അങ്ങനെ ഫോൺ ഓഫ് ചെയ്തു ഞാൻ വായനയിൽ മുഴുകി. ഇടക്കികക്ക് ഒന്ന് ഓൺ ചെയ്തു നോക്കി എന്നല്ലാതെ പകൽ ഞാൻ ഫോൺ ഉപയോഗിച്ചതേയില്ല. ഇന്ന് പ്ലാൻ ചെയ്തതൊക്കെ പഠിച്ചുകഴിഞ്ഞു. വളരെ ഫലവത്തായൊരു ദിവസം. നേരത്തെ ഉറങ്ങാൻ തീരുമാനിച്ചു. നാളെ രാവിലെ എഴുന്നേറ്റു മെയിൻ പോയിന്റ്സ് എല്ലാം ഒന്നുകൂടി വായിക്കണം.
നാലുമണിക്ക് അലാറംവച്ച് നേരത്തെതന്നെ കിടന്നു. ടീച്ചർ വിളിച്ചതും സംസാരിച്ചതും കാരണമുള്ള എക്സൈറ്റേഷൻ മനസ്സിലുണ്ടെങ്കിലും പഠനത്താലുള്ള ക്ഷീണത്താൽ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്കലിഞ്ഞുചേർന്നു.
================== എഴുത്തുപരീക്ഷകളെല്ലാം കഴിഞ്ഞു. ഇനി വൈവ മാത്രമാണ് ബാക്കിയുള്ളത്. അതിനു നാലുനാളത്തെ സാവകാശവുമുണ്ട്. വന്നിട്ടിന്നുവരെ ഒന്നു നന്നായി ഭക്ഷണം കഴിക്കുകയോ ടീവി കാണുകയോ റിലാക്‌സ് ആയി ഉറങ്ങുകപോലും ചെയ്തിട്ടില്ല. ഇന്നത്തെ ദിവസം ഉറങ്ങിത്തീർക്കാണ് തന്നെ തീരുമാനിച്ചു. നല്ല ഒരു പൈസയും അല്പം ജ്യുസും ഓർഡർ ചെയ്‌തു. ഒരു പഴയ ഹോളിവുഡ് സിനിമയും കണ്ടു അതെല്ലാം കഴിച്ചു. ഒരു പതിനൊന്നുമണിയോടെ ഞാൻ ഓഫായി. പിറ്റേ ദിവസം പന്ത്രണ്ടു മണിക്കാണ് കിടക്കയിൽനിന്നു എഴുന്നേൽക്കുന്നത്. ഇടക്ക് ഒന്നോ രണ്ടോ തവണ വെള്ളം കുടിക്കാനും വാഷ്റൂമിൽ പോകാനും എഴുന്നേറ്റത് ഓർമയുണ്ട്. ജീവിതത്തിൽ ഇത്രയും ആസ്വദിച്ചുറങ്ങുന്നത് പരീക്ഷ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ.
ഉച്ചക്ക് ഭക്ഷണം ഞാൻ തന്നെ പാകംചെയ്തുകഴിച്ചു. ശേഷം വീണ്ടും ടീവിയുടെ മുന്നിലിരുന്നു. ഇന്നേക്ക് ഒരാഴ്ച്ചയായി ടീച്ചർ വിളിച്ചിട്ട്. വെക്കേഷൻറെ ഓരോരോ ചിത്രങ്ങൾ മനസിൽ തെളിഞ്ഞു മറിഞ്ഞുകൊണ്ടേയിരുന്നു. ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്. ലിസിമ്മയുടെ നമ്പറാണ്. ടീച്ചറാകണേ എന്ന് പ്രാർത്ഥിച്ചു ദൈവത്തെ ധ്യാനിച്ച് മെല്ലെ ഫോണെടുത്തു.
ലിസിമ്മയാണ്.
“കുട്ടാ, പരീക്ഷയെല്ലാം കഴിഞ്ഞില്ലേ?”
“കഴിഞ്ഞല്ലോ. ഇനി വൈവയുണ്ട്. അതു പ്രശ്നമില്ല. മൂന്നുദിവസം കഴിഞ്ഞാ.”
“എന്തൊക്കെ വിശേഷങ്ങൾ?”
“സുഖം തന്നെ. നീ പോയതിൽ പിന്നെ ഒറ്റക്കാ… അത്ര തന്നെ.”
“ടീച്ചറില്ലേ?”
“അവൾ പോയി. ഇന്നുരാവിലെ.”
“ഓഹോ. ഇനിയെന്നാ തിരിച്ചുവരിക?”
“അറിയില്ല. ഒരാഴ്ചയെങ്കിലും ആവും.”
“ശരി ലിസിമ്മേ. ടീച്ചർ വരുവോളം അഡ്‌ജസ്‌റ്റ് ചെയ്യൂ.”
“ഉം”
“അച്ഛൻ വിളിച്ചിരുന്നോ?”
“അതേ, നീ അച്ഛനെ വിളിച്ചിരുന്നല്ലേ?”
“ഉം, ഞാൻ ഇടക്ക് വിളിക്കാറുണ്ട്. വരുന്നുണ്ടോ ആൾ?”
“നിന്നോടു പറഞ്ഞോ?”
“ഉം, ഞാനല്ലേ അച്ഛനോടു പറഞ്ഞത് വരാൻ.”
“എനിക്കു മനസിലായി.”
“അച്ഛൻ പറഞ്ഞോ?”
“പറഞ്ഞില്ല. അച്ഛൻറെ വാക്കുകളിൽനിന്ന് ഞാൻ ഊഹിച്ചു.”
“അതെങ്ങിനെ?”
“അതൊന്നും ഞാൻ പറയുന്നില്ല. എനിക്ക് നിന്നോട് സോറി പറയണം.”
“ഏയ്, അതൊന്നും വേണ്ട, എന്തിനാ അതൊക്കെ?”
“അറിയാതെയോ അറിഞ്ഞോ ഒക്കെ പലപ്പോഴും ഞാൻ നിന്നോട് വേണ്ടാത്ത പലതും ചെയ്തിട്ടുണ്ട്.”
“അതൊന്നും ഇപ്പൊ പറയണ്ട ലിസിമ്മേ. സാരല്യ. അച്ഛന്റെ കൂടെ കുറച്ചുനാൾ നല്ലരീതിയിൽ താമസിച്ചാൽ ലിസിമ്മയുടെ ഒരുപാടു പ്രശ്നങ്ങൾ തീരുമെന്ന് എനിക്കറിയാം.”
“അച്ഛൻ വരുമ്പോൾ നല്ലരീതിയിൽ നിൽക്കണം.”
“ചെയ്യാം.”
“എത്രനാൾ ഉണ്ടാകും അച്ഛൻ?”
“രണ്ടാഴ്ചയെന്നാ പറഞ്ഞത്.”
“ഓഹ്. ലിസിമ്മ വഴക്കിനൊന്നും പോകരുത്. അച്ഛനും ഒറ്റക്കല്ലേ ജീവിതം. നല്ല കുറച്ചു ദിവസങ്ങൾക്കായാണ് വീട്ടിലേക്കു വരുന്നത്.”
“ഞാൻ വഴക്കിനു പോകാറില്ല കുട്ടാ. ഓരോ കാര്യങ്ങൾ പറഞ്ഞു വഴക്കായിമാറും.”
“അങ്ങിനെ സംഭവിക്കാതെ നോക്കിയാ മതി. അൽപം വിട്ടുവീഴ്ച ചെയ്‌തു നോക്കൂ.”
“ചെയാമെടാ.”
“ആദ്യത്തെ രണ്ടു ദിവസം ഒരിക്കലും വഴക്കിടുകയോ നല്ലതല്ലാത്ത കാര്യങ്ങൾ പറയുകയോ ചെയ്യില്ല എന്നെനിക്ക് വാക്കു തരാമോ?”
“അതൊക്കെ ചെയ്യാവുന്നതേയുള്ളൂ.”
“എന്നാ ഇത്തവണ അങ്ങിനെ ചെയ്യണം. അച്ഛൻ വന്നു മൂന്നാം നാൾ ഞാൻ വിളിക്കും. അല്ലെങ്കിൽ എന്നെ വിളിച്ചുപറയണം. സമ്മതിച്ചോ?”
“ചെയ്യാം.”
“എന്നാൽ ബാക്കിയൊക്കെ ഞാൻ പറയുന്ന പോലെ വരും.”
