പെട്ടെന്നാണ് അവർ അവരെ തന്നെ നോക്കി നിൽക്കുന്ന എന്നെ ശ്രദ്ധിക്കുന്നത്. അവർ ആ പുസ്‌തകം മണക്കുന്നത് ഞാൻ കണ്ടു എന്ന് മനസ്സിലാക്കിയ അവർ അല്പം ജാള്യതയോടെ എന്നെ നോക്കി ചിരിച്ചു. ഞാനും തിരിച്ചു ‘നടക്കട്ടെ ‘ എന്ന രീതിയിൽ ആംഗ്യം കാണിച്ചു ചിരിച് അവിടെ നിന്നും മാറി.
തിരിച്ചു വന്ന് ഗേറ്റിനടുത്തു ഒരു ഒഴിഞ്ഞ മൂല കണ്ടെത്തി എൻറെ ജർണലും കയ്യിലെടുത്തു ഞാൻ ഇരുന്നു. ഡയറി കുറിപ്പുകൾ എഴുതാൻ പഠിപ്പിച്ചത് അച്ഛനാണ്. കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി മുടങ്ങാതെ ഡയറി എഴുതിയിരുന്നു അച്ഛൻ. എൻറെ ഏറ്റവും നല്ല നിമിഷങ്ങളും ഏറ്റവും വിഷമം നിറഞ്ഞ നിമിഷങ്ങളും എല്ലാം ഞാൻ പങ്കുവെച്ചിരുന്നത് ഈ ജർണലിൽ ആണ്.
ഞാനങ്ങനെ എന്റെ പുതിയ ജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം കുത്തികുറിച്ചുകൊണ്ടിരുന്നപ്പോഴാണ് എന്റെ വലതു വശത്തു നിന്ന് ഒരു ചോദ്യം കേട്ടത്.
“എന്താ ഈ എഴുതുന്നെ?”
ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ സത്യത്തിൽ ഞെട്ടി. അല്പം മുൻപ് ബുക്ക് സ്റ്റോറിൽ കണ്ട ആ ലേഡി. അവർ ഹാൻഡ് ബാഗൊക്കെ ആയി അടുത്തിരിക്കുകയാണ് . അവർ എന്റെ അതെ ഫ്ലൈറ്റിൽ ആയിരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
“എന്താണ് ഇയാള് എഴുതുന്നതെന്ന് ?” അവർ ചോദ്യം ആവർത്തിച്ചു.
“ഓ, എന്നോടാണ് ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. വെറുതെ ജർണൽ എഴുതുകയാണ്” ഞാൻ മറുപടി പറഞ്ഞു.
“സോറി ടു ഡിസ്റ്റർബ്. ഇക്കാലത്തെ ഒരു യങ്സ്റ്റർ ഹെഡ്സെറ്റും വെച്ചു പാട്ട് കേട്ടിരിക്കാതെ ഇങ്ങനെ ഒരു മൂലയ്ക്ക് വന്നിരുന്ന് എഴുതുന്നത് കണ്ട് കൗതുകം കൊണ്ട് ചോദിച്ചതാണ്” ഒരു ചെറു പുഞ്ചിരിയോടെ അവർ അത് പറഞ്ഞപ്പോൾ അവരുടെ കവിളത്തൊരു നുണക്കുഴി തെളിഞ്ഞു കണ്ടു.
“ഇക്കാലത്തെ യൂത്തിനെ മുഴുവൻ അങ്ങനെ ജനറലൈസ് ചെയ്യുന്നത് ശരിയാണോ?. ഞങ്ങൾ ആക്ച്വലി 90s കിഡ്‌സ് ആണ്. ഒരേപോലെ പുസ്‌തകം വായിച്ചും, പാടത്തു കളിച്ചും അതുപോലെ ഓർക്കുട്ട് മുതൽ ട്വിറ്റർ വരെ യൂസ് ചെയ്തും വളർന്ന ജനറേഷൻ ആണ് ഞങ്ങളുടേത്.” ഞാനും വിട്ടു കൊടുത്തില്ല.
“ഹലോ, ഇയാൾ 90s ഇൽ ജനിച്ച ആളല്ലേ? ”
“അതേ, അതിന് ?”
“90s കിഡ്സ് എന്ന് വെച്ചാൽ, നയന്റീസിൽ കുട്ടികളായി ഇരുന്നവർ എന്നർത്ഥം. അതായത്, എയ്റ്റീസിൽ ജനിച്ചവർ. ദാറ്റ് മീൻസ്, വീ ആർ ദി റിയൽ 90s കിഡ്സ്.” ലേഡി നേരത്തെ കണ്ടത് പോലെ അല്ലെന്ന് മനസ്സിലായി. തർക്കിക്കാൻ ഒക്കെ മിടുക്കിയാണ്.
“അതങ്ങ് ഭരണങ്ങാനം പള്ളില് പോയി പറഞ്ഞാ മതി. ഇത് നിങ്ങൾ പ്രായമായവര് വീണ്ടും യങ് ആയി തോന്നാൻ വേണ്ടി പറയണതല്ലേ?” തർക്കിക്കാൻ ഞാനും മിടുക്കനാണ്.
“ഹേയ് , ഐ ആം നോട് ദാറ്റ് ഓൾഡ്, ഓക്കേ?” പ്രായത്തെ പറയുന്നത് അല്ലേലും ആർക്കാണ് ഇഷ്ടപ്പെടുക.
“നമുക്ക് ഒരു കാര്യം ചെയ്യാം. നയന്റീസിനെ പറ്റി ആർക്കാണ് കൂടുതൽ അറിയാവുന്നത് എന്ന് നോക്കാം. അപ്പൊ അറിയാലോ ആരാണ് ശരിക്കുള്ള 90s കിഡ്സ് എന്ന് ?” അവർ എന്നെ വെല്ലുവിളിച്ചു.
“ഡീൽ.” ഫ്ലൈറ്റിനു ഇനിയും സമയമുള്ളത് കൊണ്ട് ഞാനും റെഡി ആയിരുന്നു.
ആ വെല്ലുവിളിയിൽ ഞാൻ ദയനീയമായി പരാജയപെട്ടു എന്ന് പറയേണ്ടതില്ലല്ലോ?. പക്ഷെ ഫ്ലൈറ്റ് ബോർഡ് ചെയ്യാനുള്ള വിളി വന്നപ്പോഴേക്ക് ഞങ്ങൾ നല്ല കമ്പനി ആയി.
ഇതിനിടയിൽ ആ ലേഡിയുടെ പേര് ജാസ്മിൻ എന്നാണെന്നും അവർ ലണ്ടനിലേക്ക് ആണെന്നും ഞാൻ മനസ്സിലാക്കി (എന്റെ ഫ്ലൈറ്റിന്റെ ലേ ഓവർ ലണ്ടനിൽ ആയിരുന്നു.) അവിടെ ഒരു IT കമ്പനിയിൽ കഴിഞ്ഞ പത്തു വർഷത്തോളമായി ജോലി ചെയ്യുന്നു. പക്ഷെ അവർ ഇപ്പോഴും സിംഗിൾ ആണെന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാൻ പക്ഷെ അതിനെപ്പറ്റി കൂടുതൽ ഒന്നും ചോദിച്ചില്ല.
ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾക്കു സാമ്യത ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. മലയാളം സാഹിത്യത്തിലും അവർക്കുള്ള താല്പര്യവും അറിവും എന്നെ അത്ഭുതപ്പെടുത്തി. തിരിച്ചു മ്യൂസിക്കിൽ എൻറെ വൈവിധ്യമാർന്ന താല്പര്യങ്ങൾ അവരെ അത്ഭുതപെടുത്തിയതായി എനിക്കും തോന്നി. ചുരുക്കത്തിൽ ഫ്ലൈറ്റ് ബോർഡ് ചെയ്യാനുള്ള അന്നൗൺസ്‌മെന്റ് വന്നപ്പോൾ ഞങ്ങൾ രണ്ടു പേരും സത്യത്തിൽ നിരാശരായി.
