മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ

ഞാനങ്ങനെ എന്റെ പുതിയ ജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം കുത്തികുറിച്ചുകൊണ്ടിരുന്നപ്പോഴാണ് എന്റെ വലതു വശത്തു നിന്ന് ഒരു ചോദ്യം കേട്ടത്.

“എന്താ ഈ എഴുതുന്നെ?”

ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ സത്യത്തിൽ ഞെട്ടി. അല്പം മുൻപ് ബുക്ക് സ്റ്റോറിൽ കണ്ട ആ ലേഡി. അവർ ഹാൻഡ് ബാഗൊക്കെ ആയി അടുത്തിരിക്കുകയാണ് . അവർ എന്റെ അതെ ഫ്ലൈറ്റിൽ ആയിരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

“എന്താണ് ഇയാള് എഴുതുന്നതെന്ന് ?” അവർ ചോദ്യം ആവർത്തിച്ചു.

“ഓ, എന്നോടാണ് ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. വെറുതെ ജർണൽ എഴുതുകയാണ്” ഞാൻ മറുപടി പറഞ്ഞു.

“സോറി ടു ഡിസ്റ്റർബ്. ഇക്കാലത്തെ ഒരു യങ്സ്റ്റർ ഹെഡ്സെറ്റും വെച്ചു പാട്ട് കേട്ടിരിക്കാതെ ഇങ്ങനെ ഒരു മൂലയ്ക്ക് വന്നിരുന്ന് എഴുതുന്നത് കണ്ട് കൗതുകം കൊണ്ട് ചോദിച്ചതാണ്” ഒരു ചെറു പുഞ്ചിരിയോടെ അവർ അത് പറഞ്ഞപ്പോൾ അവരുടെ കവിളത്തൊരു നുണക്കുഴി തെളിഞ്ഞു കണ്ടു.

“ഇക്കാലത്തെ യൂത്തിനെ മുഴുവൻ അങ്ങനെ ജനറലൈസ് ചെയ്യുന്നത് ശരിയാണോ?. ഞങ്ങൾ ആക്ച്വലി 90s കിഡ്‌സ് ആണ്. ഒരേപോലെ പുസ്‌തകം വായിച്ചും, പാടത്തു കളിച്ചും അതുപോലെ ഓർക്കുട്ട് മുതൽ ട്വിറ്റർ വരെ യൂസ് ചെയ്തും വളർന്ന ജനറേഷൻ ആണ് ഞങ്ങളുടേത്.” ഞാനും വിട്ടു കൊടുത്തില്ല.

“ഹലോ, ഇയാൾ 90s ഇൽ ജനിച്ച ആളല്ലേ? ”

“അതേ, അതിന് ?”

“90s കിഡ്സ് എന്ന് വെച്ചാൽ, നയന്റീസിൽ കുട്ടികളായി ഇരുന്നവർ എന്നർത്ഥം. അതായത്, എയ്റ്റീസിൽ ജനിച്ചവർ. ദാറ്റ് മീൻസ്, വീ ആർ ദി റിയൽ 90s കിഡ്സ്.” ലേഡി നേരത്തെ കണ്ടത് പോലെ അല്ലെന്ന് മനസ്സിലായി. തർക്കിക്കാൻ ഒക്കെ മിടുക്കിയാണ്.
“അതങ്ങ് ഭരണങ്ങാനം പള്ളില് പോയി പറഞ്ഞാ മതി. ഇത് നിങ്ങൾ പ്രായമായവര് വീണ്ടും യങ് ആയി തോന്നാൻ വേണ്ടി പറയണതല്ലേ?” തർക്കിക്കാൻ ഞാനും മിടുക്കനാണ്.

“ഹേയ് , ഐ ആം നോട് ദാറ്റ് ഓൾഡ്, ഓക്കേ?” പ്രായത്തെ പറയുന്നത് അല്ലേലും ആർക്കാണ് ഇഷ്ടപ്പെടുക.

“നമുക്ക് ഒരു കാര്യം ചെയ്യാം. നയന്റീസിനെ പറ്റി ആർക്കാണ് കൂടുതൽ അറിയാവുന്നത് എന്ന് നോക്കാം. അപ്പൊ അറിയാലോ ആരാണ് ശരിക്കുള്ള 90s കിഡ്സ് എന്ന് ?” അവർ എന്നെ വെല്ലുവിളിച്ചു.

“ഡീൽ.” ഫ്ലൈറ്റിനു ഇനിയും സമയമുള്ളത് കൊണ്ട് ഞാനും റെഡി ആയിരുന്നു.

ആ വെല്ലുവിളിയിൽ ഞാൻ ദയനീയമായി പരാജയപെട്ടു എന്ന് പറയേണ്ടതില്ലല്ലോ?. പക്ഷെ ഫ്ലൈറ്റ് ബോർഡ് ചെയ്യാനുള്ള വിളി വന്നപ്പോഴേക്ക് ഞങ്ങൾ നല്ല കമ്പനി ആയി.

ഇതിനിടയിൽ ആ ലേഡിയുടെ പേര് ജാസ്മിൻ എന്നാണെന്നും അവർ ലണ്ടനിലേക്ക് ആണെന്നും ഞാൻ മനസ്സിലാക്കി (എന്റെ ഫ്ലൈറ്റിന്റെ ലേ ഓവർ ലണ്ടനിൽ ആയിരുന്നു.) അവിടെ ഒരു IT കമ്പനിയിൽ കഴിഞ്ഞ പത്തു വർഷത്തോളമായി ജോലി ചെയ്യുന്നു. പക്ഷെ അവർ ഇപ്പോഴും സിംഗിൾ ആണെന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാൻ പക്ഷെ അതിനെപ്പറ്റി കൂടുതൽ ഒന്നും ചോദിച്ചില്ല.

ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾക്കു സാമ്യത ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. മലയാളം സാഹിത്യത്തിലും അവർക്കുള്ള താല്പര്യവും അറിവും എന്നെ അത്ഭുതപ്പെടുത്തി. തിരിച്ചു മ്യൂസിക്കിൽ എൻറെ വൈവിധ്യമാർന്ന താല്പര്യങ്ങൾ അവരെ അത്ഭുതപെടുത്തിയതായി എനിക്കും തോന്നി. ചുരുക്കത്തിൽ ഫ്ലൈറ്റ് ബോർഡ് ചെയ്യാനുള്ള അന്നൗൺസ്‌മെന്റ് വന്നപ്പോൾ ഞങ്ങൾ രണ്ടു പേരും സത്യത്തിൽ നിരാശരായി.

പക്ഷെ അന്നൗൺസ്‌മെന്റ് വന്ന് ഫ്ലൈറ്റിൽ കേറാനായി ബിസിനെസ്സ് ക്ലാസ് ക്യൂവിൽ നിന്ന അവർ തൊട്ട് പുറകിൽ പോയി നിന്ന എന്നെക്കണ്ട് “വിവേക് ബിസിനെസ്സ് ക്ലാസ്സിലാണോ?” എന്ന് വളരെ സന്തോഷത്തോടെ ചോദിച്ചു. ഒരു സ്റ്റുഡന്റിനു എങ്ങനെ ബിസിനെസ്സ് ക്ലാസിൽ കിട്ടും എന്ന ചോദ്യം ന്യായവുമാണ്.

“അപ്ഗ്രേഡ് ചെയ്തതാണ് ” എന്ന് ഞാനും മറുപടി കൊടുത്തു.

പക്ഷെ ഞങ്ങളുടെ സീറ്റുകൾ വളരെ അകലെ ആയിരുന്നു. അത് കണ്ട് ജാസ്മിന്റെ മുഖം വീണ്ടും വാടുന്നത് ഞാൻ ശ്രദ്ധിച്ചു.

ഒരുപക്ഷെ ഞങ്ങളുടെ പരിചയത്തിനു ഇത്രയേ ആയുസുള്ളൂ എന്ന് കരുതി ഞാൻ എന്റെ സീറ്റിലേക്ക് പോയിരുന്നു. ജാസ്മിന്റെ കൂടെ ഇരിക്കാൻ പറ്റാത്തതിൽ ഞാൻ നിരാശനായിരുന്നെങ്കിലും ബിസിനെസ്സ് ക്ലാസിലെ ആദ്യ യാത്ര ആഘോഷമാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

നല്ല പരന്ന വലിയ സീറ്റിൽ ഞാൻ വിടർന്നിരുന്നു. തൊട്ടടുത്ത സീറ്റിൽ അൻപത് വയസ്സ് തോന്നിപ്പിക്കുന്ന ഒരു ചേട്ടനായിരുന്നു. പുള്ളി കേറിയപാടെ ബിസിനെസ്സ് മാഗസിൻ ഒക്കെ മറിച്ചു നോക്കുന്ന തിരക്കിലായിരുന്നു. അപ്പൊ ലണ്ടൻ വരെ കമ്പനി പോയിട്ട് പേരിനു പോലും മിണ്ടാൻ ഒരാളെ കിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു.

ഫോണും ഹെഡ്സെറ്റും എടുത്ത് അഗത്തിന്റെ ഒരു പാട്ടും വെച്ച് ഞാൻ കണ്ണടച്ചു കിടന്നു. ഒരു പാട്ട് തീർന്നില്ല, കയ്യിൽ ആരോ തട്ടുന്നത് അറിഞ്ഞാണ് ഞാൻ നോക്കിയത്.

ജാസ്മിൻ .

ഹെഡ്സെറ്റ് ഊരി എന്താണെന്ന് ചോദിക്കാൻ തുടങ്ങുമ്പോഴേക്ക് അവൾ എൻറെ അടുത്തിരിക്കുന്ന ചേട്ടനോട് സീറ്റ് എക്സ്ചേഞ്ച് ചെയ്യുമോ എന്ന ചോദിക്കുകയാണെന്ന് മനസ്സിലായി. ജാസ്മിന് എൻറെ കൂടെ ഇരിക്കാൻ
ആഗ്രഹമുണ്ട് എന്ന ചിന്ത എന്റെ മുഖത്തു ഒരു നൂറു വാട്ട് ചിരി തെളിച്ചു. തിരിച് ഇങ്ങനെ ഒരു കാര്യം ചിന്തിക്കാത്തതിൽ ഞാൻ സ്വയം ചീത്ത പറഞ്ഞു.

ആദ്യമൊരു മടിയൊക്കെ കാണിച്ചെങ്കിലും ജാസ്മിന്റെ ചിരിക്കും പോളൈറ്റ്നെസ്സിനും മുന്നിൽ ആ ചേട്ടന് അധിക നേരം പിടിച്ചു നിൽക്കാനായില്ല.

ഒടുവിൽ ആ സീറ്റ് ജാസ്മിന് കൊടുക്കാൻ പുള്ളി സമ്മതിച്ചു.

ഞാൻ ഏതാണ്ട് സ്വർഗം കണ്ട അവസ്ഥയിൽ ആയിരുന്നു. ആദ്യ നോട്ടത്തിൽ ആരാധന തോന്നിയ ഒരു സ്ത്രീ, അവർക്ക് എന്റെ കൂടെ ഇരിക്കണമെന്ന് ഇങ്ങോട്ട് വന്ന് പറയുക, അതിനു വേണ്ടി ഒരാളെ നിര്ബന്ധിച്ചു സീറ്റ് മാറ്റിപ്പിക്കുക.

എൻറെ പുതിയ കഥ ചിലപ്പോൾ ഭാഗ്യത്തിന്റേതാകും എന്നെനിക്ക് തോന്നി. അല്ലെങ്കിൽ ബിസിനെസ്സ് ക്ലാസ്സിൽ സീറ്റ് കിട്ടാനും, ജാസ്മിനെ പരിചയപ്പെടാനും, ഇത്ര കമ്പനി ആവാനും, ഒടുവിൽ അവൾക്ക് എന്റെ ഒപ്പം ഇരിക്കാൻ തോന്നാനും ഒക്കെ വേറെന്ത് കാരണം പറയാനാണ്?

ജാസ്മിൻ അവളുടെ ബാഗുമായി എൻറെ സീറ്റിലേക്ക് വന്നു. എനിക്ക് സത്യത്തിൽ വിൻഡോ സീറ്റ് ആയിരുന്നെങ്കിലും അത് അവൾക്ക് വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ തർക്കിക്കാൻ നിന്നില്ല. ഞാൻ ഐൽ സീറ്റിലേക്ക് മാറി ഇരുന്നു. എന്നിട്ട് ജാസ്മിനെ നോക്കി ചിരിച്ചു.

അവൾ എന്നെ നോക്കി ‘എന്താ?’ എന്ന അർത്ഥത്തിൽ തല ആട്ടി.

“ഒന്നുമില്ല. താങ്ക്സ് ഫോർ കമിങ് ഹിയർ. ഞാൻ ലണ്ടൻ വരെ ബോർ അടിച്ചു ചാവുമോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു.”

“ഊവ! എന്നിട്ടാണോ എൻറെ അടുത്ത് വന്നിരിക്കാൻ ഒന്ന് ശ്രമിക്കുക പോലും ചെയ്യാണ്ടിരുന്നത്? ഞാൻ ഇവിടെ വന്ന് നോക്കുമ്പോഴുണ്ട് പാട്ടും കേട്ട് സുഖിച്ചു കിടക്കുന്നു.” അവൾ അല്പം ദേഷ്യത്തിലാണത് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *