മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 5

 

മമ്മായെന്ത് ചെയ്യും ശിക്ഷ ഇനി റസ്റ്റിക്കേഷനാണെങ്കില്‍?

 

അവനൊരെത്തും പിടിയും കിട്ടിയില്ല.

 

പെട്ടെന്ന് ഡീനിന്‍റെ കതക് തുറക്കപ്പെട്ടു. അതില്‍ നിന്നും ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു. റെഡ് ഹൌസ് ഫ്ലവര്‍ ഉണ്ട് അവളുടെ കോളറില്‍.

 

“ഡീന്‍ അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു,”

 

അത് പറഞ്ഞ് അവള്‍ കോറിഡോറിലൂടെ പോയി.

 

നെവില്‍ അകത്തേക് ചെന്നു.

 

മേശമേല്‍ വിടര്‍ത്തി വെച്ച പുസ്തകത്തിലാണ് ഡീനിന്‍റെ ശ്രദ്ധ.

 

“സാര്‍…”

 

അവന്‍ വിളിച്ചു.

 

“മിസ്റ്റര്‍ റെയ്ഗന്‍…”

 

അവന്‍ വിളിയാവര്‍ത്തിച്ചു.

 

“ആഹ്…”

 

അയാള്‍ മുഖമുയര്‍ത്തി നോക്കി.

 

“നെവില്‍…കമോണിന്‍…”

 

അയാള്‍ കൈ ഉയര്‍ത്തി കസേര ചൂണ്ടിക്കാണിച്ചു.

 

നെവില്‍ ഇരിപ്പിടത്തില്‍ ഇരുന്ന് അയാളെ നോക്കാന്‍ ശ്രമിച്ചു.

 

“ദിലീപിന്‍റെ അവസ്ഥ അത്ര നിസ്സാരമല്ല…”

 

പ്രോഫസ്സര്‍ ജസ്റ്റിന്‍ റെയ്ഗന്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

 

നെവില്‍ ഒന്നും പറയാനാവാതെ മുഖം താഴ്ത്തി.

 

“സെയിന്‍റ് ലോറന്‍സ് സ്കൂളിന്‍റെ സിറ്റി റാങ്ക് എത്രയാണ് എന്ന് നെവിലിന് അറിയാമോ?”

 

അയാള്‍ ചോദിച്ചു.

 

“അറിയാം മിസ്റ്റര്‍ റെയ്ഗന്‍…”

 

അവന്‍ പറഞ്ഞു.

 

“റാങ്ക് നമ്പര്‍ വണ്‍…”

 

“ഓക്കേ…നാഷണല്‍ റാങ്കിങ്ങില്‍ ഏത് പൊസിഷനിലാണ് നമ്മുടെ സ്കൂള്‍…ഓവര്‍ ആള്‍ പെര്‍ഫോര്‍മന്‍സില്‍…?”

 

“നമ്പര്‍ സിക്സ് സാര്‍…”

 

“ഫോറിന്‍ സ്റ്റുഡന്‍റ്റ്സിന്‍റെ പെര്‍സെന്‍റ്റ്?”

 

“ഫോര്‍ട്ടി, സാര്‍…”

 

അയാള്‍ അല്‍പ്പ നേരം നിശബ്ദനായി അവനെ നോക്കി. അയാളുടെ നോട്ടം നേരിടാന്‍ നെവിലിന് അല്‍പ്പം ബുദ്ധിമ്മുട്ട് തോന്നി.

 

“നെവില്‍…”

 

പിന്നെ ജസ്റ്റിന്‍ റെയ്ഗന്‍ അവനെ വിളിച്ചു.

 

“ക്യുബെക്കില്‍ നിന്നും സെയിന്‍റ് ലോറന്‍സ് സ്കൂളിലേക്ക് വരാനുണ്ടായ സാഹചര്യം നിനക്ക് ഓര്‍മ്മയുണ്ടോ?”

 

അവന്‍റെ മുഖം വീണ്ടും താഴ്ന്നു.

 

പിന്നെ വിഷമിച്ച് മുഖമുയര്‍ത്തി. അയാളുടെ നേരെ നോക്കി പതിയെ ശിരസ്സനക്കി.

 

“ഇന്‍ വോയിസ്, പ്ലീസ്…”

 

പ്രോഫസ്സര്‍ റെയ്ഗന്‍ ശബ്ദമുയര്‍ത്തി.

 

“എനിക്ക് ഓര്‍മ്മയുണ്ട് സാര്‍…”

 

“ഗുഡ്…”

 

അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു. അയാളുടെ പുഞ്ചിരി പക്ഷെ തന്നെ ദഹിപ്പിക്കുന്നത് പോലെയാണ് നെവിലിന് തോന്നിയത്.

 

“ഇപ്പോള്‍ കൂട്ടുകാരാക്കിയിരിക്കുന്നവരുടെ ഹിസ്റ്ററി വല്ലതും നെവിലിന് അറിയാമോ?”

 

എന്താണ് പറയേണ്ടത് എന്ന് അവന് അറിയില്ലായിരുന്നു.

 

“പോട്ടെ, അറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം…”

 

അയാള്‍ വീണ്ടും പുഞ്ചിരിച്ചു.

 

“ഫിലിപ്പ്….”

 

ഡീന്‍ ഉരുവിട്ടു.

 

“രണ്ട് മാസം റിഹാബിലിറ്റെഷന്‍ സെന്‍റ്ററില്‍ കഴിഞ്ഞിട്ടുണ്ട്, ഡ്രഗ് ടേക്കിങ്ങിന്….നാല് പോലീസ് കേസുണ്ട് സ്ട്രീറ്റ് ഫൈറ്റിന്… രണ്ട് പ്രാവശ്യം പരീക്ഷ ക്യാന്‍സല്‍ ചെയ്യപ്പെട്ടിട്ടുണ്ട് മാല്‍പ്രാക്റ്റീസ് നടത്തിയതിന്….”

 

അവന്‍ അയാളെ നോക്കി തലകുലുക്കി.

 

“രവീണ…”

 

അയാള്‍ മന്ത്രിച്ചു.

 

“ഡ്രഗ് അഡിക്ഷന്‍ മാറ്റാന്‍ റിഹാബിലിറ്റെഷന്‍ ആറുമാസം. ഷോപ്പ് ലിഫ്റ്റിംഗ് [കടകളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കല്‍] അഞ്ചു തവണ… ക്ലാസ് മേറ്റിനെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ട്രയല്‍ നടന്നുകൊണ്ടിരിക്കുന്നു ഇപ്പോള്‍…”

 

ഇത്തവണ നെവില്‍ ശരിക്കും ഞെട്ടുന്നത് ഡീന്‍ കണ്ടു.

 

“ജഗദീഷ്….”

 

ഡീന്‍ പറഞ്ഞു.

 

“ഏഴ് കേസുകളുണ്ട് അവന്‍റെ പേരില്‍… മോഷണം, ഫൈറ്റ്, ആള്‍ക്കഹോള്‍…”

 

നെവില്‍ തലകുലുക്കി.

 

“സാന്ദ്ര…”

 

ഡീന്‍ വീണ്ടും ഉരുവിട്ടു.

 

“ഡ്രഗ്സ്…റിഹാബിലിറ്റെഷന്‍ ഉണ്ടായിട്ടില്ല…അവളുടെ അച്ഛന്‍ പണമെറിഞ്ഞ് സാക്ഷികളുടെ മൊഴി മാറ്റിച്ചു…അതുകൊണ്ട് രക്ഷപ്പെട്ടു…ആല്‍ക്കഹോള്‍ ലഹരിയില്‍ വഴക്കുണ്ടാക്കി ഒരാളുടെ തലയടിച്ചു പൊട്ടിച്ചു… അവിടെയും അവളുടെ പണക്കാരന്‍ അച്ഛന്‍ ദൃക്സാക്ഷികള്‍ക്ക് പണം നല്‍കി കേസ് ഒതുക്കി…

 

നെവില്‍ കേട്ടിരുന്നു.

 

അയാള്‍ പറഞ്ഞതൊക്കെ വിദ്യാര്‍ഥികളെപ്പറ്റിയുള്ള കോണ്‍ഫിഡന്‍ഷ്യലായ കാര്യങ്ങളാണ്. പുറത്ത് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍. എന്തുകൊണ്ടായിരിക്കാം തന്നോട് ഇയാള്‍ ഇതൊക്കെ പറഞ്ഞത്?

 

നെവിലിന് മനസ്സിലായില്ല.

 

“ഇനി നിന്‍റെ കാര്യം…”

 

അയാള്‍ തുടര്‍ന്നു.

 

“ട്രെസ്സ്പാസ്സ് ചെയ്യാന്‍ പാടില്ലാത്ത പ്രോപ്പര്‍ട്ടിയിലാണ് നിങ്ങള്‍ ഇന്നലെ രാത്രി ചെലവിട്ടത്, നിങ്ങള്‍ എല്ലാവരുടെയും പ്രായം ഇരുപതില്‍ താഴെയാണ്, അനുവദിച്ച ആല്‍ക്കഹോള്‍ ഇരുനൂറു മില്ലീലിറ്റര്‍, ഓരോരുത്തരും കഴിച്ചത്, ഒന്നര ലിറ്റര്‍….”

 

നെവില്‍ തലകുനിച്ചു.

 

“അതിനും പുറമേ….”

 

ഡീന്‍ തുടര്‍ന്നു.

 

“അതിനും പുറമേ, എസ് പി സി എയുടെ വസ്തുക്കള്‍ നശിപ്പിച്ചു…ഓവര്‍ സ്പീഡില്‍ കാറോടിച്ച് ട്രാഫിക് നിയമം തെറ്റിച്ചു… ലാസ്റ്റിലി….”

 

ഡീന്‍ അവനെ നോക്കി.

 

“ലാസ്റ്റിലി…ഷറീഫിന്‍റെ മുമ്പില്‍ നിന്ന് അയാളെ ഇവേഡ് ചെയ്യാന്‍ ശ്രമിച്ചു…”

 

അയാള്‍ നിര്‍ത്തി നെവിലിനെ നോക്കി.

 

“കേസ് ഫെഡറല്‍ കോടതിയ്ക്ക് വിട്ടാല്‍ ഒരു വര്‍ഷം വരെ ഇംപ്രിസണ്‍മെന്‍റ്റ് കിട്ടും, മിനിമം…”

 

സ്വരം പരമാവധി ശാന്തമാക്കാന്‍ ശ്രമിച്ചുകൊണ്ട് ഡീന്‍ പറഞ്ഞു.

 

“അങ്ങനെ വന്നാല്‍ നിന്‍റെ ഭാവി എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മുമ്പോട്ട്‌ ഏതെങ്കിലും സ്കൂളോ കോളെജോ നിനക്ക് അഡ്മിഷന്‍ തരുമോ?”

 

നെവിലിന്റെ മുഖം സ്ഥബ്ധമാകുന്നത് അയാള്‍ കണ്ടു.

 

“സ്കൂള്‍ നിയമമനുസരിച്ച് ശിക്ഷ എന്താണ് എന്നറിയാമോ നെവിലിന്?”

 

അവന്‍ തല കുനിച്ചിരുന്നു.

 

“പറയൂ, അറിയാമോ?”

 

അവന്‍ മുഖമുയര്‍ത്തി അയാളെ നോക്കി.

 

“റസ്‌റ്റിക്കേഷന്‍…”

 

അവന്‍ പറഞ്ഞു.

 

ഡീന്‍ ഒന്നും മിണ്ടിയില്ല. മൌനമങ്ങനെ തുടര്‍ന്നപ്പോള്‍ നെവില്‍ അസഹ്യതയോടെ അയാളെ നോക്കി. ടെന്‍ഷന്‍ കാരണം അവനിരിപ്പുറച്ചില്ല. ഡീന്‍ ഇപ്പോള്‍ പറയും “റസ്‌റ്റിക്കേഷന്‍…” നെവില്‍ നിന്‍റെ ശിക്ഷ റസ്‌റ്റിക്കേഷന്‍….

 

“നീ ഇവിടെ ആദ്യ വര്‍ഷമായത് കൊണ്ട് ഞാന്‍ റസ്റ്റിക്കേഷന്‍ തരുന്നില്ല…”

 

ഡീന്‍ പറഞ്ഞു.

 

അവിശ്വസനീയതോടെ അവന്‍ ഡീനിനെ നോക്കി. അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു. അവന്‍റെ ചുണ്ടുകള്‍ വിറച്ചു.

 

“പക്ഷെ…ശിക്ഷയുണ്ട്…”

 

അവന്‍റെ മുഖഭാവത്തില്‍ നിന്ന് ശ്രദ്ധ മാറ്റാതെ അയാള്‍ തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *