മഴപെയ്തനേരം – 2 56

“ഒരു ജന്മം കായാവായ് തീര്‍ന്നെങ്കിലും

മറുജന്മം പയ്യായി മേഞ്ഞെങ്കിലും

യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന

യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ…

പ്രേമത്തിൻ ഗാഥകൾ തീര്‍ത്തെങ്കിലും

എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ

കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ‍ വിളിച്ചൂ…”

അവൾ ഒരു നിമിഷം ആ ഗാനത്തിന്റെ വരികൾ ശ്രദ്ധിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു,

പിന്നീട് പ്രസാദം വാങ്ങി തിരികെ നടന്നു

“കുട്ടി ഒന്ന് നിൽക്കൂ…”

പുറകിൽ നിന്നും ഒരു വിളി കേട്ട് നിള തിരിഞ്ഞു നിന്നു,

അവൾ നോക്കുമ്പോൾ അൻപത് വയസോളം പ്രായം വരുന്ന ഒരു സ്ത്രീ അവളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു

സെറ്റ് മുണ്ടാണ് വേഷം വെളുത്തിട്ട് അല്പം തടിച്ച പ്രകൃതം… നെറ്റിയിൽ ക്ഷേത്രത്തിലെ ചന്ദനക്കുറി നീളത്തിൽ വരച്ചിട്ടുണ്ട്, അവർ പുഞ്ചിരിയോടെ അടുത്തേക്ക് വന്നു, നിളയും അവരെ നോക്കി പുഞ്ചിരിച്ചു

“എന്താ കുട്ടീടെ പേര്…?”

അവർ ചോദിച്ചു

“നിള..”

അവൾ പുഞ്ചിരിയോടെ പറഞ്ഞു

“എന്റെ പേര് മഹേശ്വരി…”

അവർ അവളെ കൗതുകത്തോടെ നോക്കികൊണ്ട് പറഞ്ഞു

“ഞാൻ ക്ഷേത്രത്തിനകത്തുവച്ച് കണ്ടാർന്നു…”

അവർ അവളുടെ നീണ്ട മുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു

നിള പുഞ്ചിരിച്ചതേയുള്ളു

“ഞങ്ങൾ ഇവിടെ പുതുതായി താമസിക്കാൻ വന്നതാ… പോസ്‌റ്റോഫീസിനടുത്തുള്ള വീട്ടില്…”

അവർ അവളെക്കൂട്ടി നടന്നുകൊണ്ട് പറഞ്ഞു,

“മോള് നല്ല സുന്ദരികുട്ടിയാട്ടോ… മോളെ കണ്ടപ്പോ എന്തോ ഒരടുപ്പം തോന്നി അപ്പൊ എനിക്കൊന്ന് സംസാരിക്കണമെന്ന് തോന്നി, അതാ ഞാൻ വിളിച്ചത്…”

അവർ പറഞ്ഞുകൊണ്ട് അവളെയുംകൂട്ടി താഴേക്ക് നടന്നു, അതിനിടയിൽ അവർ എന്തെക്കെയോ പറഞ്ഞു, അതിനെല്ലാം പുഞ്ചിരിയോടെ നിള ഒന്നോ രണ്ടോ വാക്കിൽ ഉത്തരം പറഞ്ഞു, പാർക്കിങ്ങിൽ എത്തുമ്പോ അവർ നല്ലൊരു സൗഹൃദം അവളിൽ ഉണ്ടാക്കിയെടുത്തു, താഴെ പാർക്ക്‌ ചെയ്തിരുന്ന കാറിനടുത്തേക്ക് അവർ നടന്നു, കാറിനുള്ളിൽ നിന്നും കാണാൻ സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു, അയാൾ അവളെ ഒരു നിമിഷം നോക്കിനിന്നു,

“ആ മോളെ… ഇതെന്റെ മൂത്ത മോനാ… അഭിക്കുട്ടൻ… അല്ല അഭിറാം…”

അവർ ചിരിച്ചുകൊണ്ട് പറഞ്ഞു, അവൾ അഭിറാമിനെ നോക്കി പുഞ്ചിരിച്ചു, അഭിറാം തിരിച്ചും…

“പോകാം അമ്മേ സമയം പോയി…”

അവൻ ധൃതികൂട്ടി,

“ഹ.. നിക്കടാ… എനിക്കീ മോളെ വല്യഷ്ടായി… മോള് സമയം കിട്ടുമ്പോ വീട്ടിലേക്ക് വരുട്ടോ…”

അവർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, അവൾ അതിന് പതിയെ തലയാട്ടി

അവർ രണ്ടുപേരും അവളെനോക്കി പുഞ്ചിരിച്ചുകൊണ്ട് കാറിൽ കയറിപ്പോയി

അവൾ പതിയെ നടന്ന് അപ്പുവിന്റെ കാറിനടുത്തെത്തി, അപ്പു അവളെക്കാത്ത് കാറിൽ ഇരിക്കുന്നുണ്ടായിരുന്നു… അവൾ അകത്ത് കയറിയതും അവൻ അവൾ തനിക്ക് കുറി വരച്ചുതരുമെന്ന പ്രതീക്ഷയോടെ അവളെ നോക്കി, എന്നാൽ നിള ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരിക്കുകയാണുണ്ടായത്, അവന്റെ നെഞ്ച് ഒന്ന് വിങ്ങി, പിന്നീട് അവൻ പതിയെ വണ്ടി മുന്നിലേക്കെടുത്തു,

അപ്പുവിന്റെ മുഖം മങ്ങിയത് നിള കണ്ടെങ്കിലും അവൾ കാണാത്ത ഭാവത്തിലിരുന്നു,

അപ്പു അവളെ സ്കൂളിന്റെ ഗേറ്റിൽ കൊണ്ട് വിട്ടു, നിള അവനെ നോക്കാതെ സ്കൂളിലേക്ക് കയറിപ്പോയി, ഒരു നിമിഷം അപ്പു വേദനയോടെ അവളെ നോക്കിയിട്ട് കാർ മുന്നിലേക്കെടുത്തു,

കാർ പോയതും നിള അത് പോയ വഴി ഒന്ന് തിരിഞ്ഞുനോക്കി, പിന്നീട് നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് സ്കൂളിലേക്ക് നടന്നു

🪶

നിള സ്റ്റാഫ്‌ റൂമിലേക്ക് ചെല്ലുമ്പോൾ കവിതയുണ്ടായിരുന്നു അവിടെ,

“ആ നിളക്കുട്ടി വന്നോ…? ഞാൻ വിചാരിച്ചു ഇങ്ങോട്ടിനി വരവുണ്ടാകില്ലെന്ന്…”

അവൾ കളിയായി പറഞ്ഞു

നിള ഒന്നും മിണ്ടാതെ പുഞ്ചിരിച്ചുകൊണ്ട് സീറ്റിലിരുന്നു,

കവിത അവളെത്തന്നെ നോക്കിയിരുന്നു, അവളുടെ മുഖത്തുണ്ടായിരുന്ന തിളക്കം നഷ്‍ടപെട്ടപോലെ തോന്നി കവിതയ്ക്ക്… കണ്ണുകളുടെ ജീവൻ നഷ്ടപ്പെട്ടപോലെ… അവൾക്ക് വല്ലാത്ത വിഷമം തോന്നി, അവൾ അപ്പുവിനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടന്ന് കവിതയ്ക്ക് മനസ്സിലായി, അപ്പോഴേക്കും ഇംഗ്ലീഷ് ടീച്ചറായ സൗമ്യ അകത്തേക്ക് വന്ന് അവരെനോക്കി പുഞ്ചിരിച്ചു, നന്നായി മേക്കപ്പ് ചെയ്തിട്ടുണ്ടെന്നു കണ്ടാൽ മനസ്സിലാകും

“ഇവരെന്താ ഒരുങ്ങിക്കെട്ടി വന്നേക്കുന്നത്…?”

നിള പതിയെ കവിതയോട് ചോദിച്ചു

“ആ… അതോ…? ഞാൻ പറഞ്ഞില്ലേ പുതിയ മാഷിന്റെ കാര്യം… പുള്ളിയെ ഇമ്പ്രെസ്സ് ചെയ്യിക്കാനുള്ള വേലകളാ…”

കവിത അവളോട് പറഞ്ഞു

നിള ഒരു പുസ്തകം തുറന്ന് അതിൽ നോക്കിയിരുന്നു…

ആരുടെയോ കാൽപെരുമാറ്റവും സൗമ്യടീച്ചറിന്റെ കൊഞ്ചിയുള്ള സംസാരവുമൊക്കെ കേട്ട് അവൾ മുഖമുയർത്തി, മുന്നിൽ നിൽക്കുന്ന ആളെക്കണ്ട് നിള അത്ഭുതപ്പെട്ടു, രണ്ടുപേരും ഒരു നിമിഷം കണ്ണുകളിൽ നോക്കി നിന്നു

“അഭി.. റാം..”

നിള അത്ഭുതത്തോടെ പറഞ്ഞു

“ഹെലോ നിള…”

അയാളും അത്ഭുതത്തോടെ പറഞ്ഞു

“നിങ്ങൾ നേരത്തെ അറിയോ…?”

സൗമ്യടീച്ചറിന്റെ ചോദ്യംകേട്ട് നിള അങ്ങോട്ട് നോക്കി

“ഞങ്ങളിന്ന് രാവിലെ പരിചയപ്പെട്ടു…”

അഭിറാം ചിരിയോടെ പറഞ്ഞു

“രാവിലെയോ…?”

സൗമ്യ ടീച്ചർ മനസ്സിലാകാത്തപോലെ ചോദിച്ചു

അതിന് മറുപടിയായി അഭിമാഷ് രാവിലെത്തെ കാര്യങ്ങൾ പറഞ്ഞു

അപ്പോഴേക്കും എല്ലാവരും എത്തിയിരുന്നു

അഭിമാഷിന്റെ സരസമായ സംസാരവും എന്തിനോടും പോസിറ്റീവ് ആയ സമീപനവുമെല്ലാം എല്ലാവർക്കും ഇഷ്ടമായിരുന്നു, സംസാരത്തിൽ തന്നെ നിളയുടെയും അഭിയുടെയും അഭിരുചികൾ ഏകദേശം ഒന്നാണ് എന്ന് നിളയ്ക്ക് തോന്നിയിരുന്നു,

കുറഞ്ഞ സമയം കൊണ്ട് തന്നെ രണ്ടുപേരും നന്നായി സംസാരിച്ചു, വളരെക്കുറച്ചു സമയംകൊണ്ട് തന്നെ നിളയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിക്കാൻ അഭിമാഷിന് കഴിഞ്ഞു, കവിത ഇതെല്ലാം ചെറിയ പുഞ്ചിരിയോടെ നോക്കിയിരുന്നു.

🪶

അപ്പു വർക്ഷോപ്പിലേക്ക് ചെല്ലുമ്പോൾ ചന്തു അവിടേക്ക് വന്നതേ ഉണ്ടായിരുന്നുള്ളു, അപ്പുവിന്റെ കാറ് കണ്ട് ചന്തു സംശയത്തോടെ ഒന്ന് നോക്കിയിട്ട്, മുഖം കടുപ്പിച്ച് തന്റെ ജോലികളിലേക്ക് തിരിഞ്ഞു, അപ്പു നടന്ന് അവനടുത്തെത്തി,

“ചന്തു…”

അവൻ വിളിച്ചു, ചന്തു പതിയെ മുഖമുയർത്തി അവനെ നോക്കി

“കാറിന് എന്തേലും പ്രശ്നമുണ്ടെങ്കിൽ പിള്ളേരോട് പറഞ്ഞാ മതി… ഞാനല്പം തിരക്കിലാ…”

അവൻ ഗൗരവത്തോടെ പറഞ്ഞുകൊണ്ട് പണിയിലേക്ക് തിരിഞ്ഞു,

“എനിക്ക് നിന്നോടൽപ്പം സംസാരിക്കാനുണ്ട്…”

അപ്പു അവനോട് പറഞ്ഞു

“എന്ത് കാര്യം… ഇന്നലത്തെന്റെ ബാക്കിയാണെങ്കി എനിക്ക് താല്പര്യമില്ല…”

ചന്തു പറഞ്ഞു

“ചന്തു പ്ലീസ്‌… ഒരഞ്ചുമിനിറ്റ്…”

ചന്തു അവനെയൊന്ന് നോക്കി അവന്റെ മുന്നിൽ നിന്നു,

അപ്പു ഒരു നിമിഷം വാക്കുകൾ കിട്ടാതെ നിന്നു, പിന്നീട് മുന്നിലെ ചായക്കട നോക്കി പറഞ്ഞുതുടങ്ങി

“ചന്തു… നിനക്കോർമ്മയുണ്ടോ മോഹനേട്ടന്റെ ചായക്കടയീന്നാ നമ്മള് പണ്ട് സ്കൂളിലേക്ക് പോകുമ്പോ പുളിമുട്ടായിയും നാരങ്ങ മുട്ടായിയുമൊക്കെ വാങ്ങുന്നത്… ഞാൻ വാങ്ങി ഒളിപ്പിച്ചു വയ്ക്കും… നിളേച്ചിക്ക് കൊടുക്കാൻ…”

Leave a Reply

Your email address will not be published. Required fields are marked *