“എനിക്ക് നിന്നോടൽപ്പം സംസാരിക്കാനുണ്ട്…”
അപ്പു അവനോട് പറഞ്ഞു
“എന്ത് കാര്യം… ഇന്നലത്തെന്റെ ബാക്കിയാണെങ്കി എനിക്ക് താല്പര്യമില്ല…”
ചന്തു പറഞ്ഞു
“ചന്തു പ്ലീസ്… ഒരഞ്ചുമിനിറ്റ്…”
ചന്തു അവനെയൊന്ന് നോക്കി അവന്റെ മുന്നിൽ നിന്നു,
അപ്പു ഒരു നിമിഷം വാക്കുകൾ കിട്ടാതെ നിന്നു, പിന്നീട് മുന്നിലെ ചായക്കട നോക്കി പറഞ്ഞുതുടങ്ങി
“ചന്തു… നിനക്കോർമ്മയുണ്ടോ മോഹനേട്ടന്റെ ചായക്കടയീന്നാ നമ്മള് പണ്ട് സ്കൂളിലേക്ക് പോകുമ്പോ പുളിമുട്ടായിയും നാരങ്ങ മുട്ടായിയുമൊക്കെ വാങ്ങുന്നത്… ഞാൻ വാങ്ങി ഒളിപ്പിച്ചു വയ്ക്കും… നിളേച്ചിക്ക് കൊടുക്കാൻ…”
അപ്പു അതോർത്തു ചിരിയോടെ പറഞ്ഞു,
“അച്ഛൻ മരിച്ചേപ്പിന്നെ കുറേക്കാലം വിശപ്പ് തീർത്ത് ഉണ്ടിട്ടില്ല ഞാൻ… ആരുമില്ലായിരുന്നു ഞങ്ങക്ക്… എന്റെ നിളേച്ചി അല്ലാതെ, അപ്പോഴും നീയോടി വീട്ടിലേക്ക് വരും… നിക്കറിന്റെ പോക്കെറ്റിൽ ഒളിപ്പിച്ച പലഹാരങ്ങളുമായിട്ട്… ഓർമ്മയുണ്ടോ നിനക്കതൊക്കെ…?”
അപ്പു എല്ലാം കേട്ട് ദൂരേക്ക് വിഷമത്തോടെ നോക്കിനിൽക്കുന്ന ചന്തുവിനോട് ചോദിച്ചു, അവൻ ഒന്നുമിണ്ടാതെ അപ്പുവിനെ നോക്കി
