“അത് പിന്നെ എനിക്ക് ഫിസിക്സ് ഒത്തിരി ഇഷ്ടായത് കൊണ്ടാണ് അതിന് ഫുൾ മാർക്ക് , എന്നാലും നിന്റത്രം വരുവോട മുത്തേ..”
ഞാൻ അവനെ ഒന്നാക്കി കൊണ്ട് പറഞ്ഞു…
“ഓ ഉവ്വ ഉവ്വ”
അവൻ എന്നെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് മുന്നിൽ നിന്ന് മാറിക്കൊണ്ട് പറഞ്ഞു…
അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ സ്കൂളിലേക്ക് നടന്നു…
സോറി ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ…!
എൻ്റെ പേര് സിദ്ധാർത്ഥ്,അടുത്തറിയാവുന്നവർ എല്ലാം സിദ്ധു എന്ന് വിളിക്കും ഇപ്പൊൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു. വീട്ടിൽ അച്ഛൻ രവിശങ്കർ,അമ്മ ശ്രീദേവി,ചേച്ചി മാളു എന്ന മാളവിക.. അച്ഛൻ ടൗണിൽ ഒരു ടെക്സ്റ്റെയിൽ ഷോപ്പ് നടത്തുന്നു കൂടാതെ അല്ലറ ചില്ലറ റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഉണ്ട്,അമ്മ ഹൗസ് വൈഫ്,ചേച്ചി Bsc കമ്പ്യൂട്ടർ സയൻസ് ഒന്നാം വർഷ വിദ്യാർഥിനി.അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടിൽ ആണ് ഞാൻ ജനിച്ചത്,അത്കൊണ്ട് ഇന്നേവരെ ഒന്നിനും ഒരു ബുദ്ധിമുട്ടും അറിയേണ്ടേ വന്നിട്ടില്ല. അതിൻ്റെയൊക്കെയാണോ എന്നറിയില്ല ആ പ്രായത്തിലുള്ള കുരുത്തകേടുകൾ എല്ലാം എനിക്കുണ്ട്… ഏത്..! അതിന് പറ്റിയ കൂട്ടുകാരെയും ദൈവം സഹായിച്ച് എനിക്ക് കിട്ടിയിട്ടുണ്ട്…!
സ്കൂളിലെത്തിയത്തും,
“ഇന്നെന്താട മക്കളെ രണ്ടും നേരെത്തെയാണല്ലോ” എന്ന അരുണിന്റെ കമെൻ്റും കേട്ടുകൊണ്ടാണ് ഞങ്ങൾ ക്ലാസ്സിലേക്ക് കയറിയത്…
എന്നാല് എൻ്റെ ശ്രദ്ധ ഞങ്ങളുടെ ക്ലാസിൻ്റെ തന്നെ വരാന്തയിലുള്ള നാലാമത്തെ ക്ലാസ്സിലേക്ക് ആയിരുന്നു…അത് ശ്രദ്ധിച്ചുകൊണ്ടെന്നോണം നികേഷ് പറഞ്ഞു,
“ഓ ഇന്നൊരാൾക്ക് ഇവിടേക്ക് വരാൻ ഇന്നലെ വരെയില്ലാത്ത ധൃതി ആയിരിരുന്നു”
“ആർക്ക് ഇവനോ?”
എന്നെ ചൂണ്ടിക്കൊണ്ട് അരുൺ ചോദിച്ചു..
“ആ പിന്നല്ലാതെനിക്കോ?”
“അതെന്തടാ നിനക്ക് ഇന്നലെവരെയില്ലാത്ത ഒരു ധൃതി?”
അരുൺ എനിക്ക് എതിർ ഭാഗത്തേയ്ക്ക് വന്നിരുന്നുകൊണ്ട് ചോദിച്ചു..
“അതൊന്നുവില്ലട,ഇന്നലെ ലെയിറ്റ് ആയിട്ട് വന്നിട്ട് ആ ടീച്ചർടെ വായിലിരിക്കുന്നത് മുഴുവൻ കേട്ടതാ,ഇനി ഇന്നതിന് തരം ഉണ്ടാക്കണ്ടല്ലോ എന്ന് വച്ചാ ഇത്തിരി നേരെത്തെ വന്നേ”
ഞാൻ ഒട്ടും ഭാവ വ്യത്യാസമില്ലാതെ അവനെ നോക്കി പറഞ്ഞു…പക്ഷെ അതിൻ്റെയിടയിലും ഒളികണ്ണിട്ടു ഞാനാ നാലാമത്തെ ക്ലാസ്സ്റൂമിലേക്ക് നോക്കാൻ മറന്നില്ല…കുറച്ച് സമയത്തെ നോട്ടത്തിനു ശേഷം ഞാൻ വലത്തോട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്നെ തന്നെ നോക്കിയിരിക്കുന്ന നികേഷിനെയാണ്…!
“എന്താടാ ഇങ്ങനെ നോക്കുന്നെ?”
ഞാൻ അവനോട് ചോദിച്ചു.
“എന്താടാ മോനുസെ 9 C യിലേക്ക് ഒരു ആകർഷണം?
അവൻ്റേയാ ചോദ്യം കേട്ടതും ഞാൻ ഒന്ന് ഞെട്ടി, അതെന്തിനാണെന്നു എനിക്ക് ഇപ്പോഴും അറിയില്ല…
“ആകർഷണോ..എന്ത് ആകർഷണം?”
അവൻ്റെ മുഖത്ത് നോക്കാതെ ഞാൻ തിരിച്ച് ചോദിച്ചു..
“ഡാ മോനെ നിൻ്റെ ചാട്ടം എങ്ങോട്ടാണെന്നെനിക്ക് മനസ്സിലാവണുണ്ട്ട്ടോ”
അവൻ വല്ലാത്ത ഒരു ചിരിയോടുകൂടി എന്നെ നോക്കി പറഞ്ഞു…
“എന്താടാ എന്താ സംഭവം?”
അരുൺ ആകാംഷയോടെ ചോദിച്ചു..
“ഏയ് ഒന്നും പറയാറായിട്ടില്ല മോനേ,കുറച്ചുകൂടി കഴിയട്ടെ”
അവൻ എന്നെ നോക്കിക്കൊണ്ട് തന്നെ പറഞ്ഞു…
ദൈവമേ ഇവന് ഇനി വല്ലതും മനസ്സിലായിട്ടുണ്ടാവോ?
ഇതെന്ത് മൈര്,ഞാൻ എന്തിനാ ഇങ്ങനെ കിടന്ന് ടെൻഷനടിക്കുന്നെ?എന്തായാലും ഇവന്മാരോട് പറയണ്ടതല്ലേ?
“ദേ ഡാ ലക്ഷ്മി വരുന്നു”
മുകളിലേക്കുള്ള പടികൾ കയറിവരുന്ന ലക്ഷ്മിയെ നോക്കിക്കൊണ്ട് അരുൺ പറഞ്ഞു…
അത് കേട്ടതും നികേഷ് ചാടി എഴുന്നേറ്റ് ക്ലാസ്സിനു പുറത്തേക്ക് ഓടി…
അത് സംഭവം വേറോന്നുവല്ല,കാര്യം നമ്മുടെ ചങ്ക് ചെറിയ ഒരു കോഴിയാണെങ്കിലും ഇവളുടെ കാര്യത്തിൽ കക്ഷി നല്ല ഉത്സാഹത്തിൽ ആണ്,എന്ന് വെച്ചാൽ അസ്ഥിക്ക് പിടിച്ചെന്നോക്കെ പറയില്ലേ,അതന്നേ…
ഇനി ലക്ഷ്മിയെ കുറിച്ച് പറയുവാണെങ്കിൽ,നല്ല വെളുത്ത നിറം ആവശ്യത്തിന് പൊക്കം അതിനൊത്ത വണ്ണം,വട്ടമുഖത്തിൽ കറുത്ത കൺമഷി എഴുതിയ കണ്ണുകൾ,ആവശ്യത്തിനുള്ള മുടി അത് രണ്ടായി ഇരുവശത്തേക്കും മെടഞ്ഞിട്ടിരിക്കുന്നു…
വെള്ള ചുരിദാർ ടോപ്പും അതിനോട് ചേർന്നുള്ള നീല പാൻ്റും, ഷോളും കൂടിയ യൂണിഫോമിൽ അവളെ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു…
