മൂന്ന്‌ പെൺകുട്ടികൾ – 1

എങ്കിലും പയ്യെപ്പയ്യെ ഞാൻ ആശയേയും, അവൾ എന്നേയും ശ്രദ്ധിക്കാൻ തുടങ്ങി.

ഞാൻ രാവിലെ പേപ്പറെടുക്കാൻ ചെല്ലുന്നതേ നാലുഭാഗത്തുനിന്നും ആളുകൾ ഇറങ്ങിവരും. തലേദിവസത്തെ വിക്രിയകൾ ചോദിക്കാനും കളിയാക്കാനും, അത് കേട്ട് ആർത്ത് ചിരിക്കാനും ആണ് എല്ലാവരും ഒത്തു കൂടുന്നത്.

ബണ്ട് പൊട്ടിച്ച് മീൻപിടിച്ചതും, ആറിനക്കരെയുള്ള പറമ്പിലെ കൈയ്യാല തേനെടുക്കാനായി പൊളിച്ചതും, റബ്ബർപ്പാൽ കൊണ്ട് പന്തുണ്ടാക്കിയതും, തുരിശെടുത്ത് കലക്കി മീൻകുളം നശിപ്പിച്ചതും ഒക്കെയാകും വിഷയങ്ങൾ. അർച്ചന ആ സമയം മുഴുവനും എന്നെ കളിയാക്കിക്കൊണ്ട് കൂടെ കാണും.

അടിയാണെങ്കിലും അർച്ചനയുമായി അങ്ങിനെ ഞാൻ നല്ല കൂട്ടായി.

ചേച്ചി കഴിഞ്ഞാൽ പിന്നെ അർച്ചനയായി എന്റെ വലം കൈ.

ഈ സമയത്തൊക്കെ ആശ നിഗൂഡമായ ഒരു സോഫ്റ്റ് കോർണർ എന്നോട് കാണിക്കുന്നതായി എനിക്ക് മനസിലായിരുന്നു.

അവൾ ഞാൻ ഉള്ളപ്പോൾ നല്ല ഡ്രെസ്സുകൾ ധരിക്കുന്നതും, അണിഞ്ഞൊരുങ്ങി നടക്കുന്നതും അവരാരും അത്ര ശ്രദ്ധിച്ചില്ലെങ്കിലും എനിക്ക് പിടികിട്ടിയിരുന്നു.

കാര്യങ്ങൾ ഇങ്ങിനെ സംഭവബഹുലമായി പോകുന്ന സമയത്താണ് ആശയും, ആശയുടെ അമ്മയുമായി വലിയ ഒരു ഉടക്കുണ്ടാകുന്നത്. ആശ പിണങ്ങിയാൽ വളരെ സെൻസിറ്റീവുമാണ്. മുഖത്ത് അത് കാണാൻ സാധിക്കും. എന്നിരുന്നാലും ഈ പിണക്കം ഞാൻ അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞായിരുന്നു.

ആദ്യം മുതൽക്കേ ആശയുടെ ജാഡ സുഖിക്കാതിരുന്ന ഞാൻ ഇതൊരു അവസരമായി കണ്ട് ചേച്ചിയുടേയും, അർച്ചനയുടേയും കൂടെ ചേർന്ന്‌ ഇതെല്ലാം പറഞ്ഞ് ആശയെ വാരിക്കൊണ്ടിരുന്നു.

ഞങ്ങൾ തമ്മിൽ എന്തോ ഒരു ക്രെഷ് ഉണ്ട് എന്നത് മറ്റൊരു വശം. അതാരും അറിയാതിരിക്കാൻ ഞങ്ങൾ രണ്ടുപേരും മറ്റുള്ളവരുടെ മുന്നിൽ ‘ഞങ്ങൾ തമ്മിൽ ഒന്നുമില്ല’ എന്ന രീതിയിലായിരുന്നു പെരുമാറ്റം.

പിന്നീട് ആ കളിയാക്കലുകളും പക്ഷം ചേരലും ആശയ്ക്ക് ഫീൽ ചെയ്യുന്നുണ്ട് എന്ന്‌ തോന്നിയപ്പോൾ ഞാൻ പതിയെ അത് നിർത്തി.

ആരുമില്ലാത്ത സമയത്തെ നോട്ടത്തിൽ നിന്നും, സംസാരിക്കുമ്പോൾ ഉള്ള അവളുടെ ലജ്ജയിൽ നിന്നും എന്തൊക്കെയോ അവൾക്ക് ഉള്ളിൽ ഒരുവാകുന്നുണ്ട് എന്ന്‌ എനിക്ക് മനസിലാകുമായിരുന്നു.

ഒരു ദിവസം.

പഠിച്ചുകൊണ്ടിരിക്കുന്ന സമയം.

എന്തിനോ അടുക്കളയിൽ പോയി വന്ന ആശ കരഞ്ഞുകൊണ്ടാണ് ഇരുന്ന്‌ പഠിക്കുന്നത്.

ആശയുടെ അമ്മ അപ്പുറത്തു കിടന്ന്‌ വഴക്ക് പറയുന്നത് കേൾക്കാം.

എനിക്ക് സഹതാപം തോന്നി.

ഞാൻ ചോദിച്ചു..

“ആശയോട് മാത്രമെന്താ എല്ലാവരും ഉടക്ക്?”

അവൾ എന്നെ ദയനീയമായി ഒന്ന്‌ നോക്കി.

“ആശ അവരോട് ചൂടാകുന്നതിനാലല്ലേ? അവർ പലതും തമാശു പറയുന്നതാണ്, ഇക്കണക്കിന് ഞാൻ എന്തുമാത്രം കരയണം? എന്നെ ഇവർ പറയാത്തതായി എന്തെങ്കിലുമുണ്ടോ”

“എന്നെ ആർക്കും ഇഷ്ടമല്ല”

“അതൊക്കെ വെറുതെ തോന്നുന്നതാണ്”

“അല്ല എനിക്കറിയാം, ഈ വീട്ടിൽ എന്നെ ആർക്കും ഇഷ്ടമല്ല”

അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകി തുറന്നു വച്ച പുസ്തകത്തിൽ വീണു. ഞാൻ പറഞ്ഞു.

“കരയാതെ, എല്ലാവർക്കും ആശയെ ഇഷ്ടമൊക്കെയാണ് എല്ലാം നിന്റെ ഓരോ തോന്നലാണ്”

“തോന്നൽ? എത്ര ദിവസമായെന്നോ അമ്മയും ഞാനുമായി പിണക്കമായിട്ടെന്ന്‌? അർച്ചനയോടാണ് അമ്മയ്ക്കിഷ്ടം, ചേച്ചിക്കും അങ്ങിനെ തന്നെ”

“പിന്നെ, എനിക്ക് തോന്നുന്നില്ല, ഞാൻ കാണുന്നതല്ലേ, നിനക്കിട്ട് കിട്ടുന്നതു പോലെ തന്നെ അർച്ചനയ്ക്കിട്ടും വഴക്കു കിട്ടുന്നുണ്ട്, കഴിഞ്ഞ ആഴ്ച്ച അർച്ചനക്കിട്ട് അടി പോലും കിട്ടി, പക്ഷേ അവൾ അത് തമാശായേ എടുക്കൂ, നീ സീരിയസായും, അതാണ് കുഴപ്പവും”

“പിന്നെ തമാശ്”

“അതെ അടികിട്ടിക്കഴിഞ്ഞ് അവൾ എന്നോട് പറഞ്ഞതെന്താന്നോ, അമ്മ അടിച്ചിട്ട് ആ വടി ഒടിഞ്ഞത് മിച്ചം എന്ന്‌”

(ഞാൻ നന്നായില്ലാ എന്ന്‌ സാരം)

“…ആ രീതിയിൽ കണ്ടാൽ പ്രശ്നം തീർന്നു.”

“എന്നോട് എന്തോ ഇഷ്ടക്കേടുള്ളതു പോലാണ്”

“എല്ലാം തോന്നലാണ്”

ഞങ്ങളുടെ സംസാരം മുറിഞ്ഞു.

ഞാൻ ഈ കഥയൊക്കെ ചേച്ചിയോട് പിന്നെ എപ്പോഴോ പറഞ്ഞു.

“അവൾക്ക് വട്ടാ” എന്നതായിരുന്നു ചേച്ചിയുടെ മറുപടി.

അടുത്ത ദിവസം പഠിക്കാൻ ഇരുന്നപ്പോഴും അവളുടെ മുഖം വാടിയിരുന്നു. ഞാൻ ചളി ( ആ കാലത്ത് ഈ വാക്കൊന്നുമില്ല) തമാശൊക്കെ പറഞ്ഞ് അവളെ ഉഷാറാക്കാൻ നോക്കിയെങ്കിലും അവൾ ചിയറപ്പ് ആയില്ല.

ഇടയ്ക്ക് എന്നെ നോക്കുമ്പോൾ അത് കണ്ണുകളുടെ അഗാധതയിലേയ്ക്കെന്ന പോലെ ആണ് എന്ന്‌ എനിക്ക് തോന്നി.

എവിടെയോ എന്തോ ഒരു കാറ്റിൽ ഒഴുകി വരുന്നതു പോലെ … ആരെങ്കിലും പരിസരത്ത് ഉള്ളപ്പോൾ ഉള്ളതിനാൽ കൂടുതൽ സന്തോഷവും, സംസാരവും ഞങ്ങൾ മാത്രമുള്ളപ്പോൾ ആണെന്ന്‌ ഞങ്ങൾക്ക് മനസിലായി തുടങ്ങി.

ഒരു പൂ വിരിയുന്നതു പോലെ പ്രേമത്തിന്റെ ഗന്ധം അവിടെല്ലാം പരക്കുന്നതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു.

എന്നാൽ ഈ അവസരത്തിൽ അർച്ചനയും ഞാനും മുടിഞ്ഞ കമ്പിനിയാണ്. ഏറ്റവും ഇളയവളായ അർച്ചന ഒരു മരംകയറിയും, തന്റേടിയും എന്റെ രീതികൾക്ക് ചേർന്നവളും ആയിരുന്നു. എന്റെ ഉടങ്കൊല്ലി കേസുകൾക്കെല്ലാം അർച്ചനയാണ് കൂട്ട്. അർച്ചനയും ഞാനുമായുള്ള ആ കെമിസ്ട്രി ആശയ്ക്ക് കലിയാണെന്ന്‌ പതിയെ പതിയെ എനിക്ക് മനസിലായി തുടങ്ങി. അർച്ചനയും ആശയും തമ്മിലും പലതുകൊണ്ടും സ്വരച്ചേർച്ചയില്ലാതെ വന്നു.

ഒരു പക്ഷേ ഞാൻ ആയിരുന്നിരിക്കാം അവരുടെ കോമൺ ഫാക്റ്റർ.

ആകെ മൊത്തം പ്രശ്നങ്ങൾ!! പക്ഷേ എല്ലാം എല്ലാവരുടേയും മനസിന്റെ തലങ്ങളിലാണ്, വാക്കാൽ ഒന്നും പറയുന്നില്ല.

അർത്ഥഗർഭ്ഭമായ നോട്ടത്താലും, അറിഞ്ഞുകൊണ്ടുള്ള ഒഴിഞ്ഞു തരലായും അർച്ചന ഞങ്ങളുടെ ബന്ധം ഉണ്ട് എന്ന കാര്യം പറയാതെ പറയുന്ന ഒരു കാലഘട്ടം!! വിചിത്രമായിരുന്നു അത്.

ചേച്ചിയും ഞാനുമായുള്ള ബന്ധം ഏറ്റവും മുകളിലെ തലത്തിൽ, അത് എല്ലാവർക്കും അറിയാം.

യഥാർത്ഥത്തിൽ പ്രേമത്തിന്റേതായ രീതിയിലുള്ള ബന്ധം ഞാനും ആശയും തമ്മിൽ. അത് അർച്ചനയ്ക്കും, ആശയ്ക്കും അറിയാം. ചേച്ചിക്ക് സൂചനയേ ഇല്ലായിരുന്നു.

അർച്ചനയുമായി ഏതൊക്കെയോ രീതിയിലുള്ള സൗഹൃദം! അത് ആശയ്ക്ക് ഇഷ്ടപ്പെടുന്നില്ല. അത് ചേച്ചിക്ക് അറിയാം. എന്നാൽ അത് പ്രേമത്തിന്റേത് ആയിരുന്നു എന്ന്‌ ചേച്ചിക്ക് അറിയില്ലായിരുന്നിരിക്കണം. അത് ഉറപ്പ് പറയാൻ സാധിക്കില്ല.

പിന്നീട് ആശയും അർച്ചനയും ആയുള്ള ബന്ധം കൂടുതൽ വഷളാകാൻ തുടങ്ങി.

മറ്റാരും വീട്ടിലില്ലാത്ത ഒരു ദിവസം ഞാൻ അർച്ചനയ്ക്ക് വേണ്ടി ആശയോട് വാദിച്ചുകൊണ്ടിരിക്കുന്ന സമയം. ഞാൻ പക്കാ നല്ല പിള്ള – അങ്ങിനായിരിക്കുമല്ലോ നാം എപ്പോഴും പ്രേമിക്കുന്നവരുടെ അടുത്ത്.

പഴയതു പോലെ “എന്നെ ആർക്കും ഇഷ്ടമല്ല, എനിക്കും ആരേയും ഇഷ്ടമല്ല” എന്ന്‌ ആശ പ്രഖ്യാപിച്ചു.

ഇത്തവണ ഞാൻ ചോദിച്ചു.

“അതിരിക്കട്ടെ ആശയെ ആർക്കും ഇഷ്ടമില്ലാ എന്ന്‌ പറയുന്നു, തിരിച്ച് ആശയ്ക്ക് ആരെ ആണ് ഏറ്റവും ഇഷ്ടം?”

Leave a Reply

Your email address will not be published. Required fields are marked *