“പിന്നെ തമാശ്”
“അതെ അടികിട്ടിക്കഴിഞ്ഞ് അവൾ എന്നോട് പറഞ്ഞതെന്താന്നോ, അമ്മ അടിച്ചിട്ട് ആ വടി ഒടിഞ്ഞത് മിച്ചം എന്ന്”
(ഞാൻ നന്നായില്ലാ എന്ന് സാരം)
“…ആ രീതിയിൽ കണ്ടാൽ പ്രശ്നം തീർന്നു.”
“എന്നോട് എന്തോ ഇഷ്ടക്കേടുള്ളതു പോലാണ്”
“എല്ലാം തോന്നലാണ്”
ഞങ്ങളുടെ സംസാരം മുറിഞ്ഞു.
ഞാൻ ഈ കഥയൊക്കെ ചേച്ചിയോട് പിന്നെ എപ്പോഴോ പറഞ്ഞു.
“അവൾക്ക് വട്ടാ” എന്നതായിരുന്നു ചേച്ചിയുടെ മറുപടി.
അടുത്ത ദിവസം പഠിക്കാൻ ഇരുന്നപ്പോഴും അവളുടെ മുഖം വാടിയിരുന്നു. ഞാൻ ചളി ( ആ കാലത്ത് ഈ വാക്കൊന്നുമില്ല) തമാശൊക്കെ പറഞ്ഞ് അവളെ ഉഷാറാക്കാൻ നോക്കിയെങ്കിലും അവൾ ചിയറപ്പ് ആയില്ല.
ഇടയ്ക്ക് എന്നെ നോക്കുമ്പോൾ അത് കണ്ണുകളുടെ അഗാധതയിലേയ്ക്കെന്ന പോലെ ആണ് എന്ന് എനിക്ക് തോന്നി.
എവിടെയോ എന്തോ ഒരു കാറ്റിൽ ഒഴുകി വരുന്നതു പോലെ … ആരെങ്കിലും പരിസരത്ത് ഉള്ളപ്പോൾ ഉള്ളതിനാൽ കൂടുതൽ സന്തോഷവും, സംസാരവും ഞങ്ങൾ മാത്രമുള്ളപ്പോൾ ആണെന്ന് ഞങ്ങൾക്ക് മനസിലായി തുടങ്ങി.
ഒരു പൂ വിരിയുന്നതു പോലെ പ്രേമത്തിന്റെ ഗന്ധം അവിടെല്ലാം പരക്കുന്നതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു.
എന്നാൽ ഈ അവസരത്തിൽ അർച്ചനയും ഞാനും മുടിഞ്ഞ കമ്പിനിയാണ്. ഏറ്റവും ഇളയവളായ അർച്ചന ഒരു മരംകയറിയും, തന്റേടിയും എന്റെ രീതികൾക്ക് ചേർന്നവളും ആയിരുന്നു. എന്റെ ഉടങ്കൊല്ലി കേസുകൾക്കെല്ലാം അർച്ചനയാണ് കൂട്ട്. അർച്ചനയും ഞാനുമായുള്ള ആ കെമിസ്ട്രി ആശയ്ക്ക് കലിയാണെന്ന് പതിയെ പതിയെ എനിക്ക് മനസിലായി തുടങ്ങി. അർച്ചനയും ആശയും തമ്മിലും പലതുകൊണ്ടും സ്വരച്ചേർച്ചയില്ലാതെ വന്നു.
ഒരു പക്ഷേ ഞാൻ ആയിരുന്നിരിക്കാം അവരുടെ കോമൺ ഫാക്റ്റർ.
ആകെ മൊത്തം പ്രശ്നങ്ങൾ!! പക്ഷേ എല്ലാം എല്ലാവരുടേയും മനസിന്റെ തലങ്ങളിലാണ്, വാക്കാൽ ഒന്നും പറയുന്നില്ല.
അർത്ഥഗർഭ്ഭമായ നോട്ടത്താലും, അറിഞ്ഞുകൊണ്ടുള്ള ഒഴിഞ്ഞു തരലായും അർച്ചന ഞങ്ങളുടെ ബന്ധം ഉണ്ട് എന്ന കാര്യം പറയാതെ പറയുന്ന ഒരു കാലഘട്ടം!! വിചിത്രമായിരുന്നു അത്.
ചേച്ചിയും ഞാനുമായുള്ള ബന്ധം ഏറ്റവും മുകളിലെ തലത്തിൽ, അത് എല്ലാവർക്കും അറിയാം.
യഥാർത്ഥത്തിൽ പ്രേമത്തിന്റേതായ രീതിയിലുള്ള ബന്ധം ഞാനും ആശയും തമ്മിൽ. അത് അർച്ചനയ്ക്കും, ആശയ്ക്കും അറിയാം. ചേച്ചിക്ക് സൂചനയേ ഇല്ലായിരുന്നു.
അർച്ചനയുമായി ഏതൊക്കെയോ രീതിയിലുള്ള സൗഹൃദം! അത് ആശയ്ക്ക് ഇഷ്ടപ്പെടുന്നില്ല. അത് ചേച്ചിക്ക് അറിയാം. എന്നാൽ അത് പ്രേമത്തിന്റേത് ആയിരുന്നു എന്ന് ചേച്ചിക്ക് അറിയില്ലായിരുന്നിരിക്കണം. അത് ഉറപ്പ് പറയാൻ സാധിക്കില്ല.
പിന്നീട് ആശയും അർച്ചനയും ആയുള്ള ബന്ധം കൂടുതൽ വഷളാകാൻ തുടങ്ങി.
മറ്റാരും വീട്ടിലില്ലാത്ത ഒരു ദിവസം ഞാൻ അർച്ചനയ്ക്ക് വേണ്ടി ആശയോട് വാദിച്ചുകൊണ്ടിരിക്കുന്ന സമയം. ഞാൻ പക്കാ നല്ല പിള്ള – അങ്ങിനായിരിക്കുമല്ലോ നാം എപ്പോഴും പ്രേമിക്കുന്നവരുടെ അടുത്ത്.
പഴയതു പോലെ “എന്നെ ആർക്കും ഇഷ്ടമല്ല, എനിക്കും ആരേയും ഇഷ്ടമല്ല” എന്ന് ആശ പ്രഖ്യാപിച്ചു.
ഇത്തവണ ഞാൻ ചോദിച്ചു.
“അതിരിക്കട്ടെ ആശയെ ആർക്കും ഇഷ്ടമില്ലാ എന്ന് പറയുന്നു, തിരിച്ച് ആശയ്ക്ക് ആരെ ആണ് ഏറ്റവും ഇഷ്ടം?”
“അതൊക്കെയുണ്ട്”
“പറ കേൾക്കട്ടെ”
“ഇല്ല പറയില്ല”
“അച്ഛനെ ആണോ?”
“അല്ല”
“അമ്മ?”
“അല്ല”
“ചേച്ചിയേ ആയിരിക്കും”
“അല്ല”
“ഗായത്രി?” ആശയുടെ കൂട്ടുകാരിയാണ്.
“അല്ല”
“അർച്ചന”
“അല്ല, അല്ല”
ഇത്രയുമായപ്പോൾ എന്റെ ചങ്കിടിപ്പ് കൂടി, എനിക്ക് മനസിലായി കഴിഞ്ഞിരുന്നു അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട ആൾ ആരാണെന്ന്.
എന്റെ ശരീരത്തിലൂടെ വൈദ്ദ്യുതി പോകുന്നതു പോലെ. ആ നിമിഷങ്ങൾ ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്.
ആശ ഒരു മേശയുടെ അപ്പുറത്തെ വശത്തു നിന്നും തേച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ എതിർവശത്ത് നിൽക്കുന്നു.
ഞങ്ങളുടെ സ്വരവും, സംസാരവും തീരെ പതുക്കെയായിരുന്നു.
അവസാനം ഞാൻ ചോദിച്ചു.
“എന്നെ വല്ലതും ആണോ?”
അവൾ ഒന്നും മിണ്ടിയില്ല.
“ഉം?” ( ആണോ എന്ന്)
“ആം” അവൾ പതിയെ മന്ത്രിച്ചു.
