“അച്ഛന്റെ പിന്നാലെ ചെല്ലൂ…”
ശിവാനി രവിയോട് പറഞ്ഞു.
“ഞാനിവിടെ ഉണ്ടാവും,”
അവൻ തലകുലുക്കി. പിന്നെ സിദ്ധപ്പയുടെ പിന്നാലെ നടന്നു. ബസവേശ്വരന്റെ മൂർത്തിയുറങ്ങുന്ന ഗോപുരം കടന്ന് വെളിയിലെ ചതുപ്പിലേക്ക് അവർ നടന്നു.
സിദ്ധപ്പയുടെ ചുവടുകളിൽ നിന്നും മാറാതെ രവി ശ്രദ്ധാപൂർവ്വം നടന്നു. അവിടെ നിലാവ് കുറവായിരുന്നു. കാട് വളർന്ന ആകാശത്തെ മറച്ചിരുന്നു. കാറ്റിന്റെ താളമേറി. തലയ്ക്ക് മുകളിൽ ഉറക്കം നഷ്ട്ടപ്പെട്ട പരുന്തുകൾ പറന്നു.
അൽപ്പമകലെ മാവുകൾ കൂട്ടമായി വളർന്ന ഒരിടത്ത് അവരെത്തി. മാന്തോട്ടത്തിനകത്ത് ഒരു വലിയ പാറ രവി കണ്ടു.
“ചന്ദ്രശില!”
അവൻ മന്ത്രിച്ചു.
ചന്ദ്ര ശിലയ്ക്ക് ചുറ്റും വാടാമല്ലിപ്പൂക്കളും നിത്യപുഷ്പ്പങ്ങളും കൊണ്ട് ഭംഗിയായി കോലം വരച്ചിരുന്നു.
രവി പൂക്കോലം കൊണ്ട് ചന്തം പൂണ്ട ചന്ദനശിലയെ വണങ്ങി. അതിന് മുമ്പിൽ സാഷ്ടംഗ പ്രണാമം ചെയ്തു. പിന്നെ അതിന്റെ ഓരൊതുക്കിൽ ഭക്തോയോടെ കൺപോളകളമർത്തി.
സിദ്ധപ്പ കൈ കാണിച്ചു.
ചന്ദനശിലയ്ക്ക് പിമ്പിലെ ആശ്രമത്തിലേക്ക് അയാൾ നടന്നു.
രവി അയാളെ പിൻതുടർന്നു.
സിദ്ധപ്പ ആശ്രമത്തിന്റെ മുളവാതിൽ പതിയെ തുറന്നു.
അവിടെ നിലത്ത് വിരിച്ചൊരുക്കിയെ ചുവന്ന കിടക്കയിൽ നെഞ്ചൊപ്പം വെള്ളത്താടിരോമങ്ങളും നീണ്ടമുടിയുമുള്ള ഒരു ദീർഘകായനെ കണ്ടു.
സിദ്ധപ്പ അയാളെ താണു വണങ്ങി.
രവിയും.
അയാൾ കൈ ഉയർത്തി അനുഗ്രഹമുദ്ര കാണിച്ചു.
“അറിയേണ്ടത് ആരെക്കുറിച്ചാണ്?”
വളരെ പരുക്കമായ സ്വരത്തിൽ അയാൾ ചോദിച്ചു.
“മാസ്റ്റർ …മാസ്റ്ററെപ്പറ്റി…”
രവി പറഞ്ഞു.
[തുടരും]
