മൂന്ന്‌ പെൺകുട്ടികൾ – 1

ചേച്ചിയുടെ അമ്മ ഒരിക്കൽ തമാശയ്ക്ക് പറഞ്ഞു.

“ആര്യയ്ക്ക് പ്രായം കുറവായിരുന്നെങ്കിൽ നിനക്ക് കെട്ടിച്ചു തരാമായിരുന്നു” എന്ന്‌

എന്റെ മുൻശുണ്ഡി കാണാൻ വേണ്ടിയാണ് ഇതെല്ലാം എന്ന്‌ അറിയാവുന്നതിനാൽ ആദ്യത്തെ ദേഷ്യമൊന്നും പിന്നീട് എനിക്കില്ലാതായി.

അന്ന്‌ മനോരമയും, മംഗളവും ആണ് സാഹിത്യ സമ്പാദനത്തിനുള്ള ഏകവഴി. ഞാൻ പഠിത്തം കഴിഞ്ഞ് വരുമ്പോൾ മേടിച്ചു കൊണ്ടുവരും. 2 രൂപയോ മറ്റോ ആയിരുന്നു എന്നാണ് ഓർമ്മ. ഇതുപോലുള്ള ക്ഷുദ്രമാസികകൾ വീട്ടിൽ കയറ്റാൻ പാടില്ല എന്ന്‌ ചേച്ചിയുടെ അച്ഛനും, അമ്മയും പറയുമായിരുന്നെങ്കിലും എല്ലാ ആഴ്ച്ചയും മാസിക ഞങ്ങൾ വാങ്ങും. എന്റെ വീട്ടിലേയ്ക്ക് വാങ്ങുന്നു എന്നരീതിയിലാണ് കൊണ്ടുവരുന്നത്. അപ്പോൾ പിന്നെ ആ വീട്ടുകാർക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ?

കൊലപാതക ഫീച്ചർ, മാത്യു മറ്റത്തിന്റേയും, ജോസി വാഗമറ്റത്തിന്റേയും, സുധാകർ മംഗളോദയത്തിന്റേയും നോവലുകൾ  ഇതൊക്കെയാണ് സംഭവങ്ങൾ. ചേച്ചിയും, ഞാനും ഒന്നിച്ചാണ് വായന.

ഞങ്ങൾ വായിച്ചു കഴിഞ്ഞേ പീക്കിരികളായ ആശയ്ക്കും, അർച്ചനയ്ക്കും കൊടുക്കൂ. അതിന് ഉടക്ക് വേറെ. ഇടയ്ക്ക് ചേച്ചി എന്തെങ്കിലും പണിക്ക് എഴുന്നേറ്റ് പോയാൽ മാസികയ്ക്ക് കാവൽ ഇരിക്കുന്നത് ഞാനാണ്- ആശയും, അർച്ചനയും എടുക്കാതെ.

എന്റേയും ആര്യചേച്ചിയുടേയും ന്യായം ഇപ്രകാരമായിരുന്നു.

“ഈ മാസികകൾ മേടിക്കുന്നതും, വായിക്കുന്നതും ആയ കാര്യങ്ങൾ മുകളിലേയ്ക്ക് അറിയിക്കുന്നത് ഈ കുരിപ്പുകൾ ആണ് അതിനാൽ അവർക്ക് ഇത് വായിക്കാൻ അവകാശമില്ല – വേണമെങ്കിൽ ഞങ്ങൾ വായിച്ചു കഴിഞ്ഞ് വലിച്ചെറിയുമ്പോൾ വായിച്ചോ.”

ചേച്ചി എന്റെ കൂടെ കൂടി അവരെ എരിവു കേറ്റുമെങ്കിലും അവരേയും ചേച്ചിക്ക് വലിയ കാര്യമായിരുന്നു. അനിയത്തിമാരായല്ല മക്കളെ പോലാണ് അവരോടും പെരുമാറിയിരുന്നത്. അവരാരെങ്കിലും യഥാർത്ഥത്തിൽ പിണങ്ങുകയോ കരയുകയോ ചെയ്താൽ ചേച്ചിക്കും വിഷമമാകും.

ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് കൈപ്രയോഗമാണ് എന്റെ മറ്റൊരു ദുർഗുണം! ആശയ്ക്കും, അർച്ചനയ്ക്കും ഞാൻ ആ നാട്ടിൽ കാലു കുത്തിയതേ അത് മനസിലായിരുന്നു.

കൈ പിടിച്ച് തിരിക്കുക, തൊഴിക്കുക, കല്ലെടുത്തെറിയുക, നനഞ്ഞ തോർത്തുകൊണ്ട് വെട്ടിച്ച് അടിച്ച് വേദനിപ്പിക്കുക, ചെരുപ്പുകൊണ്ട് കല്ല് തെറിപ്പിക്കുക, നീറിനെ മരത്തിൽ നിന്നും കുലുക്കി ദേഹത്ത് വീഴിക്കുക, പേരയ്ക്കായും, ചാമ്പങ്ങായും വച്ച് മരത്തിന്റെ മുകളിൽ നിന്നും എറിയുക, ഉരുകിയ മെഴുക് വീഴിക്കുക, വണ്ടിനേയും പുഴുവിനേയും, തേനീച്ചയേയും മറ്റും കൊണ്ടുവന്ന്‌ ദേഹത്തിടുക, റബ്ബർ കാ സിമിന്റ് തറയിൽ ഉരച്ച് ചൂടാക്കി ദേഹത്ത് വയ്ക്കുക, ആറ്റിൽ ചാടുമ്പോൾ വെള്ളത്തിൽ മുക്കുക, അടിയിലൂടെ വന്ന്‌ കാലിൽ പിടിച്ച് വലിക്കുക, റബ്ബർബാൻഡിൽ കടലാസ് ചുരുട്ടി എയ്ത് കൊള്ളിക്കുക, റീഫില്ല് വളച്ച് അടിക്കുക എന്നു വേണ്ട എന്താണ് ചെയ്യുക എന്ന്‌ ആർക്കും പ്രവചിക്കാൻ പറ്റില്ലായിരുന്നു. അതിനാൽ തന്നെ എന്നെ അവർക്ക് സ്വൽപ്പം പേടിയും ആയിരുന്നു. ഒരു ലക്കും ലഗാനുമില്ലാത്ത പ്രകൃതമാണെന്ന്‌ അവർക്ക് മനസിലായിരുന്നു. എന്നാൽ ഇതൊന്നും ആര്യചേച്ചിയോട് ചെയ്തിരുന്നില്ല. അതിനാൽ തന്നെ അവർക്ക് ആര്യചേച്ചിയോട് അസൂയയും ദേഷ്യവും ആയിരുന്നു. ഇതൊക്കെ പുറമേ ഉണ്ടെങ്കിലും ഞങ്ങൾ എല്ലാവരും കൂട്ടുകാർ തന്നെയായിരുന്നു, ചില സമയത്ത് കീരിയും പാമ്പുകളും ആയിരുന്നു എന്ന്‌ മാത്രം.

അമ്പലത്തിലെ ഉത്സവത്തിനും മറ്റും പോകുമ്പോൾ ഞാനാണ് ഇവർക്ക് കൂട്ട്. അവിടെ എത്തുമ്പോൾ അവർ പറയും

“ഇനി നീ തന്നെ എല്ലാം പോയി കണ്ടോ, ഞങ്ങൾ ഇവിടെ നിന്നോളാം.” പക്ഷേ എനിക്ക് പോകാൻ തോന്നില്ല, പ്രത്യേകിച്ച് ആര്യചേച്ചിയെ വിട്ട്!!

അർച്ചന കളിയാക്കും.

“ഒന്ന്‌ പോയി താടാ നാണം കെട്ടതേ”

ഏറ്റവും ഇളയതാണെങ്കിലും ഈ മൂന്ന്‌ പേരിലും ശരീര വളർച്ചയും, ആരോഗ്യവും കൂടുതൽ അർച്ചനയ്ക്കായിരുന്നു. അതിനാൽ തന്നെ അർച്ചനയും ഞാനുമായി ആയിരുന്നു ബലപരീക്ഷണം. എന്നോട് വേണമെങ്കിൽ ഒന്ന്‌ അടിച്ചു നിൽക്കാം എന്ന മട്ടായിരുന്നു അവൾക്ക്! ഞാൻ വിട്ടുകൊടുക്കുമോ? സ്ക്കൂളിലും മറ്റും കൂട്ടുകാർക്കിട്ട് എടുത്തിട്ട് പെരുമാറുന്നതു പോലെ തന്നെ അവൾക്കിട്ടും കൊടുക്കും. ഒരു ജൂനിയർ കുട്ടൻ തമ്പുരാൻ! അത്രയും വിവരം പോലും ഇല്ലതാനും.

“ചേച്ചി ദേ ഇവൾ എന്നെ എടാ എന്നൊക്കെ വിളിക്കുന്നു”

“എടീ വെറുതെ അവന്റെ കൈയ്യിൽ നിന്നും മേടിച്ചിട്ട് കീറ്റരുത് പറഞ്ഞേക്കാം”

ഞാൻ എല്ലാം കുറിച്ച് വയ്ക്കും, തിരിച്ചു പോരുന്നവഴി രാത്രി ഇരുട്ടത്ത് അർച്ചനയ്ക്കിട്ട് ഞുള്ളും, അടിയും എല്ലാം കൊടുക്കും.

ചേച്ചി ഉള്ളതിനാൽ അവൾ രക്ഷപെടും.

ചേച്ചി പറയും

“എന്നെ അവൻ ഒന്നും ചെയ്യാറില്ലല്ലോ? നിങ്ങൾ അവനെ കിള്ളാൻ പോയിട്ടല്ലേ?”

“ഓ നിങ്ങൾ വല്യ ലവ്വേഴ്സ് അല്ലേ?”

“ങാ ഞങ്ങൾ ലൗവേഴ്സാണ്” ആര്യചേച്ചി പറയും.

എനിക്ക് ആ രീതിയിലുള്ള വാക്കുകൾ കേൾക്കുമ്പോൾ പിന്നേയും ചൊറിഞ്ഞു വരും.

എങ്കിലും എല്ലാവർക്കും അറിയാമായിരുന്നു അത് പ്രേമബന്ധത്തിലും വലിയ ഒരു ബന്ധമാണ് എന്ന്‌.

ഒരിക്കൽ ആരോ ഇതേപ്പറ്റി പറഞ്ഞപ്പോൾ ഞാൻ ആ വീട്ടിൽ എല്ലാവരും ഉണ്ടായിരുന്ന അവസരത്തിൽ എടുത്തടിച്ചപോലെ പറഞ്ഞു.

“എനിക്ക് എന്റെ അമ്മയേ പോലാണ് ആര്യചേച്ചി, അല്ലാതെ ചുമ്മാ…”

വേണ്ടാത്തത് പറയരുത് എന്ന്‌ സാരം.

അതും പറഞ്ഞ് കണ്ണു നിറഞ്ഞ് ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി പോന്നു.

ആ പിണക്കം പിന്നീട് മാറിയെങ്കിലും ആ രീതിയിലുള്ള സംസാരം പിന്നീടൊരിക്കലും അവിടെ കേട്ടിട്ടില്ല.

ആശയും ഞാനും സമപ്രായക്കാർ ആയതിനാൽ ഒന്നിച്ചായിരുന്നു പഠനം. ആശ നന്നായി പഠിക്കും, ഞാനോ കഴിവുണ്ടായിട്ടും വാനരജൻമമായി നടക്കുന്നതിനാൽ കഷ്ടിച്ച് ജയിച്ചെങ്കിലായി. എങ്കിലും തികഞ്ഞ ജാഡയിൽ പഠിക്കുന്ന അവളുടെ കൂടെ ഞാനും ഇരുന്ന്‌ പഠിക്കുമായിരുന്നു. പക്ഷേ ചേച്ചിയുടെ തലവെട്ടം കണ്ടാൽ അപ്പോൾ എന്തെങ്കിലും കോള് ഒപ്പിച്ച് പുസ്തകം അടയ്ക്കും, അതിനാൽ ചേച്ചി ഞങ്ങൾ പഠിക്കുന്നിടത്തേയ്ക്ക് വരികയേ ഇല്ലായിരുന്നു. ഇനി വന്നാൽ തന്നെ .. ഇങ്ങിനെ പറഞ്ഞുകൊണ്ടായിരിക്കും രംഗപ്രവേശനം ചെയ്യുക.

“വേണ്ട വേണ്ട, നീ എഴുന്നേൽക്കേണ്ട, ഞാൻ തുണിയെടുക്കാൻ വന്നതാ, ഇരുന്ന്‌ പഠിക്കാൻ നോക്ക്”…

ആശ അർത്ഥഗഭ്ഭമായി ഒന്ന്‌ ചിരിക്കും.

ഞാൻ അവളെ തുറിച്ച് നോക്കും.

ആശ ഇംഗ്ലീഷിലും മറ്റും എസ്സേകളും, പോയംസും കാണാതെ എഴുതുമ്പോൾ ഞാൻ ഈസിലും, വാസിലും തപ്പിത്തടഞ്ഞ് കളിക്കുകയായിരുന്നു.

ആശ പഠിക്കാൻ സഹായിക്കുന്ന ടൈപ്പേ ആയിരുന്നില്ല, അവളേക്കാൾ ആരെങ്കിലും മുന്നേറുന്നത് ഇഷ്ടവുമല്ലായിരുന്നു. ചേച്ചിയുമായി എന്നും ഉടക്ക്, അമ്മയുമായും ഉടക്ക്. എന്നോട് ഉടക്കുമില്ല, അടുപ്പവുമില്ല. ബന്ധുക്കളാണെങ്കിലും ആ സ്നേഹം പോലുമില്ലാത്ത പ്രകൃതം.

Leave a Reply

Your email address will not be published. Required fields are marked *