മഴപെയ്തനേരം – 2 56

“തിരികെപോകാനോ…? എന്താടാ കാര്യം…? നീയെന്തിനാ ഇങ്ങനെ വിയർക്കുന്നെ…?”

ചന്തു ആവലാതിയോടെ അവനോട് ചോദിച്ചു

“എല്ലാം പറയാം നീ വണ്ടിയെടുക്ക്…”

അപ്പു കാറിന്റെ കീ ചന്തുവിന് കൊടുത്തുകൊണ്ട് കാറിലേക്ക് കയറി…

കാർ ടൗണിനടുത്തായുള്ള ഒരു ഇരുനില വീടിന് മുന്നിൽ വന്ന് നിന്നു

അകത്ത് നിന്നും ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് വന്നു, അയാളുടെ മുഖത്തും ടെൻഷൻ നിറഞ്ഞിരുന്നു,

“ദീപക്… എന്തായി…?”

അപ്പു വെപ്രാളത്തോടെ ആ ചെറുപ്പക്കാരനോട് ചോദിച്ചു

“പ്രശ്നമാണ് സർ… ഉടനെ എന്തെങ്കിലും ചെയ്യണം… അവിടെ എല്ലാ ഓഫീസുകളും സീൽ ചെയ്തു… അറബാബ് ഫാമിലിയോടെ മിസ്സിംഗ്‌ ആണ്…”

ആ ചെറുപ്പക്കാരനും വെപ്രാളപ്പെടുന്നുണ്ടായിരുന്നു,

“എന്താ അടുത്ത നടപടി…?”

അപ്പു ചോദിച്ചു

“നമുക്ക് എത്രേം പെട്ടെന്ന് തിരികെപോണം… ഇന്ന് രാത്രീലത്തേക്ക് ടിക്കറ്റ്സ് അവൈലബിൾ ആണ്…”

ദീപക് പറഞ്ഞു

“എന്നാ ദീപക് വേണ്ട കാര്യങ്ങൾ ചെയ്യ്…”

ദീപക് തലകുലുക്കി

അവിടെ നിന്നുമിറങ്ങുമ്പോൾ ഒന്നും മനസിലാകാതെ നിന്ന ചന്തു അപ്പുവിനെ പിടിച്ച് നിർത്തി

“എന്താ കാര്യം… അത് പറഞ്ഞിട്ട് പോയാ മതി നീ…”

അവൻ അപ്പുവിനോട് കലിപ്പിൽ പറഞ്ഞു

അപ്പു ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി പിന്നീട് പറഞ്ഞു

“അവിടെ കമ്പനിയിൽ ചില പ്രശ്നങ്ങൾ, പ്രശ്നങ്ങൾ എന്ന് പറഞ്ഞാൽ കമ്പനിയുടെ അസ്ഥിവാരം തോണ്ടുന്ന തരത്തിൽ… എന്റെ അറബാബിന്റെ ഭാര്യാസഹോദരൻ കമ്പനിയെ പറ്റിച്ചു മുങ്ങി, കമ്പനിയുടെ ക്ലൈന്റ്സിന്റെ ഡീറ്റെയിൽസ് മറ്റു കമ്പനികൾക്ക് മറിച്ചുകൊടുത്തു… ഇപ്പൊ അത് വലിയ കേസ് ആയി… കമ്പനിയെ ഗവണ്മെന്റ് സീൽ ചെയ്തു… ബോർഡ്‌ മെമ്പർ ആയതുകൊണ്ട് എനിക്കെതിരെയും കേസ് ഉണ്ട്… അതുകൊണ്ട് എനിക്ക് ഉടനെ തിരികെപോണം… പ്രശ്നങ്ങളെല്ലാം തീർക്കണം…”

അപ്പു ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി

“എടാ… വേറെ കുഴപ്പൊന്നുമില്ലല്ലോ…?”

ചന്തു അവനോട് വേവലാതിയോടെ ചോദിച്ചു

“ഇല്ലടാ… കൊഴപ്പൊന്നുമില്ല…”

അപ്പു ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു,

“ടാ എന്നാലും…”

ചന്തു പിന്നെയും ചോദിച്ചു

അപ്പു അവനെനോക്കി ഒന്ന് ചിരിച്ചു

“പോണം ചന്തു… എന്നേ ഇന്നത്തെ ഞാനാക്കിയ വലിയ മനുഷ്യനാണ് എവിടെയാണെന്ന് പോലുമറിയാതെ… അദ്ദേഹത്തെയും കുടുംബത്തെയും കണ്ടെത്തണം, സുരക്ഷിതമാക്കണം, എന്നിട്ട് ഞാൻ വരും…”

അപ്പു ചന്തുവിനോട് കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു, ചന്തു അവന്റെ കൈകളിൽ പിടിച്ച് അവനെ നോക്കി

അപ്പു പുഞ്ചിരിച്ചുകൊണ്ട് കണ്ണ് ചിമ്മി കാണിച്ചു

🪶

അപ്പു വീട്ടിലേക്ക് വന്ന് എല്ലാവരോടും താൻ ഇന്ന് തിരികെപോകുന്ന കാര്യം അവതരിപ്പിച്ചു, അത്യാവശ്യമായി കമ്പനിയിൽ ചെന്ന് തീർക്കേണ്ട കാര്യമുണ്ടെന്ന് മാത്രം പറഞ്ഞു, യഥാർത്ഥ കാര്യം ആരും അറിയണ്ടെന്നും എല്ലാവരെയും ടെൻഷൻ അടിപ്പിക്കണ്ടെന്നും അപ്പു ചന്തുവിനോട് പറഞ്ഞിരുന്നു, എല്ലാവർക്കും ഒരു ഞെട്ടലായിരുന്നു, ബന്ധുക്കളെല്ലാം ചേർന്ന് നന്ദനയുടെ വീട്ടിൽ ചെന്ന് കാര്യം പറഞ്ഞ് നിശ്ചയം മാറ്റി വയ്പ്പിച്ചു,

തിരികെപോകുമ്പോൾ കൊണ്ടുപോകേണ്ടതെല്ലാം പാക്ക് ചെയ്യാൻ ചന്തുവും അവനൊപ്പം കൂടി, ശോഭയും നിളയും അവരുടെ അടുത്തേക്ക് വന്നു, രണ്ടുപേരുടെയും മുഖം മ്ലാനമായിരുന്നു,

അപ്പു അവരെക്കണ്ട് പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്ന് ശോഭയെ ചേർത്തുപിടിച്ചു

“എന്താ ശോഭക്കുട്ടിയുടെ മുഖത്തൊരു വാട്ടം… മ്…”

അവൻ അവരോട് ചോദിച്ചു

അതിന് മറുപടി പറയാതെ ശോഭ കണ്ണീർ പൊഴിച്ചു

“കരയല്ലേ… ഞാൻ പോയിട്ട് ഓടി ഇങ്ങ് വരൂലോ…”

അവൻ ശോഭയെ ചേർത്തുപിടിച്ച് പുറത്തേക്ക് നടന്നു

നിള നിറഞ്ഞകണ്ണുകളോടെ അവരെ നോക്കി നിന്നു, പിന്നീട് ചന്തുവിന് നേരെ നോക്കി

“ചന്തു… സത്യം പറ… അവിടെയെന്തെങ്കിലും പ്രശ്നങ്ങളുണ്ടോ…?”

അവൾ ചോദിച്ചു

“എന്ത് പ്രശ്നം…? കാര്യങ്ങളെല്ലാം അവൻ പറഞ്ഞില്ലേ…?”

അവൻ അവളുടെ മുഖത്ത് നോക്കാതെ പാക്കിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു

“ചന്തു… എന്റെ മുഖത്തേക്ക് നോക്കിപ്പറ…”

അവളുടെ വാക്കുകൾ ഗൗരവത്തിലായി

ചന്തു ഒന്നും മിണ്ടാതെ നിന്നു, അത് കണ്ട് അവൾക്ക് എന്തോ പന്തികേട് തോന്നി

“എന്താടാ കാര്യം…? എന്താ നീയൊന്നും മിണ്ടാത്തത്…? എന്തായാലും പറ ചന്തു…”

അവൾ വെപ്രാളത്തോടെ അവന്റെ മുന്നിൽച്ചെന്ന് ചോദിച്ചു

“നിളേച്ചി… അത്…”

അവൻ ഒന്നും പറയാതെ നിന്നു

“എന്താടാ…? മനുഷ്യനെ പേടിപ്പിക്കാതെ കാര്യം പറയടാ…”

നിള അവനോട് അലറി

“എനിക്ക് കൂടുതലൊന്നും അറിയില്ല… അവന്റെ കമ്പനിയിലെന്തോ സാമ്പത്തിക പ്രശ്നമാണെന്നോ… ഓഫീസല്ലാം സീൽ ചെയ്‌തെന്നോ… അവന്റെ മുതലാളി ഒളിവിലാണെന്നോ ഒക്കെ പറയുന്നകേട്ടു… എന്തായാലും വലിയ പ്രശ്നമാണ്… അവന്റെ പേരിലും കേസും നൂലമാലകളുമൊക്കെ ഉണ്ടെന്ന് തോന്നുന്നു, അത്രേ എനിക്കറിയൂ…”

അവൻ അവളോട് പറഞ്ഞു, അത് കേട്ട് നിള നെഞ്ചിൽ കൈവച്ചു നിന്നു

“എടാ… എനിക്കെന്തോ പേടിയാകുന്നു… അവനോട് പോകണ്ടാന്നു പറഞ്ഞാലോ… ഒന്നാമത് ആ രാജ്യത്തെ നിയമങ്ങളെല്ലാം കർശനമാണ്… ന്റെ അപ്പൂട്ടന് എന്തേലും പറ്റോ…?”

നിള വേവലാതിയോടെ പറഞ്ഞു

“ഞാനവനോട് കരഞ്ഞു പറഞ്ഞതാ നിളേച്ചി… പക്ഷേ അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ല…”

ചന്തു അത് പറഞ്ഞ് നോക്കിയത് തങ്ങളെ കേട്ട് നിൽക്കുന്ന അപ്പുവിന്റെ മുഖത്തേക്കാണ്,

അപ്പു മുന്നോട്ട് വന്നു

“അപ്പൂട്ടാ വേണ്ടടാ… നീ പോണ്ട… ഞാൻ നിന്നെ വിടില്ല… എനിക്ക് പേടിയാ…”

നിള സമനില തെറ്റിയപോലെ അപ്പുവിനെ പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു

അപ്പു ചിരിച്ചുകൊണ്ട് അവളെ ചേർത്തു പിടിച്ചു

“അയ്യേ… ന്റെ ചേച്ചിപ്പെണ്ണെന്തിനാ കരയുന്നെ… അവിടെ ഇവൻ പറയുന്ന പ്രശ്നങ്ങളൊന്നുമില്ല… ഞാൻ ദേ പോയി ദാന്ന് ഇങ്ങ് വരില്ലേ…?”

അവൻ അവളോട് പറഞ്ഞു

“ഇല്ല… വേണ്ട… നീ പോണ്ട… ഞാൻ വിടില്ല നിന്നെ…”

നിള കൊച്ചുകുട്ടികളെ പോലെ കരഞ്ഞുകൊണ്ട് അവനെ ഒന്നുകൂടി ചുറ്റിപ്പിടിച്ചു

അപ്പു അവളെ നോക്കി പുഞ്ചിരിച്ചു, എങ്കിലും അവന്റെ കണ്ണുകളിൽ നിന്നും ഓരോ തുള്ളി ഒഴുകിയിറങ്ങിയിരുന്നു,

“എനിക്കെന്താ പേടി…? എനിക്ക് വേണ്ടി പ്രാർത്ഥിക്കാനും വഴിപാടുകൾ നേരാനും എന്റെ ചേച്ചിപ്പെണ്ണില്ലേ…? ന്നെ കാത്തിരിക്കാൻ ന്റെ ശോഭക്കുട്ടിയില്ലേ…? എനിക്ക് വേണ്ടി ചങ്ക് പറിച്ച് തരാൻ ദാ ഇവനില്ലേ…? പിന്നെന്താ…

ഞാനിപ്പോ പോയില്ലെങ്കിൽ… ഇത്രേം കാലം ഞാനുണ്ടാക്കിയതെല്ലാം വെള്ളത്തിൽ പോകില്ലേ…?”

അവൻ ഇടറുന്ന സ്വരത്തിൽ പറഞ്ഞു

“വേണ്ട… എല്ലാം പൊയ്ക്കോട്ടേ… ന്നാലും ഞാൻ ന്റെ അപ്പൂട്ടനെ വിടില്ല…”

അവൾ വീണ്ടും വാശിപിടിച്ചു

നിറഞ്ഞകണ്ണുകളോടെ അവരെ നോക്കി ചന്തു നിന്നു, നിളയും അപ്പുവും മനസ്സുകൊണ്ട് വല്ലാതെ പ്രണയിക്കുന്നുണ്ടെന്ന് അവന് തോന്നി, അവൻ പതിയെ പുറത്തേക്ക് നടന്നു

Leave a Reply

Your email address will not be published. Required fields are marked *