മഴപെയ്തനേരം – 2 56

🪶

ക്ഷേത്രത്തിനു മുന്നിൽനിന്നും കിട്ടിയ ഓട്ടോയിൽ ഇരിക്കുമ്പോഴും നിളയുടെ മനസ്സിൽ കുറച്ച് മുൻപ് നടന്നതെല്ലാം ഒരു സ്വപ്നം പോലെ തെളിയുന്നുണ്ടായിരുന്നു, അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ എത്ര തടഞ്ഞിട്ടും ഒഴികിയിറങ്ങി, ചന്തുവും മറ്റെന്തോ ചിന്തിച്ച് സീറ്റിൽ ചാരി കിടന്നു

വീട്ടുപടിക്കൽ എത്തിയിട്ടും ഇറങ്ങാതെ എന്തോ ആലോചിച്ച് ഇരിക്കുന്ന നിളയെ ചന്തു തട്ടി വിളിച്ചു, ഒന്ന് ഞെട്ടി നിള ചുറ്റും നോക്കി പിന്നെ പതിയെ പുറത്തിറങ്ങി, ചന്തു ഓട്ടോക്കാരന് കാശ് കൊടുത്ത് നോക്കുമ്പോൾ, ഒരു യന്ത്രത്തെപ്പോലെ വീടിനടുത്തേക്ക് നടക്കുന്ന നിളയെ ആണ് കാണുന്നത്, ചന്തുവിന് വല്ലാത്ത സങ്കടം തോന്നി,

“നീളേച്ചി…”

അവൻ വിളിക്കുന്ന കേട്ട് നിള ഒരുനിമിഷം നിന്നു, ചന്തു ഓടി അവളുടെ അടുത്തെത്തി,

“നീളേച്ചി… ഇതൊന്നും ആലോചിച്ച് മനസ്സ് വിഷമിപ്പിക്കരുത്… എല്ലാം ശരിയാകും, ഇല്ലേ നമ്മള് ശരിയാക്കും, അപ്പുവിപ്പോ ആ രാക്ഷസ്സിയുടെ വലയത്തിലാണ്, അവൻ എല്ലാം മനസിലാക്കും അന്ന് അവൻ നമുക്കരികിലേക്ക് വരും നോക്കിക്കോ… നിന്റെ സ്നേഹം സത്യമാണെന്ന് എനിക്കും നിനക്കും ഉറപ്പുണ്ട്, അതുപോലെ അവന്റെയുള്ളിലും നീയുണ്ട് അത് നൂറ് ശതമാനം ഉറപ്പാണ്, എല്ലാം കാലം തെളിയിക്കും, അത്കൊണ്ട് അവനെ നിനക്ക് തിരിച്ചുകിട്ടും നോക്കിക്കോ…”

ചന്തു അവളോട് പറഞ്ഞു, അതിന് മറുപടിയായി അവൾ വിളറിയ ഒരു ചിരി സമ്മാനിച്ചു മുന്നോട്ട് നടന്നു

“നീളേച്ചി…”

ചന്തു ഒരു വേവലാതി വാക്കിൽ നിറച്ചു അവളെ വിളിച്ചു

“നീ പേടിക്കണ്ട ചന്തു, ഞാൻ അവിവേകമൊന്നും കാണിക്കില്ല, അങ്ങനെ ചെയ്താൽ എന്റെ മാഷിന് ആരുമില്ലാതാകും… എനിക്കറിയാം, പക്ഷേ ചങ്കിൽ ഒരു വാള് കുത്തിക്കയറിയ വേദനയുണ്ട്, അത് മാറ്റി തരാൻ കണ്ണനോട് ഞാനപേക്ഷിക്കാം… നീ പൊയ്ക്കോ…”

അവളൊന്ന് വിതുമ്പിക്കൊണ്ട് പറഞ്ഞു, എന്നിട്ടും അവളെത്തന്നെ നോക്കി നിൽക്കുന്ന ചന്തുവിനെക്കണ്ട് അവൾ അവനെ നോക്കി

“പൊയ്ക്കോടാ… നീ പേടിക്കണ്ട… പിന്നേ… ഇതൊന്നും മാഷ് അറിയണ്ട കേട്ടോ…”

അവൾ പറഞ്ഞിട്ട് വീടിനുള്ളിലേക്ക് നടന്നു

ചന്തു ഒരു ദീർഘനിശ്വാസം വിട്ട് പുറത്തേക്കും

🪶

നന്ദനയുമായി തിരികെ വരുമ്പോൾ അപ്പുവിന്റെ മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു, തന്നോട് ഏറ്റവും അടുപ്പമുള്ളവൻ, തന്റെ കൂട്ടുകാരൻ അല്ല… തന്റെ സഹോദരൻ തനിക്ക് വേണ്ടി ജീവൻ പോലും കളയാൻ മടിക്കാത്തവൻ… അവനെയാണ് താനിന്ന് അത്രേം ആളുകളുടെ മുന്നിൽ വച്ച് തല്ലിയത്, ഏതോ ഒരു നിമിഷത്തിൽ കാര്യങ്ങൾ കൈ വിട്ടുപോയി, നിളേച്ചിപോലും തന്നെ വെറുത്തുപോയിരിക്കാം, അവൻ ആലോചിച്ചു, ഇപ്പൊ തനിക്ക് ആരുമില്ല, താൻ തനിച്ചാണ്, ഏതോ കൊടുംകാട്ടിൽ തനിച്ചായവനെപ്പോലെ തോന്നുന്നു, അവന്റെ കണ്ണ് നിറഞ്ഞിരുന്നു നന്ദനയുടെ വീടിനു മുന്നിൽ കാറ് നിർത്തി, നന്ദന അപ്പോഴും സന്തോഷത്തോടെ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു,

“വാ അനന്തു കയറിയിട്ട് പോകാം…”

അവൾ അവനെ വിളിച്ചു

“വേണ്ട പിന്നൊരിക്കലാകട്ടെ…”

അവൻ ഗൗരവത്തിൽ പറഞ്ഞു.

“എന്റെ ബർത്തഡേ ഗിഫ്റ്റ് വേണ്ടേ…? അച്ഛനിവിടില്ല നമുക്കൊന്ന് എൻജോയ് ചെയ്യാം…”

അവൾ വല്ലാത്ത ഭാവത്തിൽ പറഞ്ഞുകൊണ്ട് അവന്റെ തുടയിൽ പതിയെ തഴുകി, പെട്ടെന്ന് അപ്പു അവളുടെ കൈ തട്ടിമാറ്റി,

“നന്ദനക്കെന്താ കാര്യം പറഞ്ഞാൽ മനസ്സിലാകില്ലേ…. പറഞ്ഞല്ലോ പിന്നീടാകട്ടെയെന്ന്…”

അവൻ ദേഷ്യത്തോടെ അവളോട് പറഞ്ഞു

“ഓക്കേ.. ഓക്കേ.. കൂൾ..”

നന്ദന കാറിൽ നിന്നിറങ്ങി അവനടുത്തെത്തുമ്പോഴേക്കും അപ്പു കാറ് മുന്നോട്ടെടുത്തിരുന്നു,

നന്ദന ഒരു നിമിഷം അത് നോക്കി നിന്നിട്ട് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി

🪶

നിള ഉമ്മറത്തേക്ക് കയറുമ്പോൾ മാഷ് പത്രം വായിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു,

“ആഹാ… എത്തിയോ…? അപ്പു എവിടെ…? കയറിയില്ലേ അവൻ…?”

മാഷ് അവളോട് ചോദിച്ചു

“ഇല്ല എന്തോ തിരക്കുണ്ടെന്ന്…”

അവൾ പറഞ്ഞു

“എന്താ വാവേ, നിന്റെ മുഖം വല്ലാതിരിക്കുന്നത്…?”

“ഏ.. യ്… ഒന്നു… ഒന്നൂല്ല മാഷേ, വല്ലാത്ത തലവേദന… അതാകും, ഞാനൊന്ന് കിടക്കട്ടെ….”

അവൾ ശബ്ദത്തിൽ പതർച്ച വരാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു,

മുറിയിൽ കയറി വാതിൽ ലോക്ക് ചെയ്ത് അവൾ ഓടി ബാത്‌റൂമിൽ കയറി വാതിലടച്ച് ഇത് വരെ പിടിച്ച് നിർത്തിയതെല്ലാം അണ പൊട്ടിച്ചു പുറത്തേക്കൊഴുക്കി, അവൾ അലറികരഞ്ഞു, പിന്നീട് ഷവർ ഓണാക്കി അതേ വേഷത്തിൽ അതിന് മുന്നിലായി നിന്നു, ഷവറിൽ നിന്നുള്ള വെള്ളത്തിന്റെ കൂടെ അവളുടെ കണ്ണീരും അലിഞ്ഞില്ലാതായി, എത്രനേരം ഷവറിന്റെ ചുവട്ടിൽ നിന്നെന്നറിയില്ല അവൾ പതിയെ ഊർന്ന് ബാത്‌റൂമിന്റെ നനഞ്ഞ തറയിൽ ചുരുണ്ടുകൂടി ഇരുന്നു, അപ്പോഴും അവളുടെ ഹൃദയം അതിന്റെ താളം കണ്ടെത്തിയിരുന്നില്ല,

🪶

അന്ന് നിള സ്കൂളിലേക്ക് വിളിച്ച് ലീവ് പറഞ്ഞിരുന്നു, അന്നത്തെ ദിവസം മിക്ക സമയവും അവൾ മുറിയിൽ തന്നെ അടിച്ചിരുന്നു, ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും, വിശപ്പില്ല എന്ന് പറഞ്ഞ് ഒന്നും കഴിച്ചിരുന്നില്ല, പിറ്റേന്ന് രാവിലെ ആയപ്പോൾ നിളയ്ക്ക് നന്നായി പനിക്കുന്നുണ്ടായിരുന്നു, മാഷ് അവളെ ആശുപത്രിയിൽ പോകാൻ വിളിച്ചെങ്കിലും അവളതിന് കൂട്ടാക്കിയില്ല, രണ്ട് ദിവസം നല്ല പനിയായിരുന്നു, പിന്നീട് മാഷിന്റെയും ചന്തുവിന്റെയും നിർബന്ധത്തിന് വഴങ്ങി അവൾ ആശുപത്രിയിൽ പോയി,

മറ്റു രണ്ടുപേരുടെയും അവസ്ഥ ഇത് തന്നെയായിരുന്നു, അപ്പുവിന് ഒന്നിനോടും ഒരു താല്പര്യവും തോന്നിയില്ല, ഓഫീസ് കാര്യങ്ങൾ മാത്രം നോക്കിയിട്ട് ബാക്കി സമയം ഓരോന്നാലോചിച്ച് കഴിച്ചുകൂട്ടി, നന്ദനയുടെ ഫോൺ കാൾ പോലും ഒന്നോ രണ്ടോ വാചകത്തിൽ അവസാനിപ്പിച്ചു, ഓഫീസിലെ കാര്യങ്ങൾ തന്റെ മാനേജരെ ഏൽപ്പിച്ചു, നല്ല ആത്മാർത്ഥതയുള്ള എന്ത് കാര്യവും വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റുന്ന ഒരു പെൺകുട്ടിയാണ് അപ്പുവിന്റെ മാനേജർ നാൻസി… പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയാണ് പക്ഷേ നല്ല പക്വതയും ആത്മാർത്ഥതയുമാണ് അവൾക്ക്, അതുകൊണ്ട് ഓഫീസ് കാര്യങ്ങളിൽ അവന് ടെൻഷൻ ഇല്ല,

ശോഭ ക്ഷേത്രത്തിൽ വച്ച് അപ്പുവും ചന്തുവും വഴക്കുണ്ടാക്കിയത് അറിഞ്ഞിരുന്നു, അതുകൊണ്ടാണ് അപ്പു ഇങ്ങനെ ചടഞ്ഞുകൂടിയിരിക്കുന്നതെന്ന് കരുതി,

ചന്തുവും ഈ രണ്ടു ദിവസം യാന്ത്രികമായി കഴിച്ചുകൂട്ടി, രാവിലെ വർക്ഷോപ്പിൽ പോകും തിരികെ വീട്ടിലേക്ക്, ഒരു ദിവസം നിളയെ കാണാൻ പോയപ്പോഴാണ് അവൾക്ക് നല്ല പനിയാണെന്ന് അറിഞ്ഞത്, അന്ന് അവളെ നിർബന്ധിച്ച് ആശുപത്രിയിൽ കൊണ്ടുപോയി,

നിളയുടെ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു, കവിത നിളയെ വിളിച്ച് കിട്ടാത്തതിനാൽ അന്ന് സ്കൂൾ കഴിഞ്ഞ് കവിത നിളയുടെ വീട്ടിലെത്തി,

Leave a Reply

Your email address will not be published. Required fields are marked *