പക്ഷെ അന്നൗൺസ്‌മെന്റ് വന്ന് ഫ്ലൈറ്റിൽ കേറാനായി ബിസിനെസ്സ് ക്ലാസ് ക്യൂവിൽ നിന്ന അവർ തൊട്ട് പുറകിൽ പോയി നിന്ന എന്നെക്കണ്ട് “വിവേക് ബിസിനെസ്സ് ക്ലാസ്സിലാണോ?” എന്ന് വളരെ സന്തോഷത്തോടെ ചോദിച്ചു. ഒരു സ്റ്റുഡന്റിനു എങ്ങനെ ബിസിനെസ്സ് ക്ലാസിൽ കിട്ടും എന്ന ചോദ്യം ന്യായവുമാണ്.
“അപ്ഗ്രേഡ് ചെയ്തതാണ് ” എന്ന് ഞാനും മറുപടി കൊടുത്തു.
പക്ഷെ ഞങ്ങളുടെ സീറ്റുകൾ വളരെ അകലെ ആയിരുന്നു. അത് കണ്ട് ജാസ്മിന്റെ മുഖം വീണ്ടും വാടുന്നത് ഞാൻ ശ്രദ്ധിച്ചു.
ഒരുപക്ഷെ ഞങ്ങളുടെ പരിചയത്തിനു ഇത്രയേ ആയുസുള്ളൂ എന്ന് കരുതി ഞാൻ എന്റെ സീറ്റിലേക്ക് പോയിരുന്നു. ജാസ്മിന്റെ കൂടെ ഇരിക്കാൻ പറ്റാത്തതിൽ ഞാൻ നിരാശനായിരുന്നെങ്കിലും ബിസിനെസ്സ് ക്ലാസിലെ ആദ്യ യാത്ര ആഘോഷമാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
നല്ല പരന്ന വലിയ സീറ്റിൽ ഞാൻ വിടർന്നിരുന്നു. തൊട്ടടുത്ത സീറ്റിൽ അൻപത് വയസ്സ് തോന്നിപ്പിക്കുന്ന ഒരു ചേട്ടനായിരുന്നു. പുള്ളി കേറിയപാടെ ബിസിനെസ്സ് മാഗസിൻ ഒക്കെ മറിച്ചു നോക്കുന്ന തിരക്കിലായിരുന്നു. അപ്പൊ ലണ്ടൻ വരെ കമ്പനി പോയിട്ട് പേരിനു പോലും മിണ്ടാൻ ഒരാളെ കിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു.
ഫോണും ഹെഡ്സെറ്റും എടുത്ത് അഗത്തിന്റെ ഒരു പാട്ടും വെച്ച് ഞാൻ കണ്ണടച്ചു കിടന്നു. ഒരു പാട്ട് തീർന്നില്ല, കയ്യിൽ ആരോ തട്ടുന്നത് അറിഞ്ഞാണ് ഞാൻ നോക്കിയത്.
ജാസ്മിൻ .
ഹെഡ്സെറ്റ് ഊരി എന്താണെന്ന് ചോദിക്കാൻ തുടങ്ങുമ്പോഴേക്ക് അവൾ എൻറെ അടുത്തിരിക്കുന്ന ചേട്ടനോട് സീറ്റ് എക്സ്ചേഞ്ച് ചെയ്യുമോ എന്ന ചോദിക്കുകയാണെന്ന് മനസ്സിലായി. ജാസ്മിന് എൻറെ കൂടെ ഇരിക്കാൻ
ആഗ്രഹമുണ്ട് എന്ന ചിന്ത എന്റെ മുഖത്തു ഒരു നൂറു വാട്ട് ചിരി തെളിച്ചു. തിരിച് ഇങ്ങനെ ഒരു കാര്യം ചിന്തിക്കാത്തതിൽ ഞാൻ സ്വയം ചീത്ത പറഞ്ഞു.
ആദ്യമൊരു മടിയൊക്കെ കാണിച്ചെങ്കിലും ജാസ്മിന്റെ ചിരിക്കും പോളൈറ്റ്നെസ്സിനും മുന്നിൽ ആ ചേട്ടന് അധിക നേരം പിടിച്ചു നിൽക്കാനായില്ല.
ഒടുവിൽ ആ സീറ്റ് ജാസ്മിന് കൊടുക്കാൻ പുള്ളി സമ്മതിച്ചു.
ഞാൻ ഏതാണ്ട് സ്വർഗം കണ്ട അവസ്ഥയിൽ ആയിരുന്നു. ആദ്യ നോട്ടത്തിൽ ആരാധന തോന്നിയ ഒരു സ്ത്രീ, അവർക്ക് എന്റെ കൂടെ ഇരിക്കണമെന്ന് ഇങ്ങോട്ട് വന്ന് പറയുക, അതിനു വേണ്ടി ഒരാളെ നിര്ബന്ധിച്ചു സീറ്റ് മാറ്റിപ്പിക്കുക.
എൻറെ പുതിയ കഥ ചിലപ്പോൾ ഭാഗ്യത്തിന്റേതാകും എന്നെനിക്ക് തോന്നി. അല്ലെങ്കിൽ ബിസിനെസ്സ് ക്ലാസ്സിൽ സീറ്റ് കിട്ടാനും, ജാസ്മിനെ പരിചയപ്പെടാനും, ഇത്ര കമ്പനി ആവാനും, ഒടുവിൽ അവൾക്ക് എന്റെ ഒപ്പം ഇരിക്കാൻ തോന്നാനും ഒക്കെ വേറെന്ത് കാരണം പറയാനാണ്?
ജാസ്മിൻ അവളുടെ ബാഗുമായി എൻറെ സീറ്റിലേക്ക് വന്നു. എനിക്ക് സത്യത്തിൽ വിൻഡോ സീറ്റ് ആയിരുന്നെങ്കിലും അത് അവൾക്ക് വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ തർക്കിക്കാൻ നിന്നില്ല. ഞാൻ ഐൽ സീറ്റിലേക്ക് മാറി ഇരുന്നു. എന്നിട്ട് ജാസ്മിനെ നോക്കി ചിരിച്ചു.
അവൾ എന്നെ നോക്കി ‘എന്താ?’ എന്ന അർത്ഥത്തിൽ തല ആട്ടി.
“ഒന്നുമില്ല. താങ്ക്സ് ഫോർ കമിങ് ഹിയർ. ഞാൻ ലണ്ടൻ വരെ ബോർ അടിച്ചു ചാവുമോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു.”
“ഊവ! എന്നിട്ടാണോ എൻറെ അടുത്ത് വന്നിരിക്കാൻ ഒന്ന് ശ്രമിക്കുക പോലും ചെയ്യാണ്ടിരുന്നത്? ഞാൻ ഇവിടെ വന്ന് നോക്കുമ്പോഴുണ്ട് പാട്ടും കേട്ട് സുഖിച്ചു കിടക്കുന്നു.” അവൾ അല്പം ദേഷ്യത്തിലാണത് പറഞ്ഞത്.
“എഡോ, അങ്ങനെ അല്ല. ഞാൻ വന്നിരുന്നപ്പോ നോക്കിയിരുന്നു. അപ്പൊ തൻറെ അടുത്ത സീറ്റിൽ ആളുണ്ട്. പിന്നെ ഞാൻ ഇങ്ങനെ പോയി ചോദിച്ചാൽ ആളുകൾ ഇപ്പൊ സീറ്റ് മാറിത്തരും! ”
“അതെന്താ ഞാൻ ചോദിക്കുന്നതിന് ഇത്ര പ്രത്യേകത? ഏ?” അവൾ വിടുന്ന മട്ടില്ല.
“ജാസ്മിൻ എൻറെ അടുത്തിരുന്ന ആളുടെ മുഖം ശ്രദ്ധിച്ചിരുന്നോ? പുള്ളിക്ക് മാറാൻ പറ്റില്ല എന്ന് പറയണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ തൻറെ ക്യൂട്ട് ഫേസ് കണ്ടപ്പോ പുള്ളിക്ക് ഒന്നും പറയാൻ പറ്റീല. പാവം!” ഞാൻ ഇതും പറഞ്ഞു ചിരിച്ചു.
