മഴപെയ്തനേരം – 2 56

🪶

പിന്നീടുള്ള ദിവസങ്ങളിൽ അപ്പു മുഖം വീർപ്പിച്ച് തന്നെ നടന്നു, ശോഭ ചോദിക്കുന്നതിന് ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരം പറഞ്ഞു, അവന്റെ പെരുമാറ്റം ശോഭയുടെ ഉള്ളിൽ വിഷമം ഉണ്ടാക്കി, പിന്നീട് നിള വീട്ടിലേക്ക് വന്നപ്പോൾ അവളോട് കാര്യങ്ങൾ പറഞ്ഞു, ആ സംസാരം നിളയിൽ വേദനയുണ്ടാക്കിയെങ്കിലും, അവൾ അത് പുറത്തുകാണിക്കാതെ നിന്നു

“അപ്പൂന് അതാണിഷ്ടമെങ്കിൽ അതങ്ങ് സമ്മതിക്ക് ശോഭാമ്മേ… എന്തിനാ അവനെ വിഷമിപ്പിക്കുന്നെ…?”

അവൾ മനസ്സിലെ വേദന പുറത്തുകാണിക്കാതെ ശോഭയോട് പറഞ്ഞു

“അപ്പൊ മോള് പറയുന്നത് അവന്റെ ഇഷ്ടം നടത്തിക്കൊടുക്കാനാണോ…?”

ശോഭ കണ്ണ് കൂർപ്പിച്ച് അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു

ശോഭയുടെ നോട്ടം താങ്ങാനാവാതെ അവൾ തല കുനിച്ചുകൊണ്ട് തലയാട്ടി,

“എന്റെ മുഖത്ത് നോക്കിപ്പറ മോളെ… നിനക്ക് സമ്മതമാണോ അവന്റെ ഇഷ്ടം നടത്തിക്കൊടുക്കാൻ…”

ശോഭയുടെ വാക്കുകളിലെ ഗൗരവം ഒരു നിമിഷം നിളയെ അമ്പരിപ്പിച്ചെങ്കിലും, അവൾ പതിയെ അതേ എന്ന് തലയാട്ടി

“അപ്പൊ… എന്റെ മോൾടെ സന്തോഷം… അത് ഞാനോർക്കണ്ടേ…”

അവളുടെ തലയിൽ തഴുകിക്കൊണ്ട് അത് പറയുമ്പോൾ ശോഭയ്ക്ക് ശബ്ദം ഇടറിയിരുന്നു അവരുടെ കണ്ണുകൾ നിറഞ്ഞു, നിള അമ്പരപ്പോടെ ശോഭയെ നോക്കി,

“അമ്മയ്ക്കറിയാം എന്റെ മോള്, എന്ത് മാത്രം അവനെ ഇഷ്ടപെടുന്നുണ്ടെന്ന്… അതിലുപരി ഈ അമ്മ കൊതിച്ചുപോയി എന്റെ മോളെ അവന്റെ പാതിയായി…”

ശോഭ പൊട്ടിക്കരച്ചിലോടെ അവളെ നെഞ്ചോട് ചേർത്തു

നിളയും കരയുന്നുണ്ടായിരുന്നു, തന്റെ വേദനകളെല്ലാം ഇറക്കി വയ്ക്കാൻ അവളൊരു ചുമൽ കൊതിച്ചിരുന്നു, അവളുടെ സങ്കടം കണ്ണീരായി ശോഭയുടെ ചുമലിൽ പതിച്ചു,

“അവൻ മനസ്സിലാക്കുന്നില്ല മോളെ, അവനെന്താ നഷ്ടപ്പെടുത്തുന്നതെന്ന്…”

ശോഭ വിതുമ്പലോടെ പറഞ്ഞു

“സാരല്ല ശോഭാമ്മേ… എനിക്ക് അവനെക്കിട്ടാൻ വിധിയില്ല… ഞാനിപ്പോ അതിനോട് പൊരുത്തപ്പെടുന്നുണ്ട്…”

ശോഭയുടെ കവിളുകളിൽ കൈകൾ ചേർത്ത് നിള പറഞ്ഞു

“ഞാനൊരുപാട് കൊതിച്ചതാമോളേ… അവന് നിന്നെ ഇഷ്ടമാകുമെന്ന്… അവനത് എന്നോട് പറയുമെന്ന്… പക്ഷേ… ഞാനവനോട് പറയട്ടെ…? എന്റെ മോളെ എനിക്ക് തരാൻ…?”

ശോഭ അവളോട് ചോദിച്ചു

“വേണ്ട ശോഭാമ്മേ… ഇഷ്ടം പിടിച്ച് വാങ്ങാൻ പറ്റില്ലല്ലോ… മാത്രമല്ല ഈ ഒരു കാരണത്താൽ അവനെന്നോട് പിണങ്ങി മാറിയാൽ… അതെനിക്ക് സഹിക്കാൻ പറ്റില്ല… അതോണ്ട് ശോഭാമ്മ എനിക്ക് വാക്ക് താ… അവനോട് ഇതൊന്നും പറയില്ലെന്ന്…”

നിള വിതുമ്പലോടെ അവരുടെ നേരെ കൈ നീട്ടി

“ന്റെ മോളെ…”

അവളുടെ കൈലേക്ക് കൈ ചേർത്ത് ശോഭ പൊട്ടിക്കരഞ്ഞു..

🪶

പിന്നീടെല്ലാം വളരെപ്പെട്ടന്നായിരുന്നു, ശോഭയും അപ്പുവും കൂടി നന്ദനയുടെ വീട്ടിലേക്ക് ചെന്ന് പ്രസാദിനോട് കാര്യം പറഞ്ഞു, അവർക്ക് മറ്റ് അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലായിരുന്നു, ശോഭയ്ക്ക് നന്ദനയെ അത്രയ്ക്കങ്ങു ബോധിച്ചില്ല, അവളുടെ പെരുമാറ്റത്തിൽ വല്ലായ്മ തോന്നി, നിളയെ വച്ച് നോക്കുന്നതുകൊണ്ടാണെന്ന് കരുതി അവർ സമാധാനിച്ചു

നിളയെയും ചന്തുവിനെയും വിളിച്ചെങ്കിലും അവർ മറ്റെന്തോ അത്യാവശ്യം പറഞ്ഞു അതിൽനിന്നൊഴിഞ്ഞു

ശോഭ ബന്ധുക്കളെ കാര്യം അറിയിച്ചു, ചെറിയ ഇഷ്ടക്കേടുകളും മുറുമുറുപ്പുകളും ഉണ്ടായെങ്കിലും അപ്പു എല്ലാപേരെയും പറഞ്ഞു സമ്മതിപ്പിച്ചു

നല്ലൊരു മുഹൂർത്തം നോക്കി നിശ്ചയം നടത്താമെന്ന് എല്ലാപേരും കൂടി തീരുമാനിച്ചു, അടുത്ത വരവിൽ കല്യാണവും നടത്താൻ ധാരണയായി…

ശോഭ എല്ലാക്കാര്യങ്ങളും അപ്പുവിനെയും മറ്റുള്ളവരെയും ഏൽപ്പിച്ച് എല്ലാത്തിൽ നിന്നും മാറി നിന്നു, നിള അപ്പുവിനെ നേരിൽ കാണുന്ന സന്ദർഭങ്ങൾ പരമാവധി ഒഴിവാക്കി, ചന്തു ഈ കാര്യത്തിൽ ഇടപെടാതെ മാറി നിന്നത് അപ്പുവിന് വിഷമം തോന്നിയെങ്കിലും, ഒരു വാക്കുതർക്കത്തിന് മുതിരാതെ നിന്നു,

ദിവസങ്ങൾ കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു, വിവാഹ നിശ്ചയത്തിന് തലേദിവസം ബന്ധുക്കളെല്ലാം വീട്ടില് എത്തിച്ചേർന്നിരുന്നു,

മുതിർന്നവർ ഊണ് കഴിഞ്ഞ് മുറ്റത്ത് സഭ കൂടി

“ഞാൻ പറഞ്ഞതാ എന്റെ ഭാര്യയുടെ ബന്ധത്തിലെ കുട്ടിയെ പറ്റി, നല്ല കുട്ടിയായിരുന്നു, നല്ല പഠിത്തവും നല്ല കുടുംബചുറ്റുപാടും, അപ്പൂന് നല്ല ചേർച്ചയും… അപ്പൊ ആരും കേട്ടില്ല…”

ബാലൻ എല്ലാവരോടുമായി പറഞ്ഞു

“അല്ലെങ്കിത്തന്നെ ആ പ്രസാദിന്റേൽ എന്ത് തേങ്ങയാ ഉള്ളത്, ആൾക്കാരെപറ്റിച്ചു ഉണ്ടാക്കിയതെല്ലാം പോയെന്നാ കേട്ടത്…”

രവി പറഞ്ഞു

“ആ പെണ്ണും കൊറേ പേരുദോഷം കേൾപ്പിച്ചതാന്നാ കേക്കുന്നേ… ശോഭേട്ടത്തിക്കും ആ പെണ്ണിനേ വലിയ പിടിത്തം പോര…”

ലത അവരെ പിന്താങ്ങി

“എന്തായാലും നമുക്ക് പറ്റിയ ബന്ധമല്ല…”

ഗിരിജ അവർക്കൊപ്പം കൂടി

“നമുക്കെന്ത് ചെയ്യാൻ പറ്റും… അവന് അസ്ഥീ പിടിച്ച് പോയില്ലേ…”

രവി പറഞ്ഞു

അപ്പോഴേക്കും അപ്പുവിന്റെ കാർ ഗേറ്റ് കടന്ന് വന്നു

അതിൽനിന്നും അപ്പുവും ചന്തുവും പുറത്തേക്കിറങ്ങി

“ആ വന്നല്ലോ… ആ കൂട്ടുകാരൻ ചെറുക്കാനാ നമ്മുടെ അപ്പൂനെ കൊണ്ട് കുഴിയിൽ ചാടിക്കുന്നത്…”

ഗിരിജ പുച്ഛത്തോടെ ചന്തുവിനെ നോക്കിപ്പറഞ്ഞു

“ഒന്ന് വെറുതെയിരിക്ക്… ശോഭേട്ടത്തി കേട്ടാ പിന്നേ പറയണ്ടല്ലോ…”

രവി അവരോട് പറഞ്ഞു

“അത് ശരിയാ ഇപ്പൊ ഇവർക്ക് നമ്മള് ബന്ധുക്കളെക്കാളും കാര്യം പുറത്തുള്ളോർക്കാ…”

ലത പറഞ്ഞു

“വേറൊരുത്തിയുണ്ടല്ലോ ഒരു സുന്ദരിക്കോത… അവളെ ശോഭേച്ചി പുന്നാരിക്കുന്ന കണ്ടാ… ഞങ്ങടെ മക്കളെയൊന്നും കണ്ണീപ്പിടിക്കില്ല…”

ഗിരിജ പറഞ്ഞു

അപ്പോഴേക്കും അപ്പു അവർക്കരികിലേക്ക് വന്നു

“എവിടെപോയതാ മോനേ…”

ബാലൻ ചോദിച്ചു

“വെറുതെ പുറത്തേക്ക്…”

അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു,

“നീ ഊണ് കഴിച്ചോ അപ്പു…?”

വാക്കുകളിൽ തേൻ പുരട്ടിക്കൊണ്ട് ലത ചോദിച്ചു

“ഉവ്വ്…”

അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു

അപ്പോഴേക്കും അപ്പുവിന്റെ ഫോൺ ബെല്ലടിച്ചു, അവൻ കാൾ എടുത്ത് ചെവിയിലേക്ക് വച്ചു

അവൻ സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കുന്നത് മറ്റുള്ളവർ കൗതുകത്തോടെ നോക്കി ഇരുന്നു,

പെട്ടെന്ന് സംസാരത്തിനിടയിൽ അപ്പുവിന്റെ മുഖം ഗൗരവമാകുന്നതും, ദേഷ്യത്തിൽ എന്തൊക്കെയോ പറയുന്നതും കേട്ട് എല്ലാവരും അവനെ ഉറ്റുനോക്കി,

ആ കാൾ കട്ട്‌ ചെയ്ത് പിന്നീട് വേറെ ഒരുപാട് കാളുകൾ അവൻ ചെയ്തു, അവന്റെ മുഖത്ത് വല്ലാത്ത ടെൻഷൻ നിറഞ്ഞു നിന്നു, അവൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു

ഇതെല്ലാം നോക്കി നിന്ന ചന്തു അവനരികിലേക്ക് നടന്ന് അവന്റെ തോളിൽ കൈ വച്ച്, എന്താ എന്നർത്ഥത്തിൽ അവനെ നോക്കി

“ചന്തു… എനിക്കുടനെ തിരികെപോണം… പറ്റുമെങ്കിൽ ഇന്ന് തന്നെ…”

അപ്പു ടെൻഷനോടെ മുഖത്തെ വിയർപ്പ് അമർത്തി തുടച്ചുകൊണ്ട് അവനോട് പറഞ്ഞുകൊണ്ട് അവനെയും കൂട്ടി കാറിനരികിലേക്ക് നടന്നു,

ചന്തു ഞെട്ടിത്തരിച്ച് അവനെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *