മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 5 1

 

“കേസ് ഫെഡറല്‍ കോടതിയ്ക്ക് വിട്ടാല്‍ ഒരു വര്‍ഷം വരെ ഇംപ്രിസണ്‍മെന്‍റ്റ് കിട്ടും, മിനിമം…”

 

സ്വരം പരമാവധി ശാന്തമാക്കാന്‍ ശ്രമിച്ചുകൊണ്ട് ഡീന്‍ പറഞ്ഞു.

 

“അങ്ങനെ വന്നാല്‍ നിന്‍റെ ഭാവി എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മുമ്പോട്ട്‌ ഏതെങ്കിലും സ്കൂളോ കോളെജോ നിനക്ക് അഡ്മിഷന്‍ തരുമോ?”

 

നെവിലിന്റെ മുഖം സ്ഥബ്ധമാകുന്നത് അയാള്‍ കണ്ടു.

 

“സ്കൂള്‍ നിയമമനുസരിച്ച് ശിക്ഷ എന്താണ് എന്നറിയാമോ നെവിലിന്?”

 

അവന്‍ തല കുനിച്ചിരുന്നു.

 

“പറയൂ, അറിയാമോ?”

 

അവന്‍ മുഖമുയര്‍ത്തി അയാളെ നോക്കി.

 

“റസ്‌റ്റിക്കേഷന്‍…”

 

അവന്‍ പറഞ്ഞു.

 

ഡീന്‍ ഒന്നും മിണ്ടിയില്ല. മൌനമങ്ങനെ തുടര്‍ന്നപ്പോള്‍ നെവില്‍ അസഹ്യതയോടെ അയാളെ നോക്കി. ടെന്‍ഷന്‍ കാരണം അവനിരിപ്പുറച്ചില്ല. ഡീന്‍ ഇപ്പോള്‍ പറയും “റസ്‌റ്റിക്കേഷന്‍…” നെവില്‍ നിന്‍റെ ശിക്ഷ റസ്‌റ്റിക്കേഷന്‍….

 

“നീ ഇവിടെ ആദ്യ വര്‍ഷമായത് കൊണ്ട് ഞാന്‍ റസ്റ്റിക്കേഷന്‍ തരുന്നില്ല…”

 

ഡീന്‍ പറഞ്ഞു.

 

അവിശ്വസനീയതോടെ അവന്‍ ഡീനിനെ നോക്കി. അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു. അവന്‍റെ ചുണ്ടുകള്‍ വിറച്ചു.

 

“പക്ഷെ…ശിക്ഷയുണ്ട്…”

 

അവന്‍റെ മുഖഭാവത്തില്‍ നിന്ന് ശ്രദ്ധ മാറ്റാതെ അയാള്‍ തുടര്‍ന്നു.

 

“ഒന്ന്, ഒരാഴ്ച്ച ജാനിറ്റര്‍ വര്‍ക്ക്…സ്വീപിംഗ് അടക്കം…”

 

ഡീന്‍ അവന്‍റെ പ്രതികരണം അറിയാന്‍ നോക്കി.

 

നെവില്‍ നിര്‍വികാരനായി ഇരിക്കുകയാണ്.

 

‘രണ്ട്, ചാരിറ്റി ട്യൂട്ടറിംഗ്…”

 

നെവില്‍ അപ്പോഴും നിര്‍വികാരത പാലിച്ചു.

 

“മൂന്ന്‍, ഒരു മാസം മുടങ്ങാതെ മമ്മയോടൊപ്പം ചര്‍ച്ച് അറ്റന്‍ഡ് ചെയ്യണം…”

 

നെവില്‍ മുഖം ചുളിച്ചു.

 

“എന്താ പറ്റില്ലേ?”

 

അവന്‍റെ ഭാവമാറ്റം കണ്ട് ഡീന്‍ പ്രസന്നത വെടിഞ്ഞ് ചോദിച്ചു.

 

“പറ്റില്ല” എന്ന് പറഞ്ഞാല്‍ “എന്നാല്‍ റസ്‌റ്റിക്കേഷന്‍” തന്നെയാവാം എന്ന് ഡീന്‍ പറയും.

 

“പറ്റും…”

 

നെവില്‍ അനിഷ്ടഭാവത്തോടെയാണെങ്കിലും അങ്ങനെ പറഞ്ഞു.

 

“നാല്…”

 

ഡീന്‍ അത് പറഞ്ഞ് അവനെ നോക്കി.

 

എന്തും സഹിക്കാന്‍ തയ്യാറായ അവസ്ഥയിലാണ് അവന്‍റെ ഇരിപ്പെന്ന് അയാള്‍ കണ്ടു.

 

“സ്കൂളിലെ ഫാള്‍ സീസണിലെ ഡ്രാമയില്‍ അഭിനയിക്കുക…”

 

സ്കൂളില്‍ എല്ലാ വര്‍ഷം നാല് നാടകങ്ങള്‍ അരങ്ങേറും. ഓരോ സീസണിലും ആണത് നടക്കുക. സമ്മര്‍, വിന്‍റര്‍, ഫാള്‍, മഴക്കാല സീസണുകളില്‍.

 

“നോ…”

 

അവന്‍ പെട്ടെന്ന് പറഞ്ഞു.

 

“എന്താ?”

 

സ്വരത്തില്‍ ക്രുദ്ധത വരുത്തി ഡീന്‍ പെട്ടെന്ന് ചോദിച്ചു.

 

“എന്തെങ്കിലും പറഞ്ഞോ?”

 

“സാര്‍, ഹാര്‍ഡ് ആയ മറ്റു എന്ത് പണീഷ്മെന്‍റ് വേണേലും തന്നോളൂ, പക്ഷെ ഡ്രാമയില്‍ അഭിനയിക്കുന്നത്…”

 

“ശരി…”

 

അവന്‍റെ അപേക്ഷ സമ്മതിച്ചത് പോലെ ഡീന്‍ പറഞ്ഞു.

 

അവന്‍റെ മുഖം പ്രകാശമാനമായി.

 

“സമ്മതിച്ചു…ഡ്രാമ വേണ്ട…”

 

അവന്റെ മുഖത്തെ പ്രസന്ന ഭാവത്തിലേക്ക് അയാൾ ഒരു നിമിഷം നോക്കി.

 

“ചര്‍ച്ചില്‍ പോക്കും ജാനിറ്റര്‍ വര്‍ക്കും ട്യൂട്ടറിംഗ് വര്‍ക്കും വേണ്ട..പകരം ഒരെണ്ണം തരാം..മതിയോ?”

 

ഡീനിന്‍റെ മുഖമിരുണ്ടു. അയാള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നവന് മനസ്സിലായി.

 

“ഇതിനെല്ലാം പകരം റസ്‌റ്റിക്കേഷന്‍ ലെറ്റര്‍ ഒപ്പ് വെച്ചു തരാടാ മൈരേ”, എന്നാണ് ഇയാള്‍ പറയാന്‍ പോകുന്നത്!

 

“അത് മതിയോ മിസ്റ്റര്‍ നെവില്‍?”

 

“വ്…വേ…വേണ്ട മിസ്റ്റര്‍ റെയ്ഗന്‍…”

 

കണ്ണുകള്‍ താഴ്ത്തി അവന്‍ പറഞ്ഞു.

 

“ഞാന്‍ ഡ്രാമയില്‍ അഭിനയിച്ചോളാം…”

 

“ചെയ്ത തെറ്റിന്റെ ഗ്രാവിറ്റി മനസ്സിലായെങ്കില്‍, പോകുന്നതിനു മുമ്പ് ഇതുകൂടി കേള്‍ക്ക്,”

 

നെവില്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ് ജസ്റ്റിന്‍ റെയ്ഗന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

 

“ഈ ശിക്ഷയിളവ് പ്രാബല്യത്തില്‍ വരണമെങ്കില്‍ ഇതുപോലെ മറ്റൊരു തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല എന്ന് എഴുതി ഒപ്പിട്ടിട്ട് പോകണം…”

Leave a Reply

Your email address will not be published. Required fields are marked *